പാതിരാത്രിയില്‍
ആ തിളക്കം ഒന്നമ്പരപ്പിക്കാതിരുന്നില്ല
ജനലിലൂടെ
കണ്ടപ്പോള്‍
എന്താണെന്നൊരെത്തും
പിടിയും കിട്ടിയില്ല
വാതില്‍
തുറന്നു പുറത്തിറങ്ങുമ്പോളൊട്ടു
കാണാനുമായില്ല
രാവിലെ
ജന്നലിലൂടെയും
മുറ്റത്തുനിന്നും
സംഭവസ്ഥലം
വിശദമായി പരിശോധിച്ചപ്പോള്‍
കിഴക്കേ
വീടിന്റെ ടെറസില്‍നിന്നാവാനേ
വഴിയുള്ളു ആ പ്രകാശമെന്ന്
ഉറപ്പായി.
അത്
അലൗകികമായ ഒന്നാണെന്നു
തോന്നിയതേയില്ല
എങ്കിലും
ഒറ്റയ്ക്കിരിക്കുന്ന
രാത്രി
ആളൊഴിഞ്ഞ
കിഴക്കേ വീട്
(പറമ്പില്‍
പണിചെയ്യുമായിരുന്ന ചെറുക്കച്ചന്‍ പറഞ്ഞ കഥയില്‍
ആ വീട്ടില്‍
അരൂപിയായ
ഒരു വലിയ കാരണവരുടെ
മെതിയടിയൊച്ച കേള്‍ക്കാം
ചില രാത്രികളില്‍)
മെല്ലെ
മെല്ലെ ആ വെളിച്ചം പച്ച നീലയായും
പിന്നെ മങ്ങി മങ്ങിയിരുണ്ടും
അലിഞ്ഞു
പോയത്
ഒക്കെ
നിലാവിന്റെ
മായാജാലമായിരുന്നു അതെന്ന
യുക്തി
അപ്പോളും
കൈവെടിഞ്ഞിരുന്നില്ല.
വാതില്‍
തുറന്നു പുറത്തൊന്നിറങ്ങി
നോക്കാന്‍ ധൈര്യം വന്നതും
ആ
യുക്തിവിടാതിരുന്നതു
കൊണ്ടാണല്ലോ.
നിലാവിന്
അങ്ങനെ
ഒത്തിരി ചതികളറിയാം
പലതിനെയും
പെരുപ്പിച്ചു കാട്ടുവാനും
ചിലതിനെയൊക്കെയൊളിച്ചുവയ്ക്കുവാനും
നിശ്ചലതകളെ
ചലനങ്ങളാക്കുവാനും
മണ്ണിനെയും
വിണ്ണിനെയും ഭ്രമങ്ങളാക്കുവാനുമൊക്കെ
നിലാവിനു
കഴിയും
കള്ളനു
വഴികാട്ടുന്നതും
ജാരനെ
ഗന്ധര്‍വനാക്കുന്നതും
അതിന്റെ
കുസൃതിമാത്രം
ഗന്ധങ്ങള്‍ക്കു
മാദകകതയും
കുളിരിനു
ദിവ്യപരിവേഷവും നല്കും നിലാവ്
വെറുമൊരു
മനുഷ്യനെപ്പോലും
അമാനുഷശരീരിയാക്കുവാനും
പ്രപഞ്ചത്തെ
മുഴുവന്‍ പടച്ചവനെ ക്കൊണ്ട്
ഈ
നിലാവിന്റെ ഇതളുകള്‍ നിന്റെ
മുടിയില്‍ ഞാന്‍ ചൂടിക്കട്ടേയെന്ന്
ലൗകികനായ
കാമുകനാക്കുവാനും
നിലാവിനേ
കഴിയൂ.
അതുകൊണ്ടു
തന്നെ നിലാവിനെ
വിശ്വസിക്കരുത്.
ജന്നലിലൂടെ
കണ്ട പ്രകാശത്തിന്റെ
പച്ചപ്പും
തിളക്കവും
ഓര്‍ക്കുന്നുണ്ടിപ്പോഴും
ഒഴുകിനടക്കുന്നതുപോലെതോന്നി
അത്
അന്തരീക്ഷത്തില്‍
ജന്നലിലൂടെ
നോക്കുമ്പോള്‍ കാണാം
അല്പം
പിന്നിലേക്കോ
ഇടത്തേക്കോ
വലത്തേക്കോ
നീങ്ങിനിന്നാല്‍
കാണാനുമാവില്ല.
നിലാവിന്റെ
ചില ഭ്രമങ്ങളേ!
നിലാവിലെ
പലകാഴ്ചകളും ഇങ്ങനെയാണ്...
നിറങ്ങളെയും'
നിഴലുകളെയും
കുട്ടിക്ക്കുഴച്ചുകളയും
ചിത്രം കടപ്പാട്: വിക്കിപെയിന്റിംഗ്സ്. ജോസഫ് റൈറ്റിന്റെ നിലാവത്ത് ഡോവ്സ് ഡേല്‍(1785)
No comments:
Post a Comment