Wednesday, January 09, 2013

വാരിച്ചൊരിഞ്ഞ നിറങ്ങള്‍

ഒരുത്സവം കടന്നുപോവുമ്പോള്‍ എന്തൊക്കെയാണു ശേഷിപ്പിക്കുന്നത്!
ഓര്‍മ്മകള്‍! ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍.......
വെറുമൊരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു കൊല്ലത്തേക്കു ചര്‍ച്ചയ്ക്കും കൊത്തിപ്പെറുക്കലിനും ഉള്ള വകയാവെ. ഒരുത്സവത്തെ വിശകലനം ചെയ്തു തീരുമ്പോഴേക്കും അടുത്തതിന്റെ കാഹളം മുഴങ്ങിയിരിക്കും.
എന്റേതൊരു ഗ്രാമമാണെങ്കിലും അതിന്റെ ഉത്സവം അത്രഗ്രാമീണമല്ലെന്നതു നേര്. മധ്യതിരുവിതാംകൂറിലെ വലിയുത്സവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് കവിയൂരുത്സവം. പെരുമയേറിയ മഹാക്ഷേത്രത്തിലെ പെരുമയാര്‍ന്ന ഉത്സവം. കാലത്തിന്റെ ഒഴുക്കില്‍ അതിന്റെ പകിട്ടുകള്‍ക്ക് ഏറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും കവിയൂരുത്സവം കവിയൂരും കുന്നന്താനത്തും ഇരവിപേരൂരിലും മറ്റുമൂള്ളവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരം തന്നെയാണ്. അതാണ് ഇക്കൊല്ലവും കണ്ടതും.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് കാലഘട്ടം മുതല്‍ കണ്ട ഉത്സവങ്ങളുടെ ഓര്‍മയുണ്ട് ഈയുള്ളവന്. ടിവിയും ഇന്റര്‍നെറ്റും സങ്കല്പത്തില്‍പ്പോലുമെത്തിയിട്ടില്ലാത്ത എഴുപത് എണ്‍പതുകളിലെ ഉത്സവം വേറിട്ടൊരു അനുഭവമായിരുന്നു. എഴുപതുകളില്‍ എന്റെയോര്‍മ്മയിലുള്ള ഉത്സവങ്ങളില്‍ ക്ഷേത്ര പരിസരമാകെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ മൂന്നു നാലു ദിവസങ്ങളാണ്. ഞാലിക്കണ്ടം അന്തിച്ചന്തയ്ക്കടുത്തുള്ള കിഴക്കനേത്തു കെട്ടിടത്തിനു മുന്പില്‍ വരുന്ന പാത്രക്കടയില്‍ത്തുടങ്ങി ഉത്സവ വാണിഭക്കാരുടെ നീണ്ടനിര. കുളത്തിന്റെ കിഴക്കുവശത്തും തെക്കുവശത്തും ചെറുകിട സര്‍ക്കസ്, ജാലവിദ്യ സ്റ്റാളുകള്‍. കുളത്തിനു പടിഞ്ഞാറുവശത്തായി കല്‍ച്ചട്ടിക്കച്ചവടക്കാരുടെ വലിയ കൊട്ടില്‍. ക്ഷേത്രത്തിനുമുന്പിലത്തെ മൈതാനത്തിന്റെ തെക്കെ വശത്ത് ഇരുപത്തഞ്ചോളം ചിന്തിക്കടകള്‍, വടക്കുവശത്ത് ഇരുമ്പുസാധനങ്ങളും പറ, ഉലക്ക, ചങ്ങഴി തുടങ്ങിയവയും വില്ക്കുന്നകടകളും. കവിയൂരുത്സവം ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല ക്ഷേത്രോത്സവങ്ങള്‍ക്കൊപ്പം പമ്പാതടത്തിലെ ഏറ്റവും വലിയ വില്പനമേളകളിലൊന്നായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളവസാനിക്കുംവരെയും ഈ വില്പനമേള അതേപടി തുടര്‍ന്നു.
ആറാനകളുണ്ടായിരുന്നു ആദ്യം. തമിഴ് നാട്ടില്‍ നിന്നുള്ള നാദസ്വര വിദഗ്ധര്‍ പങ്കെടുക്കുന്ന സേവയും ഓര്‍ക്കുന്നു. എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ ഉത്സവത്തിന്റെ പലതലങ്ങളിലും മങ്ങലേറ്റു. ദേവസ്വം ബോര്‍ഡിനൊപ്പം ഉത്സവനടത്തിപ്പിനു കമ്മറ്റിയുണ്ടായിരുന്നെങ്കിലും ഉത്സവത്തിന്റെ ഘോഷങ്ങള്‍ കുറഞ്ഞു. ആനകള്‍ നാലായും പിന്നെ മൂന്നായും കുറഞ്ഞു. ജനപങ്കാളിത്തത്തിനുമാത്രം മാറ്റം വന്നില്ല. ക്ഷേത്രമതിലകവും പരിസരങ്ങളും ഉത്സവം കാണാനെത്തിയവരെക്കൊണ്ടു തിങ്ങിനിറഞ്ഞു. കിഴക്കന്‍മേഖലകളില്‍ നിന്ന് പായും ചുരുട്ടിപ്പിടിച്ച് കവിയൂരുത്സവം കാണാനെത്തുന്നവര്‍ കുറഞ്ഞില്ല. കൊടിയേറിയാല്‍ പത്തുദിവസത്തേക്ക് കവിയൂരിലെ മിക്കവീടുകളിലും ഒന്നു രണ്ട് അതിഥികള്‍ക്ക് ഊണുകരുതുമായിരുന്നു. പള്ളിവേട്ടദിവസം അതിന്റെ അളവ് കൂടുതലായിരിക്കുമെന്നുമാത്രം. എണ്‍പതുകളുടെ ആദ്യപകുതിയില്‍ ഒന്നു രണ്ടു കമ്മറ്റികള്‍ ഉത്സവക്കൊഴുപ്പ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ജനപ്രവാഹം കവിയൂരുത്സവത്തിനു കുറഞ്ഞില്ല. ആയിരത്തിത്തൊള്ളായിരത്തിയെണ്‍പത്തിയാറില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഉത്സവത്തിന്റെ മികവു വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം വിജയിച്ചു. തുടര്‍ന്ന് പടിപടിയായി കലാപരിപാടികള്‍ വര്‍ദ്ധിച്ചു. ആനകളുടെ എണ്ണം അവസാനത്തെ രണ്ടു ദിവസത്തേക്കെങ്കിലും നാലായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ പടിപടിയായി ഉത്സവത്തിന്റെ നിലവാരം ഉയര്‍ന്നു. ഉത്സവം നിലവാരം വീണ്ടെടുത്തു തുടങ്ങിയെങ്കിലും പല ഘടകങ്ങള്‍ അതിന്റെ നിറപ്പകിട്ടിനെ ബാധിച്ചു. പ്രധാനമായും ടിവിയുടെ പ്രചാരം. വീടടച്ചിട്ട് ഉത്സവത്തിനുപോകുന്നതിലുള്ള ഭയം മറ്റൊന്ന്. ഏറിവരുന്ന വാഹനസൗകര്യങ്ങള്‍ ഏതെങ്കിലുമൊരു സമയത്ത് ഉത്സവത്തിനെത്തി താമാസിയാതെ മടങ്ങാവുന്ന അവസ്ഥ സൃഷ്ടിച്ചതോടെ രാത്രിയിലെ ആള്‍ത്തിരക്കിനെ ചുരുക്കി. കേരളത്തിനെ പൊതുവായി ബാധിച്ച പുതിയ സംഗതികളെ ഉത്സവനഗരികള്‍ നേരിട്ടു വരുന്നതിന് അല്പം കാലതാമസം വന്നു എന്നു മാത്രം. കലാപരിപാടികള്‍ക്ക് ആളില്ലാതായിത്തുടങ്ങിയതോടെ എഴുന്നള്ളിപ്പുകളുടെ കൊഴുപ്പുവര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായി. ഇന്നു ബാധിച്ചിരിക്കുന്ന ആനക്കമ്പത്തിന്റെ തുടക്കം അവിടുന്നാണ്. ആനക്കമ്പം ചെരുപ്പക്കാരെ ആകര്‍ഷിച്ചുതുടങ്ങിയതോടെ ഉത്സവങ്ങള്‍ വീണ്ടും സജീവമാവുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കവിയൂരുത്സവത്തിനു കൊഴുപ്പേറ്റുന്നതും പലരും കേട്ടറിയുക പോലും ചെയ്തിട്ടില്ലാത്ത ഏതാനും വടക്കന്‍ ആനകളുടെ സാന്നിധ്യമാണ്. അത് വിജയിക്കുകയും ചെയ്തു, ഒരു തരത്തില്‍. ഇക്കുറി ജനാവലി എന്റെ ഓര്‍മ്മകളിലേതിന് സമാനമായിരുന്നു. എങ്കിലും ഉത്സവങ്ങള്‍ക്ക് പഴയ രീതിയിലുള്ള പ്രസക്തിയുണ്ടാവാന്‍ നിവൃത്തിയില്ലല്ലോ!
അതുകൊണ്ട് ടിവിയെയും നെറ്റിനെയും വെല്ലുന്ന ഷോ ബിസിനസ്സാവുകയല്ലാതെന്തുമാര്‍ഗ്ഗം?







എങ്കിലും ഉത്സവം കുറെയേറെ പകിട്ടുകളെ ഓര്‍മ്മയില്‍ ശേഷിപ്പിച്ച് ഈ ഗ്രാമത്തെ ലഹരിപിടിപ്പിച്ചു എന്നതു നേര്. അതും കവിയൂരുത്സവത്തിന്റേതായ രീതിയില്‍.....

No comments: