Wednesday, July 22, 2009

ദി തേൾ




ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു കടി.
പലപ്പോഴും പലതിന്റെയും/പലരുടെയും കടി പ്രതീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ!
അതും തേൾ. കരിന്തേൾ!
രാവിലെ അമ്മ മണ്ണടിയമ്പലത്തിൽ ദർശ്ശനത്തിനുപോയി മടങ്ങിവരും വഴി പെങ്ങളുടെ വീട്ടിൽ നിന്നും സംഘടിപ്പിച്ചതാണ്‌ ഒരു ജാതിത്തയ്യ്‌. വണ്ടി ലോക്കുചെയ്തപ്പോൾ അതെടുക്കാൻ മറന്നുപോയി. ഞാൻ വന്നതും ആദ്യം അച്ഛൻ പറഞ്ഞത്‌ ജാതിത്തയ്യിന്റെ കാര്യമാണ്‌. കുറെക്കഴിയട്ടെ എന്നു പറഞ്ഞ്‌ പതിവുമടി ആവർത്തിച്ചു. കുളികഴിഞ്ഞ്‌ രാമായണപാരായണവും നിർവ്വഹിച്ച്‌ അൽപനേരം നെറ്റിനുമുൻപിലിരുന്ന് പരതിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ വീണ്ടും രണ്ടുതവണ തലകാണിച്ചു- ജാതിത്തയ്യ്‌, രാവിലെയെടുത്തുവച്ചതാണ്‌.....
ഒടുവിൽ എഴുന്നേറ്റ്‌ പുറത്തേക്കിറങ്ങിയതും മഴതുടങ്ങി. മഴനനഞ്ഞും ഷെഡ്ഡിൽച്ചെന്ന് ജാതിക്കുരുന്നിനെ ഭദ്രമായി പുറത്തെടുത്തുവച്ചു. മഴയത്തേക്കിറക്കിവച്ചേക്കാൻ അച്ഛൻ വിളിച്ചുപറയുന്നുണ്ട്‌. എന്നാലങ്ങനെയാവട്ടെന്നുകരുതി അതെടുത്ത്‌ പുറത്തുവച്ച്‌ തിരിഞ്ഞതും കിട്ടി, കടി. എന്തെന്നറിയാതെ ഒരു നിമിഷം പകച്ചു. നോക്കുമ്പോൾ ഒരു ഞെരിപ്പൻ കരിംതേൾ വണ്ടിയുടെ കീഴിലേക്ക്‌ തുള്ളിത്തുള്ളിയകലുന്നതുമാത്രം കണ്ടു.



ഒരു കഷണം പച്ചമഞ്ഞൾ അരച്ചിട്ടു. ചെറിയൊരു കുത്തൽ അവശേഷിക്കുന്നുണ്ട്‌.
എന്തായാലും കടിച്ചവനെ തേടിപ്പിടിച്ച്‌ കശാപ്പുചെയ്യാൻ തോന്നിയില്ല. നിരർത്ഥകമായ ഒരു ജീവകാരുണ്യം.
നിരർത്ഥകമാവാം. പക്ഷേ കൊല്ലാൻ തോന്നാറില്ല. ഒരു തേളിനെയെന്നല്ല ഒന്നിനെയും തന്നെ.
(എല്ലാം കഴിഞ്ഞൊന്നുറങ്ങാമെന്നു കരുതി കിടക്കപൂകുന്ന ചിലപാതിരാത്രികളിൽ വിളക്കണക്കുന്ന നിമിഷം മുതൽ പാദാദികേശം കടികളുടെ ലാറ്റിനമേരിക്കൻ കളിശെയിലി പുറത്തെടുക്കുന്ന വിരുതൻകൊതുകുകളെ സർവ്വസംഹാരം ചെയ്യാൻ ഉറക്കമിളയ്ക്കുന്ന കഥ വേറെ)
കൊല്ല്ലാനുള്ള ത്വരയെ വേറെയൊരു ഗഹനമായ കൗതുകം തടുക്കുന്നതുകൊണ്ടാവാം;
എന്തെല്ലാം ജീവികൾ!
കടിക്കുന്നതും കടിക്കാത്തതും.
ചിരിക്കുന്നതും ചിരിക്കാത്തതും.
നടക്കുന്നതും നടക്കാത്തതും.
എത്രയോ വിചിത്രഗംഭീരമായ ജീവലീല!
അതിന്റെ പ്രഹേളികകൾ നിത്യവിസ്മയമായിരിക്കെ എങ്ങനെ മറ്റൊന്നിനെ കൊല്ലാൻ തോന്നും.
അഥവാ കടിച്ചതിനെ കൊല്ലാനുള്ള ഒരു ന്യായവാദം സ്വരൂപിച്ചെടുക്കാൻ ശ്രമിച്ചാൽ കടിച്ചവനും അത്തരമൊരു ന്യായം( ചവിട്ടിയെന്നോ നോവിച്ചെന്നോ മറ്റോ) ഉണ്ടാവുമല്ലോ എന്നൊക്കെ തോന്നിപ്പോകും. അതെല്ലാം നിരൂപിച്ച്‌ കൊന്നേക്കാമെന്നു തീർച്ചയാക്കിവൗമ്പോഴേക്കും കടിയാൻ അവന്റെ സ്വസ്ഥസങ്കേതത്തിലേക്ക്‌ പിൻവലിഞ്ഞിട്ടുമുണ്ടാവും.
പാവം മാനവഹൃദയം.
എന്തെല്ലാം തോന്നലുകൾ. എന്തെല്ലമഹന്തകൾ. എന്തെല്ലാം വിശ്വാസങ്ങൾ.
ഇത്തരം വിശ്വാസങ്ങളുടെയും തത്വസംഹിതകളുടെയും പിൻബലമൊന്നുമില്ലെങ്കിലും ചവിട്ടിയവനെ കടിക്കണമെന്നും വിശക്കുമ്പോൾ തിന്നണമെന്നും ത്വരിക്കുമ്പോൾ രതിക്കണമെന്നും മാത്രമുള്ള ലളിതമായ പ്രാണിതത്വം മാത്രം പിൻപറ്റുന്ന തേളുകളും പഴുതാരകളും ചിലന്തികളുമടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത പ്രാണിലോകത്തിന്റെ പ്രതിനിധികൾ പലകാര്യങ്ങളിലും ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നു.
വേദാന്തം പറയുന്ന തൃഷ്ണാഹീനമായ അവസ്ഥ അവർക്ക്‌ പലപ്പോഴും ഉണ്ടല്ലോ!

1 comment:

Shaivyam...being nostalgic said...

എന്തെല്ലാം ജീവികൾ!
കടിക്കുന്നതും കടിക്കാത്തതും.
ചിരിക്കുന്നതും ചിരിക്കാത്തതും.
നടക്കുന്നതും നടക്കാത്തതും.
എത്രയോ വിചിത്രഗംഭീരമായ ജീവലീല!

Very true.