Wednesday, July 22, 2009

ദി തേൾ




ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു കടി.
പലപ്പോഴും പലതിന്റെയും/പലരുടെയും കടി പ്രതീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ!
അതും തേൾ. കരിന്തേൾ!
രാവിലെ അമ്മ മണ്ണടിയമ്പലത്തിൽ ദർശ്ശനത്തിനുപോയി മടങ്ങിവരും വഴി പെങ്ങളുടെ വീട്ടിൽ നിന്നും സംഘടിപ്പിച്ചതാണ്‌ ഒരു ജാതിത്തയ്യ്‌. വണ്ടി ലോക്കുചെയ്തപ്പോൾ അതെടുക്കാൻ മറന്നുപോയി. ഞാൻ വന്നതും ആദ്യം അച്ഛൻ പറഞ്ഞത്‌ ജാതിത്തയ്യിന്റെ കാര്യമാണ്‌. കുറെക്കഴിയട്ടെ എന്നു പറഞ്ഞ്‌ പതിവുമടി ആവർത്തിച്ചു. കുളികഴിഞ്ഞ്‌ രാമായണപാരായണവും നിർവ്വഹിച്ച്‌ അൽപനേരം നെറ്റിനുമുൻപിലിരുന്ന് പരതിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ വീണ്ടും രണ്ടുതവണ തലകാണിച്ചു- ജാതിത്തയ്യ്‌, രാവിലെയെടുത്തുവച്ചതാണ്‌.....
ഒടുവിൽ എഴുന്നേറ്റ്‌ പുറത്തേക്കിറങ്ങിയതും മഴതുടങ്ങി. മഴനനഞ്ഞും ഷെഡ്ഡിൽച്ചെന്ന് ജാതിക്കുരുന്നിനെ ഭദ്രമായി പുറത്തെടുത്തുവച്ചു. മഴയത്തേക്കിറക്കിവച്ചേക്കാൻ അച്ഛൻ വിളിച്ചുപറയുന്നുണ്ട്‌. എന്നാലങ്ങനെയാവട്ടെന്നുകരുതി അതെടുത്ത്‌ പുറത്തുവച്ച്‌ തിരിഞ്ഞതും കിട്ടി, കടി. എന്തെന്നറിയാതെ ഒരു നിമിഷം പകച്ചു. നോക്കുമ്പോൾ ഒരു ഞെരിപ്പൻ കരിംതേൾ വണ്ടിയുടെ കീഴിലേക്ക്‌ തുള്ളിത്തുള്ളിയകലുന്നതുമാത്രം കണ്ടു.



ഒരു കഷണം പച്ചമഞ്ഞൾ അരച്ചിട്ടു. ചെറിയൊരു കുത്തൽ അവശേഷിക്കുന്നുണ്ട്‌.
എന്തായാലും കടിച്ചവനെ തേടിപ്പിടിച്ച്‌ കശാപ്പുചെയ്യാൻ തോന്നിയില്ല. നിരർത്ഥകമായ ഒരു ജീവകാരുണ്യം.
നിരർത്ഥകമാവാം. പക്ഷേ കൊല്ലാൻ തോന്നാറില്ല. ഒരു തേളിനെയെന്നല്ല ഒന്നിനെയും തന്നെ.
(എല്ലാം കഴിഞ്ഞൊന്നുറങ്ങാമെന്നു കരുതി കിടക്കപൂകുന്ന ചിലപാതിരാത്രികളിൽ വിളക്കണക്കുന്ന നിമിഷം മുതൽ പാദാദികേശം കടികളുടെ ലാറ്റിനമേരിക്കൻ കളിശെയിലി പുറത്തെടുക്കുന്ന വിരുതൻകൊതുകുകളെ സർവ്വസംഹാരം ചെയ്യാൻ ഉറക്കമിളയ്ക്കുന്ന കഥ വേറെ)
കൊല്ല്ലാനുള്ള ത്വരയെ വേറെയൊരു ഗഹനമായ കൗതുകം തടുക്കുന്നതുകൊണ്ടാവാം;
എന്തെല്ലാം ജീവികൾ!
കടിക്കുന്നതും കടിക്കാത്തതും.
ചിരിക്കുന്നതും ചിരിക്കാത്തതും.
നടക്കുന്നതും നടക്കാത്തതും.
എത്രയോ വിചിത്രഗംഭീരമായ ജീവലീല!
അതിന്റെ പ്രഹേളികകൾ നിത്യവിസ്മയമായിരിക്കെ എങ്ങനെ മറ്റൊന്നിനെ കൊല്ലാൻ തോന്നും.
അഥവാ കടിച്ചതിനെ കൊല്ലാനുള്ള ഒരു ന്യായവാദം സ്വരൂപിച്ചെടുക്കാൻ ശ്രമിച്ചാൽ കടിച്ചവനും അത്തരമൊരു ന്യായം( ചവിട്ടിയെന്നോ നോവിച്ചെന്നോ മറ്റോ) ഉണ്ടാവുമല്ലോ എന്നൊക്കെ തോന്നിപ്പോകും. അതെല്ലാം നിരൂപിച്ച്‌ കൊന്നേക്കാമെന്നു തീർച്ചയാക്കിവൗമ്പോഴേക്കും കടിയാൻ അവന്റെ സ്വസ്ഥസങ്കേതത്തിലേക്ക്‌ പിൻവലിഞ്ഞിട്ടുമുണ്ടാവും.
പാവം മാനവഹൃദയം.
എന്തെല്ലാം തോന്നലുകൾ. എന്തെല്ലമഹന്തകൾ. എന്തെല്ലാം വിശ്വാസങ്ങൾ.
ഇത്തരം വിശ്വാസങ്ങളുടെയും തത്വസംഹിതകളുടെയും പിൻബലമൊന്നുമില്ലെങ്കിലും ചവിട്ടിയവനെ കടിക്കണമെന്നും വിശക്കുമ്പോൾ തിന്നണമെന്നും ത്വരിക്കുമ്പോൾ രതിക്കണമെന്നും മാത്രമുള്ള ലളിതമായ പ്രാണിതത്വം മാത്രം പിൻപറ്റുന്ന തേളുകളും പഴുതാരകളും ചിലന്തികളുമടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത പ്രാണിലോകത്തിന്റെ പ്രതിനിധികൾ പലകാര്യങ്ങളിലും ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നു.
വേദാന്തം പറയുന്ന തൃഷ്ണാഹീനമായ അവസ്ഥ അവർക്ക്‌ പലപ്പോഴും ഉണ്ടല്ലോ!

Tuesday, July 21, 2009

ദ്വിമൂർത്തികൾ

" നശിച്ച ദുർഭൂതങ്ങളെ നമ്മുക്കുവേണ്ട. വിശ്വനായകന്റെ ലീലാവിലാസങ്ങൾ മതി" "എത്ര നരച്ച സിംഹങ്ങൾ വന്നാലും ഈ ധൃവത്തിന്റെ മുൻപിൽ നേരേ നിൽക്കില്ല"
ഇതൊക്കെ പുതിയ കാലത്തിന്റെ സുവിശേഷങ്ങളാണ്‌. ഈ ദിവ്യവചനങ്ങൾ വിളംബരം ചെയ്യുന്ന പരസ്യപ്പലകകൾ നാടിന്റെ മുക്കിലും മൂലയിലും- ബസ്‌ സ്റ്റോപ്പിലും ട്രാഫിക്ക്‌ ഐലൻഡിലും പൊതുകക്കൂസിലുമൊക്കെ നമ്മെ വരവേൽക്കുന്നുണ്ട്‌. ദിവ്യമൂർത്തികളുടെ വ്യത്യസ്തഭാവത്തിലുള്ള ചിത്രങ്ങൾ ഇതോടൊപ്പം അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നതും കാണാം.
രണ്ടു നല്ല അഭിനേതാക്കൾ താരങ്ങളാവുമ്പോൾ സംഭവിക്കുന്നതിതാണ്‌. ഇരുവരും അറിയുന്നുണ്ടോ എന്നറിയില്ല. പക്ഷേ അനുദിനം ഈ വചനങ്ങൾ ഭാവവും രൂപവും മാറി വരുന്നു. ഈ ശതാവതാരങ്ങൾ സൗമ്യതയുടെ ഭാവം മെല്ലെ ഉഗ്രതയാർജ്ജിക്കുന്നു. ആദ്യത്തെ പരസ്യങ്ങൾ വെറും മസിലുപിടുത്തങ്ങളായിരുന്നെങ്കിൽ ഇപ്പോളത്‌ വാക്കുകൊണ്ടുള്ള കല്ലേറായി മാറിയിട്ടുണ്ട്‌. ഇനി.....
ഒരോ യുഗ വിശേഷങ്ങളേ!
സിനിമ പണ്ടേ മലയാളിയെ സ്വധീനിച്ചിട്ടുണ്ട്‌. അതിന്റെ ഫലമായി നല്ല സിനിമകൾ ഉണ്ടായിട്ടുമുണ്ട്‌. നല്ല നടന്മാരും സംവിധായകരുമടങ്ങുന്ന സിനിമാലോകത്തിന്റെ സമ്പന്നത മലയാളിക്ക്‌ അഭിമാനിക്കത്തക്കതുമാണ്‌. പക്ഷേ സിനിമയോടുള്ള ആവേശത്തിനും ഇഷ്ടനടന്റെ അഭിനയ ചാതുരി ലോകം അംഗീകരിക്കുമ്പോഴത്തെ സന്തോഷത്തിനും ഒക്കെയപ്പുറത്ത്‌ വളരെ വിചിത്രമായ ചില സംഭവങ്ങളാണ്‌ ഈക്കാണുന്നത്‌. നല്ലതോ ചീത്തയോ ഈ പ്രവണത എന്ന് പറയാനാവില്ല. ( ഒന്നിനെര്യും ചീത്തയെന്ന് എഴുതിത്തള്ളാനും നല്ലതെന്ന് മുറുകെപ്പുണരാനും ശ്രമിക്കാതിരിക്കുന്നതാണല്ലോ നല്ലത്‌) പക്ഷേ അതിന്റെ അവേശത്തിൽ ഒരു യുദ്ധദാഹം ഇണചേരുന്നത്‌ കാണാനുണ്ടെന്നത്‌ ........
നമ്മുടെ പ്രിയപെട്ട നടന്റെ അഭിനയചാതുരിയെ കുറെക്കൂടി ഉണർത്തുവാൻ ഈ സ്നേഹപ്രകടനങ്ങൾക്കാവുമോ?
ഇത്‌ സിനിമയ്ക്കും അഭിനയത്തിനും എല്ലാമതീതമായ ഒരു ലോകത്തിന്റെ ശബ്ദമാണ്‌. സിനിമയ്ക്കോ സൂപ്പർ നടന്മാർക്കോ( ആർത്തുവിളിച്ച്‌ ആരാധകർ തള്ളിക്കേറി ഇഷ്ടനടന്റെ സിനിമകൾക്ക്‌ കച്ചവടവിജയം ഉറപ്പാക്കുന്നതു കാണാതല്ല) യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു പ്രവൃത്തി.
ലോകം കാണുകയും അഭിനയത്തിലൂടെ സ്വന്തം ലോകം കെട്ടിപ്പടുക്കുകയും ചെയ്ത താരങ്ങൾക്ക്‌ ഇതറിയുകയും ചെയ്യാം.
ഇത്തരം ധർമ്മസംസ്ഥാപന(ചാരിറ്റബിൾ) ക്രിയകൾ ഇനിയുമിനിയും വളർന്ന് നക്ഷത്രങ്ങളെ സൂപ്പർനോവകളാവും വരെയും.

Sunday, July 19, 2009

1ക്യു 84





ഹാരുകി മുറാകാമിയുടെ ഏറ്റവും പുതിയ നോവൽ 1ക്യൂ 84 മെയ്മാസത്തിൽ ജപ്പാനിൽ പുറത്തിറങ്ങി. അഞ്ചുവർഷത്തിനുശേഷം പ്രത്യക്ഷപ്പെടുന്ന മുറാകാമി നോവൽ വായനക്കാരുടെ ആകാംക്ഷയെ ഉജ്ജ്വലിപ്പിച്ചതുകാരണം പ്രസാധകരായ സിഞ്ചോഷയ്ക്ക്‌ നേരത്തെ ഉദ്ദേശിച്ച ഒരു ലക്ഷം കോപ്പികളുടെ സ്ഥാനത്ത്‌ നാലുലക്ഷത്തി മുപ്പതിനായിരം കോപ്പികൾ അച്ചടിക്കേണ്ടി വന്നു. ഒരു നോവലിന്റെ ആദ്യപതിപ്പാണിതെന്നോർക്കണം!

മുറാകാമിയുടെ അസംബന്ധലോകത്തിന്റെ മാസ്മരികതയും ആഖ്യാനത്തിന്റെ ചടുലതയും ലോകത്തിന്റെ ഏതുകോണിലുമുള്ള വായനക്കാരുടെയും മനസ്സിളക്കാൻ പോകുന്നതാണ്‌. ആഖ്യാനം മുറകാമി ശെയിലിയിൽ സർഗ്ഗാത്മകമായ ഒരു ഞാണിന്മേൽക്കളിയാകുന്നു. യഥാർത്ഥലോകത്തിന്റെ ചില ഇരുണ്ട നിമിഷങ്ങൾക്കിരയായി ക്രമേണ അസംഭാവ്യമായ ഒരു ലോകത്തിന്റെ വാതിൽകടക്കുന്ന മുറാകാമി കഥാപാത്രങ്ങൾ കടന്നുപോകുന്ന അനുഭവങ്ങൾ പലപ്പോഴും നമ്മെ വല്ലാതെ ഞെട്ടിക്കും. യാഥാർത്ഥ്യത്തിൽ നിന്ന് അസംഭാവ്യതയിലേക്കുള്ള ആഖ്യാനത്തിന്റെ പ്രയാണമാവട്ടെ ശ്വാസം മുട്ടിക്കും. രണ്ടു വിപരീതലോകങ്ങളിലൂടെ ആഖ്യാനം കയറിയിറങ്ങിപ്പോകുമ്പോൾ ഇപ്പോൾ നോവലിസ്റ്റിന്‌ വഴിതെറ്റി കഥ പാളിപ്പോകും എന്നു തോന്നും. പക്ഷേ മുറാകാമി അതിവിദഗ്ധമായി ആഖ്യാന്ത്തിന്റെ നൂൽപ്പാലം തരണം ചെയ്യുന്നു. താൻ സൃഷ്ടിക്കുന്ന ലോകത്തിന്റെ വൈചിത്ര്യം കൊണ്ട്‌ നമ്മെ അതിശയിപ്പിക്കുന്നു.
പുതിയ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്ക്കുവേണ്ടിക്കാത്തിരിക്കാം!






മുറാകാമിയുടെ പുസ്തകങ്ങൾ-















Friday, July 10, 2009

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌!

