Friday, December 21, 2007

സാന്താ ക്ലോസിന്റെ ദുഃഖം


ഉത്തരധൃവപ്രദേശത്ത്‌ ഏതോ ഗ്രാമത്തിലിരുന്ന് സാന്താ ക്ലോസ്‌ മഞ്ഞില്ലാത്ത ക്രിസ്മസ്‌ കാലത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നത്‌ ഏതോ ചാനലിലെ പ്രഭാത പരിപാടിയില്‍ കണ്ടു.(സാന്തായുടെ ഔദ്യോഗിക വെബ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌- നോര്‍ത്ത്‌പോള്‍.കോം ചേര്‍ത്തിരിക്കുന്നു)
ഈ ക്രിസ്മസ്‌ കാലത്ത്‌ ഉത്തരധൃവപ്രദേശത്തുപോലും മഞ്ഞു പുതച്ചു നില്‍ക്കുന്ന കോണീഫറസ്‌ മരങ്ങള്‍ കാണാനില്ല. ആഗോളതാപനത്തിന്റെ മറ്റൊരു മുഖം. രാത്രിയില്‍ പെയ്യുന്ന മഞ്ഞ്‌ നേരം വെളുക്കുമ്പോഴേക്കും മരച്ചില്ലകളില്‍ നിന്നും ഉരുകിത്തോരുന്നു.
ഭൂമിയെക്കുറിച്ച്‌ മനുഷ്യവംശമടക്കമുള്ള ഭൂജീവികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കകളുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത മാത്രമാകുന്നു. ഇത്‌.
ഞാനൊരു പ്രകൃതിവാദിയല്ല. പ്രകൃതിവാദത്തിന്റെ പേരില്‍ ലോകമെമ്പാടും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങളെയും ചലനങ്ങളെയും വെറുമൊരു കാഴ്ചക്കാരന്റെ നിര്‍മ്മമതയോടെയേ ഇത്ര കാലവും വീക്ഷിച്ചിട്ടുള്ളു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായിരിക്കെ അവന്‍ ചെയ്യുന്ന എന്തു കൃത്യവും, അതു പ്രകൃതിയുടെ സംന്തുലിതാവസ്ഥ തെറ്റിക്കുന്നതാണെങ്കില്‍പ്പോലും പ്രകൃതിയുടെ ഭാഗമാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പക്ഷേ ഇന്നു കണ്ടതു പോലെയുള്ള ചില വാര്‍ത്തകള്‍ മനുഷ്യനെന്ന നിലയില്‍ എന്നെയും ആശങ്കപ്പെടുത്തുന്നു.
കടുത്ത വരള്‍ച്ചയോ പേമാരിയോ ഭൂകമ്പങ്ങളോ ഒക്കെ സ്ഥിരം പ്രതിഭാസങ്ങളായേക്കാം. ഗംഗയും ആമസോണുമടക്കമുള്ള മഹാനദികള്‍ വറ്റി വരണ്ടേക്കാം. ഒരിറ്റു വെള്ളത്തിനായി മനുഷ്യര്‍ പരസ്പരം പോരടിച്ചേക്കാം. പിന്നെ സങ്കല്‍പത്തിനുമതീതമായി എന്തൊക്കെ വേണമെങ്കിലും കാലത്തിന്റെ ആവനാഴിയിലുണ്ടാവാം.
കിടുകിടുക്കുന്ന കുളിരും നിലാവുമില്ലാത്ത ഒരാതിരക്കാലപുലര്‍ച്ചയില്‍ ടിവീ കാണാനിരുന്ന എന്നില്‍ സാന്താക്ലോസിന്റെ വ്യാകുലമുഖം ഇത്തരം ചിന്തകളാണ്‌ തൊടുത്തത്‌.

2 comments:

വേണു venu said...

നാം പ്രകൃതി തന്നെ . പ്രകൃതിയുടെ ഏതു നഷ്ടവും നമ്മുടെ നഷ്ടം തന്നെ.
:)

അലി said...

നല്ല കുറിപ്പ്
അഭിനന്ദങ്ങള്‍!

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!