Monday, November 26, 2007

യാത്രകളുടെ പുസ്തകം.


എല്ലാ യാത്രകളും പിന്നില്‍ ഒരു ലക്ഷ്യമുണ്ടാകും. മുന്നിലും. പക്ഷേ ലക്ഷ്യബോധമില്ലാതെ അലയുന്നതിന്റെ സുഖം ഒന്നു വേറെ.എവിടെയൊക്കെയലഞ്ഞു. എന്തൊക്കെ കണ്ടു. കാഴ്ചകള്‍ പലതും നൈമിഷികമായ അനുഭൂതിയുണര്‍ത്തി മാഞ്ഞു പോകുന്നു. എങ്കിലും ചില ദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അനുഭൂതി കാലമേറെ ചെന്നാലും മായാതെ നില്‍ക്കുന്നു. അല്ലെങ്കില്‍ കാലം ചെല്ലുംതോറും ദൃഢമായിക്കൊണ്ടിരിക്കുന്നു.ഗംഗോത്രിയിലേക്കുള്ള യാത്രയ്കിടയില്‍ തെളിഞ്ഞ ഹര്‍സില്‍ എന്ന ഗ്രാമമാണ്‌ ഞാന്‍ ജീവിതത്തില്‍ കണ്ടതിലേക്കും മനോഹരമായ സ്ഥലം. അപ്പോള്‍ ഹമ്പിയുടെ ഊഷര സൗന്ദര്യമോ? കുടജാദ്രിയ്ക്കുമുകളില്‍ നിന്നു കണ്ട സന്ധ്യയോ?എല്ലാം സുന്ദരം തന്നെ.ചിലപ്പോളൊക്കെ സൗന്ദര്യം വല്ലാത്തൊരു ഭയമാണുണര്‍ത്തുക. ഗംഗോത്രിയില്‍ നിന്നു തിരിയെ വരുമ്പോള്‍ ഗംഗ്നാനിക്കടുത്തു വച്ച്‌ ഭീീകരമായ മലയിടിച്ചില്‍ തകര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ കണ്ട ഹിമാവൃതമായ പര്‍വ്വതവും അകമ്പടിയായി മുഴങ്ങിയ കാതടപ്പിക്കുന്ന മലയിടിച്ചിലിന്റെ മുഴക്കവും അത്തരം ഭയാനക സൗന്ദര്യാനുഭവമാണ്‌. പുറമെയുള്ള സൗന്ദര്യങ്ങള്‍ തടിപ്പോകുമ്പോഴും സ്വന്തം മണ്ണിന്റെ സൗന്ദര്യത്തെ വിസ്മരിക്കാനെനിക്കാവില്ല.എന്റെ ഗുരു, കവി ഡി. വിനയചന്ദ്രന്‍ ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ സൗന്ദര്യ ലഹരികളില്‍ ഹമ്പിയുടെയും ബേലൂരിന്റെയും ഖജൂരാഹോയുടെയും തഞ്ചാവൂരിന്റെയും ഒക്കെയൊപ്പം എന്റെ കവിയൂരിന്റെ ദാരുശില്‍പസൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നു രണ്ടു ലക്കം മുന്‍പു വന്ന കവിതയിലും.വിനയചന്ദ്രന്‍ സാറിനെ കവിയൂരിലേക്ക്‌ ആദ്യം ക്ഷണിച്ചു കൊണ്ടു പോയത്‌ ഞാനാണ്‌.

No comments: