Monday, October 18, 2010

മുറുക്കാന്‍ പുരാണം

ഇന്നലെ കവിയൂരില്‍നിന്നും കടയനിക്കാട്ടിലേക്കുള്ള യാത്രാമധ്യേ എപ്പോഴോ ഡ്രൈവിങ്ങിന്റെ മടുപ്പുമാറ്റാന്‍ ഒന്നു മുറുക്കിയേക്കാമെന്നു തോന്നി. രണ്ടു സന്തതികളും മുറുക്കാന്‍ വിരുദ്ധരായി മാറിയിരിക്കുന്നതിനാല്‍ ഇപ്പോളതത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് നെടുംകുന്നത്തുള്ള പ്രസിദ്ധമായ മുറുക്കാന്‍കടയുടെമുമ്പില്‍ വണ്ടി നിര്‍ത്തിയിട്ട് വേഗം പുറത്തിറങ്ങുന്നതിനിടയില്‍ പറഞ്ഞു, ഞാനൊന്നു മുറുക്കാന്‍പോവാ!

അപ്പോഴല്ലേ കാണുന്നത്, കടയുടെമുന്പിലെ ഉത്സവത്തിരക്ക്!

എന്റെ മുറുക്കാന്‍ ശീലത്തിന്റെ ചരിത്രം ഇത്തരുണത്തിലൊന്ന് അയവിറക്കിയേ മതിയാവൂ.

ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ മധ്യത്തില്‍ ഡിഗ്രിക്കു പഠിക്കുംപോളാണ് ഞാന് മുറുക്കു തുടങ്ങുന്നത്. സിഗരറ്റിനുള്ള വിലക്ക് മുറുക്കാനില്ല എന്നതുതന്നെയായിരുന്നു ഈ ശീലം തിരഞ്ഞെടുക്കാന്‍ കാരണം. ഞാലീക്കണ്ടത്തില്‍ വൈകുന്നേരത്ത് കൂട്ടുകാരുമൊത്തു ചിലവഴിക്കുന്ന ശീലവും തുടങ്ങിയകാലം. അന്ന് ഞാലീക്കണ്ടത്തിന്റെ മുഖച്ഛായതന്നെ വ്യത്യസ്തമായിരുന്നു. മഴക്കാലമായാല്‍ അമ്പലത്തിന്റെ പറമ്പാകെ വെള്ളം കെട്ടിക്കിടക്കും. അമ്പലപ്പറമ്പിലോ അതിന്റെ പടിഞ്ഞാറുമാറിയുള്ള പുല്ലുനിറഞ്ഞ മൈതാനത്തോ ആണ് ഞങ്ങളുടെ ഇരിപ്പ്. പലതുമ് പറഞങ്ങനെ ഇരിക്കുന്നതിനിടയില് ഒരുതവണ മുറുക്കും. അതിനുള്ള പണമേ കാണുകയുള്ളു പലപ്പോഴും. റോഡിനു പഠിഞ്ഞാറു വശത്തുള്ള ദാമോദരന്‍പിള്ളച്ചേട്ടന്റെ കടയില്‍ മുറുക്കാന് അന്ന് ഇരുപത്തിയഞ്ചു പൈസയാണു വില. ആദ്യമൊക്കെ പുകയില ഇല്ലതെയായിരുന്നു സംഭവം. പിന്നെപ്പിന്നെ പുകയില ഉപയോഗിക്കുവാന്‍ തുടങ്ങി. പുകയില കൂട്ടി മൂത്തവരുടെ മുന്‍പില്‍ നിന്നു മുറുക്കി എന്നൊക്കെപ്പറഞ്ഞ് ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്നതൊരു സത്യം. എങ്കിലും ആ ശീലമങ്ങ് വേരുപിടിച്ചു.

നല്ല മുറുക്കാന്‍ തേടി ചിലപ്പോഴെങ്കിലും അലയാന്‍ തോന്നും അതു ജീവിതത്തിന്റെ ഭാഗമായി. ഇടയ്ക്കൊക്കെ അതില്‍നിന്നും വിട്ടുനില്ക്കുമ്പോള്‍ നാവില്‍ ഭക്ഷണത്തിന്റെ രുചികള്‍ ആദ്യം രുചികള്‍ മനസ്സിലാക്കിത്തുടങ്ങിയകാലത്തേതുപോലെ പുതുമനിറഞ്ഞതാവുന്നതും ഒരനുഭവമായി.

മുറുക്കാന്‍ ഒരു ശീലമെന്ന നിലയില്‍ ഞാനതു തുടങ്ങുന്ന കാലത്ത് വെറുമൊരു പഴഞ്ചന്‍ ആയിരുന്നു. ഇന്നിപ്പോള്‍ മുറുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം അന്നത്തേതിലും ഏറെയാണെന്നു തോന്നുന്നു. മുറുക്കാന്റെ വിലയും പത്തുമടങ്ങിലും അധികമായി.

നെടുംകുന്നത്തുള്ള ലോകത്തെ ഏറ്റവും തിരക്കേറിയ മുറുക്കാന്‍കടയുടെ മുന്‍പില്‍ കാത്തുനില്ക്കുന്നവരില്‍ ഏറിയപങ്കും ചെറുപ്പക്കാര്‍ തന്നെ.

വല്ലപ്പോഴുമ് യാത്രയ്ക്കിടെ അവിടെ വണ്ടിനിര്‍ത്തി മുറുക്കുമ്പോഴൊക്കെ കാണാറുള്ളതുപോലെ കടക്കാരന്റെ വായില്‍ നിറയെ മുറുക്കാനുണ്ട്. അതും മുറുക്കുന്നവര്‍ക്കിടയിലെ ഒരു പൊതുജ്ഞാനമാണ്. മുറുക്കുശീലമുള്ളവര്‍ എടുക്കുന്ന മുറുക്കാന് ഗുണം കൂടും. ചേരുവകള്‍ അവര്‍ക്ക് കൂടുതല്‍ വഴങ്ങുമെന്നതുതെന്നെ കാരണം. മുറുക്കാന്‍ ദിവ്യമായ ഒരനുഷ്ഠാനമാണല്ലോ!

ഒരനുഷ്ഠാനത്തിന്റെ തീവ്രശ്രദ്ധയോടെ ഗ്രാമ്പൂവും ഏലക്കയും പെരുംജീരകവും മേമ്പൊടിചേര്‍ത്ത മുറുക്കാന്‍ എനിക്കും ലഭിച്ചു, ലോകത്തെ ഏറ്റവും തിരക്കേറിയ ആമുറുക്കാന്‍കടയില്‍നിന്നും.

No comments: