Tuesday, November 26, 2013

തിരുവിലാല.......................

പത്തുപതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവില്വാമലയിലെത്തിയപ്പോള്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലമായിപ്പോയി മുന്‍പില്‍ വെളിപ്പെട്ടത്. പാമ്പാടിപ്പാലത്തിനു കീഴെ തടയണയുടെ വരുതിയില്‍ തളഞ്ഞുപോയ ഭാരതപ്പുഴ മുതല്‍ പാടേ മാറിപ്പോയ ഒരു ഭൂപടം മുന്‍പില്‍ നിവര്‍ന്നു.പാമ്പാടിപ്പാലത്തിനു കീഴെ ഉണ്ണിയുടെ ക്യാമറയ്ക്കിരയായി ചാരിനിന്ന തൂണിന്റെ പകുതിയോളം വെള്ളത്തിനടിയിലായിരിക്കുന്നു. അണയ്ക്കു താഴെ പുല്ലു വളര്‍ന്നു കിളര്‍ന്ന പരപ്പിനിടയിലൂടെ ഒന്നു രണ്ടു നീര്‍ച്ചാലുകള്‍ മെലിഞ്ഞാണെങ്കിലും പ്രസരിപ്പോടെ താഴേക്കു കുതിക്കുന്നുണ്ട്. ചിലരൊക്കെ അതില്‍ കുളിക്കുന്നുണ്ട്. പുല്‍പ്പരപ്പിനിടയില്‍ ചെറിയ ഇടങ്ങള്‍ തെളിച്ചിടത്ത് കുട്ടികള്‍ കളിക്കുന്നു. പുല്പ്പരപ്പിലങ്ങിങ്ങായി മറപറ്റിയിരുന്ന് ചീട്ടുകളിക്കുന്ന കൂട്ടങ്ങള്‍....പുഴയെന്നു പേരുള്ള പുല്ലുനിറഞ്ഞ ഒരു വിസ്മയലോകം. ചെക്ക് ഡാമിന്റെ അരികിലായി കഴുത്തറ്റം വെള്ളത്തില്‍ സമൃദ്ധിയായി നീന്തിത്തുടിച്ചു കുളിച്ചു. വെള്ളത്തിനു മാത്രം മാറ്റമില്ല. കാതങ്ങളോടിത്തളര്‍ന്ന ശരീരത്തെ അത് കുളിരുകൊണ്ടും നിറവുകൊണ്ടും പുതുപുത്തനാക്കി. ഉറക്കമിളപ്പും ലഹരിയും പാടകെട്ടിയ മനസ്സിനെ നവോന്മേഷഭരിതമാക്കി. ക്ഷേത്ര പരിസരവും പുനര്‍ജ്ജനിയെ വഹിക്കുന്ന വില്വാദ്രിയുമൊക്കെ പുതുമയുടെ പുളപ്പുകള്‍ കൊണ്ട് മാറിയിരുന്നു. ചുങ്കം കവല മുഖമാകെ മിനുക്കി നിന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപോലും പഴയപരിചയത്തിന്റെ ചിരിയല്ല കാണിച്ചത്. നൂറുതവണ തലചായ്ക്കാനിടം തന്ന ശ്രീരാമവിലാസം ലോഡ്ജിന്റെ ബോര്‍ഡുമാത്രം ബാക്കിയുണ്ട്. പടിഞ്ഞാറേ നടവഴിയില്‍ ആലിന്റെ ചുവട്ടിലായീട്ടുണ്ടായിരുന്ന ഞങ്ങളുടെ ആ പഴയ ചായക്കട അങ്ങനെയൊന്നവിടെയുണ്ടായിരുന്നു എന്ന ഒരു സ്മരണപോലും ശേഷിപ്പിച്ചിട്ടില്ല. ഭക്തജനങ്ങളെ വഹിച്ചുവരുന്ന വണ്ടികള്‍ പടിഞ്ഞാറേ നടയ്ക്കല്‍ നിറഞ്ഞുണ്ട്. അമ്പലത്തിനകത്തും പണ്ടുകണ്ടതിലേറെയാളുണ്ട്. വില്വാദിരിനാഥനുമാത്രം കാര്യമായ മാറ്റം തോന്നിയില്ല. നോട്ടക്കാരനും മാറിപ്പോയെന്നതല്ലേ സത്യം! അതേ, കാലം മാറിപ്പോയി എന്നു പരിതപിക്കുമ്പോള്‍ നാം ആദ്യം മറക്കുന്നത് കാലാനുസൃതമായി നമുക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. ശീഖ്റമാറ്റങ്ങള്‍ക്കു വിധേയമാകുന്ന കേരളത്തില്‍ ജീവിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങള്‍ ഞെട്ടിക്കുകതന്നെ ചെയ്യും. പ്രത്യേകിച്ചും മലയാളി മാറാനായി തുനിഞ്ഞിറങ്ങിയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍! മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള സങ്കല്പങ്ങളിലും ചര്‍ച്ചകളിലും ആവട്ടെ ഇതേ മലയാളി കടുത്ത യാഥാസ്ഥിതികത്വം കാത്തു സൂക്ഷിക്കുകയും ചെയ്യും. പരിസ്ഥിതിസംബന്ധവിഷയങ്ങളില്‍ നമ്മുടെ പൊതു മനഃസ്ഥിതിയും അതിലെ ആത്മാര്‍ഥതയും പലപ്പോഴും തലതിരിഞ്ഞതാവുന്നതും അതുകൊണ്ടുതന്നെയാണ്. സാഹസികമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഭൂഗോളത്തിന്റെ മറ്റേതുപ്രദേശത്തെയുമപേക്ഷിച്ച് കുറവായതിനാല്‍ത്തന്നെ അഭിപ്രയത്തിലും അവതാരത്തിലുമൊക്കെ നാം സാഹസികതക്കുറവു പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ജീവിതത്തിനോടും കാഴ്ചകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുതപ്പെടാനുള്ള ഒരു പ്രേരണയ്ക്കൊപ്പം അറിയാനുള്ള തേടലിന്റെ അഭാവം കൂടി നമ്മുടെ സമൂഹത്തിന്റെ പൊതുമുതലാണ്. അതുകൊണ്ടു തന്നെ സ്വന്തം വ്യക്തിത്വത്തിലും ചുറ്റുപാടുകളിലും സ്വാഭാവികമായി വരുന്ന മാറ്റങ്ങളും സ്വന്തം സൗകര്യങ്ങള്‍ക്കായി നാമീ രണ്ടുമേഖലയിലും ഉണ്ടാക്കിയ മാറ്റങ്ങളും പരിഗണനാ വിഷയം പോലുമാക്കാതെ അന്യന്റെ ചെയ്തികളെയും അവയുണര്‍ത്തുന്ന മാറ്റങ്ങളെയും അതിന്റെ ഭവിഷയ്ത്തുക്കളെയും കുറിച്ച് ആശങ്കപ്പെടാനും പ്രതികരിക്കുവാനും തുനിഞ്ഞിറങ്ങിയവരുടെ സംഘം കൂടിയായിത്തീരുന്നു കേരളക്കരയിലെ മനുഷ്യര്‍. തിരുവില്വാമലയില്‍ നിന്നും സന്ധ്യമങ്ങുമ്പോള്‍ തുടങ്ങിയ മടക്കയാത്രയ്ക്കിടയില്‍ ഒരു മുറുക്കാന്‍ ചവയ്ക്കാന്‍ തോന്നിയത് പണ്ടു പലവട്ടം ചെയ്ത ഒരു പ്രവൃത്തി ആവര്‍ത്തിക്കുന്നതിന്റെ കൗതുകമോര്‍ത്താണ്. പഴയൊരോര്‍മവച്ച് ചുങ്കം കവലയില്‍ മാടക്കടകള്‍ ഉണ്ടായിരുന്ന പഴയന്നൂരേക്കുള്ള വഴിയോരത്ത് വണ്ടി നിര്‍ത്തി തിരഞ്ഞു. ചുണ്ണാമ്പുതേച്ച പാടുള്ള ഒരൊറ്റക്കടപോലും തിരുവില്വാമല ചുങ്കം കവലയില്‍ കണ്ടെത്താനായില്ല.

No comments: