Thursday, October 09, 2008

യക്ഷി സംസാരിച്ചത്‌


അർദ്ധരാത്രിയിൽ വിളിവന്നപ്പോഴും
അത്ര പ്രതീക്ഷിച്ചില്ല.
ശബ്ദത്തിൽ അഭൗമമായി യാതൊന്നുമില്ലായിരുന്നു-
പശ്ചാത്തലത്തിലെ
വിചിത്രമായ ചൂളം വിളിയൊഴികെ,
പനമ്പട്ടയിൽ ചൂളമിടുന്ന
കാറ്റാവണം.

യക്ഷി വിളിച്ചു

തീർത്തും സ്വാഭാവികമായ പെണ്മൊഴി.
തിരിച്ചറിയാനാവാത്ത ഒരു നമ്പറിൽ നിന്നും.

യക്ഷികൾ
മൊബൈൽഫോൺ ഉപയോഗിക്കുമോ എന്നോ,
ഒരു പാവം മനുഷ്യനെ
പാതിരാത്രിയിൽ വിളിച്ചുണർത്തി
അർത്ഥമില്ലാത്തതെന്തൊക്കെയോ സംസാരിച്ച്‌
നേരംവെളുപ്പിക്കുമോ എന്നൊക്കെയുള്ള
യുകതിവിചാരങ്ങളൊന്നും തലപൊക്കിയതേയില്ല

സംസാരം കേട്ടപ്പോഴേ
അതൊരു യക്ഷിയാണെന്ന് മനസ്സിലുറച്ചു.

ഉഷ്ണം പെരുത്ത്‌
വിയർപ്പൊട്ടിയയ കിടക്കമേൽ
ഉറക്കം എന്ന ഒരിക്കലും വരാത്ത
സ്വപ്നത്തെപ്രതീക്ഷിച്ചുകിടക്കുകയായിരുന്നു
ഒറ്റയ്ക്കുകിടക്കുമ്പോൾ
ഉറക്കം വരുത്താനായി ചെയ്യുന്ന
ചെപ്പടിവിദ്യകളൊക്കെയും
പിഴച്ചുപോയിരുന്നു.
മുട്ടിനുമുട്ടിനു വെള്ളം കുടിച്ചും
മൂത്രമൊഴിച്ചും
നട്ടപ്പാതിരയായത്‌
തിരിച്ചറിയുന്നുണ്ടായിരുന്നു

യക്ഷി വിളിക്കുമ്പോൾ
സമയം
എത്ര താണ്ടിയാലും
തീരാത്ത
ഒറ്റത്തടിപ്പാലം

വിളി
യക്ഷിയുടേതാണെന്നറിഞ്ഞപ്പോൾ
അതൊരു പരാതിപറച്ചിലാവുമെന്ന്
ആദ്യം തോന്നി

അല്ലാതെ യക്ഷികൾ മറ്റെന്തുസംസാരിക്കാൻ?
വെട്ടിമറിച്ചിട്ട പാലമരങ്ങളെപ്പറ്റിയോ
ടാർ നിരത്തിയും
ഇരുവശവും കെട്ടിടങ്ങളുയർത്തിയും
രാപ്പകൽഭേദമില്ലാതെ
ഒച്ചവച്ചു സംസാരിച്ചും
ഉച്ചത്തിൽ ഹോണടിച്ചും
തീണ്ടപ്പെട്ടു
വഴികൾ നഷ്ടമായതിനെപ്പറ്റിയോ
ഉഗ്രവേഗങ്ങൾ കൊണ്ടു
തട്ടിയുടയ്ക്കപ്പെട്ട
അവരുടെ
പകലുറക്കത്തെപ്പറ്റിയോ
ഒത്തിരിപ്രസരങ്ങൾ കൊണ്ട്‌
വികലമാക്കപ്പെട്ട
അവരുടേതു മാത്രമായിരുന്ന
അകാശത്തെപ്പറ്റിയോ
പരാതിപ്പെടുകയല്ലാതെ?

പക്ഷേ ശ്രീമതി യക്ഷി
അതൊന്നും പറഞ്ഞില്ല.

ഒറ്റക്കിടക്കയുടെ
വിധുര ഗന്ധങ്ങൾ
മടുത്തോ എന്ന്,
ഉച്ചക്കിറുക്കുകൾ അവസാനിക്കാൻ
കാലമായില്ലേ എന്ന്,
കുശലങ്ങൾ പറഞ്ഞ്‌
ഉച്ചത്തിൽ ചിരിച്ചുകൊണ്ടിരുന്നു.
(ഒരു യക്ഷിക്കു മാത്രം കൈവശമായ അനന്തമായി മുഴങ്ങുന്ന ചിരി)
ഉച്ചത്തിൽ കവിതചൊല്ലുന്ന ശീലം
എന്തേ ഉപേക്ഷിച്ചതെന്നാരാഞ്ഞു.
സ്വപ്നത്തിലും ദിവാസ്വപ്നത്തിലും മെനഞ്ഞെടുത്ത
ഒട്ടേറെ സംഭാങ്ങളെ
എടുത്തു ചൊല്ലിക്കളിയാക്കി.

ഒരു യക്ഷിക്കല്ലാതെ ആർക്കാണ്‌
ആരാന്റെയും സ്വപ്നത്തിലും
ദിവാസ്വപ്നത്തിലും
ഇത്ര സമർത്ഥമായി
നുഴഞ്ഞു കയറാനാവുക?

രാത്രിയിരുണ്ട്‌ കനത്ത്‌
ഉഷ്ണിച്ചു പുളഞ്ഞ്‌
മെല്ലെ
നേർത്ത വെളിച്ചത്തിലേക്ക്‌
ഇഴഞ്ഞു കയറുമ്പോഴും
സംസാരം തുടർന്നു.

ഒറ്റയാൾ മാത്രം സംസാരിച്ചു
ംറ്റേയാൾ കേട്ടുകേട്ടിരുന്നു.

അവസാനം
ചിത്രവർണ്ണ മെസേജുകൾ
ഇടയ്ക്കിടെ അയക്കാമെന്നു പറഞ്ഞ്‌
ചിലമ്പിത്തെറിക്കുന്ന
ചിരിയോടെ
യക്ഷി
പൊടുന്നനെ
ഫോൺ കട്ടുചെയ്തു.

അപ്പോൾ മുറ്റത്തു കിളിയൊച്ചകൾ
കേൾക്കായി.
പച്ചവെളിച്ചം
ജനലിലൂടെയുറന്നുവന്നു.

ഉറക്കച്ചടവുകൾ അപ്രത്യക്ഷമായിരുന്നു.
ഒട്ടുമുറങ്ങാതിരുന്ന
രാത്രിയുടെ
ലക്ഷണമൊന്നും
ഒരിടത്തും ശേഷിച്ചില്ല.

മൊബൈലിലെ കാൾ ലോഗിൽ
അത്തരമൊരു വിളിയുടെ
വിവരമൊന്നും
കാണാനില്ല.
അജ്ഞാതമായ ഫോണിൽ നിന്നും
ഒരിക്കലും
സംഭവിച്ചിട്ടില്ലാത്ത വിളി
യക്ഷിയുടേതു തന്നെ!

2 comments:

Sarija NS said...

:)

Jayasree Lakshmy Kumar said...

‘അന്തരാത്മാവിന്റെ വിഫലമാം വാങ്ഛകൾ’