Tuesday, May 06, 2014

പരമ്പരാഗതമായി കൈമാറുന്ന ഒരു ഉറക്കു കഥ

പണ്ട്പണ്ട്
വളരെപ്പണ്ട്
ഇന്റര്‍നെറ്റിനും ടാബ്‌ലെറ്റിനും മുന്‍പ്
ഒരു കാലമുണ്ടായിരുന്നു മക്കളേ,
ലോകമന്ന് വളരെ ചെറുതായിരുന്നു
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്
അധികനാളൊന്നുമായിട്ടില്ലായിരുന്നു
വഴികളിലൊക്കെ വല്ലപ്പോഴുമേ വണ്ടി വലിഞ്ഞു നീങ്ങുന്ന
ശബ്ദം മുഴങ്ങാറുണ്ടായിരുന്നുള്ളു
നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും
ശ്രീലങ്കാ കൂട്ടുപ്രക്ഷേപണ ഏഷ്യാകേന്ദ്രവും
സംസ്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളായിരുന്നു.

പറമ്പിലൊക്കെ പകലുകള്‍
ചിത്രശലഭങ്ങളുടെ
പ്രളയം സൃഷ്ടിക്കുകയും
മുക്കുറ്റിയിലും തൊട്ടാവാടിയിലും
വിസ്മയങ്ങള്‍ കൊളുത്തുകയും
ചെയ്യുമായിരുന്നു
മുത്തങ്ങപ്പുല്‍മെത്തയിലൂടെ
നടത്തയ്ക്ക് സ്വപ്നപ്പൊലിമയുണ്ടായിരുന്നു
( കൊടിത്തൂവയും കട്ടകാരയും
ഇടയ്ക്കിടെ ദുസ്വപനം ചമയ്ക്കുമെങ്കിലും)

തിണ്ണയ്ക്കത്തെ സന്ധ്യാനാമം ചൊല്ലലിന്
ചന്തകഴിഞ്ഞു വരുന്ന കാളവണ്ടി
കയറ്റം കയറുവാന്‍ ഞെരിയുന്ന ഒച്ചകള്‍
പക്കമേളമൊരുക്കുമായിരുന്നു.

പണ്ടുപണ്ട്
യുഗങ്ങള്‍ക്കപ്പുറത്ത്
എസ്സെമ്മെസ്സും ഫ്ളാഷ്ന്യൂസും
അവതരിക്കുന്നതിനുമുന്പ്
ഒരു ലോകമുണ്ടായിരുന്നു മക്കളേ,
ഭിത്തിയിലെ വയസന്‍ ക്ളോക്കിന്
ഒച്ചിഴയുന്ന വേഗമായിരുന്നു
പത്രങ്ങള്‍ വീടണയൂമ്പോഴേക്കും
പഴകിമഞ്ഞളിക്കുമായിരുന്നു.

അറിഞ്ഞോ ,
ഗുരുവായൂര്‍കേശവന്‍ ചരിഞ്ഞു,
വലിയതുരുത്തിലൊരാളെ
വെട്ടിക്കൊന്നിരിക്കുന്നു എന്നൊക്കെ
പത്രത്തിലച്ചടിച്ചതുമല്ലാത്തതുമായ വാര്‍ത്തകള്‍
വിളിച്ചുപറഞ്ഞ് പത്രക്കാരന്‍ ചന്ദ്രന്‍ചേട്ടന്‍ വരുന്ന കാലം.
ഉത്സവപ്പറമ്പിലെ
സംസാരിക്കുന്ന പാവയും
മരണക്കിണറും ലോകാത്ഭുതക്കാഴ്ചകളായിരുന്നു
അന്തിച്ചന്ത മഹാനഗരമായിരുന്നു
മത്തിമലച്ചെരിവിലൂടെ
അമ്പലത്തിലേക്കും പള്ളിക്കൂടത്തിലേക്കും
നീളുന്ന ഒറ്റയടിപ്പാതയിലൂടെ നടക്കുന്നതിന്റെ
ഉഗ്രസാഹസം ഒരു ലഹരിതന്നെയായിരുന്നു
(അന്തിമങ്ങിയാല്‍
പൊന്തകളില്‍ പേടിപല്ലിളിക്കുമെങ്കിലും)

പണ്ടുപണ്ട്
കാര്‍ട്ടൂണ്‍ചാനലുകള്‍ക്കും മൊബൈല്‍ ഗേമുകള്‍ക്കും മുന്പും
ഒരു ജീവിതമുണ്ടായിരുന്നു മക്കളേ.
മച്ചിട്ട മുറിയിലെ കട്ടിലില്‍
എന്നെയുറക്കാനായി അച്ഛനിങ്ങനെ പറയുമായിരുന്നു



-
പണ്ടുപണ്ട്,
വര്‍ഷങ്ങള്‍ക്കപ്പുറത്ത്
റേഡിയോയും മോട്ടോര്‍വണ്ടിയുമൊക്കെ
വരുന്നതിനുമൊത്തിരിമുന്പ്
ഒരു നാടുണ്ടായിരുന്നു......
  
ഫോട്ടോ: ഉണ്ണികൃഷ്ണവാര്യര്‍


No comments: