എപ്പോഴാണ് സംസാരം കുട്ടിക്കാലത്തേക്ക് വഴിതിരിഞ്ഞുപോയതെന്നറിയില്ല, ഞാൻ കേൾക്കുമ്പോൾ നാൽവരും അതിന്റെ ലഹരിയിലായിരുന്നു. ലുക്മാൻ, ബിന്ദു, മായ, അജയ- അവർ മാവിൻചോട്ടിലെ മധ്യവേനൽ ബഹളങ്ങളിലേക്കും ആഞ്ഞിലിക്കുരുകൊണ്ട് അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ മാധുര്യത്തിലേക്കും അതെല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ മക്കളെക്കുറിച്ചും ഒക്കെ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഞാനും രമേശും കേട്ടിരുന്നു. രമേശ് വണ്ടിയോടിക്കുന്നതിന് ഞാൻ കൂട്ടിരുന്നു. എന്തുകൊണ്ടോ പിന്നിലത്തെ സംസാരത്തിന്റെ ലഹരിയിലേക്ക് ഞങ്ങളുടെ വാക്കുകൾ എറിഞ്ഞുകൊടുക്കാനായില്ല.
എല്ലാവർക്കുമുണ്ട് കുട്ടിക്കാലത്തിന്റെ മാധുര്യമാർന്ന ഇതുപോലുള്ള ഓർമ്മകൾ. ഇതിൽപ്പലതും പിന്തലമുറയിൽ വരുന്നവർക്ക് അന്യമായിപ്പോയിട്ടുമുണ്ട്. അതുകൊണ്ട് ഒരു തലമുറയുടെയും കുട്ടിക്കാലം പ്രകാശമില്ലാതായിപ്പോകുന്നില്ല( കുട്ടിക്കാലം ദുരിതങ്ങളുടെ ചവറ്റുകൂനയിൽ തള്ളിനീക്കാൻ വിധിക്കപ്പെടുന്നവരെ മറന്നുകൊണ്ടല്ല ഇപ്പറയുന്നത്. ആർക്കറിയാം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലും സന്തോഷത്തിന്റെമുഹൂർത്തങ്ങളുണ്ടാവുന്നില്ലേ എന്ന്! ഉണ്ടാവണം. കോടീശ്വരനുംസാധാരണമനുഷ്യസങ്കടങ്ങളുടെ കണ്ണീർ ഒഴുക്കേണ്ടി വരുന്നില്ലേ. പിച്ചക്കാരന്റെ ചിരിയിലും ചിലപ്പോൾ ആത്മാർത്ഥമായ സന്തോഷം തുടിക്കുന്നില്ലേ? മനുഷ്യൻ പലവിധം. ലോകജീവിതം പലവിധം. സംസാരസാഗരത്തിന്റെ തിരയിളക്കങ്ങൾ..)
ഓരോ കാലത്തിനും ഓരോ താലമുണ്ട്. ഓരോ തലമുറയ്ക്കും ഓരോ ലഹരികളുണ്ട്. ഓർമ്മയിലേക്ക് കുറിച്ചു വയ്ക്കാൻ ഓരോ മയിൽപ്പീലിത്തുണ്ടുകൾ ഏവർക്കും കാണും.
സംസാരം നീണ്ടു നീണ്ടു പോയി. വണ്ടി മലയോരത്തേക്കു നീളുന്ന ഹൈവേയിലൂടെ കുതിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിപ്പോവുകയായിരുന്നു.
സംസാരം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.
No comments:
Post a Comment