ചെറുപത്തിലേതന്നെ ഒരു സഞ്ചാരിയാവാനുള്ള മോഹം മനസ്സില്‍ കരുപ്പിടിച്ചതാണ്. ഏഴാം ക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകമായിരുന്ന അക്ഷയദീപത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ വരഞ്ഞിട്ട സഞ്ചാരിയുടെ ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഊരുചുറ്റല്‍ ജോലി കിട്ടുന്ന കാലം വരെയും ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എങ്കിലും ചെയ്യുന്ന യാത്രകളെല്ലാം ലോകസഞ്ചാരങ്ങളായും കാണുന്ന കാഴ്ചകളെല്ലാം കൗതുകങ്ങളായും മനസ്സിലുറപ്പിക്കാനുള്ള ഒരു പ്രവണത വളര്‍ന്നു വന്നു.
യാത്ര തുടങ്ങിയപ്പോഴോ, ഭ്രാന്തു പിടിച്ച യാത്രകള്‍. എവിടെയെന്നോ എന്തിനെന്നോ തിരക്കാതെ ഇറങ്ങിപ്പുറപ്പെടുക, യൗവനത്തിന്റെ ആഘോഷമായി മല കയറുക, എന്നിങ്ങനെ.
ഊരുചുറ്റും മുന്‍പുതന്നെ സ്വന്തം ഊരിനെ അറിയാന്‍ ശ്രമിച്ചു തുടങ്ങി.
ആയിരത്താണ്ടിന്റെ പഴമയുടെ അടയാളങ്ങള്‍ പേറിനില്‍ക്കുന്ന മഹാക്ഷേത്രത്തില്‍ തുടങ്ങി അന്വേഷണം.
എവിടെയോ ആ ക്ഷേത്രത്തിന്റെ ചരിത്രവും വഴിമുട്ടിയിട്ടുണ്ട് എന്ന ഒരു തിരിച്ചറിവോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. അന്നു ജീവിച്ചിരുന്ന ക്ഷേത്രകാര്യങ്ങള്‍ അറിയാവുന്ന പലരെയും കണ്ടു സംസാരിക്കാനായി. പത്തില്ലതില്‍പോറ്റിമാരില്‍പ്പെട്ട വേങ്ങശ്ശേരില്‍ കുമാരകൃഷ്ണന്‍ പോറ്റിയായിരുന്നു ഏറ്റവും വിലപ്പെട്ട വിവരങ്ങള്‍ തന്നത്. അന്നു തുടങ്ങിയ അന്വേഷണം ഒരിക്കലും അവസാനിപ്പിച്ചില്ല. കിട്ടിയ വിവരങ്ങള്‍ വച്ച് ഒരു കൈപ്പുസ്തകം ഇറക്കിയത് രണ്ടായിരത്തി രണ്ടില്‍.
ഏതായാലും ഊരിന്റെ, കവിയൂരിന്റെ വിളി എന്നെ വിടാതെ പിന്തുടരുന്നു. ഹിമാലയത്തിലെ തുംഗനാഥ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ജലപുഷ്പങ്ങളര്‍ച്ചിച്ചപ്പോള്‍ ഞാന്‍ തോട്ടറിഞ്ഞത് എന്റെ തൃക്കവിയൂരപ്പനെയാണ്
No comments:
Post a Comment