Saturday, December 15, 2007

രാജാവിനെ തൊട്ടു ഞാന്‍




കോങ്ങാടു കുട്ടിശ്ശങ്കരന്‍ ഒരാനയാണ്‌. സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഗജരാജന്‍. കൈരളിടിവിയിലെ ഇ ഫോര്‍ എലിഫന്റ്‌ എന്ന പ്രോഗ്രാമില്‍ ഈ ആനയെ കണ്ടപ്പോള്‍ മുതല്‍ ഒരാനപ്രേമിയേ അല്ലാത്ത മനസ്സില്‍ ഇവന്‍ നുഴഞ്ഞു കയറി. കുട്ടിശ്ശങ്കരനെ ചുറ്റിപ്പറ്റി എന്തെങ്കിലും എഴുതണമെന്ന ഒരു ആഗ്രഹം തലപൊക്കി. ആനകളുടെ ഫോട്ടോയെടുപ്പ്‌ ഭ്രാന്താക്കിയ ഉണ്ണിയോട്‌ ഈ ആനയെക്കുറിച്ചു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞില്ല, കുട്ടിശങ്കരന്‍ മദപ്പാടില്‍ കലുഷനായി നില്‍ക്കുന്ന് കുറെപ്പടങ്ങളുമായി അവനെത്തി. പിന്നെ മദപ്പാടൊക്കെയൊഴിഞ്ഞ്‌ കുട്ടിശങ്കരന്‍ ഉത്സവപ്പറമ്പുകളുടെ ആര്‍ഭാടമായപ്പോഴും ഉണ്ണി വിട്ടില്ല. വൈക്കത്തു വച്ച്‌ ആനയുടെ കുറെ നല്ലചിത്രങ്ങള്‍ കൂടി അവന്‍ എടുത്തു. അവനും കുട്ടിശങ്കരന്റെ പാപ്പാന്‍ മോഹനനുമായി അതിനകം ഊഷ്മളമായ ഒരു പരിചയത്തിന്റെ ബലത്തിലാണ്‌ തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിന്റെ ആറാം ദിവസം (ഡിസംബര്‍ 12) ഞാന്‍ കുട്ടിശങ്കരന്റെ സന്നിധിയിലെത്തിയത്‌. കുട്ടിശങ്കരനെക്കുറിച്ച്‌ എന്തോ എഴുതാനുള്ള എന്റെ ആഗ്രഹം ഉണ്ണി മോഹനേട്ടനെ അറിയിച്ചിരുന്നു. ആനകളെ തളച്ചിരിക്കുന്ന പറമ്പില്‍ നട്ടുച്ച നേരത്ത്‌ മോഹനേട്ടനുമായും ആനകളുടെ ഉസ്താദായ കടുവാ വേലായുധേട്ടനുമായും നേരം പോകുന്നതറിയാതെ സംസാരിച്ചിരുന്നു. പോകാനൊരുങ്ങിയപ്പോള്‍ മോഹനേട്ടന്‍ എന്നെ ചൂണ്ടി ഞാനും ഇയാളും കൂടി കൊമ്പില്‍പ്പിടിച്ച്‌ ഒരു ഫോട്ടോ കൂടി കഴിഞ്ഞ്‌ എന്നു പറഞ്ഞു. വല്ലാത്തൊരു മാന്‍സികാവസ്ഥയില്‍ കുട്ടിശങ്കരന്‍ നില്‍ക്കുന്നിടത്തേക്കു നടന്നു. തിരുവാമ്പാടി ചന്ദ്രശേഖരന്റെയും ചെത്തളൂര്‍ മുരളീകൃഷ്ണന്റെയൂം നടുവില്‍ നില്‍ക്കുന്ന കുട്ടിശങ്കരന്റെ അടുത്തേക്കു നടക്കുമ്പോള്‍ മോഹനേട്ടനോട്‌ ഞാന്‍ പറഞ്ഞു. ഞാനിതു വരെയും ആന്യുടെ അടുത്തെങ്ങും പോയിട്ടില്ല എന്ന്. എന്നാല്‍ നിങ്ങള്‍ക്കൊരു പണി കൂടി വച്ചിട്ടുണ്ട്‌ എന്ന് മോഹനേട്ടന്‍ പറഞ്ഞു. പനയോലക്കഷണങ്ങള്‍ക്കു മേലെ ആനയുടെ വലത്തെക്കൊമ്പില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ മനസ്സ്‌ വല്ലാത്ത ഒരു ശൂന്യതയിലായിരുന്നു. ആദ്യത്തെ ഫോട്ടോ കഴിഞ്ഞപ്പോള്‍ മോഹനേട്ടന്‍ പിടിവിട്ടു. ഇനി നിങ്ങള്‍ മാത്രം നിന്ന് ഒരെണ്ണം കൂടി. വയ്യാ എന്നു പറഞ്ഞു പിന്‍വാങ്ങാന്‍ പോലും കെല്‍പ്പില്ലാതെ ഞാന്‍ അനുസരിച്ചു. കുട്ടിശങ്കരന്റെ തുമ്പിക്കയിന്റെ കീഴുലൂടെ നുഴഞ്ഞ്‌ ഇടതു കൊമ്പില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍ ഉണ്ണി ഫോട്ടോ എടുത്ത്‌ എന്നെ രക്ഷിക്കാന്‍ വൈകുന്നതെന്താനെന്നായിരുന്നു മനസ്സില്‍.കുട്ടിശങ്കരന്റെ ഗംഭീരസാന്നിധ്യത്തില്‍ നിസ്സഹായതയുടെ ബിംബമായി നിന്ന നിമിഷങ്ങള്‍ ഉണ്ണിയുടെ ക്യാമറക്കണ്ണിലൂടെ

2 comments:

ഒരു “ദേശാഭിമാനി” said...

എന്താ അവന്റെ തുമ്പിയുടെ നീളം! ഹായ്....

മുസാഫിര്‍ said...

മുഖം കണ്ടാലറിയാം ഉള്ളിലെ ടെന്‍ഷന്‍,അജിത്,എഴുത്ത് നന്നായി.