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌.
പത്തൊൻപതുകൊല്ലം മുൻപ്‌ തിരുവില്വാമല കണ്ടുപിടുച്ചതും ഞാൻതന്നെ!
അതെന്റെ പ്രശ്നമേയല്ല.
ആരെങ്കിലും/എന്തെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കിൽ, കുളംതോണ്ടി വാഴവയ്ക്കേണ്ട ആ സാധനത്തിന്റെ പേര്‌ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നാണ്‌!
കാരണം,,,
പൊതുവേ ടെസ്റ്റുകളെല്ലാം എഴുതുന്ന, വെറുമൊരു സർക്കാരുദ്യോഗസ്ഥന്റെ മകന്‌( മോ......ന്‌) മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്‌ ഗ്രേഡ്‌ ടെസ്റ്റിന്‌ അപേക്ഷിക്കാതിരിക്കാനാവില്ലല്ലോ!
ടെസ്റ്റെഴുതി.
ഇരുപത്തിയൊന്നാമനായി( ഇരുപത്തിയൊൻപതിനായിരത്തിലധികം ആൾക്കാർ പങ്കെടുത്ത പരീക്ഷയിൽ എന്ന് കൂട്ടിച്ചേർത്തിരിക്കുന്നു!)ജോലി കിട്ടുകയും ചെയ്തു.
കൊതിച്ചിരുന്ന പത്രപ്രവർത്തനം പരിശീലിച്ചുകൊണ്ടിരുന്ന ഞാൻ( ദേശാഭിമാനിയിൽ) അതുവിട്ട്‌ അതിരമ്പുഴ എന്ന മൂത്തുനരച്ച റബ്ബർ മാത്രം തിങ്ങിയ ഒരു പ്രദേശത്തു വന്നുപെട്ടത്‌ വിധിനിയോഗമാവാം.( ഗുമസ്ത്ഥ പാരമ്പര്യം, സ്മരിക്കുക!)
അടിപൊളി!
ആദ്യം പരിചയപ്പെട്ട വ്യക്തികളിലോരാൾ ഉണ്ണികൃഷ്ണവാര്യർ!
അമ്പലവാസിയാണോടാ?ചോദ്യം( ഇപ്പോൾ, രണ്ടാം വായനയിൽ, സേതു, വിളയാട്ടത്തിൽ; കൊടുക്കുന്ന അമ്പലവാസി നിർവ്വചനം സ്റ്റ്രൈക്കു ചെയ്യുന്നു.[ തമ്മിൽ കാണാനൊത്തലും ഇല്ലെങ്കിലും, പ്രിയപ്പെട്ട പാണ്ട്ഡവപുരകർത്താവേ, താങ്കൾ എഴുതിയ ഏറ്റവും സ(മ)ഹനീയമായ കൃതി, ആക്ഷേപഹസ്യമെന്ന പേരിൽ താങ്കൾ പ്രസിധീകരിച്ച 'വിളയാട്ടം " തന്നെയാണ്‌])ആ ബന്ധം മുറിയുന്നില്ല. പാദാദികേശം കേശാദിപാദം ഇന്ത്യ മുഴുവൻ സഞ്ചരിക്കാനായില്ലെങ്കിലും, കണ്ടതിലെല്ലാം അവന്റെ നിഴലുണ്ട്‌,.
പക്ഷേ, തിരുവില്വാമലയിലേക്ക്‌ അവന്റെ മൂന്നാം കണ്ണു തുറപ്പിക്കതു ഞാൻ തന്നെ.
[ രാത്രി രണ്ടുമണി, ആ കിഴക്കേ ഗോ(ഇല്ലാത്ത)പുരത്തിന്റെ ഭിത്തികളിൽച്ചരിയിരുന്ന് പങ്കുവച്ച ചരിത്രങ്ങൾ പിന്നാലെ വരുന്നുണ്ട്‌]
കാച്ചാം കുരിശിയിലേക്കും അതുതന്നെകഥ!
തൃക്കവിയൂരപ്പന്റെ നിയോഗം എന്നേ പറയാവൂ!
ആ കാച്ചാം കുറിശിയിലേക്ക്‌ ഞാനും അവനും വീണ്ടു പോവുകയാണ്‌ , നാളെ.
പെരുമാളേ,