കഴിഞ്ഞയാഴ്ചയിലാണ്, തൃക്കക്കുടിയില്‍ സുവിശേഷത്തിന് ഉപദേശിമാരെത്തിയത്. അതിനുമുന്പ് കുറെ ദിവസങ്ങളായി കക്കുടിഭാഗത്ത് സുവിശേഷയോഗം നടക്കുന്നതിന്റെ ശബ്ദം ജന്നലിലൂടെകേള്‍ക്കാമായിരുന്നു. അങ്ങനെ നടന്ന യോഗം തൃക്കക്കുടിയുടെ മുകളിലേക്ക് പറിച്ചുനട്ടതിന്റെ പിന്നിലെ മനോഭാവം അത്ഭുതകരം തന്നെ.
എന്തുകൊണ്ടെന്നു ചോദിച്ചേക്കാം. കാരണം തൃക്കക്കുടി വെറുമൊരു പാറയല്ല. മൂന്നുവലിയ പാറകളുടെ സമുച്ചയത്തില്‍ കേരളത്തിലെ ഏറ്റവും പുരാതനവും ചരിത്രപരമായി വളരെ പ്രത്യേകതകളുള്ളതുമായ ശിവാലയം കുടികൊള്ളുന്നു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ചര്‍ച്ചചെയ്യുന്ന ഏതാണ്ടെല്ലാ പുസ്തകങ്ങളിലും കവിയൂര്‍ ഗുഹാക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വിനോദസഞ്ചാരവകുപ്പിന്റെ വിവരണം മാത്രം ശ്രദ്ധിക്കുക- 'Located on the banks of
the river Manimala, Kaviyoor is famous for its temples. The
Kaviyoor Trikkukkudi Cave Temple, also known as the Rock Cut Cave
Temple, is of historical importance and is preserved as a monument
by the Archaeological Department. It bears close resemblance
to the Pallava style of architecture and has prompted historians to date it to a period as early as the eighth century AD'- അതായത് തൃക്കക്കുടി കവിയൂര്‍ എന്ന ചെറുഗ്രാമത്തിന് മേല്‍വിലാസം കൊടുക്കുന്ന നാമമാണ്. ലോകഭൂപടത്തില്‍ ഈ ഗ്രാമത്തിന് അടയാളം നല്കുന്ന മഹദ്സ്മാരകം. ഇതൊരു ശിവാലയമാണെന്നതിന് ആരുമിതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല. കാരണം പടിഞ്ഞാറേ പാറ തുളച്ചുണ്ടാക്കിയ ഗുഹയില്‍ സാമാന്യം വലിയ ശിവലിംഗം കുടികൊള്ളുന്നു. അനവധി ഗ്രന്ഥങ്ങളിലും ഗവേഷണപ്രബന്ധങ്ങളിലും സഥാനം പിടിച്ച നൂറുകണക്കിനു ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രഫി കേരളത്തില്‍ പ്രചരിച്ച കാലം മുതല്‍ എടുക്കപ്പെട്ടവ. ഗവണ്മെന്റ് വകയായി പുറത്തിറക്കിയിട്ടുള്ള ഗസറ്റിയറുകളിലും വന്നിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ നിരവധി ചരിത്രഗവേഷകര്‍- ഡോ. സ്ടെല്ലാ ക്രാംരിഷ്, കൃഷ്ണചൈതന്യ എന്നീപ്പേരുകള്‍ എടുത്തുപറയാം- തൃക്കക്കുടിയെയും അതിന്റെ പഴക്കത്തെയും ശില്പങ്ങളെയും കുറിച്ചു പറഞിട്ടുണ്ട്. ഇതൊക്കെയാണ് തൃക്കക്കുടിയുടെ യാഥാര്‍ഥ്യം.
ഇന്നുകാണുന്ന കവിയൂര്‍ മഹാദേവക്ഷേത്രം നിര്‍മിക്കുന്നതിനു മുന്പ്, കേരളത്തില്‍ ഇന്നു തലയുയര്‍ത്തി നില്ക്കുന്ന ഏതെങ്കിലും ദേവാലയത്തിന്റെ നിര്‍മിതിക്കുമുന്പ്( തൃക്കക്കുടി, കോട്ടുക്കല്‍, മടവൂര്‍പ്പാറ ഈ മൂന്നു ഗുഹാക്ഷേത്രങ്ങള്‍ക്കും ബാധകമാണ് അടുത്ത ഭാഗം) തൃക്കക്കുടി ഇന്നുകാണുന്ന നിലയില്‍ നിര്‍മിക്കപ്പെട്ടു. ഇത് താന്ത്രികവിധിപ്രകാരം നിത്യാചാരമുള്ള ഒരു ശിവാലയമല്ല. തൃക്കവിയൂര്‍ മഹാക്ഷേത്രത്തിലെ കീഴ്ശാന്തി ദിവസേന ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ച ശേഷം തൃക്കക്കുടിയില്‍ വിളക്കുവയ്ക്കണമെന്ന് പതിവുപുസ്തകത്തില്‍ ( 1932-ല്‍ പുതുക്കിയത്) നിബന്ധനയുണ്ടെങ്കിലും അത് മുടങ്ങിപ്പോയി. എങ്കിലും ഇവിടെ വിശ്വാസികള്‍ വരുന്നുണ്ട്. ചിലകൊല്ലങ്ങളില്‍ ശിവരാത്രി ആഘോഷിക്കാറുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെനിരതന്നെയുണ്ട്.
തൃക്കക്കുടിയിലെ സന്ദര്‍ശകരാവട്ടെ, വിശ്വാസികള്‍ മാത്രമല്ല. ചരിത്ര താത്പര്യമുള്ളവര്‍, ശില്പതാത്പര്യമുള്ലവര്, പലനാട്ടുകാര്, പലഭാഷക്കാര്‍ ഈ ഗുഹാശിവന്റെ സന്നിധിയിലെത്തുന്നു. ലോകപ്രസിദ്ധമായ- footsteps പോലെയുള്ള സഞ്ചാരികളുടെ വഴികാട്ടിപ്പുസ്തകങ്ങളില്‍ തൃക്കക്കുടിയും അതിന്റെ പരിസരപ്രദേശങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സഞ്ചാരികളുടെ അറിവിലേക്കായി വിനോദസഞ്ചാരവകുപ്പ് കവിയൂര്ല് മാത്രം മൂന്നിലേറെ പരസ്യബോര്ഡുകള്‍ നാട്ടിയിട്ടുണ്ട്; ലളിതമായ ഇംഗ്ലീഷില്‍ Kaviyoor Rock- cut Siva Temple എന്ന്.
പോരാഞ്ഞ് ക്ഷേത്രകവാടത്തില്‍ത്തന്നെ പുരാവസ്തുവകുപ്പിന്റെ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്( തീര്‍ച്ചയായും, ഈ ബോര്ഡ് ക്ഷേത്ര കവാടത്തില്‍ത്തന്നെയായിരുന്നു. ഇപ്പോളത് അകത്തേക്കു സ്ഥാനം മാറിയതിനുപിന്നില്‍ എന്താണു കാരണം? അതും ഈ അവസരത്തില്‍ അന്വേഷിക്കേണ്ടതാണ്. ആ ബോര്‍ഡ് യഥാസ്ഥാനത്ത്, അതായതു കവാടത്തില്‍ത്തന്നെ പുനഃസ്ഥാപിക്കുകയുമ് ചെയ്യണം)
ഇത്രയൊക്കെയുണ്ടായിട്ടും തൃക്കക്കുടിയെ അറിയാത്ത ആളുകള്‍ ഏതു ഗണത്തില്‍പ്പെടും?
ഇതാണ് പ്രശ്നം.
തൃക്കക്കുടിയില്‍ നടന്നത് ഒരു കൈയേറ്റമാണ്. അതിനുപിന്നില്‍ ഗൂഢോദ്ദേശങ്ങളുണ്ട്. അത് വെളിച്ചത്തുകൊണ്ടുവരാനും അത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കില്ല എന്നുറപ്പുവരുത്താനും അധികൃതര്‍ക്കു ബാധ്യതയുണ്ട്. ഒന്നൊന്നര വര്‍ഷം മുന്പ് ചുങ്കപ്പാറയില്‍ സുവിശേഷകര്‍ എന്ന പേരില്‍ കുറെപ്പേര്‍ നടത്തിയ പ്രവൃത്തിയും ഇത്തരുണത്തിലോര്‍ക്കണം. ഇതരമതസ്ഥരുടെ വിശ്വാസങ്ങളെയും ദേവാലയങ്ങളെയും ഉന്നം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ മതേതരത്വമെന്ന സങ്കല്പത്തിന് നിലനില്പില്ലാതാവും.
ഇക്കാര്യത്തില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വിവേചനം പാടില്ല.( അഭിപ്രായം പറയുന്നതിലും- തൃക്കക്കുടിയിലെ നടന്ന വിശേഷം അറിഞ്ഞിട്ടും കവിയൂരിലെ സാംസ്കാരിക പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രതികരിച്ചതായി അറിയില്ല. ഒരു സംഘര്‍ഷാവസ്ഥയുണ്ടായി എല്ലാം കുഴ മറിഞ്ഞാലേ പ്രതികരിക്കൂ എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതിനാലാണോ ആവോ?)
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് എന്ന സ്ഥാപനം പിറന്നപ്പോള്‍ മുതല്‍ തൃക്കക്കുടിയുടെ ഉടമസ്ഥാവകാശം പേറുന്നു. തൃക്കക്കുടിയില്‍ നടന്ന കൈയേറ്റ ശ്രമത്തിനെതിരെ പരാതി നല്കിയതുകൊണ്ടുമാത്രമാവുന്നില്ല ആ ഉടമസ്ഥന്റെ കൃത്യനിര്‍വഹണം. തൃക്കക്കുടി ക്ഷേത്രത്തിന്റെ സ്ഥലം( ഏകദേശം മൂന്നേക്കര്‍ അളന്നു തിട്ടപ്പെടുത്തി വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ ഇനിയെന്നാണാവോ ഈ ഉടമസ്ഥന്‍ തയാറാവുക?
1200 കൊല്ലത്തിനുള്ളില്‍ തൃക്കക്കുടി മഹാദേവന്‍ എന്തിനെല്ലാം സാക്ഷിയായിക്കാണും? തൊട്ടുകിഴക്കുഭാഗത്തെ തിരുനെല്ലിക്കോട്ടയുടെ വിനാശമടക്കം ആയിരക്കണക്കിനു സംഭവങ്ങള്‍. തിരുനെല്ലിക്കോട്ട എന്ന പുരാതനവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലാത്തവിധത്തില്‍ നശിപ്പിക്കപ്പെട്ടു. ഇരുപതുകൊല്ലം മുന്പുവരെ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തറയടക്കം നശിപ്പിക്കപ്പെട്ടു. തൃക്കക്കുടിയുടെ കിഴക്കുവശത്തുള്ള ചെറിയ പാറകളില്‍ പലതിലും വിചിത്രമായ ഭാഷയിലുള്ള ലിഖിതങ്ങള്‍ കണ്ടിടുണ്ടെന്ന് ഒരു പുരാതനന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ( തീര്‍ച്ചയായും നല്ല ചരിത്രബോധമുള്ള ആളായിരുന്നു അദ്ദേഹം. കവിയൂരിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സ്വന്തം പേരെഴുതിച്ചേര്‍ക്കാന്‍ യോഗ്യതയുണ്ടായിരുന്ന ആള്‍. ) ആ പാറകള്‍ തന്നെ അപ്രത്യക്ഷമായി. ചരിത്രത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ എന്താണു ചെയ്യേണ്ടത്???
എല്ലാത്തിനും മൂകസാക്ഷിയായി തൃക്കക്കുടിമഹാദേവന്‍......
ഭൂതത്തിലേക്കും ഭാവിയിലേക്കും കണ്ണയക്കുന്ന മഹാമൂകത. വര്‍ത്തമാനത്തെ കണ്ണുഴിഞ്ഞ് ജീവത്താക്കുന്ന സ്ഥാണു.
സര്‍വത്തിനും സാക്ഷി.
മൂകത ഒരു കുറവായി തെറ്റിദ്ധരിച്ച് പലരും പലതിനും തുനിയുന്നു.
പ്രപഞ്ചത്തിലാകമാനം, ചലനങ്ങള്‍ക്കും ചരിതങ്ങള്‍ക്കും അണ്ഡരാശികള്ക്കും ആകാശങ്ങള്‍ക്കും ആധാരമായിടുള്ളതും മഹാമൂകതതന്നെ. മൂകതയില്‍ നിന്നേ ശബ്ദമുണരൂ. മൂകതയെ അറിയാതിരിക്കുന്നതും അറിഞ്ഞിട്ടും അറിയുന്നില്ലെന്നു ഭാവിക്കുന്നതും എവിടേക്കു നയിക്കും എന്നു ചിന്തിക്കുന്നതു നല്ലതാണ്.
മതം മനുഷ്യനു വേണ്ടി മാത്രമാണ്. അത് നന്മയിലേക്കുള്ള വഴിയാകണം.
No comments:
Post a Comment