പേമാരി പെയ്യുന്ന രാത്രിയില്‍ ഞാന്‍......യെ സ്വപ്നം കണ്ടു. മറ്റ്ഏതു സ്വപ്നത്തെയും പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ഒന്ന്. ...യെ അവസാനമായി കണ്ടുപിരിഞ്ഞിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. സ്വപ്നത്തിലും ആകാശം മഴക്കാറുമൂടിനിന്നു. ലൈബ്രറിയില്‍ നിന്നു മടങ്ങിവരുന്ന ഞാന്‍ കുന്നിറങ്ങി ആദ്യ വളവുതിരിഞ്ഞതുമ് ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവളെന്റെ മുന്പില്‍ പ്രത്യക്ഷപെടുകയായിരുന്നു. ആറുകൊല്ലത്തിനുശേഷവും ...യുടെ മുഖക്കുരു കൂമ്പിനില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയുമ് മാറിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞ് ഒരുമിച്ചു കുന്നിറങ്ങുന്നതിനിടയില്‍ നേരം തെറ്റി വീശിയ ഒരിളംകാറ്റില്‍ സരിയൊന്നുപാളി ...യുടെ ആറേഴുമാസം ഗര്‍ഭംമതിക്കുന്ന വയര്‍ എനിക്കു പ്രത്യക്ഷമായി. അതെപറ്റി എന്തെങ്കിലും ചോദിക്കുംമുന്പ് സ്വപ്നം മുറിഞ്ഞ് നിദ്രയുടെ മറ്റ്ഏതോ ചുഴിക്കുത്തിലേക്ക് ഞാനാണ്ടുപോയി.
രാത്രി മുഴുവന്‍ മഴയായിരുന്നു. രണ്ടുദിവസമായി തുള്ളിവിടാതെപെയ്യുന്ന മഴ. ഓഫീസില്‍നിന്നു മടങ്ങിയെത്തിയ ഞാന്‍ കുളികഴിഞ്ഞ് മഴയെ വകവയ്ക്കാതെ പതിവുകറക്കത്തിനിറങ്ങുകയും കൂട്ടുകാരുമായി പലതും പറഞ്ഞ് കവലയില്‍ ഒന്നൊന്നരമണിക്കൂര്‍ ചിലവഴിക്കുകയും ചെയ്തു. തിരികെ വന്നപോഴേക്കും ആകെ നനഞ്ഞുകുതിര്‍ന്നിരുന്നു. ചൂടുകഞ്ഞിയില്‍ മഴനനഞ്ഞ ക്ഷീണം ആവിയാക്കി വായിച്ചുപകുതിയാക്കിയ പുസ്തകത്തിലേക്കു മുഴുകി രാത്രി വളരുവോളം ഇരുന്നു. ഇടയ്ക്കിടെ വീശിയടിച്ചകാറ്റില്‍ മഴത്തുള്ളികള്‍ മുറിയിലേക്കഠിച്ചുകയറി എന്റെ ശ്രദ്ധയെ പുറത്തെയന്തരീക്ഷത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. മഴയുടെ താളം നുകര്‍ന്നും പുസ്തകത്തിലേക്കു മടങ്ങിയും രാത്രി പിന്നിടുന്നതിനിടയിലെപ്പോഴോ എഴുതാന്‍ പറ്റിയ ചില ആശയങ്ങള്‍ എന്റെ മനസ്സിലും മുളയിട്ടു. വിചിത്രമായ ഭൂപ്രദേശങ്ങളും അമാനുഷകഥാപാത്രങ്ങളും നിറഞ്ഞ നോവല്‍ പോലെയൊന്ന്. പുസ്തകം മടക്കിവച്ച് ഉള്ളിലേക്കിരമ്പിക്കയറുന്ന തോന്നലുകളെ അടുക്കിയും പേര്‍ത്തും ഏറെനേരം ഞാനങ്ങനിരുന്നു. ഒടുക്കം ഉറങ്ങാതിരിക്കുവാനാവില്ലെന്നു തോന്നിയപ്പോള്‍ പുതപ്പിന്റെ ചൂടിലേക്കു ചുരുണ്ടു.പുറത്തെ മഴയുടെ താളപ്പെരുക്കവും എഴുതാന്‍പോകുന്ന നോവലിന്റെ ആശയങ്ങളും ഉറക്കത്തിലേക്കെന്നെ വേഗം പിടിച്ചു താഴ്ത്തി. രാവിലെ ഉണരുമ്പോള്‍ ഒരു സ്വപ്നംമാത്രം രാത്രിയുടെ ഓര്‍മ്മയായി മനസ്സില്‍ പറ്റിപ്പിടിച്ചിരുന്നു. ഞാനതിന്റെ അര്‍ഥമറിയാതെ കുഴങ്ങി. മഴ അപ്പോഴും ശമിച്ചിരുന്നില്ല. ചാറ്റലായും പൊടുന്നനെ തുള്ളിയാര്‍ക്കുന്ന പെയ്ത്തായും അതു പകര്‍ന്നാടിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ കുളിയും പ്രഭാതഭക്ഷണവും നിര്‍വ്വഹിച്ച് റെയില്‍വേ സ്ടേഷനിലെത്തിയപ്പോഴേക്കും വണ്ടിയുടെ വരവ് അറിയിച്ചുകഴിഞ്ഞിരുന്നു.
തീവണ്ടിയില്‍ വളരെ തിരക്കുകുറവായിരുന്നു. ജന്നലോടു ചേര്‍ന്നുള്ള ഒരു സീറ്റ് പിടിച്ച് മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന പുറംകാഴ്ചകളിലേക്കു കണ്ണോടിച്ച് ഞാനാ സ്വപ്നത്തിന്റെ അര്‍ഥതലങ്ങള് ചികയാന്‍ തുടങ്ങി.
...ക്ക് രണ്ടാമതും ഒരു കുട്ടിപിറന്ന വിവരം ഇന്ദു പറഞ്ഞ് അറിഞ്ഞത് ആയിടയ്ക്കായിരുന്നു. സ്വപ്നത്തിനു ത്വരകമായത് ആ വാര്‍ത്തയാവാമെന്ന് ഞാനൂഹിച്ചു. ഒരു പോലീസ് സ്ടേഷന്റെ മതിലുംചാരി മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചുനിന്ന ഒരു അപരാഹ്നം ഞാനോര്‍ത്തുപോയി. എന്നോടൊപ്പം ബുദ്ധിപരമായ ഒരു സഹജീവിതത്തിന് തയ്യാറാണെന്നുമ് കുട്ടികള്‍ പോലും അതിനിടയില് ഉണ്ടാവരുതെന്നുമുള്ള ഒരു നിര്‍ദ്ദേശം … മുന്നോട്ടുവച്ചത് അപ്പോഴാണ്. ഞാനതൊരു തമാശയായി ചിരിച്ചുതള്ളി. അതേ.... രണ്ടുകുട്ടികളുടെ അമ്മയാണിപ്പോള്‍ എന്ന് ഇന്ദുവില്‍ നിന്നുമറിഞ്ഞപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചതുമാണ്.
...പറഞ്ഞിട്ടാണ് അന്ന് ഞാന് അവള്‍ ജോലി ചെയ്യുന്ന ആ ചെറുപട്ടണത്തിലെത്തിയത്.കോളേജില് നിന്നു പിരിഞ്ഞതില്പ്പിന്നെ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെ ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിപ്പോരുന്ന കാലമായിരുന്നു. സൗഹ്ഋദത്തില്‍ക്കവിഞ്ഞൊന്നും ഞങ്ങളുടെ കത്തുകളെ തീണ്ടിയിരുന്നില്ല. ആ പതിവുകത്തുകളിലൊന്നിനെ അവിചാരിതമായി നിറം മാറ്റിയത് ഞാനാണ്. എന്റെ ജീവിതപങ്കാളിയായിരിക്കാന്‍ ഒരുക്കമാണോ എന്ന് ഒരു കത്തില്‍ ഞാന്‍ …..യോട് എഴുതിച്ചോദിച്ചു. ഔപചാരികത ഒട്ടും നഷ്ടപ്പെടാതെയുള്ള ഒരു ചോദ്യം. പ്രണയത്തിന്റെ നേര്‍ത്ത ലാന്ഛനപോലും അതിലുണ്ടായിരുന്നില്ല. പക്വമതിയായ ഒരു പെണ്ണിനെ ജീവിത പങ്കാളിയായി ലഭിക്കണമെന്നുള്ള സങ്കല്പം മനസ്സില്‍ താലോലിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു അക്കാലത്ത് ഞാന്‍. …. യ്ക്ക് വിവാഹാലോചനകള്‍ കൊടുമ്പിരിക്കൊണ്ടുതുടങ്ങിയ വിവരം അവളുടെ കത്തുകളില്‍ നിന്നറിഞതോടെ എന്തുകൊണ്ട് അവളെത്തന്നെ എന്റെ ജീവിതപങ്കാളിയാക്കിക്കൂട്ടാ എന്ന ചിന്ത മനസ്സിലുദിച്ചു.എങ്കിലും ആ ചോദ്യം ചോദിക്കാന്‍ ഞാനേറെ തയ്യാറെടുക്കേണ്ടി വന്നു. അങ്ങനെയൊരു ചോദ്യം ….ല്‍ ഉണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കുഹിക്കുവാന് കഴിയുമായിരുന്നില്ല. അത്തരമൊരു ചോദ്യം ഒരുപക്ഷേ ഞങ്ങളുടെ സൗഹ്ഋദംതന്നെ ശിഥിലമാക്കിയേക്കാമെന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തി. പലതവണ മനസ്സില്‍ ഉരുവപ്പെടുത്തിയ ശേഷം ഞാനാക്കത്തയക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടുംകല്പ്പിച്ച് ആ കത്തെഴുതി അയച്ചശേഷം ആധിയോഠെ ഞാന്‍ മറുപടിയുംകാത്തിരുന്നു. ചിലപ്പോള്‍ ഇനിയൊരിക്കലും ഒരു മറുപടിയുണ്ടാവില്ലെന്നുപോലും എനിക്കു തോന്നി.
എന്റെ ഭയം അസ്ഥാനത്തായിരുന്നു. ക്ഋത്യസമയത്തുതന്നെ ...യുടെ മറുപടി വന്നു. എനിക്കനുകൂലമായി ഒന്നും തന്നെ അവള് പറഞ്ഞില്ലെങ്കിലും പ്രതികൂലമായ ഒന്നും പറഞ്ഞിട്ടില്ല എന്നത് എനിക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ വന്ന അപ്രതീക്ഷിതമായ ഒരു കത്തില്‍ അത്തരമൊരു ബന്ധത്തെക്കുറിച്ച് എന്തുകൊണ്ട് കാര്യമായി ആലോചിച്ചുകൂടാ എന്നവള്‍ ചോദിച്ചു. തുടര്‍ന്ന് ഞങ്ങളുടെ കത്തുകളുടെ ഇടവേള ചുരുങ്ങി. ചിലതിലവള് അത്തരമൊരു ബന്ധത്തെ അനുകൂലിച്ചു. തൊട്ടടുത്തതില്‍ ആ ബന്ധത്തിന്റെ ഭാവി ശുഭകരമാവില്ല എന്നാശങ്കപ്പെട്ടു. ഒരുതവണ അവളെന്നെത്തേടി ഓഫീസില് വരികയും ചെയ്തു. പലതവണ എന്നെ അവളുടെ ജോലിസ്ഥലത്തേക്കു ക്ഷണിച്ചു. ഓരോ കൂടിക്കാഴ്ചയിലും ഞങ്ങളൊരുമിച്ചുള്ള ഒരു ജീവിതത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ലക്ഷ്യമില്ലാതെ ചര്‍ച്ച ചെയ്ത് ഞങ്ങള്‍ സമയംകൊന്നു.
പ്രണയിക്കാന്‍ ആരും തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചാവേദികള്‍. ആ ചെറുപട്ടണത്തിലെ പോലീസ്സ്ടേഷന്റെ മതില്‍ ചാരി നിന്ന് ഒരുച്ച മുഴുവന്‍ ഞങ്ങള്‍ ആശങ്കകള്‍ പങ്കിട്ടു. അവിടുത്തെ ആളൊഴിഞ്ഞ റെയില്‍വേ പ്ലാറ്റ്ഫോമില്‍ അന്തിയിരുളുവോളം മറ്റൊരിക്കല്‍ അര്‍ഥമില്ലാതെ സംസാരിച്ചും പരസ്പരം നോവിച്ചും ഞങ്ങള്‍ ചിലവഴിച്ചു. അവസാനത്തെത്തവണ അവള്‍ ജോലിചെയ്യുന്ന സ്കൂളിന്റെ മുന്പിലെ ചെറുപ്പം വിടാത്ത ആല്‍മരത്തിന്റെ ചുവട്ടില്‍ ചാറ്റമഴകണ്ട് ഒരുകുടക്കീഴില്‍ ഏറെനേരം ഒന്നും പറയാതെ നിന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞുമടങ്ങിയ ഞാന്‍ നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ പാതിരാ ആയിരുന്നു. തെളിഞ്ഞനിലാവത്ത് വീട്ടിലേക്കു നടക്കുമ്പോള്‍ അന്നത്തെ കൂടിക്കാഴ്ച ഞങ്ങളൊരുമിച്ചുള്ള ജീവിതത്തിലേക്ക് വാതില്‍ തുറന്നതായി മനസ്സിലുറപ്പിച്ചിരുന്നു. വീട്ടിലെത്തിയാലുടന്‍ ഏറ്റവും മധുരമായ വാക്കുകള്‍ നിറച്ച് അവള്‍ക്കാദ്യത്തെ പ്രേമലേഖനമെഴുതണമെന്ന് ഞാന്‍ തീരുമാനിച്ചു. വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് എഴുതാനിരുന്ന എന്റെ വിരലുകള്‍ ഒരക്ഷരംപോലും വരയാനാവാതെ തരിച്ചുനിന്നു.
താമസിയാതെ ഇരുവരുംചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം അസാധ്യമാണെന്ന് തീരുമാനത്തിലെത്തി. നല്ല സുഹ്ഋത്തുക്കളായി ഞങ്ങള്‍ പിരിഞ്ഞു. അന്നത്തെ അറുപത്തിനാലുകത്തുകള്‍ ….യുടെ വിവാഹരാത്രിയില്‍ ഞാന്‍ തീയിലിട്ടു.
പിന്നെ ഞാനവളുടെ വാര്‍ത്തയറിയുന്നത് ഇന്ദുവില്‍ നിന്നുമാണ്.
തീവണ്ടി എനിക്കെത്തേണ്ട സ്ഥലത്തെത്തിയപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ നിന്നു മുക്തനായിരുന്നില്ല. വണ്ടിയിറങ്ങി ഓഫീസിലേക്കുള്ള ബസ് പിടിക്കാന്‍ തിടുക്കപ്പെട്ടുനടക്കുന്നതിനിടയില്‍ പ്ലാറ്റ്ഫോമിന്റെ മൂലയില്‍ കീറച്ചാക്കുപുതച്ച് പതംപറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനായ ഭ്രാന്തന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റുള്ളവരുടെനോട്ടമോ പറച്ചിലോ അയാളെ അലട്ടുന്നില്ല. ഭ്രാന്തിനു മാത്രം നല്കാനാവുന്ന സ്വാതന്ത്ര്യത്താല്‍ പരിരക്ഷിക്കപ്പെട്ട് അയാളിരിക്കുകയാണ്. എനിക്കസൂയ തോന്നി. ജോലിക്കും പദവിക്കും നിരക്കുന്ന രീതിയില്‍ പെരുമാറുവാന്‍ മാത്രം മിക്കവരും ബാധ്യസ്ഥരാവുമ്പോള്‍ ചിലര്‍മാത്രം ഭ്രാന്തിന്റെയോ അതുപോലുള്ള ഏതെങ്കിലുമൊരവസ്ഥയുഠെയോ ബലത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നു. ഏതു തിരക്കിലും കീറച്ചാക്കു പുതച്ചോ ഒന്നുംതന്നെയുടുക്കാതോ നടക്കുവാന്‍ അവര്ക്കുകഴിയുന്നു. സ്വപ്നവുമ് അതുപോലെയാണ്. അവിടെ വിലക്കുകളില്ല. ഇഷ്ടമുള്ള വേഷം ധരിക്കുവാനും ഇഷ്ട്ടമുള്ള രീതിയില്‍ ഏതുലോകത്തും സഞ്ചരിക്കുവാനും സ്വപ്നം ആര്‍ക്കും സ്വാതന്ത്ര്യം നല്കുന്നു. അവിടെ സമയവും സഹചര്യവും കണക്കിലാക്കാതെ …. എനിക്കുപ്രത്യക്ഷയാവുന്നു. ഏതു ദരിദ്രനും സ്വപ്നത്തില്‍ ലോകത്തിലെ ഏറ്റവുമ് വിലപിടിപ്പുള്ള ഹോട്ടലില്‍ ജൂലിയാ റോബെര്‍ട്സിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഒരു താരത്തിനൊപ്പം ഒരു സായന്തനം മുഴുവന്‍ സംസാരിച്ചിരിക്കാം.
ജൂലിയാറോബെര്‍ട്സിന്റെ സിനിമകള്‍ ഞാനാദ്യമായിക്കാണുന്നത് ….യെ പിരിഞ്ഞ് ഏറെക്കാലത്തിനു ശേഷമാണ്. അവരുടെ ചുണ്ടുകള്‍ എന്നെ …...യെ ഓര്‍മ്മിപ്പിക്കാറുണ്ട്.
No comments:
Post a Comment