Friday, November 29, 2013
മുങ്ങിനിവര്‍ന്നോ പൊലിഞ്ഞോ??
ആകാശത്തു കണ്‍തറപ്പിച്ചിരിക്കുന്ന അനേകം പര്യവേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നോ ഐസോണ്‍ വാല്‍നക്ഷത്രത്തിന്റെ സൂര്യസ്നാനം? പറയാറായിട്ടില്ല! ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കുതിച്ചുചാട്ടത്തിനൊടുവില്‍ സൂര്യകുണ്ഡത്തിലേക്കു പതിച്ച ഐസോണ്‍ പൊലിഞ്ഞോ ഉരിരോടെയിരിക്കുന്നോ എന്നതില്‍ ഇപ്പോഴും രണ്ടഭിപ്രായം നിലനില്കുന്നു. സൂര്യനിലേക്കു മുങ്ങിയ വാല്‍നക്ഷത്രം അഗ്നിസാഗരത്തിലാവോളം മുങ്ങിക്കുളിച്ച് മറ്റൊരുതലയ്ക്കല്‍ക്കൂടി നിവര്‍ന്നോ എന്നാണിപ്പോള്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിലചിത്രങ്ങളില്‍ ഐസോണിന്റെ നേര്‍ത്ത അവശിഷ്ടം സൂര്യസ്നാനത്തെ അതിജീവിച്ചതിന്റെ സൂചനകള്‍ കാണാനുണ്ടത്രേ! അഥവാ അങ്ങനെയൊരതിജീവനമുണ്ടായാലും നാം കാത്തിരുന്നത്ര ഗംഭീരമായ ഒരു ക്രിസ്മസ്ക്കാല ആകാശക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നു തോന്നുന്നു. കാരണം സൂര്യനിലേക്കു പതിച്ചപ്പോഴോ സൂര്യനെ സമീച്ചപ്പോള്‍ത്തന്നെയോ ഐസോണിന്റെ നല്ലോരു പങ്കും കത്തിയമര്‍ന്നാവിയായിപ്പോയി എന്നാണു ശാസ്ത്രമതം.
2012 സെപ്തംബര്‍ മാസത്തില്‍ വിതാലി നെവ്സ്കി, ആര്‍ട്യോം നോവ്കോനോക് എന്നീ റഷ്യാക്കാരാണ് അന്താരാഷ്ട്ര ശാസ്ത്ര ഒപ്ടിക്കല്‍ ശൃംഖല( ISON) മുഖേന പുതിയൊരു വാല്‍ നക്ഷത്രത്തെ വ്യാഴത്തിനരികിലായി കണ്ടെത്തിയത്. കോമറ്റ് സി/2012 എന്നു ശാസ്ത്രീയമായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആ വാല്‍നക്ഷത്രം 2013 നവംബര്‍ ഇരുപത്തിയെട്ടോടെ സൂര്യനു സമീപത്തെത്തുമെന്നും സൂര്യനെ വലംവച്ച് മടക്കയാത്രചെയ്യുമ്പോള്‍ 2013 ഡിസംബര്‍ പകുതിയോടെ ഭൂമിക്കരികില്‍ എത്തി വിസ്മയകരമായ ഒരാകാശക്കാഴ്ചയൊരുക്കുമെന്നുമായിരുന്നു സങ്കല്പം. പഞ്ചാംഗപ്രവചനമനുസരിച്ച് സൂര്യനെ സമീപിച്ച ഐസോണിന്റെ ഭാവിയെന്താണെന്നതാണ് ഇപ്പോളത്തെ സംശയം. ഡിസംബര്‍ പകുതിക്ക് തിരുവാതിരരാവിലെ ചന്ദ്രനെ വെല്ലുവിളിച്ച് അതിലും വലിപ്പത്തില്‍ ആകാശത്തെ പൊലിക്കാന്‍ വരുമെന്നു പ്രതീക്ഷിക്കപ്പെട്ടവന്റെ ഭാവി!
ഇതൊക്കെ ആകശം കാണാന്‍ ആഗ്രഹിക്കുന്നവരുടെ കൗതുകങ്ങള്‍ മാത്രം. സോളാറും പ്ലീനവും തരുണ്‍ തേജ്പാലും ചക്കിട്ടപ്പാറയുമൊക്കെ കൊഴുക്കുന്ന നമ്മുടെ മാധ്യമ/ചാനല്‍ ലോകത്തിന് ഇതൊന്നുമൊരിക്കലും വാര്‍ത്തയാവില്ല. മാംസം തുറിച്ചുനില്കുന്ന വാര്‍ത്തകള്‍ക്കു പരതുന്ന നമ്മുടെ മൃഗീയഭൂരിപക്ഷത്തിനും എന്തു വാല്‍നക്ഷത്രം, ഏതു സൂര്യന്‍ എന്നാണു മനഃസ്ഥിതി.
പ്രപഞ്ചത്തിന്റെ പൂര്‍ണ്ണതയും സൗന്ദര്യവും അറിയാന്‍ വാല്‍നക്ഷത്രങ്ങളുടെ വരവോ ഗാലക്സിക സംഭവങ്ങളോ കത്തിരിക്കേണ്ടതില്ല. ഒരു നിശ്വാസത്തെ അതിജീവിച്ച് സ്വന്തം ശ്വാസാന്തരങ്ങളിലേക്ക് പ്രാണന്‍ അയത്നലളിതായി ഇഴുകിയിറങ്ങുന്നതു മനസ്സിലാക്കിയാല്‍ മതി. ഒരു പൂവിരിയുന്നതു സാക്ഷ്യം വഹിച്ചാല്‍ മതി. നിലാവൂറുന്ന ഒരു രാത്രിയെ മനസ്സിലാവാഹിച്ചാല്‍ മതി. എഎങ്കിലും ചില കൗതുകങ്ങളുണ്ടല്ലോ! ഹെയ്ല്‍ ബോപ്പ് എന്ന വാല്‍ നക്ഷത്രത്തെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കണ്ടിരിക്കാന്‍ മാത്രമായി ഞാനും എന്റെ പെണ്ണും കൂടി കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ദിവസവും ദീപാരാധനയ്കു പോവുകയും പടിഞ്ഞാറേ കണ്ണാടിത്തിണ്ണയില്‍ അമ്പലമടയ്ക്കുവോളം അവനെക്കണ്ടിരുന്നതും ഓര്‍മ്മയിലെ ഒരു മധുരമാണ്. എയ്ത്തു നക്ഷത്രത്തിന്റെ പാച്ചില്‍കണ്ട് വിസ്മയപ്പെട്ടിരുന്ന ഞാലീക്കണ്ടത്തിലെ പഴയ സായന്തനങ്ങളും.
കാത്തിരിക്കുകയായിരുന്നു, ഇക്കല്ലവും. തിരുവാതിരനിലാവിനൊപ്പം കൊട്ടിക്കയറുന്ന ഉത്സവരാവുകള്‍ക്കൊപ്പം പള്ളിവേട്ടനാളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിനു ചാമരം വീശി ഒക്കെ ആകാശത്തില്‍ ചന്ദ്രനെക്കാള്‍ തെളിഞ്ഞു നില്ക്കുന്ന ഭീമന്‍ വാല്‍നക്ഷത്രത്തെ.......
Tuesday, November 26, 2013
തിരുവിലാല.......................
പത്തുപതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവില്വാമലയിലെത്തിയപ്പോള്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലമായിപ്പോയി മുന്‍പില്‍ വെളിപ്പെട്ടത്. പാമ്പാടിപ്പാലത്തിനു കീഴെ തടയണയുടെ വരുതിയില്‍ തളഞ്ഞുപോയ ഭാരതപ്പുഴ മുതല്‍ പാടേ മാറിപ്പോയ ഒരു ഭൂപടം മുന്‍പില്‍ നിവര്‍ന്നു.പാമ്പാടിപ്പാലത്തിനു കീഴെ ഉണ്ണിയുടെ ക്യാമറയ്ക്കിരയായി ചാരിനിന്ന തൂണിന്റെ പകുതിയോളം വെള്ളത്തിനടിയിലായിരിക്കുന്നു. അണയ്ക്കു താഴെ പുല്ലു വളര്‍ന്നു കിളര്‍ന്ന പരപ്പിനിടയിലൂടെ ഒന്നു രണ്ടു നീര്‍ച്ചാലുകള്‍ മെലിഞ്ഞാണെങ്കിലും പ്രസരിപ്പോടെ താഴേക്കു കുതിക്കുന്നുണ്ട്. ചിലരൊക്കെ അതില്‍ കുളിക്കുന്നുണ്ട്. പുല്‍പ്പരപ്പിനിടയില്‍ ചെറിയ ഇടങ്ങള്‍ തെളിച്ചിടത്ത് കുട്ടികള്‍ കളിക്കുന്നു. പുല്പ്പരപ്പിലങ്ങിങ്ങായി മറപറ്റിയിരുന്ന് ചീട്ടുകളിക്കുന്ന കൂട്ടങ്ങള്‍....പുഴയെന്നു പേരുള്ള പുല്ലുനിറഞ്ഞ ഒരു വിസ്മയലോകം.
ചെക്ക് ഡാമിന്റെ അരികിലായി കഴുത്തറ്റം വെള്ളത്തില്‍ സമൃദ്ധിയായി നീന്തിത്തുടിച്ചു കുളിച്ചു.
വെള്ളത്തിനു മാത്രം മാറ്റമില്ല. കാതങ്ങളോടിത്തളര്‍ന്ന ശരീരത്തെ അത് കുളിരുകൊണ്ടും നിറവുകൊണ്ടും പുതുപുത്തനാക്കി. ഉറക്കമിളപ്പും ലഹരിയും പാടകെട്ടിയ മനസ്സിനെ നവോന്മേഷഭരിതമാക്കി.
ക്ഷേത്ര പരിസരവും പുനര്‍ജ്ജനിയെ വഹിക്കുന്ന വില്വാദ്രിയുമൊക്കെ പുതുമയുടെ പുളപ്പുകള്‍ കൊണ്ട് മാറിയിരുന്നു. ചുങ്കം കവല മുഖമാകെ മിനുക്കി നിന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപോലും പഴയപരിചയത്തിന്റെ ചിരിയല്ല കാണിച്ചത്. നൂറുതവണ തലചായ്ക്കാനിടം തന്ന ശ്രീരാമവിലാസം ലോഡ്ജിന്റെ ബോര്‍ഡുമാത്രം ബാക്കിയുണ്ട്. പടിഞ്ഞാറേ നടവഴിയില്‍ ആലിന്റെ ചുവട്ടിലായീട്ടുണ്ടായിരുന്ന ഞങ്ങളുടെ ആ പഴയ ചായക്കട അങ്ങനെയൊന്നവിടെയുണ്ടായിരുന്നു എന്ന ഒരു സ്മരണപോലും ശേഷിപ്പിച്ചിട്ടില്ല. ഭക്തജനങ്ങളെ വഹിച്ചുവരുന്ന വണ്ടികള്‍ പടിഞ്ഞാറേ നടയ്ക്കല്‍ നിറഞ്ഞുണ്ട്. അമ്പലത്തിനകത്തും പണ്ടുകണ്ടതിലേറെയാളുണ്ട്.
വില്വാദിരിനാഥനുമാത്രം കാര്യമായ മാറ്റം തോന്നിയില്ല.
നോട്ടക്കാരനും മാറിപ്പോയെന്നതല്ലേ സത്യം!
അതേ, കാലം മാറിപ്പോയി എന്നു പരിതപിക്കുമ്പോള്‍ നാം ആദ്യം മറക്കുന്നത് കാലാനുസൃതമായി നമുക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. ശീഖ്റമാറ്റങ്ങള്‍ക്കു വിധേയമാകുന്ന കേരളത്തില്‍ ജീവിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങള്‍ ഞെട്ടിക്കുകതന്നെ ചെയ്യും. പ്രത്യേകിച്ചും മലയാളി മാറാനായി തുനിഞ്ഞിറങ്ങിയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍!
മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള സങ്കല്പങ്ങളിലും ചര്‍ച്ചകളിലും ആവട്ടെ ഇതേ മലയാളി കടുത്ത യാഥാസ്ഥിതികത്വം കാത്തു സൂക്ഷിക്കുകയും ചെയ്യും. പരിസ്ഥിതിസംബന്ധവിഷയങ്ങളില്‍ നമ്മുടെ പൊതു മനഃസ്ഥിതിയും അതിലെ ആത്മാര്‍ഥതയും പലപ്പോഴും തലതിരിഞ്ഞതാവുന്നതും അതുകൊണ്ടുതന്നെയാണ്. സാഹസികമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഭൂഗോളത്തിന്റെ മറ്റേതുപ്രദേശത്തെയുമപേക്ഷിച്ച് കുറവായതിനാല്‍ത്തന്നെ അഭിപ്രയത്തിലും അവതാരത്തിലുമൊക്കെ നാം സാഹസികതക്കുറവു പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ജീവിതത്തിനോടും കാഴ്ചകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുതപ്പെടാനുള്ള ഒരു പ്രേരണയ്ക്കൊപ്പം അറിയാനുള്ള തേടലിന്റെ അഭാവം കൂടി നമ്മുടെ സമൂഹത്തിന്റെ പൊതുമുതലാണ്.
അതുകൊണ്ടു തന്നെ സ്വന്തം വ്യക്തിത്വത്തിലും ചുറ്റുപാടുകളിലും സ്വാഭാവികമായി വരുന്ന മാറ്റങ്ങളും സ്വന്തം സൗകര്യങ്ങള്‍ക്കായി നാമീ രണ്ടുമേഖലയിലും ഉണ്ടാക്കിയ മാറ്റങ്ങളും പരിഗണനാ വിഷയം പോലുമാക്കാതെ അന്യന്റെ ചെയ്തികളെയും അവയുണര്‍ത്തുന്ന മാറ്റങ്ങളെയും അതിന്റെ ഭവിഷയ്ത്തുക്കളെയും കുറിച്ച് ആശങ്കപ്പെടാനും പ്രതികരിക്കുവാനും തുനിഞ്ഞിറങ്ങിയവരുടെ സംഘം കൂടിയായിത്തീരുന്നു കേരളക്കരയിലെ മനുഷ്യര്‍.
തിരുവില്വാമലയില്‍ നിന്നും സന്ധ്യമങ്ങുമ്പോള്‍ തുടങ്ങിയ മടക്കയാത്രയ്ക്കിടയില്‍ ഒരു മുറുക്കാന്‍ ചവയ്ക്കാന്‍ തോന്നിയത് പണ്ടു പലവട്ടം ചെയ്ത ഒരു പ്രവൃത്തി ആവര്‍ത്തിക്കുന്നതിന്റെ കൗതുകമോര്‍ത്താണ്. പഴയൊരോര്‍മവച്ച് ചുങ്കം കവലയില്‍ മാടക്കടകള്‍ ഉണ്ടായിരുന്ന പഴയന്നൂരേക്കുള്ള വഴിയോരത്ത് വണ്ടി നിര്‍ത്തി തിരഞ്ഞു.
ചുണ്ണാമ്പുതേച്ച പാടുള്ള ഒരൊറ്റക്കടപോലും തിരുവില്വാമല ചുങ്കം കവലയില്‍ കണ്ടെത്താനായില്ല.
Friday, November 15, 2013
പ്രതിഭാസങ്ങള്‍ സൃഷ്ടിക്കപ്പെടുകയല്ല
സച്ചിന്‍തെണ്ടുല്‍ക്കറുടെ കളിജീവിതത്തിന്റെ വിരാമച്ചടങ്ങുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നുകയാണ്.....
ഒരു ജനതയുടെ അണമുറിഞ്ഞ ആരാധനയുടെ കേന്ദ്രമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം. വികാരഭരിതരയ ആരാധകര്‍ നിറഞ്ഞ ഗാലറി. വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്ന സച്ചിന്റെ ഭാര്യയും കുട്ടികളും. ക്ഷണികമായ മനുഷ്യജന്മത്തില്‍ ഇതില്‍പ്പരമായ അവസ്ഥകള്‍ ഉണ്ടാവാനുണ്ടോ?
ദൈവം റിട്ടയേറ്ഡ് എന്ന് മാതൃഭൂമിച്ചാനല്‍! ഞാനാലോചിച്ചത് ദൈവമായിത്തീര്‍ന്ന ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കണ്ണില്‍ ഈ നിമിഷങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ്.
അതിന്റെ മാന്ത്രികത, ദിവ്യത്വം അവര്‍ക്കുപോലും പിന്നീടേ മനസ്സിലാവൂ. കളിക്കളങ്ങളും ആരാധകരും ഒഴിഞ്ഞ സ്വകാര്യജീവിതത്തിന്റെ നിമിഷങ്ങളില്‍ ഈ മുഹൂര്‍ത്തങ്ങള്‍ എത്രമാത്രം ഗമ്ഭീരമായിരിക്കും?
അതേ , സച്ചിന്‍ ഒരു കളിയുടെ ദൈവമായിരുന്നു. ഒരു ജനതയുഠെ വികാരമായിരുന്നു. പെലെയെപ്പോലെ, മാറഡോണയെപ്പോലെ ........
കലകളില്‍, സമൂഹ്യമണ്ഡലത്തില്‍, രാഷ്ട്രീയത്തില്‍ ഒക്കെ ഇമ്മാതിരി അവതാരങ്ങള്‍ കാലാകാലങ്ങളിലുണ്ടാവും.
അതൊക്കെ ഉണ്ടാവലാണ്.
ഇതിഹാസങ്ങലെ സൃഷ്ടിക്കാനാവും. പക്ഷേ പ്രതിഭാസങ്ങള്‍ സ്വയംഭൂവാണ്.
സച്ചിന്‍............
Subscribe to:
Posts (Atom)