Saturday, January 30, 2010
ആരൊക്കെ?
എന്തൊരു വിചിത്രമായ സമസ്യ!
മനുഷ്യ ചരിത്രത്തിലിന്നേ വരെയും ഇത്തരം അസ്തിത്വത്തിന്റെ ആഴങ്ങളിൽത്തൊടുന്ന ഒരു സമസ്യയ്ക്കും ആരും കൃത്യമായൊരുത്തരം പറഞ്ഞതായി എനിക്കറിവില്ല. പക്ഷേ മനുഷ്യനുള്ളിടത്തെല്ലാം ഇത്തരം ആത്യന്തിക സമസ്യകൾ എക്കാലത്തും ചർച്ച വിഷയമായിട്ടുണ്ടെന്നുള്ളതുറപ്പ്. "
.... ആരെന്നുമെന്തെന്നുമാർക്കറിയാ'മെന്ന് തൊണ്ടനീറുന്ന വേദനയിലും ഒരു അത്ര പഴഞ്ചനല്ലാത്ത മലയാള കവി ആശ്ചര്യപ്പെട്ടിട്ടുണ്ട്!
നീറ്റലനുഭവിക്കുന്നവർക്കേ അത്തരം ചോദ്യമുദിക്കൂ. ശരീരത്തിന്റെയും മനസ്സിന്റെയും( ആത്മാവിന്റെയും എന്നു പറയാനുള്ള ആത്മാന്വേഷണഗൗരവം എനിക്കേതായാലുമില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല!)വിചിത്രമായ പ്രലോഭനങ്ങളിൽ മുഴുകി വളരെ ക്ഷണികമായ ജീവിതകാലത്തെ വീക്ഷിക്കുവാനാണ് പരമ്പരാഗതമായി മനുഷ്യ ചോദന. പക്ഷേ അങ്ങനെ ജീവിക്കുന്ന മനുഷ്യൻ ( പ്രത്യേകിച്ചും എത്രയും ആ സ്വാഭവിക ചോദനയ്ക്കടിപ്പെടുന്നുവോ അത്രയും തീക്ഷ്ണമായിത്തന്നെ) മൃഗം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥനായി രൂക്ഷതയോടെ പ്രതികരിക്കുന്നു! യഥാർത്ഥത്തിൽ മനുഷ്യനെപ്പൊലെ എന്ന് കേൾക്കുമ്പോൾ വിറളികൊള്ളേണ്ടുന്ന, വിശക്കുമ്പോൾ ധർമ്മചിന്ത ഏശാതെ കിട്ടുന്നതു ഭക്ഷിക്കുകയും കാമം തോന്നുമ്പോൾ പരിസരത്തെയവഗണിച്ച് ഇണയെ ഭോഗിക്കുകയും ചെയ്യുന്ന മൃഗം ജീവിതം എന്ന പിടികിട്ടാത്ത യാഥാർത്ഥ്യത്തിൽ നമ്മെക്കാൾ എത്രയോ ഉയരെയാണ്?[ ആലോചിക്കൂ സുഹൃത്തേ, എത്ര്യാ ലളിതമാണവ( അവ! മനുഷ്യനെ 'അത്' എന്നു വിളിച്ചലോ!)യുടെ ജീവിതം! വിശക്കുമ്പോൾ ഭക്ഷിക്കണം- ഇരയുടെ അവസ്ഥയോ അതുമായി തനിക്കുള്ള ബന്ധമോ ഒന്നും ആലോചിക്കേണ്ടതില്ല. കാമത്തിലും അങ്ങനെതന്നെ! പാപം, ദൈവം, പിശാച് എന്നൊന്നും ഭയമില്ല. ഭയമുള്ളത് ഇതിലെല്ലാം വിശ്വസിക്കുകയും ഇതിനെയെന്തിനെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രകോപിപ്പിക്കാനോ വേണ്ടി വളരെ തുച്ഛമായ ആയുഷ്കാലം ചിലവഴിക്കുന്ന മനുഷ്യനെ മാത്രം! മനുഷ്യനോ ഭയം എന്ന ഒരേ വികാരം കൊണ്ടുമാത്രം ലോകത്തെയാകെയും ദഹിപ്പിക്കുവാൻ ത്വരിക്കുന്നു. ദൈവത്തെ, മതത്തെ, പാർട്ടിയെ, അച്ഛനെ, അമ്മയെ, സഹോദരങ്ങളെ, ഭാര്യയെ, മക്കളെ, സുഹൃത്തുക്കളെ, അറിയാവുന്നവരെ, അറിയാത്തവരെ, കള്ളന്മാരെ, സത്യവാന്മാരെ, ലോകത്തെ, മൃഗങ്ങളെ, തന്നെത്തന്നെ എന്നിങ്ങനെ മാനുഷികഭയങ്ങൾക്കന്തമില്ല. മൃഗങ്ങളോ, തന്നെ ഭക്ഷിക്കാനോ ഉപദ്രവിക്കാനോ കഴിയുന്നവയെയും ഒന്നിനുമല്ലാതെ കൊല്ലാൻ തയ്യാറാകുന്ന(മനുഷ്യ)വനെയും ഭയക്കുന്നു]. ലോകം എത്രമാത്ര്യം വൈരുധ്യാധിഷ്ഠിതമാവുന്നു.
2012 ഡിസംബർ 27ന് ലോകാവ്സാനം ഉണ്ടാകും എന്ന് പഴയ ഒരു മായൻ കലണ്ടർ ആ തീയതിയിൽ അവസാനിക്കുന്നു എന്ന ന്യായത്തെ വ്യാഖ്യാനിച്ചവർ ആ വ്യാഖ്യാനത്തെ മതത്തിന്റെയും കലയുടെയും പേരിൽ വിറ്റ് കാശാക്കുന്നു.
ലോകം എപ്പോൾ, എങ്ങനെ, എന്തിന് അവസാനിച്ചൽ എനിക്കെന്താ എന്ന് ഏതു മൃഗവും തിരിച്ച് നമ്മോടും നാം ചമച്ച കപട ശാസ്ത്രങ്ങളോടും ആക്രോശിക്കും! മനുഷ്യനെക്കുഴക്കുന്ന മിക്ക സമസ്യകൾക്കും ഇത്തരം ലളിതമായ ഉത്തരങ്ങളുണ്ടെന്നുള്ളതാണ് മൃഗജന്മത്തിന്റെ പൊരുൾ!
[ വിവേകമില്ലാത്ത ജീവികൾ എന്ന് നാം ഈ സമസ്യയ്ക്കുമാത്രം കൃത്യ!മായുത്തരവും യുഗങ്ങൾക്കു മുൻപേ കണ്ടു പിടിച്ചിരിക്കുന്നു].
അതുകൊണ്ടുതന്നെ, മനുഷ്യൻ എഹ്റ്റ്രയോ മഹത്തരമായ ഒരു സൃഷ്ടിയാകുന്നു സുഹൃത്തേ!
( സമർപ്പണം-എങ്ങനെ ജീവിക്കും, കടം വീട്ടും, പ്രണയിക്കും, ലോകത്തെ രക്ഷിക്കും എന്നിത്യാദി സമസ്യകളാൽ വീർപ്പുമുട്ടി ആത്മഹത്യചെയ്ത എല്ലാ മനുഷ്യർക്കും )
Saturday, January 23, 2010
പടയണി!
ഓരോ പടയണിരാവും സംഭവബഹുലമായ ഒരു യൗവനകാലത്തിന്റെ സ്മരണയുണർത്തി കടന്നു വരികയാണുചെയ്യുന്നത്. ഞാലീക്കണ്ടത്തിന്റെ പടയണിരൗദ്രം എന്റെ നോവലിൽ ഞാനാവിഷ്കരിക്കാൻ ശ്രമിച്ചതൊരു കൈയ്യിലെ വിരലിലെണ്ണാവുന്നത്രയാൾക്കാരേ ഞാലീക്കണ്ടത്തിൽ വായിച്ചിട്ടുള്ളു. പക്ഷേ ഇക്കൊല്ലം പടയണിക്ക് ആ യൗവനകാലസുഹൃത്തുക്കളിൽ ഏറിയപങ്കും കൂടെയുണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ ആഹ്ലാദം.
പടയണിയുടെ ആഹ്ലാദം.ഇന്നിതാ, ഞാലിയിൽ ഭഗവതിയുടെ ഒരുത്സവം കൂടി ആറാടിത്തീരുമ്പോൾ ഒരുത്സവത്തനിമയുടെ ലഹരിയുമായി തിരിയെ എത്തിയതിന്റെ ഓർമ്മ്, മറവി, ......
Friday, January 22, 2010
പൈതൃകം നിലനിർത്തുന്നതിന് ഒരു ഉത്തമ മാതൃക!
ലോകരേവരും കണ്ടു പഠിക്കാൻ കേരളത്തിലേക്കു വരേണ്ടതാണ്! പ്രമോട്ടു ചെയ്യപ്പെടേണ്ട ഒരു വിഭവം! പണം ഒഴുകുമെന്നും കാണിക്കപ്പെട്ടിനിറയുമെന്നതുമാണ് ഇതിലെ ഏറ്റവും വലിയ ആകർഷണം!
ചിത്രത്തിൽ കാണുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു പ്രധാന ക്ഷേത്രത്തിന്റെ തെക്കെ ഗോപുരവും ഏഴെട്ടുപതിറ്റാണ്ടുമുൻപ് ഉപ
യോഗിച്ചിരുന്ന ദേവസ്വം കച്ചേരിയുമാണ്.
സ്ഥലം -കവിയൂർ മഹാദേവക്ഷേത്രം
ദേവസ്വം ഡിപ്പാർട്ട്‌മന്റ് ക്ഷേത്രം ഏറ്റെടുത്തത് കൊല്ലവർഷം 1076( ക്രി. വ.- 1899/1900) ശ്രീമൂലം തിരുനാൾ മഹാരാജവിന്റെ കാലത്ത്!
പദവി- അന്ന് തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ ദേവസ്വങ്ങളുടെ ഒപ്പം ഫസ്റ്റ് ക്ലാസ്സ് മേജർ.
ഈ ക്ഷേത്രം ദേവസ്വത്തിലെടുത്തപ്പോൾ, കേണൽ മണ്രോയുടെ കാലത്ത് ദേവസ്വങ്ങളെ സർക്കാർ നിയന്ത്രണത്തിലെടുത്ത ആദ്യ ഘട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ ഭൂസ്വത്ത് തിരുവിതാംകൂർ ഗവണ്മെന്റിനു ലഭിച്ചു.
ഇത് ചരിത്രം.
തെക്കെ ഗോപുരം ഈ നിലയിലായിട്ട് കുറഞ്ഞത് അഞ്ചെട്ടു വർഷമെങ്കിലുമായി. ഇതിനിടെ ദേവസ്വം മന്ത്രിയും അതതുകാലത്തെ ദേവസ്വം ഭരണാധികാരികളുമൊക്കെ പലകുറി ഈ മതിലകത്തു കയറിയിറങ്ങി. പലതവണ ടെണ്ടർ വിളിച്ചു എന്ന് സ്ഥിരം മറുപടിയ്ക്കു മാറ്റമില്ല.
ആയിരം കൊല്ലത്തിലേറെ പഴക്കമുള്ള ഈ ക്ഷേതൃത്തിലെത്തിയാൽ നമ്മുടെ പൂർവ്വികർ കൈമാറിയ അമൂല്യമായ പലതും എങ്ങനെ ' ഭദ്രമായി' സൂക്ഷിക്കാം എന്നതിന് ഉത്തമ പാഠം ലഭിക്കും.
കുറെയെണ്ണമെങ്കിലും എടുത്തുപറയാവുന്നതാണ്.
ഒന്ന്- പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ ക്രിസ്തുവർഷം 1051- 1052 വർഷങ്ങളിൽ നടന്ന രണ്ട് ഭൂദാന രേഖകളു(ണ്ടായിരുന്നു). ചരിത്രകാരന്മാർ ബ്രാഹ്മണരുടെ വരവിനു ശേഷമുള്ള കേരളീയ സാമൂഹ്യമാറ്റത്തിനെ പരാമർശ്ശിക്കുമ്പോൾ എടുത്തുപറയുന്ന പ്രാചീന നിയമാവലികളിലൊന്നായ മൂഴിക്കുളം കച്ചത്തെക്കുറിച്ച് സൂചനയുള്ള ഏറ്റവും പഴയ ശാസനങ്ങൾ ഇതുരണ്ട്മാണ്. ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നിതൊന്നു കാണണമെന്നു വച്ചാൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിന്റെ ഒന്നാം വാല്യം നോക്കുകയേ മാർഗ്ഗമുള്ളു. കാരണം പഴമയെമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 1992 മുതൽ എല്ലാ വർഷവും മാർബ്ബിൾ പോലെ മിനുക്കമുണ്ടായിരുന്ന ഈ അടിത്തറയിൽ ഏതെങ്കിലും നിറത്തിലുള്ള പെയിന്റ് അടിച്ച് ഇന്ന് ഈ ശാസനങ്ങളെ ഒരു ചരിത്രമാക്കി മാറ്റാൻ ബോർഡിനു കഴിഞ്ഞു.
രണ്ട്- പൂർണ്ണമായും ചെമ്പുമേഞ്ഞ ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഉണ്ടായ കേടുപാടുകൾ പരിഹരിച്ച് മണ്ഡപത്തിന്റെയും വാതിൽമാടത്തിന്റെയും ബലിക്കൽപ്പുരയുടെയും മച്ചിലുള്ള അമൂല്യ ദാരുശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന് ഒരു പതിറ്റാണ്ടോളം നാടുകാർ മുറവിളികൂട്ടിയതിനോട് ദേവ്സ്വം പ്രതികരിച്ചത് 2000- മാണ്ടിലായിരുന്നു. \മേച്ചിലിന്റെ കേടു പരിഹരിക്കുന്നതിന്റെ ഭാഗമായി അന്ന് അഴിച്ചുമാറ്റിയ മണ്ട്ഡപത്തിന്റെ കഴുക്കോൽപ്പുച്ഛങ്ങളിൽ ഓടിൽത്തീർത്ത് ശിൽപഭരിതമായി തീർത്തുകെട്ടിയിരുന്ന പന്ത്രണ്ട് കഴുക്കോൽപ്പുച്ഛങ്ങൾ നാളിതുവരെയും തിരിയെ പിടിപ്പിച്ചിട്ടില്ല.
മൂന്ന്- കഴിഞ്ഞകൊല്ലം ഉത്സവകാലത്ത് എടുത്തപ്പോൾ ഒന്നരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഭഗവാന്റെ തങ്കയങ്കിയുടെ ഇടതുകൈ ഒടിഞ്ഞനിലയിലായിരുന്നു. അന്ന് നാടുകാർ ഒന്നടങ്കം ബഹളം വച്ചതിനെത്തുടർന്ന് ഉത്സവദിവസങ്ങളിൽത്തന്നെ അതിന്റെ കേട് താത്കാലികമായി പരിഹരിക്കാൻ തിരുവാഭരണം കമ്മീഷണർ നടപടിയെടുത്തു. പക്ഷേ വിലപിടിപ്പുള്ള പലവസ്തുക്കളും എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
അങ്ങനെ പറഞ്ഞാൽ തീരാത്തത്ര പുരാവസ്തു സൂക്ഷിപ്പിന്റെ ഉത്തമോദാഹരണങ്ങൾ തിരുവിതാംകൂർദ്ദേവ്സ്വം ബോർഡിന്റെ ഓരോ മഹാ ക്ഷേത്രത്തിനും പറയാനുണ്ടാവും. പൈതൃകസംരക്ഷണത്തിന് തിരുവിതാം കൂർ ദേവസ്വംബോർഡ് അനുവർത്തിച്ചുവരുന്ന അനശ്വര നിയമങ്ങൾ ഒരു മഹാഗ്രന്ഥമായി സമാഹരിക്കുക, ചരിത്ര സംരക്ഷണം പുരാവസ്തു സംരക്ഷണം എന്നീമേഖലകളിൽ ഊന്നൽകൊടുത്തുകൊണ്ട് ഒരു വിശ്വ വിദ്യാലയം തന്നെ രൂപീകരിക്കുക എന്നീക്കാര്യങ്ങൾ എന്ത്രയും വേഗം മാനവ നന്മയെക്കരുതി ബോർഡ് ചെയ്യേണ്ടതാണ്.
( എത്രയും വേഗം വേണം. അല്ലെങ്കിൽ ഈ ഗോപുരവും ദേവസ്വം കച്ചേരിയും അടക്കം പലതും പിന്തലമുറ കാണുന്നതിനു മുൻപ് നിലമ്പൊത്തിയിരിക്കും)
Sunday, January 17, 2010
സ്ത്രൈണത വിളിച്ചോതുന്ന മുഖങ്ങൾ
അധികം കൈകളിലെത്തിയിട്ടില്ലാത്ത എന്റെ ആദ്യ നോവലി( ജലരേഖകളാൽ ഭ്രംശിക്കപ്പെട്ട്- മാതൃഭൂമി ബുക്സ്)ലെ പ്രധാന കഥാപാത്രം ലിംഗമാറ്റത്തിനു വിധേയമായ നിരുപമയാണ്. വളരെക്കാലം ഈ വിഷയം മനസ്സിൽ കൊണ്ടു നടന്നു. എഴുതാൻ തുടങ്ങിയിട്ടും പലതവണ അവസാനിപ്പിക്കുകയും വീണ്ടും തനിപ്പുത്തനായി എഴുതിത്തുടങ്ങുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ ലിംഗമാറ്റത്തിനു വിധേയരായവരെയും അതിനു തയ്യാറകുന്നവരെയും പരിചയപ്പെടാൻ അവസരം കിട്ടിയത് എഴുത്തിന് ആക്കം കൂട്ടി. ആ നോവൽ എഴുതിത്തുടങ്ങി വർഷങ്ങൾക്കു ശേഷം മാത്രമാണ് അതിനൊരു അവസാന രൂപം നൽകാനായതെങ്കിലും അതിനുവേണ്ടിയുള്ള തിരച്ചിൽ അനവധി വിചിത്രമായ ജീവിതവീക്ഷണങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കി എന്നതാണു നേര്. അത്തരം ചില ജീവിതങ്ങളെ പരിചയപ്പെടുത്താൻ ഇപ്പോൾ തോന്നുന്നു. കാരണം കേരളത്തിലെ പരമ്പരാഗത ജീവിത വീക്ഷണത്തിൽ വിചിത്രമെന്നു തോന്നുമെങ്കിലും നമുക്കിതത്ര അന്യമായ ഒരു ലോകമല്ല എന്നതു തന്നെ. കോട്ടയ്ക്കൽ ശിവരാമന്റെയും മാർഗ്ഗി വിജയന്റെയും ഇപ്പോൾ ചമ്പക്കര വിജയന്റെയും സ്ത്രീവേഷങ്ങൾ നമ്മുക്കു പകർന്നു തന്ന അനുഭൂതി സ്ത്രൈണഭാവങ്ങളുടെ പരകോടിയായിരുന്നു. യഥാർത്ഥ സ്ത്രൈണതയെ വെല്ലുന്ന സ്ത്രൈണാനുഭൂതി. ജീവിതത്തിൽ സാധാരണ പുരുഷന്മാരായിരിക്കുമ്പോളും സ്ത്രൈണതയുടെ അവതാരങ്ങളായി അരങ്ങിൽ തിളങ്ങാൻ അവർക്കെങ്ങനെയാണു കഴിഞ്ഞത്? അരങ്ങിലെ ഉർവ്വശിയെക്കണ്ട് മതിമയങ്ങിപ്പോയ ഒരു പാവം നമ്പൂതിരിയുടെ കഥ നമ്മെ രസിപ്പിക്കുന്നതിനു പിന്നിലും വിചിത്രമായ ഒരു ട്വിസ്റ്റുണ്ട്. യഥാർത്ഥസ്ത്രീയെക്കാൾ സ്ത്രൈണതയുടെ ജ്വാലവമിപ്പിക്കാൻ ഈ അരങ്ങിലെ സ്ത്രീകൾക്കു കഴിയുന്നു എന്നതാണ് ഈ സത്യം.
എങ്ങനെയാണ് ഒരു പുരുഷൻ സ്ത്രൈണതയുടെ പ്രതിരൂപമായി അവതരിക്കുക? എന്തുകൊണ്ടാണ് ആ സ്ത്രൈണത യാഥാർത്ഥ്യത്തെക്കാൾ കാഴ്ചക്കാരനെ മയക്കുന്നത്? വിദേശത്ത് ചില കമ്പനികളെങ്കിലും സ്ത്രീസൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും സ്ത്രൈണമായ മുഖം പുരുഷരൂപത്തിൽ നിന്നുരുത്തിരിഞ്ഞുവരുന്നതാനെന്നുള്ള ഒരു കാഴ്ചപ്പാടുള്ള പരസ്യ ഏജൻസികളും ഉണ്ട്. ആസുരശക്തിയുടെ കേന്ദ്രത്തിൽച്ചെന്ന് അമൃത് അപഹരിക്കുവാൻ മോഹിനീരൂപമാർന്ന മഹാവിഷ്ണുവിനേ കഴിയൂ എന്ന പുരാണപാഠവും ഉണ്ട്.
ഇപ്പോൾ ചില അമേരിക്കൻ സുന്ദരികളെ ഞാനിവിടെ പരിചയപ്പെടുത്തുന്നു. ഡ്രാഗ് ക്വീൻസ് എന്നറിയപ്പെടുന്ന ഇവരിൽ ഏറിയ പങ്കും സാധാരണഗതിയിൽ പുരുഷന്മാരായി ജീവിതം നയിക്കുന്നവരാണ്. രാത്രികളിൽ നിശാശാലകളിൽ സ്വർഗ്ഗീയ സുന്ദരിമാരായി വേഷം കെട്ടിയാടുകയും ചെയ്യുന്നു. ഈ മുഖങ്ങളിൽ തെളിയുന്ന സ്ത്രൈണചാരുത, ഏതു സുന്ദരിയെയും വിനയം പഠിപ്പിക്കുന്നില്ലേ?
ഇവർക്ക് ഇത്ര മാത്രം സ്ത്രീത്വം ( പുറമേ) കൈവരിക്കാനാവുമെങ്കിൽ എവിടെയാണ് നാം കൃത്യമായി പാലിക്കാൻ വെമ്പുന്ന ആ ലിംഗവ്യവസ്ഥയുടെ അതിർവ്വരമ്പ്?
സ്റ്റാർലാ ഡാവിഞ്ചി- നോർത്ത് കരോലിനയിലെ വിവിധ നിശാക്ലബ്ബുകളിൽ നർത്തകിയായ സ്റ്റാർല, യഥാർത്ഥ ജീവിതത്തിൽ ഡേവിഡ് സിവൽ എന്ന ഗവേഷണ വിദ്യാർത്ഥിയാണ്.
വിവിധ ഗേ ഉത്സവങ്ങളിലും മത്സരങ്ങളിലും കിരീടം ലഭിച്ച ഈ ഇരുപത്തിയഞ്ചു വയസ്സുകാരൻ/രിസുഹൃത്തായ ജോഡിയോടൊപ്പം ക്വീൻസ് സിറ്റിയിൽ താമസിക്കുന്നു.
സ്റ്റർലായുടെ തിളയ്ക്കുന്ന സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന എമറി സ്റ്റാർ( യഥാർത്ഥ ജീവിതത്തിൽ മാർക്ക്) ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ബിരുദവിദ്യാർത്ഥിയാണ്.
സെറിനിറ്റി എന്നറിയപ്പെടുന്ന ചേസ് ജോൺസിഒരു ബാലെ കലാകാരനാണ്. പുരുഷന്മാർ മാത്രം ഉൾപ്പെട്ട തോക്കദോര ബാലെ ട്രൂപ്പിലെ അംഗവും.
അലെക്സിസ് മാറ്റൊ, ഈഡൻ പാർക്ക്സ് ഡിവൈൻ, ബ്ലാക്ക്വുഡ് ബാർബ്ബി എന്നിങ്ങനെ സ്ത്രൈണതകൊണ്ട് യഥാർത്ഥ സ്ത്രീയെ വെല്ലുവിളിക്കുന്ന എത്രയോ രാത്രി രാജ്ഞികൾ.
അപ്പോൾ സുഹൃത്തേ, ഈ സ്ത്രൈണത ശരിക്കുമെന്താണ്? പൗരുഷമോ???
എങ്ങനെയാണ് ഒരു പുരുഷൻ സ്ത്രൈണതയുടെ പ്രതിരൂപമായി അവതരിക്കുക? എന്തുകൊണ്ടാണ് ആ സ്ത്രൈണത യാഥാർത്ഥ്യത്തെക്കാൾ കാഴ്ചക്കാരനെ മയക്കുന്നത്? വിദേശത്ത് ചില കമ്പനികളെങ്കിലും സ്ത്രീസൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും സ്ത്രൈണമായ മുഖം പുരുഷരൂപത്തിൽ നിന്നുരുത്തിരിഞ്ഞുവരുന്നതാനെന്നുള്ള ഒരു കാഴ്ചപ്പാടുള്ള പരസ്യ ഏജൻസികളും ഉണ്ട്. ആസുരശക്തിയുടെ കേന്ദ്രത്തിൽച്ചെന്ന് അമൃത് അപഹരിക്കുവാൻ മോഹിനീരൂപമാർന്ന മഹാവിഷ്ണുവിനേ കഴിയൂ എന്ന പുരാണപാഠവും ഉണ്ട്.
ഇപ്പോൾ ചില അമേരിക്കൻ സുന്ദരികളെ ഞാനിവിടെ പരിചയപ്പെടുത്തുന്നു. ഡ്രാഗ് ക്വീൻസ് എന്നറിയപ്പെടുന്ന ഇവരിൽ ഏറിയ പങ്കും സാധാരണഗതിയിൽ പുരുഷന്മാരായി ജീവിതം നയിക്കുന്നവരാണ്. രാത്രികളിൽ നിശാശാലകളിൽ സ്വർഗ്ഗീയ സുന്ദരിമാരായി വേഷം കെട്ടിയാടുകയും ചെയ്യുന്നു. ഈ മുഖങ്ങളിൽ തെളിയുന്ന സ്ത്രൈണചാരുത, ഏതു സുന്ദരിയെയും വിനയം പഠിപ്പിക്കുന്നില്ലേ?
ഇവർക്ക് ഇത്ര മാത്രം സ്ത്രീത്വം ( പുറമേ) കൈവരിക്കാനാവുമെങ്കിൽ എവിടെയാണ് നാം കൃത്യമായി പാലിക്കാൻ വെമ്പുന്ന ആ ലിംഗവ്യവസ്ഥയുടെ അതിർവ്വരമ്പ്?
സ്റ്റാർലാ ഡാവിഞ്ചി- നോർത്ത് കരോലിനയിലെ വിവിധ നിശാക്ലബ്ബുകളിൽ നർത്തകിയായ സ്റ്റാർല, യഥാർത്ഥ ജീവിതത്തിൽ ഡേവിഡ് സിവൽ എന്ന ഗവേഷണ വിദ്യാർത്ഥിയാണ്.
വിവിധ ഗേ ഉത്സവങ്ങളിലും മത്സരങ്ങളിലും കിരീടം ലഭിച്ച ഈ ഇരുപത്തിയഞ്ചു വയസ്സുകാരൻ/രിസുഹൃത്തായ ജോഡിയോടൊപ്പം ക്വീൻസ് സിറ്റിയിൽ താമസിക്കുന്നു.
സ്റ്റർലായുടെ തിളയ്ക്കുന്ന സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന എമറി സ്റ്റാർ( യഥാർത്ഥ ജീവിതത്തിൽ മാർക്ക്) ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ബിരുദവിദ്യാർത്ഥിയാണ്.
സെറിനിറ്റി എന്നറിയപ്പെടുന്ന ചേസ് ജോൺസിഒരു ബാലെ കലാകാരനാണ്. പുരുഷന്മാർ മാത്രം ഉൾപ്പെട്ട തോക്കദോര ബാലെ ട്രൂപ്പിലെ അംഗവും.
അലെക്സിസ് മാറ്റൊ, ഈഡൻ പാർക്ക്സ് ഡിവൈൻ, ബ്ലാക്ക്വുഡ് ബാർബ്ബി എന്നിങ്ങനെ സ്ത്രൈണതകൊണ്ട് യഥാർത്ഥ സ്ത്രീയെ വെല്ലുവിളിക്കുന്ന എത്രയോ രാത്രി രാജ്ഞികൾ.
അപ്പോൾ സുഹൃത്തേ, ഈ സ്ത്രൈണത ശരിക്കുമെന്താണ്? പൗരുഷമോ???
Subscribe to:
Posts (Atom)