" നശിച്ച ദുർഭൂതങ്ങളെ നമ്മുക്കുവേണ്ട. വിശ്വനായകന്റെ ലീലാവിലാസങ്ങൾ മതി" "എത്ര നരച്ച സിംഹങ്ങൾ വന്നാലും ഈ ധൃവത്തിന്റെ മുൻപിൽ നേരേ നിൽക്കില്ല"
ഇതൊക്കെ പുതിയ കാലത്തിന്റെ സുവിശേഷങ്ങളാണ്. ഈ ദിവ്യവചനങ്ങൾ വിളംബരം ചെയ്യുന്ന പരസ്യപ്പലകകൾ നാടിന്റെ മുക്കിലും മൂലയിലും- ബസ് സ്റ്റോപ്പിലും ട്രാഫിക്ക് ഐലൻഡിലും പൊതുകക്കൂസിലുമൊക്കെ നമ്മെ വരവേൽക്കുന്നുണ്ട്. ദിവ്യമൂർത്തികളുടെ വ്യത്യസ്തഭാവത്തിലുള്ള ചിത്രങ്ങൾ ഇതോടൊപ്പം അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നതും കാണാം.
രണ്ടു നല്ല അഭിനേതാക്കൾ താരങ്ങളാവുമ്പോൾ സംഭവിക്കുന്നതിതാണ്. ഇരുവരും അറിയുന്നുണ്ടോ എന്നറിയില്ല. പക്ഷേ അനുദിനം ഈ വചനങ്ങൾ ഭാവവും രൂപവും മാറി വരുന്നു. ഈ ശതാവതാരങ്ങൾ സൗമ്യതയുടെ ഭാവം മെല്ലെ ഉഗ്രതയാർജ്ജിക്കുന്നു. ആദ്യത്തെ പരസ്യങ്ങൾ വെറും മസിലുപിടുത്തങ്ങളായിരുന്നെങ്കിൽ ഇപ്പോളത് വാക്കുകൊണ്ടുള്ള കല്ലേറായി മാറിയിട്ടുണ്ട്. ഇനി.....
ഒരോ യുഗ വിശേഷങ്ങളേ!
സിനിമ പണ്ടേ മലയാളിയെ സ്വധീനിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നല്ല സിനിമകൾ ഉണ്ടായിട്ടുമുണ്ട്. നല്ല നടന്മാരും സംവിധായകരുമടങ്ങുന്ന സിനിമാലോകത്തിന്റെ സമ്പന്നത മലയാളിക്ക് അഭിമാനിക്കത്തക്കതുമാണ്. പക്ഷേ സിനിമയോടുള്ള ആവേശത്തിനും ഇഷ്ടനടന്റെ അഭിനയ ചാതുരി ലോകം അംഗീകരിക്കുമ്പോഴത്തെ സന്തോഷത്തിനും ഒക്കെയപ്പുറത്ത് വളരെ വിചിത്രമായ ചില സംഭവങ്ങളാണ് ഈക്കാണുന്നത്. നല്ലതോ ചീത്തയോ ഈ പ്രവണത എന്ന് പറയാനാവില്ല. ( ഒന്നിനെര്യും ചീത്തയെന്ന് എഴുതിത്തള്ളാനും നല്ലതെന്ന് മുറുകെപ്പുണരാനും ശ്രമിക്കാതിരിക്കുന്നതാണല്ലോ നല്ലത്) പക്ഷേ അതിന്റെ അവേശത്തിൽ ഒരു യുദ്ധദാഹം ഇണചേരുന്നത് കാണാനുണ്ടെന്നത് ........
നമ്മുടെ പ്രിയപെട്ട നടന്റെ അഭിനയചാതുരിയെ കുറെക്കൂടി ഉണർത്തുവാൻ ഈ സ്നേഹപ്രകടനങ്ങൾക്കാവുമോ?
ഇത് സിനിമയ്ക്കും അഭിനയത്തിനും എല്ലാമതീതമായ ഒരു ലോകത്തിന്റെ ശബ്ദമാണ്. സിനിമയ്ക്കോ സൂപ്പർ നടന്മാർക്കോ( ആർത്തുവിളിച്ച് ആരാധകർ തള്ളിക്കേറി ഇഷ്ടനടന്റെ സിനിമകൾക്ക് കച്ചവടവിജയം ഉറപ്പാക്കുന്നതു കാണാതല്ല) യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു പ്രവൃത്തി.
ലോകം കാണുകയും അഭിനയത്തിലൂടെ സ്വന്തം ലോകം കെട്ടിപ്പടുക്കുകയും ചെയ്ത താരങ്ങൾക്ക് ഇതറിയുകയും ചെയ്യാം.
ഇത്തരം ധർമ്മസംസ്ഥാപന(ചാരിറ്റബിൾ) ക്രിയകൾ ഇനിയുമിനിയും വളർന്ന് നക്ഷത്രങ്ങളെ സൂപ്പർനോവകളാവും വരെയും.
1 comment:
പലപ്പോഴൂം വായിച്ചു ചിരിച്ചിട്ടുണ്ട്,റോഡിലൂടെ പോകുമ്പോൾ ഇത്തരം വരികൾ.അടുത്തിടെ കണ്ട ഇത്തരം ഒരു ഫ്ലക്സ് ബോർഡ് ശരിക്കും ചിരിപ്പിച്ചു,,“ചെഗുവേര ഫാൻസ് അസോസ്സിയേഷൻ”
മലയാളികളെ സമ്മതിക്കണം!
Post a Comment