Monday, January 21, 2008

പ്രണയജലധി

വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍

ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.

വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-1992)

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അജിത്‌,
ഈ കവിത കൊല്ലങ്ങള്‍ക്കു മുന്‍പ്‌ വായിച്ചതായി ഒരോര്‍മ്മയുണ്ട്‌. അന്നേ ഇതിന്റെ 'സുഭദ്രവും സുന്ദരവുമായ' ശൈലി എനിക്ക്‌ രസിച്ചിരുന്നു. (ഒരു ചെറിയ ശങ്കരക്കുറുപ്പ്‌ ശൈലി... 'ശ്രാന്തമംബരം...' തോന്നിയത്‌ എന്റെ അസൂയ ആയിരിക്കാം. ക്ഷമിക്കുക.) ഇപ്പോള്‍ നന്നായി ആസ്വദിക്കുവാന്‍ കഴിയുന്നു. ഈ വിരുന്നിന്‌ നന്ദി.

സാക്ഷരന്‍ said...

നന്നായിരിക്കുന്നു കവിത

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്ദി...