Friday, January 22, 2010

പൈതൃകം നിലനിർത്തുന്നതിന്‌ ഒരു ഉത്തമ മാതൃക!




ലോകരേവരും കണ്ടു പഠിക്കാൻ കേരളത്തിലേക്കു വരേണ്ടതാണ്‌! പ്രമോട്ടു ചെയ്യപ്പെടേണ്ട ഒരു വിഭവം! പണം ഒഴുകുമെന്നും കാണിക്കപ്പെട്ടിനിറയുമെന്നതുമാണ്‌ ഇതിലെ ഏറ്റവും വലിയ ആകർഷണം!
ചിത്രത്തിൽ കാണുന്നത്‌ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു പ്രധാന ക്ഷേത്രത്തിന്റെ തെക്കെ ഗോപുരവും ഏഴെട്ടുപതിറ്റാണ്ടുമുൻപ്‌ ഉപ
യോഗിച്ചിരുന്ന ദേവസ്വം കച്ചേരിയുമാണ്‌.
സ്ഥലം -കവിയൂർ മഹാദേവക്ഷേത്രം
ദേവസ്വം ഡിപ്പാർട്ട്‌മന്റ്‌ ക്ഷേത്രം ഏറ്റെടുത്തത്‌ കൊല്ലവർഷം 1076( ക്രി. വ.- 1899/1900) ശ്രീമൂലം തിരുനാൾ മഹാരാജവിന്റെ കാലത്ത്‌!
പദവി- അന്ന് തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ ദേവസ്വങ്ങളുടെ ഒപ്പം ഫസ്റ്റ്‌ ക്ലാസ്സ്‌ മേജർ.
ഈ ക്ഷേത്രം ദേവസ്വത്തിലെടുത്തപ്പോൾ, കേണൽ മണ്രോയുടെ കാലത്ത്‌ ദേവസ്വങ്ങളെ സർക്കാർ നിയന്ത്രണത്തിലെടുത്ത ആദ്യ ഘട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ ഭൂസ്വത്ത്‌ തിരുവിതാംകൂർ ഗവണ്മെന്റിനു ലഭിച്ചു.
ഇത്‌ ചരിത്രം.
തെക്കെ ഗോപുരം ഈ നിലയിലായിട്ട്‌ കുറഞ്ഞത്‌ അഞ്ചെട്ടു വർഷമെങ്കിലുമായി. ഇതിനിടെ ദേവസ്വം മന്ത്രിയും അതതുകാലത്തെ ദേവസ്വം ഭരണാധികാരികളുമൊക്കെ പലകുറി ഈ മതിലകത്തു കയറിയിറങ്ങി. പലതവണ ടെണ്ടർ വിളിച്ചു എന്ന് സ്ഥിരം മറുപടിയ്ക്കു മാറ്റമില്ല.
ആയിരം കൊല്ലത്തിലേറെ പഴക്കമുള്ള ഈ ക്ഷേതൃത്തിലെത്തിയാൽ നമ്മുടെ പൂർവ്വികർ കൈമാറിയ അമൂല്യമായ പലതും എങ്ങനെ ' ഭദ്രമായി' സൂക്ഷിക്കാം എന്നതിന്‌ ഉത്തമ പാഠം ലഭിക്കും.
കുറെയെണ്ണമെങ്കിലും എടുത്തുപറയാവുന്നതാണ്‌.
ഒന്ന്- പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ ക്രിസ്തുവർഷം 1051- 1052 വർഷങ്ങളിൽ നടന്ന രണ്ട്‌ ഭൂദാന രേഖകളു(ണ്ടായിരുന്നു). ചരിത്രകാരന്മാർ ബ്രാഹ്മണരുടെ വരവിനു ശേഷമുള്ള കേരളീയ സാമൂഹ്യമാറ്റത്തിനെ പരാമർശ്ശിക്കുമ്പോൾ എടുത്തുപറയുന്ന പ്രാചീന നിയമാവലികളിലൊന്നായ മൂഴിക്കുളം കച്ചത്തെക്കുറിച്ച്‌ സൂചനയുള്ള ഏറ്റവും പഴയ ശാസനങ്ങൾ ഇതുരണ്ട്മാണ്‌. ചരിത്ര വിദ്യാർത്ഥികൾക്ക്‌ ഇന്നിതൊന്നു കാണണമെന്നു വച്ചാൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിന്റെ ഒന്നാം വാല്യം നോക്കുകയേ മാർഗ്ഗമുള്ളു. കാരണം പഴമയെമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 1992 മുതൽ എല്ലാ വർഷവും മാർബ്ബിൾ പോലെ മിനുക്കമുണ്ടായിരുന്ന ഈ അടിത്തറയിൽ ഏതെങ്കിലും നിറത്തിലുള്ള പെയിന്റ്‌ അടിച്ച്‌ ഇന്ന് ഈ ശാസനങ്ങളെ ഒരു ചരിത്രമാക്കി മാറ്റാൻ ബോർഡിനു കഴിഞ്ഞു.
രണ്ട്‌- പൂർണ്ണമായും ചെമ്പുമേഞ്ഞ ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക്‌ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഉണ്ടായ കേടുപാടുകൾ പരിഹരിച്ച്‌ മണ്ഡപത്തിന്റെയും വാതിൽമാടത്തിന്റെയും ബലിക്കൽപ്പുരയുടെയും മച്ചിലുള്ള അമൂല്യ ദാരുശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന് ഒരു പതിറ്റാണ്ടോളം നാടുകാർ മുറവിളികൂട്ടിയതിനോട്‌ ദേവ്സ്വം പ്രതികരിച്ചത്‌ 2000- മാണ്ടിലായിരുന്നു. \മേച്ചിലിന്റെ കേടു പരിഹരിക്കുന്നതിന്റെ ഭാഗമായി അന്ന് അഴിച്ചുമാറ്റിയ മണ്ട്ഡപത്തിന്റെ കഴുക്കോൽപ്പുച്ഛങ്ങളിൽ ഓടിൽത്തീർത്ത്‌ ശിൽപഭരിതമായി തീർത്തുകെട്ടിയിരുന്ന പന്ത്രണ്ട്‌ കഴുക്കോൽപ്പുച്ഛങ്ങൾ നാളിതുവരെയും തിരിയെ പിടിപ്പിച്ചിട്ടില്ല.
മൂന്ന്- കഴിഞ്ഞകൊല്ലം ഉത്സവകാലത്ത്‌ എടുത്തപ്പോൾ ഒന്നരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഭഗവാന്റെ തങ്കയങ്കിയുടെ ഇടതുകൈ ഒടിഞ്ഞനിലയിലായിരുന്നു. അന്ന് നാടുകാർ ഒന്നടങ്കം ബഹളം വച്ചതിനെത്തുടർന്ന് ഉത്സവദിവസങ്ങളിൽത്തന്നെ അതിന്റെ കേട്‌ താത്കാലികമായി പരിഹരിക്കാൻ തിരുവാഭരണം കമ്മീഷണർ നടപടിയെടുത്തു. പക്ഷേ വിലപിടിപ്പുള്ള പലവസ്തുക്കളും എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
അങ്ങനെ പറഞ്ഞാൽ തീരാത്തത്ര പുരാവസ്തു സൂക്ഷിപ്പിന്റെ ഉത്തമോദാഹരണങ്ങൾ തിരുവിതാംകൂർദ്ദേവ്സ്വം ബോർഡിന്റെ ഓരോ മഹാ ക്ഷേത്രത്തിനും പറയാനുണ്ടാവും. പൈതൃകസംരക്ഷണത്തിന്‌ തിരുവിതാം കൂർ ദേവസ്വംബോർഡ്‌ അനുവർത്തിച്ചുവരുന്ന അനശ്വര നിയമങ്ങൾ ഒരു മഹാഗ്രന്ഥമായി സമാഹരിക്കുക, ചരിത്ര സംരക്ഷണം പുരാവസ്തു സംരക്ഷണം എന്നീമേഖലകളിൽ ഊന്നൽകൊടുത്തുകൊണ്ട്‌ ഒരു വിശ്വ വിദ്യാലയം തന്നെ രൂപീകരിക്കുക എന്നീക്കാര്യങ്ങൾ എന്ത്രയും വേഗം മാനവ നന്മയെക്കരുതി ബോർഡ്‌ ചെയ്യേണ്ടതാണ്‌.
( എത്രയും വേഗം വേണം. അല്ലെങ്കിൽ ഈ ഗോപുരവും ദേവസ്വം കച്ചേരിയും അടക്കം പലതും പിന്തലമുറ കാണുന്നതിനു മുൻപ്‌ നിലമ്പൊത്തിയിരിക്കും)

No comments: