Saturday, January 30, 2010
ആരൊക്കെ?
എന്തൊരു വിചിത്രമായ സമസ്യ!
മനുഷ്യ ചരിത്രത്തിലിന്നേ വരെയും ഇത്തരം അസ്തിത്വത്തിന്റെ ആഴങ്ങളിൽത്തൊടുന്ന ഒരു സമസ്യയ്ക്കും ആരും കൃത്യമായൊരുത്തരം പറഞ്ഞതായി എനിക്കറിവില്ല. പക്ഷേ മനുഷ്യനുള്ളിടത്തെല്ലാം ഇത്തരം ആത്യന്തിക സമസ്യകൾ എക്കാലത്തും ചർച്ച വിഷയമായിട്ടുണ്ടെന്നുള്ളതുറപ്പ്. "
.... ആരെന്നുമെന്തെന്നുമാർക്കറിയാ'മെന്ന് തൊണ്ടനീറുന്ന വേദനയിലും ഒരു അത്ര പഴഞ്ചനല്ലാത്ത മലയാള കവി ആശ്ചര്യപ്പെട്ടിട്ടുണ്ട്!
നീറ്റലനുഭവിക്കുന്നവർക്കേ അത്തരം ചോദ്യമുദിക്കൂ. ശരീരത്തിന്റെയും മനസ്സിന്റെയും( ആത്മാവിന്റെയും എന്നു പറയാനുള്ള ആത്മാന്വേഷണഗൗരവം എനിക്കേതായാലുമില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല!)വിചിത്രമായ പ്രലോഭനങ്ങളിൽ മുഴുകി വളരെ ക്ഷണികമായ ജീവിതകാലത്തെ വീക്ഷിക്കുവാനാണ് പരമ്പരാഗതമായി മനുഷ്യ ചോദന. പക്ഷേ അങ്ങനെ ജീവിക്കുന്ന മനുഷ്യൻ ( പ്രത്യേകിച്ചും എത്രയും ആ സ്വാഭവിക ചോദനയ്ക്കടിപ്പെടുന്നുവോ അത്രയും തീക്ഷ്ണമായിത്തന്നെ) മൃഗം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥനായി രൂക്ഷതയോടെ പ്രതികരിക്കുന്നു! യഥാർത്ഥത്തിൽ മനുഷ്യനെപ്പൊലെ എന്ന് കേൾക്കുമ്പോൾ വിറളികൊള്ളേണ്ടുന്ന, വിശക്കുമ്പോൾ ധർമ്മചിന്ത ഏശാതെ കിട്ടുന്നതു ഭക്ഷിക്കുകയും കാമം തോന്നുമ്പോൾ പരിസരത്തെയവഗണിച്ച് ഇണയെ ഭോഗിക്കുകയും ചെയ്യുന്ന മൃഗം ജീവിതം എന്ന പിടികിട്ടാത്ത യാഥാർത്ഥ്യത്തിൽ നമ്മെക്കാൾ എത്രയോ ഉയരെയാണ്?[ ആലോചിക്കൂ സുഹൃത്തേ, എത്ര്യാ ലളിതമാണവ( അവ! മനുഷ്യനെ 'അത്' എന്നു വിളിച്ചലോ!)യുടെ ജീവിതം! വിശക്കുമ്പോൾ ഭക്ഷിക്കണം- ഇരയുടെ അവസ്ഥയോ അതുമായി തനിക്കുള്ള ബന്ധമോ ഒന്നും ആലോചിക്കേണ്ടതില്ല. കാമത്തിലും അങ്ങനെതന്നെ! പാപം, ദൈവം, പിശാച് എന്നൊന്നും ഭയമില്ല. ഭയമുള്ളത് ഇതിലെല്ലാം വിശ്വസിക്കുകയും ഇതിനെയെന്തിനെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രകോപിപ്പിക്കാനോ വേണ്ടി വളരെ തുച്ഛമായ ആയുഷ്കാലം ചിലവഴിക്കുന്ന മനുഷ്യനെ മാത്രം! മനുഷ്യനോ ഭയം എന്ന ഒരേ വികാരം കൊണ്ടുമാത്രം ലോകത്തെയാകെയും ദഹിപ്പിക്കുവാൻ ത്വരിക്കുന്നു. ദൈവത്തെ, മതത്തെ, പാർട്ടിയെ, അച്ഛനെ, അമ്മയെ, സഹോദരങ്ങളെ, ഭാര്യയെ, മക്കളെ, സുഹൃത്തുക്കളെ, അറിയാവുന്നവരെ, അറിയാത്തവരെ, കള്ളന്മാരെ, സത്യവാന്മാരെ, ലോകത്തെ, മൃഗങ്ങളെ, തന്നെത്തന്നെ എന്നിങ്ങനെ മാനുഷികഭയങ്ങൾക്കന്തമില്ല. മൃഗങ്ങളോ, തന്നെ ഭക്ഷിക്കാനോ ഉപദ്രവിക്കാനോ കഴിയുന്നവയെയും ഒന്നിനുമല്ലാതെ കൊല്ലാൻ തയ്യാറാകുന്ന(മനുഷ്യ)വനെയും ഭയക്കുന്നു]. ലോകം എത്രമാത്ര്യം വൈരുധ്യാധിഷ്ഠിതമാവുന്നു.
2012 ഡിസംബർ 27ന് ലോകാവ്സാനം ഉണ്ടാകും എന്ന് പഴയ ഒരു മായൻ കലണ്ടർ ആ തീയതിയിൽ അവസാനിക്കുന്നു എന്ന ന്യായത്തെ വ്യാഖ്യാനിച്ചവർ ആ വ്യാഖ്യാനത്തെ മതത്തിന്റെയും കലയുടെയും പേരിൽ വിറ്റ് കാശാക്കുന്നു.
ലോകം എപ്പോൾ, എങ്ങനെ, എന്തിന് അവസാനിച്ചൽ എനിക്കെന്താ എന്ന് ഏതു മൃഗവും തിരിച്ച് നമ്മോടും നാം ചമച്ച കപട ശാസ്ത്രങ്ങളോടും ആക്രോശിക്കും! മനുഷ്യനെക്കുഴക്കുന്ന മിക്ക സമസ്യകൾക്കും ഇത്തരം ലളിതമായ ഉത്തരങ്ങളുണ്ടെന്നുള്ളതാണ് മൃഗജന്മത്തിന്റെ പൊരുൾ!
[ വിവേകമില്ലാത്ത ജീവികൾ എന്ന് നാം ഈ സമസ്യയ്ക്കുമാത്രം കൃത്യ!മായുത്തരവും യുഗങ്ങൾക്കു മുൻപേ കണ്ടു പിടിച്ചിരിക്കുന്നു].
അതുകൊണ്ടുതന്നെ, മനുഷ്യൻ എഹ്റ്റ്രയോ മഹത്തരമായ ഒരു സൃഷ്ടിയാകുന്നു സുഹൃത്തേ!
( സമർപ്പണം-എങ്ങനെ ജീവിക്കും, കടം വീട്ടും, പ്രണയിക്കും, ലോകത്തെ രക്ഷിക്കും എന്നിത്യാദി സമസ്യകളാൽ വീർപ്പുമുട്ടി ആത്മഹത്യചെയ്ത എല്ലാ മനുഷ്യർക്കും )
Subscribe to:
Post Comments (Atom)
No comments:
Post a Comment