Sunday, January 13, 2013

തണല്‍


യാദൃച്ഛികമായിട്ടാണ് കവലയിലെ ബദാം മരം ശ്രദ്ധിച്ചത്. ഒത്തിരിനാളുകള്‍ക്കു ശേഷം.
ഇരുപത്തഞ്ചുവര്‍ഷം മുന്പ് അത് ഞങ്ങള്‍ നട്ട ബദാം. അതിന്റെ ചരിത്രത്തിന് കൗതുകകരമായ ഒരു വശമുണ്ട്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി കൃഷിഭവനില്‍ നിന്നു വിതരണം ചെയ്ത ബദാം തൈകളില്‍ രണ്ടുമൂന്നെണ്ണം സംഘടിപ്പിച്ചുകൊണ്ടുവന്നത് മണിച്ചേട്ടനായിരുന്നെന്നു തോന്നുന്നു. അത് കവലയില്‍ നടാനും തീരുമാനിച്ചു. സംഘമായിത്തന്നെ കവലയിലേക്കു ചെന്ന് ബസ് സ്റ്റോപ്പില്‍ മൂന്നു തൈകളും നട്ടു. ഇരുവശത്തുമുള്ള കടക്കാരും തിണ്ണയ്ക്കു നില്ക്കുന്നവരുമൊക്കെ ഈ സംഘശക്തിപ്രകടനം കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അത് അക്ഷരയുടെ, പ്രതികരണവേദിയുടെ പ്രവര്‍ത്തനങ്ങളോട് സ്വതേ തോന്നാറുള്ള മടുപ്പും തമാശയും, ഇവന്മാരിനി എന്തിനുള്ള പുറപ്പാടാണാവോ എന്ന ആശങ്കയും കലര്‍ന്ന ഒരുതരം കുതുകമായിരുന്നു താനും.
അതായിരുന്നല്ലോ അക്കാലത്ത് ആ കൂട്ടത്തിന്റെ പ്രസക്തി!
എണ്‍പതുകള്‍.......... യൗവനം..... തമ്മില്‍‌ച്ചേരുന്നവര്‍ക്ക് ഒത്തുചേരാന്‍ ഞാലീക്കണ്ടം കനിഞ്ഞു തന്ന ഒരു അവസരം. അക്ഷരാ കോളേജ് പിറക്കുന്നതിനുമുന്‍പുതന്നെ ആ കൂട്ടായ്മ മുളയെടുത്തുകഴിഞ്ഞിരുന്നു. പ്രതികരണവേദി എന്ന് താമസിയാതെ സ്വയം നാമകരണം ചെയ്യപ്പെട്ട ഒരു നാല്‍വര്‍ സംഘം.... താളം കയ്യെഴുത്തുമാസിക...........
താളത്തിനു പ്രവര്‍ത്തകര്‍ നാലേയുള്ളായിരുന്നു എങ്കിലും ഞാലിക്കണ്ടത്തിലെ വൈകിട്ടത്തെ കൂട്ടായ്മയില്‍ അതിന്റെ ഇരട്ടിയിലേറെ അംഗബലമുണ്ടായിരുന്നു. അന്ന് പറയത്തക്ക മതിലുകളൊന്നുമില്ലാത്ത ഒരു മൈതാനമായിരുന്നു ഞാലീലമ്പലത്തിന്റേത്. അമ്പലമാകട്ടെ പുതുക്കിപ്പണിതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. കാപ്പിക്കട, റേഷന്‍കട. ബേബിമാപ്പിളയുടെ പലചരക്കുകട, കുട്ടപ്പന്റെ എന്തും കിട്ടുന്ന മാടക്കട, ദാമോദരന്‍പിള്ളച്ചേട്ടന്റെ മുറുക്കാന്‍കട, അനിയന്‍കൊച്ചാട്ടന്റെ പലചരക്കുക, അങ്ങേ വശത്ത് കാക്കോളിലെ പറമ്പില്‍ രണ്ടു മാടക്കടകള്‍ എന്നിവയ്ക്കുപുറമേ കരയോഗക്കെട്ടിടത്തില്‍ ഒന്നോ രണ്ടോ മുറികളില്‍ ഒരു തുണിക്കടയും, സ്ടേഷനറി ഹോള്‍സേല്‍കടയും പ്രവര്‍ത്തനം തുടങ്ങിയത് അക്കാലത്താണ്. ഞാലീക്കണ്ടം മുഖം മിന്നുക്കാന്‍ രണ്ടും കല്പിച്ചു തയ്യാറായ കാലം.
താളം തുടങ്ങി.
ആരുമറിയാതെ തുടങ്ങിയ ആ സംരംഭം ശ്രദ്ധപിടിച്ചുപറ്റിയത് പതിനെട്ടു കവിതകളുടെ പുറംചട്ടയില്‍ പകര്‍ത്തിയിട്ടിരുന്ന ചുള്ളിക്കാടന്‍ വരികളില്‍ നിന്ന് ഏതാനും എണ്ണം പകര്‍ത്തി കറുത്ത കടലാസില്‍ വെള്ളച്ചായം കൊണ്ട് ഷാജി ചമച്ച ആ പോസ്ടറാണ്- നമുക്കിനി കരയിക്കുന്ന വാക്കുകള്‍ക്കു പകരം കത്തുന്ന വാക്കുകള്‍ വായിക്കാം.
അതു വായിക്കാന്‍ ചിലരെങ്കിലും തേടിപ്പിടിച്ചെത്തി. ആ പോസ്റ്ററിന് അനിയന്‍കൊച്ചട്ടാന്‍ സംരക്ഷകനായി.
1987-ലെ തിരഞ്ഞെടുപ്പുകാലത്ത് പതിച്ച ഏതാനും അരാജകമായ പോസ്റ്ററുകളിലൂടെ പക്ഷേ പ്രതികരണവേദി ഞാലീക്കണ്ടത്തിനാകെ വില്ലന്‍ സംഘമായി മാറി. അന്ന് സംഘം വളര്‍ന്നിരുന്നു. സതീശന്‍ചേട്ടന്‍, മണിച്ചേട്ടന്‍ എന്നീ മുതിര്‍ന്നവര്‍ വന്നതോടെ അതിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. താളം അല്പം പ്രൊഫഷണല്‍ കെട്ടും മട്ടും ആര്‍ജ്ജിച്ചു. പിന്നീട് പലരീതിയില്‍ പ്രമുഖരായിത്തീര്‍ന്ന പലരും അന്നതുമായി സഹകരിച്ചിരുന്നു. തിരക്കഥാകൃത്തായി പേരെടുത്ത സുരേഷ്ബാബു ഒന്നുരണ്ടു ലക്കങ്ങള്‍ക്ക് കവര്‍ച്ചിത്രം വരച്ചു. തോട്ടഭാഗത്തു പ്രവര്‍ത്തിച്ചിരുന്ന സതീശന്‍ചേട്ടന്റെ ഇംപീരിയല്‍ കോളേജ് കരയോഗക്കെട്ടിടത്തിന്റെ പിന്നാംപുറത്തേക്ക് അക്ഷരാ കോളേജ് എന്ന നാമത്തോടെ മാറ്റപ്പെട്ടതോടെ ഞാലീക്കണ്ടത്തിന്റെ വിചിത്രമായ ഒരു കാലം തുടിച്ചു തുടങ്ങി. പ്രതികരണവേദിയുടെ തട്ടകം അങ്ങോട്ടായി. ഒഡേസയുടെ സിനിമകള്‍ ഞാലിയിലമ്പലത്തിന്റെ മൈതാനത്ത് പ്രദര്‍ശ്ശിപ്പിക്കപ്പെട്ടു( അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവ! അമ്പലമൈതാനത്ത്. ഇന്ന് ഒരു പക്ഷേ അതൊക്കെ സങ്കല്‍പ്പിക്കാന്‍പോലും ആയെന്നു വരില്ല.) ഇതുമൊക്കെയായി ബന്ധപ്പെട്ട് പലര്‍ അക്ഷരയിലൂടെ കടന്നു കയറി. സിനിമാ പ്രദര്‍ശനവും പോസ്ടറുമൊക്കെയായി പലപ്പോഴും ഞങ്ങളൊക്കെ അവിടെ തങ്ങി.
അങ്ങനെയാണ് ബദാം നടുന്നത്. ബസ്സ് കാത്തു നില്കുന്നവര്‍ക്ക് ഒരു തണല്‍ എന്ന ഉദ്ദേശത്തോടെ.
ബദാം വളര്‍ന്നു തുടങ്ങി. ഞങ്ങളാണതു നട്ടതെങ്കിലും, ഞങ്ങളുടെ ആശയങ്ങളുമായും പ്രവര്‍ത്തികളുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നെങ്കിലും ഞാലീക്കണ്ടത്തിലെ മുതിര്‍ന്നവരും വഴിയിറമ്പിലെ കടക്കാരും ഒക്കെ അതിനെ പരിപാലിച്ചു. ഒരെണ്ണം പക്ഷേ ഇത്ര പരിലാളനകിട്ടിയിട്ടും അധികകാലം നിലനിന്നില്ല. ബാക്കിരണ്ടെണ്ണം അനുദിനം തിടം വച്ചുകൊണ്ടിരുന്നു.
അങ്ങനെയിരിക്ക ഒരു വൈകുന്നേരത്ത് പ്രക്ഷോഭകരമായ വാര്‍ത്തയുമായി മണിച്ചേട്ടന്റെ വരവ്, നമ്മുടെ ബദാമിന്റെ കമ്പ് ആരോ മുറിച്ചുകളഞ്ഞു. ഞങ്ങളെല്ലാവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ സമൂഹദ്രോഹത്തിനെതിരെ കടുത്ത പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. ഞങ്ങളിലൊന്നിനെത്തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടും എന്നു മുറിയിപ്പുകൊടുക്കുന്ന ഒരു പ്രതിഷേധം.
കുറെ പ്ളക്കാര്‍ഡുകള്‍ തയ്യാറാവാന്‍ താമസം വന്നില്ല.( ചായം, കാര്‍ഡ് ബോര്‍ഡ് ഒക്കെ ആവശ്യത്തിനു സ്റ്റോക്കുണ്ടല്ലോ ). ഇരുപതിനടുത്തുവരുന്ന ഒരു മൗന ജാഥ കവലയിലേക്ക് നീങ്ങുന്നത് ഞാലീക്കണ്ടത്തിന്റെ പുതിയ കൗതുകമായി. “ ബദാമിന്റെ കമ്പു വെട്ടിയ സമൂഹദ്രോഹീ, നിനക്കു മാപ്പില്ല ' എന്ന പ്ളക്കാര്‍ഡേന്തിയ സതീശന്‍ചേട്ടന്റെ പിന്നിലായി ജാഥ കവല വലം വച്ച് അംഗവൈകല്യം വന്ന തൈക്കരികില്‍ അതു കുത്തിനാട്ടി അവസാനിപ്പിച്ചു. പ്രകടനം കഴിഞ്ഞതും ഒരാള്‍ അരികില്‍ വന്നു. കുട്ടപ്പന്‍. ഞാനാ അതിന്റെ കമ്പു മുറിച്ചത്. രാവിലത്തെ ഫുട്ബോര്‍ഡ് വരെ ആളുണ്ടായിരുന്ന എട്ടേകാലിന്റെ കോളേജു വണ്ടി വളവുതിരിഞ്ഞപ്പോള്‍ അതിന്റെ ഒരു കമ്പ് ഒടിഞ്ഞായിരുന്നു. അതങ്ങനെ കിടന്നാല്‍ പിന്നെ വരുന്ന വണ്ടികള്‍ കടന്നുപോവുമ്പോ അതു കൂടുതല്‍ ഒടിയുമല്ലോ എന്നു കരുതി ഞാനതങ്ങു കണ്ടിച്ചതാ.
ഞങ്ങളല്പം ഇളിഭ്യരായി എന്നതു വാസ്തവം. എങ്കിലും ഞങ്ങള്‍ നട്ട തണല്‍ മരത്തെ തൊടുകളിച്ചാല്‍ കളി കാര്യമാകും എന്ന് ഒന്ന് നാട്ടുകാരെ അറിയിക്കാന്‍ ആ പ്രകടനം ആവശ്യമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
കുറെക്കൊല്ലം മുന്പ് ഈ മരം വെട്ടിക്കളയും മുന്പ് സ്ഥലം പഞ്ചായത്തുമെമ്പര്‍ അന്നത്തെ ഞങ്ങളുടെ കൂടത്തിലെ ഒരാളോട് അതിന്റെ കാര്യം സൂചിപ്പിച്ചിരുന്നു എന്നതുമോര്‍ക്കുന്നു. ഓട്ടോ സ്റ്റാന്ഡുമൊക്കെയായതോടെ ആ വളവിനു മരം നില്ക്കുന്നത് കുഴപ്പമായതിനാല്‍ അതു കളയട്ടെ എന്ന് ഒരു ചോദ്യം.
ഇപ്പോള്‍ ഒന്നേ ബാക്കിയുള്ളു. അതങ്ങു വളര്‍ന്നു കൊഴുത്തു. ഇടുങ്ങിയ ഞാലീക്കണ്ടം കവലയില്‍ അതല്ലാതെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇന്നുമൊരു ആശ്രയമില്ല. കവലയിലെ ഓട്ടോക്കാര്‍ക്ക് സുഖമായിരിക്കാനുള്ള തണലും അതുതന്നെ. വൈകുന്നേരമാകുമ്പോളേക്കും അതിന്റെ ചുവടില്‍ മുറുക്കാന്‍ കച്ചവടവുമുണ്ട്.
ഞാലീക്കണ്ടം പക്ഷേ അടിമുടി മാറി. അമ്പലമൈതാനം അടച്ചുകെട്ടി. എട്ടുമണി കഴിയുന്നതോടെ അതിന്റെ ഗേറ്റുകളടയും. പല കടകളും ഇല്ലാതായി. ഒപ്പം അന്നു കട നടത്തിക്കൊണ്ടിരുന്ന മിക്കവരും. വൈകുന്നേരങ്ങളെ കൊഴുപ്പിച്ചിരുന്ന കവലയുടെ പലഭാഗത്തുമുണ്ടായിരുന്ന മിക്ക ഇരുപ്പുസംഘങ്ങളും നാമാവശേഷമായി. ഞങ്ങളുടെ കൂട്ടമാവട്ടെ, ഇപ്പോള്‍ നിലവിലുണ്ടോ ഇല്ലയോ എന്നുതന്നെ പറയാന്‍പോലുമാവാത്ത അവസ്ഥയിലായി. കവിയൂരില്‍ തുടരുന്നവര്‍ തന്നെ തമ്മില്‍ കാണുന്നതു ചിരുക്കം. ഒത്തുകൂടുമ്പോളുള്ള ചര്‍ച്ചകള്‍ക്കാവട്ടെ പണ്ടത്തെ ചര്‍ച്ചകളുടെ ചൂടോ വ്യക്തതയോ ഇല്ല. സ്വസ്ഥമായി അരമണിക്കൂര്‍ ഇരിക്കാനുള്ള സ്ഥലം ഇല്ലതന്നെ. പിന്നെങ്ങനെ കൂടും. അഥവാ കൂടിയാല്‍ത്തന്നെ അത് വൈകിട്ടെന്താ പരിപാടി എന്ന ഒരു വിളിയുടെ പുറത്തായിരിക്കും.
രാത്രി പത്തുമണിക്കും സന്ധ്യയുടെ ഊഷ്മളതയോടെ സജീവത കരുതിരുന്ന ഞാലീക്കണ്ടവുമിപ്പോള്‍ എട്ടുമണിയാവുംപോഴേക്കും കടകളടഞ്ഞ് ശൂന്യമാവും.
വീടുകളിലപ്പോള്‍ സീരിയലുകളുടെ ഗദ്ഗദം നിറഞ്ഞു കഴിഞ്ഞിരിക്കുമല്ലോ.

No comments: