അധികം കൈകളിലെത്തിയിട്ടില്ലാത്ത എന്റെ ആദ്യ നോവലി( ജലരേഖകളാൽ ഭ്രംശിക്കപ്പെട്ട്- മാതൃഭൂമി ബുക്സ്)ലെ പ്രധാന കഥാപാത്രം ലിംഗമാറ്റത്തിനു വിധേയമായ നിരുപമയാണ്. വളരെക്കാലം ഈ വിഷയം മനസ്സിൽ കൊണ്ടു നടന്നു. എഴുതാൻ തുടങ്ങിയിട്ടും പലതവണ അവസാനിപ്പിക്കുകയും വീണ്ടും തനിപ്പുത്തനായി എഴുതിത്തുടങ്ങുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ ലിംഗമാറ്റത്തിനു വിധേയരായവരെയും അതിനു തയ്യാറകുന്നവരെയും പരിചയപ്പെടാൻ അവസരം കിട്ടിയത് എഴുത്തിന് ആക്കം കൂട്ടി. ആ നോവൽ എഴുതിത്തുടങ്ങി വർഷങ്ങൾക്കു ശേഷം മാത്രമാണ് അതിനൊരു അവസാന രൂപം നൽകാനായതെങ്കിലും അതിനുവേണ്ടിയുള്ള തിരച്ചിൽ അനവധി വിചിത്രമായ ജീവിതവീക്ഷണങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കി എന്നതാണു നേര്. അത്തരം ചില ജീവിതങ്ങളെ പരിചയപ്പെടുത്താൻ ഇപ്പോൾ തോന്നുന്നു. കാരണം കേരളത്തിലെ പരമ്പരാഗത ജീവിത വീക്ഷണത്തിൽ വിചിത്രമെന്നു തോന്നുമെങ്കിലും നമുക്കിതത്ര അന്യമായ ഒരു ലോകമല്ല എന്നതു തന്നെ. കോട്ടയ്ക്കൽ ശിവരാമന്റെയും മാർഗ്ഗി വിജയന്റെയും ഇപ്പോൾ ചമ്പക്കര വിജയന്റെയും സ്ത്രീവേഷങ്ങൾ നമ്മുക്കു പകർന്നു തന്ന അനുഭൂതി സ്ത്രൈണഭാവങ്ങളുടെ പരകോടിയായിരുന്നു. യഥാർത്ഥ സ്ത്രൈണതയെ വെല്ലുന്ന സ്ത്രൈണാനുഭൂതി. ജീവിതത്തിൽ സാധാരണ പുരുഷന്മാരായിരിക്കുമ്പോളും സ്ത്രൈണതയുടെ അവതാരങ്ങളായി അരങ്ങിൽ തിളങ്ങാൻ അവർക്കെങ്ങനെയാണു കഴിഞ്ഞത്? അരങ്ങിലെ ഉർവ്വശിയെക്കണ്ട് മതിമയങ്ങിപ്പോയ ഒരു പാവം നമ്പൂതിരിയുടെ കഥ നമ്മെ രസിപ്പിക്കുന്നതിനു പിന്നിലും വിചിത്രമായ ഒരു ട്വിസ്റ്റുണ്ട്. യഥാർത്ഥസ്ത്രീയെക്കാൾ സ്ത്രൈണതയുടെ ജ്വാലവമിപ്പിക്കാൻ ഈ അരങ്ങിലെ സ്ത്രീകൾക്കു കഴിയുന്നു എന്നതാണ് ഈ സത്യം.
എങ്ങനെയാണ് ഒരു പുരുഷൻ സ്ത്രൈണതയുടെ പ്രതിരൂപമായി അവതരിക്കുക? എന്തുകൊണ്ടാണ് ആ സ്ത്രൈണത യാഥാർത്ഥ്യത്തെക്കാൾ കാഴ്ചക്കാരനെ മയക്കുന്നത്? വിദേശത്ത് ചില കമ്പനികളെങ്കിലും സ്ത്രീസൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും സ്ത്രൈണമായ മുഖം പുരുഷരൂപത്തിൽ നിന്നുരുത്തിരിഞ്ഞുവരുന്നതാനെന്നുള്ള ഒരു കാഴ്ചപ്പാടുള്ള പരസ്യ ഏജൻസികളും ഉണ്ട്. ആസുരശക്തിയുടെ കേന്ദ്രത്തിൽച്ചെന്ന് അമൃത് അപഹരിക്കുവാൻ മോഹിനീരൂപമാർന്ന മഹാവിഷ്ണുവിനേ കഴിയൂ എന്ന പുരാണപാഠവും ഉണ്ട്.
ഇപ്പോൾ ചില അമേരിക്കൻ സുന്ദരികളെ ഞാനിവിടെ പരിചയപ്പെടുത്തുന്നു. ഡ്രാഗ് ക്വീൻസ് എന്നറിയപ്പെടുന്ന ഇവരിൽ ഏറിയ പങ്കും സാധാരണഗതിയിൽ പുരുഷന്മാരായി ജീവിതം നയിക്കുന്നവരാണ്. രാത്രികളിൽ നിശാശാലകളിൽ സ്വർഗ്ഗീയ സുന്ദരിമാരായി വേഷം കെട്ടിയാടുകയും ചെയ്യുന്നു. ഈ മുഖങ്ങളിൽ തെളിയുന്ന സ്ത്രൈണചാരുത, ഏതു സുന്ദരിയെയും വിനയം പഠിപ്പിക്കുന്നില്ലേ?
ഇവർക്ക് ഇത്ര മാത്രം സ്ത്രീത്വം ( പുറമേ) കൈവരിക്കാനാവുമെങ്കിൽ എവിടെയാണ് നാം കൃത്യമായി പാലിക്കാൻ വെമ്പുന്ന ആ ലിംഗവ്യവസ്ഥയുടെ അതിർവ്വരമ്പ്?
സ്റ്റാർലാ ഡാവിഞ്ചി-

നോർത്ത് കരോലിനയിലെ വിവിധ നിശാക്ലബ്ബുകളിൽ നർത്തകിയായ സ്റ്റാർല, യഥാർത്ഥ ജീവിതത്തിൽ ഡേവിഡ് സിവൽ എന്ന ഗവേഷണ വിദ്യാർത്ഥിയാണ്.

വിവിധ ഗേ ഉത്സവങ്ങളിലും മത്സരങ്ങളിലും കിരീടം ലഭിച്ച ഈ ഇരുപത്തിയഞ്ചു വയസ്സുകാരൻ/രിസുഹൃത്തായ ജോഡിയോടൊപ്പം ക്വീൻസ് സിറ്റിയിൽ താമസിക്കുന്നു.
സ്റ്റർലായുടെ തിളയ്ക്കുന്ന സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന എമറി സ്റ്റാർ

( യഥാർത്ഥ ജീവിതത്തിൽ മാർക്ക്) ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ബിരുദവിദ്യാർത്ഥിയാണ്.

സെറിനിറ്റി

എന്നറിയപ്പെടുന്ന ചേസ് ജോൺസി

ഒരു ബാലെ കലാകാരനാണ്. പുരുഷന്മാർ മാത്രം ഉൾപ്പെട്ട തോക്കദോര ബാലെ ട്രൂപ്പിലെ അംഗവും.
അലെക്സിസ് മാറ്റൊ, ഈഡൻ പാർക്ക്സ് ഡിവൈൻ, ബ്ലാക്ക്വുഡ് ബാർബ്ബി എന്നിങ്ങനെ സ്ത്രൈണതകൊണ്ട് യഥാർത്ഥ സ്ത്രീയെ വെല്ലുവിളിക്കുന്ന എത്രയോ രാത്രി രാജ്ഞികൾ.
അപ്പോൾ സുഹൃത്തേ, ഈ സ്ത്രൈണത ശരിക്കുമെന്താണ്? പൗരുഷമോ???
No comments:
Post a Comment