Thursday, December 20, 2007

ചില കണ്ണാടികള്‍

എല്ലാ കണ്ണാടികളും ഒരേ കാഴ്ചകളല്ല കാണിച്ചു തരുന്നത്‌. രാവിലെ മുഖം നോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണാടി തീര്‍ത്തും അസുന്ദരവും ക്ഷീണിതവുമായ മുഖം പ്രതിഫലിപ്പിക്കുന്നു. ചിലപ്പോഴാകട്ടെ ഊര്‍ജ്ജസ്വലവും ആത്മവിശ്വാസം തുടിക്കുന്നതുമായ മുഖത്തെ കാടുന്നു. ചിലതില്‍ മുഖം അപ്പാടെ കോടിക്കാണാം. ചിലതില്‍ പുളഞ്ഞ പ്രതിബിംബമായിരിക്കും. ചിലതു മങ്ങിയതോ ശിഥിലമായ പ്രതിബിംബങ്ങളുടെ കണ്ണാടിയാവാം. കുഴപ്പം കണ്ണാടിയുടേതോ മുഖത്തിന്റേതോ കാഴ്ചയുടേതോ മനഃസ്ഥിതിയുടേതോ ആവാം. സത്യം എത്രയോ അവ്യക്തമാണ്‌. വിദൂരമാണ്‌. കണ്ണാടികളുടെയും നേത്രപടലങ്ങളുടെയും മായാജാലികയില്‍ അകപ്പെട്ട്‌ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനാവാതെയും പുറമെ കാണുന്നതിന്റെ ആകര്‍ഷണീയതയിലും തെറ്റുകുറ്റങ്ങളിലും ആവശ്യമില്ലാതെ മനസ്സുടക്കി വീര്‍പ്പുമുട്ടുകയാണ്‌ നാമേവരും.
എന്താണ്‌ നാം പ്രതിഫലിപ്പിക്കുന്നത്‌? എന്താണ്‌ യഥാര്‍ഥസ്വത്വം(സത്വം)?
മലയാളിയാകട്ടെ പുറം രൂപത്തിന്റെ കാര്യത്തില്‍ സവിശേഷമായ പല കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന സ്വഭാവക്കാരനാണ്‌. പ്രായത്തിനും സ്ഥലത്തിനും അനുസൃതമായ ചില വേഷവിധാനങ്ങളൊക്കെ നാമെല്ലാവരും ഉപബോധത്തില്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു. അതിനു വിരുദ്ധമായി ആരെങ്കിലും നിറപ്പകിട്ടോ ആകാരം തുറന്നു കാട്ടുന്നതോ ആയ വേഷമണിയുന്നതു കണ്ടാല്‍ അടക്കത്തിലെ കുറ്റപ്പെടുത്തുന്നു. വേഷം മലയാളിയെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമാണ്‌. വേഷത്തില്‍ മലയാളത്തനിമ എന്നോന്നുണ്ടെന്ന് പൊതുവേ ഒരു ധാരണയുണ്ട്‌. അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്‌. സാരിയും ബ്ലൗസും, സെറ്റുമുണ്ടും, മുണ്ടും നേരിയതും ഇങ്ങനെയുള്ള വേഷങ്ങള്‍ എത്രമാത്രം മലയാളത്തിന്റെ തനതാണ്‌? നൂറു വര്‍ഷം മുന്‍പ്‌ മലയാളിയുടെ വേഷം ഇങ്ങനെയായിരുന്നോ?
ഈ ചോദ്യങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഗുരുവായൂരില്‍ ചുരിദാര്‍ധരിച്ച്‌ സ്ത്രീകള്‍ക്ക്‌ പ്രവേശിക്കാമോ എന്ന തര്‍ക്കം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
കെ. പി പദ്മനാഭ മേനോന്റെ കൊച്ചീരാജ്യ ചരിത്രത്തിലാണോ കേരളചരിത്രത്തിലാണോ എന്നോര്‍മ്മയില്ല, പത്തെണ്‍പതു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കേരളത്തിലെ ഏതോ പ്രധാനക്ഷേത്രത്തിലെ ശിവേല്യുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌( ആ ചിത്രം ഇവിടെച്ചേര്‍ക്കണമെന്ന ആഗ്രഹത്തില്‍ കഴിഞ്ഞ ദിവസം കേരളചരിത്രം എന്ന പുസ്തകം മുഴുവന്‍ പരതിയെങ്കിലും കണ്ടെത്താനായില്ല). ആ ചിത്രത്തില്‍ ശിവേലിയില്‍ പങ്കെടുക്കുന്ന വിളക്കെടുക്കുന്ന സ്ത്രീകളടക്കം എല്ലാവരുടെയും മാറിടം നഗ്നമാണ്‌. പതിവുകളുടെയും ആചാരങ്ങളുടെയും പേരില്‍ കടുമ്പിടുത്തം പിടിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടു നോക്കണം. അതു കണ്ടു പിടിച്ചാലുടനെ ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കാം.
വേഷവിധാനത്തിലും ആചാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളക്കരയില്‍ നടന്ന വിപ്ലവകരമായ മാറ്റത്തെ ഒരു ദേവപ്രശ്നത്തിന്റെയോ മറ്റോ പേരില്‍ പുറകോട്ടോടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റച്ചോദ്യമേയുള്ളു. ഇതെവിടെച്ചെന്നു നില്‍ക്കും?
പുറം രൂപത്തിന്റെ വിമര്‍ശനം കഴിയുന്നത്ര ഒഴിവാകട്ടെ. മനസ്സുകളാണ്‌ പ്രധാനം. സമൂഹത്തിന്റെ നല്ലനടപ്പിനെ ബാധിക്കാത്ത രീതിയിലുള്ള ഏതു വേഷത്തെയും ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി മലയാളിക്ക്‌ ഉണ്ടാവണേ ഗുരുവായൂരപ്പാ.......


No comments: