Thursday, November 29, 2007

ഇലകള്‍

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുമോ നിസ്സംഗത പാലിക്കുമോ?അതോ കരയുമോ.ഇന്ന് പോകലുകളുടെ ദിവസമാണ്‌. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫീസില്‍ നിന്ന് ഏറ്റവും അധികം ആള്‍ക്കാര്‍ പിരിഞ്ഞു പോകുന്ന ദിവസം. എനിക്കു വളരെ വേണ്ടപ്പെട്ട രണ്ടുപേര്‍ ഇന്നത്തെ ലിസ്റ്റിലുണ്ട്‌. അതിലൊരാള്‍ തീര്‍ത്തും സ്വാഭാവികമായി മൂന്നു ദിവസം മുന്‍പേ സ്ഥാപനത്തിന്റെ പടിയിറങ്ങി. ഗോപീമോഹനന്‍.അന്ന് പോകുമ്പോള്‍ അയാളുടെ കണ്ണു നനഞ്ഞിരുന്നോ. അറിയില്ല. എന്നെങ്കിലും പോകണം എന്ന ബോധമുദിച്ചവരും പോകലിന്റെ മുഹൂര്‍ത്തത്തില്‍ ഒന്നു പതറിയേക്കാം.ഇലകള്‍ ഇനിയും പൊഴിയും. പുതിയവ തളിര്‍ക്കും അതു ലോകധര്‍മ്മം. പോകലുകളെക്കുറിച്ച്‌ സങ്കടപ്പെടുന്നതും സ്വന്തം പോകലിനെക്കുറിച്ച്‌ മുന്‍കൂട്ടി ഭയന്നു തുടങ്ങുന്നതും സാധാരണ മനുഷ്യ ധര്‍മ്മം.ദിനമപി രജനീസായംപ്രാതഃശിശിരവസന്തൗ പുനരായാതൗകാലക്രീഡതി ഗഛത്യായുഃ എന്ന് ആദിശങ്കരന്‍.കിമപിനമുച്യേതാശാപാശം എന്ന് പിന്‍കുറിപ്പും.

Monday, November 26, 2007

യാത്രകളുടെ പുസ്തകം.


എല്ലാ യാത്രകളും പിന്നില്‍ ഒരു ലക്ഷ്യമുണ്ടാകും. മുന്നിലും. പക്ഷേ ലക്ഷ്യബോധമില്ലാതെ അലയുന്നതിന്റെ സുഖം ഒന്നു വേറെ.എവിടെയൊക്കെയലഞ്ഞു. എന്തൊക്കെ കണ്ടു. കാഴ്ചകള്‍ പലതും നൈമിഷികമായ അനുഭൂതിയുണര്‍ത്തി മാഞ്ഞു പോകുന്നു. എങ്കിലും ചില ദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അനുഭൂതി കാലമേറെ ചെന്നാലും മായാതെ നില്‍ക്കുന്നു. അല്ലെങ്കില്‍ കാലം ചെല്ലുംതോറും ദൃഢമായിക്കൊണ്ടിരിക്കുന്നു.ഗംഗോത്രിയിലേക്കുള്ള യാത്രയ്കിടയില്‍ തെളിഞ്ഞ ഹര്‍സില്‍ എന്ന ഗ്രാമമാണ്‌ ഞാന്‍ ജീവിതത്തില്‍ കണ്ടതിലേക്കും മനോഹരമായ സ്ഥലം. അപ്പോള്‍ ഹമ്പിയുടെ ഊഷര സൗന്ദര്യമോ? കുടജാദ്രിയ്ക്കുമുകളില്‍ നിന്നു കണ്ട സന്ധ്യയോ?എല്ലാം സുന്ദരം തന്നെ.ചിലപ്പോളൊക്കെ സൗന്ദര്യം വല്ലാത്തൊരു ഭയമാണുണര്‍ത്തുക. ഗംഗോത്രിയില്‍ നിന്നു തിരിയെ വരുമ്പോള്‍ ഗംഗ്നാനിക്കടുത്തു വച്ച്‌ ഭീീകരമായ മലയിടിച്ചില്‍ തകര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ കണ്ട ഹിമാവൃതമായ പര്‍വ്വതവും അകമ്പടിയായി മുഴങ്ങിയ കാതടപ്പിക്കുന്ന മലയിടിച്ചിലിന്റെ മുഴക്കവും അത്തരം ഭയാനക സൗന്ദര്യാനുഭവമാണ്‌. പുറമെയുള്ള സൗന്ദര്യങ്ങള്‍ തടിപ്പോകുമ്പോഴും സ്വന്തം മണ്ണിന്റെ സൗന്ദര്യത്തെ വിസ്മരിക്കാനെനിക്കാവില്ല.എന്റെ ഗുരു, കവി ഡി. വിനയചന്ദ്രന്‍ ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ സൗന്ദര്യ ലഹരികളില്‍ ഹമ്പിയുടെയും ബേലൂരിന്റെയും ഖജൂരാഹോയുടെയും തഞ്ചാവൂരിന്റെയും ഒക്കെയൊപ്പം എന്റെ കവിയൂരിന്റെ ദാരുശില്‍പസൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നു രണ്ടു ലക്കം മുന്‍പു വന്ന കവിതയിലും.വിനയചന്ദ്രന്‍ സാറിനെ കവിയൂരിലേക്ക്‌ ആദ്യം ക്ഷണിച്ചു കൊണ്ടു പോയത്‌ ഞാനാണ്‌.

Wednesday, November 14, 2007

കുട്ടപ്പന്‍ ഇഫക്റ്റ്‌- പോര്‍ട്ടൊബെല്ലോയിലെ മന്ത്രവാദിനി വായിക്കുമ്പോള്‍

ഒരു കുട്ടപ്പനുണ്ടായിരുന്നു. ചെത്തുകാരനായിരുന്നു. കുറെ പ്രായമെത്തിയപ്പോള്‍ ചെത്തുപക്ഷിച്ചു. ഭാര്യ മരിച്ചതോടെ നാടിലാകെ അലക്ഷ്യമായി അലയാന്‍ തുടങ്ങി. ഞാലിയില്‍ ക്ഷേത്രത്തിന്റെ ആല്‍ത്തറയിലും ആറ്റുമട്ടയ്ക്കുമൊക്കെയായി അയാള്‍ നേരം പോക്കി. അയാളെ പലരും കളിയാക്കി. ചിലപ്പോളൊക്കെ കുട്ടപ്പന്‍ പ്രതികരിച്ചു. ചിലപ്പോള്‍ മൗനം ഭജിച്ചു. വെറുതെ അലഞ്ഞുതിരിയുന്ന ഇടവേളകളില്‍ ആറ്റീടിയ്ക്കുള്ള മരക്കുറ്റികള്‍ ചികഞ്ഞെടുത്ത്‌ അതുചെത്തി മിനുക്കി ശില്‍പ്പങ്ങളുണ്ടാക്കി. ചിലരൊക്കെ അതു വാങ്ങി. പലരും പുച്ഛിച്ചു തള്ളി.മുഷിഞ്ഞ കാവിമുണ്ട്‌, നീണ്ട ഊശാന്‍ താടി. പരുപരുക്കന്‍ ശബ്ദത്തില്‍ വടിവൊത്ത വാക്കുകള്‍- ഇതൊക്കെയായിരുന്നു ഞാന്‍ പരിചയപ്പെടുമ്പോള്‍ കുട്ടപ്പന്‍.ഞങ്ങള്‍ക്കന്ന് ഒരു കയ്യെഴുത്തു മാസികയുണ്ടായിരുന്നു, താളം. ഒരിക്കല്‍ അതില്‍ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞ്‌ തന്റെ കവിതകള്‍ നിറഞ്ഞ നോട്ടുബുക്ക്‌ കുട്ടപ്പന്‍ എന്നെയേല്‍പ്പിച്ചു. ഒന്നു പ്രസിദ്ധീകരിക്കുകയും ചെയ്തു.പൗലോ കൊയ്‌ലോയുടെ നോവല്‍ വായിക്കുമ്പോള്‍ കുട്ടപ്പനെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. പൗലോ കൊയ്‌ലൊയു നോവലുകളിലെ മന്ത്രവാദികള്‍ പ്രാചീനമായ അറിവുകളുടെ വാഹകരാണ്‌. കാര്‍ലോസ്‌ കാസ്റ്റനീഡയുടെ ഡോണ്‍ ജുവാനും അങ്ങനെ തന്നെ. കുട്ടപ്പന്‍ മന്ത്ര വാദിയായിരുന്നില്ലെങ്കിലും അയാള്‍ക്കും അത്തരം അന്വേഷണങ്ങളുടെ ഒരു ചരിത്രമുണ്ട്‌. അറിയപ്പെടാതെ പോകുന്ന നാട്ടറിവുകളുടെ സൂക്ഷിപ്പുകാരായി അത്തരഖ്ം എത്രയോ പേര്‍ ഓരോ കേരള ഗ്രാമങ്ങളിലും കാണും.ഭൂമി കറങ്ങുന്നതിനെപ്പറ്റി ഒരു കുട്ടപ്പന്‍ തിയറി-ഭൂമിക്കു ജീവനുണ്ട്‌. മനുഷ്യന്റേതുപോലെ വികാരങ്ങളുമുണ്ട്‌.ശൂന്യാകാശം തണുത്ത സ്ഥലമാണ്‌. ഈ തണുപ്പു സഹിക്കാനാവാതെ ദൂരെയുള്ള സൂര്യന്റെ ചൂട്‌ ശരീരമാകെ പകരാനായി ഭൂമി തിരിഞ്ഞു തിരിഞ്ഞ്‌ തീ കായുകയാണ്‌.മഞ്ഞത്ത്‌ നമ്മള്‍ തീകായും പോലെ.

Sunday, November 11, 2007

i am thinking about renaming the blog. it may happen soon. but what name?
what is in a name, afterall?

Saturday, November 03, 2007

വിശുദ്ധ സൗന്ദര്യം

സൗന്ദര്യം വിശുദ്ധമാണ്‌. വിശുദ്ധമെന്ന് വിശ്വസിക്കപ്പെടുന്ന ദേവാലയങ്ങളുടെ സൗന്ദര്യം അതിന്റെ പ്രാധാന്യത്തിനു നിദാനമാവാറുണ്ട്‌ പലപ്പോഴും. ഇന്‍ഡ്യയിലെ പല ദേവാലയങ്ങളും അവയുടെ വാസ്തുശില്‍പ സൗന്ദര്യത്താല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും കുതുകികളെ ആകര്‍ഷിക്കുന്നു. ഖജൂരാഹോയും ഹളേബീഡും ബേലൂരും തഞ്ചാവൂരും മഹാബലിപുരവും ഇങ്ങനെ ശില്‍പസൗന്ദര്യത്താല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ദേവാലയങ്ങളാണ്‌. ഇതില്‍ പലയിടത്തും പൂജാവിധാനങ്ങള്‍ അങ്ങേയറ്റം ലോപിക്കുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്‌. വിശാസികള്‍ക്ക്‌ ആലംബമായിരിക്കുകയും അതോടൊപ്പം ശില്‍പഭംഗിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്ന ദേവാലയങ്ങള്‍ അത്യന്തം വിരളമാണ്‌. ഈ തലത്തില്‍ എന്റെ ഗ്രാമദേവാലയമായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം പൂര്‍ണ്ണ ശോഭയോടെ നിലകോള്ളുന്നു.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ആകാര ഗാംഭീര്യവുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പം ഒരു കേരളീയ ക്ഷേത്രത്തിനുമില്ല. കവിയൂര്‍ ക്ഷേത്രം സാമാന്യം വലിപ്പമുള്ള ഒരു കേരളീയ ദേവാലയമാണ്‌. മൂന്നു ഗോപുരങ്ങളുണ്ട്‌. സമീപപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെറു കുന്നിന്‍പുറത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കിഴക്ക ഗോപുരത്തിലേക്ക്‌ കടക്കാന്‍ ഇരുപത്തിയൊന്ന് കരിങ്കല്‍പടവുകള്‍ കയറണം. ഗോപുരം കടന്നാലുടന്‍ ദീര്‍ഘമായ ആനക്കൊട്ടില്‍. സ്വര്‍ണ്ണക്കൊടിമരം. ചെമ്പുമേഞ്ഞ നാലമ്പലം. അകത്ത്‌ വട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി പരമശിവനെയും പടിഞ്ഞാറു ദര്‍ശനമായി ശ്രീമൂല രാജേശ്വരിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേകോണില്‍ ആറടി സമചതുരത്തിലുള്ള ചെമ്പു മേഞ്ഞ ശ്രീകോവിലില്‍ ഹനുമാന്‍ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഞ്ജനേയ ക്ഷേത്രമായി കവിയൂര്‍ മഹാദേവക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന്‌ ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്‌.
ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് ശ്രീകോവില്‍ ചുവരിലും മണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും വാതില്‍മാടത്തിന്റെയും മച്ചിലും ഉള്ള ദാരു ശില്‍പങ്ങളാണ്‌. പല ഭാഷകളിലായി ഈ ദാരുശില്‍പങ്ങളെപ്പറ്റി പഠനഗ്രന്ഥങ്ങള്‍ വന്നിട്ടുണ്ട്‌. പുരാണകഥകളെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ ശില്‍പങ്ങളുടെ കാലം 16-17 നൂറ്റാണ്ടുകളാണ്‌.
കവിയൂര്‍ക്ഷേത്രത്തെ അനശരമാക്കുന്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ശില്‍പ്പികളുടെ പരമ്പരയില്‍പെട്ടവര്‍ കേരളത്തിന്റെ സാംസ്കാരികരംഗത്ത്‌ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കവിയൂര്‍ പൊന്നമ്മ, സംവിധായകനായ ശിവപ്രസാദ്‌ എന്നിവരുടെ നാമം എടുത്തുപറയേണ്ടതുണ്ട്‌.
കവിയൂര്‍ക്ഷേത്രത്തിന്റെ വാസ്തു ശില്‍പലാവണ്യം വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ ചേര്‍ത്തിരിക്കുന്നുചേര്‍ത്തിരിക്കുന്നു

Friday, November 02, 2007

സഞ്ചാരി

സഞ്ചാരം ചിലര്‍ക്ക്‌ ഹരമാണ്‌. ചിലര്‍ക്കത്‌ വ്രതമാണ്‌. മറ്റുചിലര്‍ക്ക്‌ അലംഘനീയമായ വിധി നിയോഗമാണ്‌.
യാത്ര ചെയ്യാതിരിക്കാന്‍ വയ്യാത്ത കൂട്ടതില്‍പ്പെട്ട ഒരാളാണ്‌ ഉണ്ണി. അവന്‍ യാത്ര ചെയ്യുന്നതെന്തിനാണെന്ന് അവനു തന്നെ അറിയില്ല. എന്നാല്‍ യാത്ര ചെയ്യാതിരിക്കാന്‍, എന്തെല്ലാം പ്രതികൂലസാഹചര്യങ്ങളുണ്ടെങ്കിലും അവനു കഴിയുകയുമില്ല. നിരന്തരമായ യാത്രയും അലച്ചിലും അവന്റെ വ്യക്തിത്വത്തില്‍ അരാജകമായ ഏറെ അടയാളങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
യാത്രാനുഭവങ്ങളെഴുതാന്‍ മനസ്സുണ്ടായിരുന്നെങ്കില്‍ അവന്‍ നൂറുകനക്കിനു പേജുകളുടെ ഉടമയായേനെ. ഏതാനും നാളുകളായി യാത്രാ ചിത്രങ്ങള്‍ ക്യാമറയില്‍പ്പകര്‍ത്തുവാന്‍ തുടങ്ങി. യാത്രയുടെ നിറപ്പകിട്ടുകള്‍. അവനെടുത്ത മൂന്നു ഫോട്ടോകള്‍ ഇവിടെച്ചേര്‍ക്കുന്നു.