Sunday, December 30, 2007

ഉത്സവം

ഇന്ന് കവിയൂരില്‍ എട്ടാം ഉത്സവം. ഇന്നലെ ഏഴാം ഉത്സവത്തിന്റെ വേലയ്ക്കെഴുന്നള്ളത്തിനും സേവയ്ക്കും മുപ്പതു വര്‍ഷം മുന്‍പ്‌ കണ്ടതു പോലെ ജനത്തിരക്കുണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിന്റെ തിരക്ക്‌ പഴയതിലും കുറവാനെന്നതായിരുന്നു അനുഭവം. ഒന്‍പതാമുത്സവത്തിന്റെ കാഴ്ചശ്ശിവേലി മാത്രമായിരുന്നു പഴയ തിരക്കിന്റെ ഓര്‍മ്മ നിലനിര്‍ത്തിയത്‌. ഇത്‌ കവിയൂരിലെ മാത്രഖ്ം പ്രശ്നമായിരുന്നില്ല. സമീപസ്ഥമായ തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ എന്നീ വലിയമ്പലങ്ങളിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിരക്ക്‌ ഗണ്യമായി കുറഞ്ഞിരുന്നു. വീടുവിട്ട്‌ സന്ധ്യ ചിലവഴിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയപ്പാടും ടിവിയുടെ വരവും ഒക്കെയാവും ഈ ആള്‍ച്ചോര്‍ച്ചയ്ക്കു വഴിതെളിച്ചത്‌. ഇക്കൊല്ലം ഏതായാലും ആ സങ്കടം കുറെ മാറി. പുത്തന്‍ കാലത്തിന്റെ അഭിരുചിയ്ക്കനുസൃതമായി പുറത്തു നിന്നുള്ള ആനകളെ അണിനിരത്തുന്നതും പത്തു ദിവസവും മതില്‍ക്കകത്തുതന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമൊക്കെ ഈ മാറ്റത്തിനു കാരണമാണ്‌. എങ്കിലും മുന്‍കൊല്ലങ്ങളില്‍ ഭഗവാനെ ഊരുവലത്തിനായി ദേശവഴികളിലേക്ക്‌ എഴുന്നള്ളിക്കുന്ന ദിവസങ്ങള്‍ ഇക്കൊല്ലം രസഹീനമായി. ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂര്‍ എന്നീ ദേശവഴികളിലേക്കുള്ള എഴുന്നള്ളത്ത്‌ ആ ഏശങ്ങളിലെ ജനങ്ങള്‍ അത്രമാത്രം ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്‌. വിദേശത്തില്‍ പോയിട്ടുള്ള ആളുകള്‍ പോലും ഈ ദിവസങ്ങളില്‍ നാട്ടില്‍ എത്തിച്ചരുമായിരുന്നു. രാത്രി മുഴുവന്‍ എഴുന്നള്ളത്തിന്റെ ശബ്ദകോലാഹലവും ആള്‍സഞ്ചാരവും കവിയൂരിന്റെ ആറേഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലേക്ക്‌ എടുത്താനയിക്കുമായിരുന്നു. എന്നാല്‍ എഴുന്നള്ളത്ത്‌ തിരിയെ അമ്പലത്തിലെത്താന്‍ താമസിക്കുന്നതു കാരണം കഴിഞ്ഞകൊല്ലം മുതല്‍ അതോടനുബന്ധിച്ചുള്ള പറയെടുപ്പ്‌ വേണ്ടെന്നു വച്ചതോടെ എഴുന്നള്ളത്തിന്റെ നിറം മങ്ങി.
ഏതായാലും ഉത്സവലഹരി ഇപ്പോള്‍ കവിയൂരിന്റെ സിരാപടലങ്ങളില്‍ തീപകര്‍ന്നു കഴിഞ്ഞു.
ഉത്സവരാവിന്റെ ലഹരി മായാത്ത കണ്ണുകള്‍ ഇടയ്ക്കിടെ ഉറക്കം തൂങ്ങി അടഞ്ഞുപോകുന്നു.

2 comments:

ഫസല്‍ ബിനാലി.. said...

Ulsavangal ennum oraavesham thanneyaanenikku, thangalude ee leakhanam sherikkum ulsavathil pankaaliyaaya anubhavam koode oralpam ulsavethara chinthakalum..
nandi..

കുഞ്ഞായി | kunjai said...

:)
പുതുവത്സരാശംസകള്‍