Wednesday, November 14, 2007

കുട്ടപ്പന്‍ ഇഫക്റ്റ്‌- പോര്‍ട്ടൊബെല്ലോയിലെ മന്ത്രവാദിനി വായിക്കുമ്പോള്‍

ഒരു കുട്ടപ്പനുണ്ടായിരുന്നു. ചെത്തുകാരനായിരുന്നു. കുറെ പ്രായമെത്തിയപ്പോള്‍ ചെത്തുപക്ഷിച്ചു. ഭാര്യ മരിച്ചതോടെ നാടിലാകെ അലക്ഷ്യമായി അലയാന്‍ തുടങ്ങി. ഞാലിയില്‍ ക്ഷേത്രത്തിന്റെ ആല്‍ത്തറയിലും ആറ്റുമട്ടയ്ക്കുമൊക്കെയായി അയാള്‍ നേരം പോക്കി. അയാളെ പലരും കളിയാക്കി. ചിലപ്പോളൊക്കെ കുട്ടപ്പന്‍ പ്രതികരിച്ചു. ചിലപ്പോള്‍ മൗനം ഭജിച്ചു. വെറുതെ അലഞ്ഞുതിരിയുന്ന ഇടവേളകളില്‍ ആറ്റീടിയ്ക്കുള്ള മരക്കുറ്റികള്‍ ചികഞ്ഞെടുത്ത്‌ അതുചെത്തി മിനുക്കി ശില്‍പ്പങ്ങളുണ്ടാക്കി. ചിലരൊക്കെ അതു വാങ്ങി. പലരും പുച്ഛിച്ചു തള്ളി.മുഷിഞ്ഞ കാവിമുണ്ട്‌, നീണ്ട ഊശാന്‍ താടി. പരുപരുക്കന്‍ ശബ്ദത്തില്‍ വടിവൊത്ത വാക്കുകള്‍- ഇതൊക്കെയായിരുന്നു ഞാന്‍ പരിചയപ്പെടുമ്പോള്‍ കുട്ടപ്പന്‍.ഞങ്ങള്‍ക്കന്ന് ഒരു കയ്യെഴുത്തു മാസികയുണ്ടായിരുന്നു, താളം. ഒരിക്കല്‍ അതില്‍ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞ്‌ തന്റെ കവിതകള്‍ നിറഞ്ഞ നോട്ടുബുക്ക്‌ കുട്ടപ്പന്‍ എന്നെയേല്‍പ്പിച്ചു. ഒന്നു പ്രസിദ്ധീകരിക്കുകയും ചെയ്തു.പൗലോ കൊയ്‌ലോയുടെ നോവല്‍ വായിക്കുമ്പോള്‍ കുട്ടപ്പനെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. പൗലോ കൊയ്‌ലൊയു നോവലുകളിലെ മന്ത്രവാദികള്‍ പ്രാചീനമായ അറിവുകളുടെ വാഹകരാണ്‌. കാര്‍ലോസ്‌ കാസ്റ്റനീഡയുടെ ഡോണ്‍ ജുവാനും അങ്ങനെ തന്നെ. കുട്ടപ്പന്‍ മന്ത്ര വാദിയായിരുന്നില്ലെങ്കിലും അയാള്‍ക്കും അത്തരം അന്വേഷണങ്ങളുടെ ഒരു ചരിത്രമുണ്ട്‌. അറിയപ്പെടാതെ പോകുന്ന നാട്ടറിവുകളുടെ സൂക്ഷിപ്പുകാരായി അത്തരഖ്ം എത്രയോ പേര്‍ ഓരോ കേരള ഗ്രാമങ്ങളിലും കാണും.ഭൂമി കറങ്ങുന്നതിനെപ്പറ്റി ഒരു കുട്ടപ്പന്‍ തിയറി-ഭൂമിക്കു ജീവനുണ്ട്‌. മനുഷ്യന്റേതുപോലെ വികാരങ്ങളുമുണ്ട്‌.ശൂന്യാകാശം തണുത്ത സ്ഥലമാണ്‌. ഈ തണുപ്പു സഹിക്കാനാവാതെ ദൂരെയുള്ള സൂര്യന്റെ ചൂട്‌ ശരീരമാകെ പകരാനായി ഭൂമി തിരിഞ്ഞു തിരിഞ്ഞ്‌ തീ കായുകയാണ്‌.മഞ്ഞത്ത്‌ നമ്മള്‍ തീകായും പോലെ.

No comments: