Saturday, November 03, 2007

വിശുദ്ധ സൗന്ദര്യം

സൗന്ദര്യം വിശുദ്ധമാണ്‌. വിശുദ്ധമെന്ന് വിശ്വസിക്കപ്പെടുന്ന ദേവാലയങ്ങളുടെ സൗന്ദര്യം അതിന്റെ പ്രാധാന്യത്തിനു നിദാനമാവാറുണ്ട്‌ പലപ്പോഴും. ഇന്‍ഡ്യയിലെ പല ദേവാലയങ്ങളും അവയുടെ വാസ്തുശില്‍പ സൗന്ദര്യത്താല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും കുതുകികളെ ആകര്‍ഷിക്കുന്നു. ഖജൂരാഹോയും ഹളേബീഡും ബേലൂരും തഞ്ചാവൂരും മഹാബലിപുരവും ഇങ്ങനെ ശില്‍പസൗന്ദര്യത്താല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ദേവാലയങ്ങളാണ്‌. ഇതില്‍ പലയിടത്തും പൂജാവിധാനങ്ങള്‍ അങ്ങേയറ്റം ലോപിക്കുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്‌. വിശാസികള്‍ക്ക്‌ ആലംബമായിരിക്കുകയും അതോടൊപ്പം ശില്‍പഭംഗിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്ന ദേവാലയങ്ങള്‍ അത്യന്തം വിരളമാണ്‌. ഈ തലത്തില്‍ എന്റെ ഗ്രാമദേവാലയമായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം പൂര്‍ണ്ണ ശോഭയോടെ നിലകോള്ളുന്നു.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ആകാര ഗാംഭീര്യവുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പം ഒരു കേരളീയ ക്ഷേത്രത്തിനുമില്ല. കവിയൂര്‍ ക്ഷേത്രം സാമാന്യം വലിപ്പമുള്ള ഒരു കേരളീയ ദേവാലയമാണ്‌. മൂന്നു ഗോപുരങ്ങളുണ്ട്‌. സമീപപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെറു കുന്നിന്‍പുറത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കിഴക്ക ഗോപുരത്തിലേക്ക്‌ കടക്കാന്‍ ഇരുപത്തിയൊന്ന് കരിങ്കല്‍പടവുകള്‍ കയറണം. ഗോപുരം കടന്നാലുടന്‍ ദീര്‍ഘമായ ആനക്കൊട്ടില്‍. സ്വര്‍ണ്ണക്കൊടിമരം. ചെമ്പുമേഞ്ഞ നാലമ്പലം. അകത്ത്‌ വട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി പരമശിവനെയും പടിഞ്ഞാറു ദര്‍ശനമായി ശ്രീമൂല രാജേശ്വരിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേകോണില്‍ ആറടി സമചതുരത്തിലുള്ള ചെമ്പു മേഞ്ഞ ശ്രീകോവിലില്‍ ഹനുമാന്‍ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഞ്ജനേയ ക്ഷേത്രമായി കവിയൂര്‍ മഹാദേവക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന്‌ ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്‌.
ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് ശ്രീകോവില്‍ ചുവരിലും മണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും വാതില്‍മാടത്തിന്റെയും മച്ചിലും ഉള്ള ദാരു ശില്‍പങ്ങളാണ്‌. പല ഭാഷകളിലായി ഈ ദാരുശില്‍പങ്ങളെപ്പറ്റി പഠനഗ്രന്ഥങ്ങള്‍ വന്നിട്ടുണ്ട്‌. പുരാണകഥകളെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ ശില്‍പങ്ങളുടെ കാലം 16-17 നൂറ്റാണ്ടുകളാണ്‌.
കവിയൂര്‍ക്ഷേത്രത്തെ അനശരമാക്കുന്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ശില്‍പ്പികളുടെ പരമ്പരയില്‍പെട്ടവര്‍ കേരളത്തിന്റെ സാംസ്കാരികരംഗത്ത്‌ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കവിയൂര്‍ പൊന്നമ്മ, സംവിധായകനായ ശിവപ്രസാദ്‌ എന്നിവരുടെ നാമം എടുത്തുപറയേണ്ടതുണ്ട്‌.
കവിയൂര്‍ക്ഷേത്രത്തിന്റെ വാസ്തു ശില്‍പലാവണ്യം വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ ചേര്‍ത്തിരിക്കുന്നുചേര്‍ത്തിരിക്കുന്നു

1 comment:

varier said...

what about writing my biography you maathul ?