Sunday, June 14, 2015

പുല്പടർപ്പിനടിയിലെ പുരാതനനഗരങ്ങൾ

അപ്പമുണ്ടാക്കാനുള്ള വഴനയിലകൾ അന്വേഷിച്ചുള്ള യാത്ര ചെന്നെത്തിയത് പഴയ കളിസങ്കേതത്തിൽ. അമ്മാവന്റെ പറമ്പിന്റെ വടക്കു പടിഞ്ഞാറു മൂലയിലുള്ള ഉണ്ടപ്പാറയും പരിസരങ്ങളും. അതിനപ്പുറത്ത് വടക്കേതിലെ മരപ്പടർപ്പുകൾക്കിടയിൽ വീണ്ടുമുണ്ടായിരുന്നു ഉണ്ടപ്പാറകൾ.


അവിടെയായിരുന്നു ഞങ്ങളുടെ, എന്റെയും വടക്കേതിലെ മുരുകൻ എന്ന് വിളിപ്പേരുള്ള രാജേഷിന്റെയും ഗൂഢ താവളം. എന്റെ വീട്ടിലെ ചെറുപൈതങ്ങൾ ഇവിടേയ്ക്ക് പ്രവേശനത്തിനർഹരായിരുന്നില്ല. ഞാനും മുരുകനും ആ പാറക്കെട്ടുകൾക്കും അതിനിടയിലെ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലെ രഹസ്യ ലോകത്തിന്റെ ഇരുളിൽ സാഹസികമായ പലകളികളിലൂം ഏർപ്പെട്ടു. എന്റെ പ്രിയഎഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് ആര്യിരുന്നു. മുരുകന്റേത് ദുർഗാ പ്രസാദ് ഖത്രിയും. കവിയൂർ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും മത്സരിച്ച് ഡിറ്റക്ടീവ് നോവലുകൾ എടുത്ത് വായിക്കുകയും അവയെ അനുകരിച്ച് കഥകൾ എഴുതുകയും ചെയ്തിരുന്ന ഞങ്ങൾ ഇരുവരും കഥകൾ പങ്കിട്ടിരുന്നത് ഈ ഗൂഢസങ്കേതത്തിൽ വച്ചായിരുന്നു.
വലിയ കളിക്കൂട്ടുകൾ കുറവായിരുന്നതിനാൽ ഞങ്ങളുടെ ഈ സമാഗമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള മുരുകൻ പത്താം ക്ലാസ് എത്തുന്നതുവരെയും ഇത് തുടർന്നു. പത്താം ക്ലാസ്സിലെത്തിയതോടെ മുരുകന്റെ സൗഹൃദവലയങ്ങൾ അല്പംകൂടി വിശാലമായി തുടങ്ങിയതോടെ ഞങ്ങളുടെ ഈ കാനനസമാഗമങ്ങൾക്കിടയിലെ ഇടവേളകൾ വർദ്ധിച്ചു.  രണ്ടു പറമ്പപ്പു റത്ത് കെട്ടുപന്തുകൊണ്ട് ഫുട്ബാൾ കളിയ്ക്കുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ പോകുമായിരുന്നെങ്കിലും ഞാനെന്റെ പഴയ വിഹാരകേന്ദ്രങ്ങളില്ലും ഇളയകുട്ടികളുടെ ഒപ്പവുമൊക്കെ കൂടുതൽ സമയം ചിലവഴിയ്ക്കേണ്ടി വന്നു. ഒറ്റയ്ക്ക് പറമ്പിന്റെ വ്യത്യസ്തതകളിലൂടെ അലയലായിരുന്നു എങ്കിലും പ്രധാനപരിപാടി. അത് ഉയര്ന്ന ക്ലാസ്സുകളിലേയ്ക്ക് പോയപ്പോഴും തുടർന്നു. എം എയ്ക്ക് പഠിയ്ക്കുന്ന കാലത്തൊക്കെ വായന കൂടുതലും പറമ്പിൽ ഏതെങ്കിലും മരത്തിന്റെ ചുവ ടടിലോ ചില്ലയിലോ ഒക്കെയായിരുന്നു.
അഞ്ചിലോ ആറിലോ പഠിയ്ക്കുന്ന സമയത്താണ് ഞാൻ മണ്ണപുരം കണ്ടുപിടിച്ചത്. അത് അന്ന് എന്റെ സങ്കല്പത്തിൽ ഉദിച്ചുവന്ന ഒരു സ്ഥലമായിരുന്നു. അതിന്റെ സ്ഥല പരിധികളെക്കുറിച്ചൊന്നും അത്ര നിഷ്ഠയില്ലായിരുന്നു അന്നെന്നു തോന്നുന്നു. മെല്ലെമെല്ലെ രാജ്യങ്ങളെക്കുറിച്ചും അതിർത്തികളെക്കുറിച്ചുമൊക്കെ പഠിച്ചു തുടങ്ങിയതോടെ അത് ഒരു രാജ്യമായി രൂപം പ്രാപിച്ചു. ഞങ്ങളുടെ പറമ്പിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു രാജ്യം. അതിൽത്തന്നെ വടക്കേ മണ്ണപുരം (അമ്മാവന്റെ പറമ്പ് ), തെക്കേ മണ്ണപുരം എന്നിങ്ങനെ രണ്ടൂ പ്രവിശ്യകളും ഉണ്ടായി. മിക്കുടി, തൈക്കാട് എന്നിങ്ങനെ കുറെ സ്ഥലങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. റബ്ബർക്കുന്ന്, കുറ്റിക്കാട്( മുരുകന്റെ പറമ്പ്), മറ്റൊരു കൂട്ടുകാരനായ ഹരിയുടെ സ്ഥലമായ പേരുപുറം , ഇലഞ്ഞിക്കുന്ന് എന്നിങ്ങനെ കുറെ അയൽരാജ്യങ്ങളും ഞാൻ അടയാളപ്പെടുത്തി. സോവിയറ്റ് യൂണിയൻ പോലുള്ള പ്രസിദ്ധീകരണങ്ങൾ സ്ഥിരം കാണാറുണ്ടായിരുന്നതിനാലും , ഇന്ദിരായുഗത്തിന്റെ ലോക വീക്ഷണം എങ്ങനെയൊക്കെയോ  സ്വാധീനിച്ചതുകൊണ്ടും മണ്ണപുരം എന്ന വൻശക്തിയും അയൽ രാജ്യമായ റബ്ബർക്കുന്ന് എന്ന വൻശക്തിയും തമ്മിലുള്ള മത്സരത്തിന്റെയും കലഹത്തിന്റെയും ഒരു അന്തരീക്ഷമാണ് ഞാൻ സൃഷ്ടിച്ചെടുത്തിരുന്നതെന്നോർക്കുന്നു. 1971 ലെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ കഥകൾ അന്ന്  സ്കൂളിൽ പല അവസരങ്ങളിലും പൊന്തിവരുമായിരുന്നു.  ആരുടെയെങ്കിലും നിക്കറിന്റെ മൂടുകീറിയതായി കണ്ടാൽ 'പാക്കിസ്ഥാൻ ബോമ്പിട്ടേ..' എന്നായിരുന്നു കളിയാക്കുക. പാക്കിസ്ഥാനെ സഹായിക്കാനായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ റഷ്യയുടെ കപ്പൽസാന്നിദ്ധ്യം ഇന്ത്യയെ തുണച്ചുവെന്നതിനാൽ ആ വലിയ സുഹൃത്തിന് അന്നത്തെ സ്കൂൾകുട്ടികളായ ഞങ്ങളുടെ ഇടയിൽ ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു എന്ന് തോന്നുന്നു. ഏതായാലും എന്റെ മണ്ണപുരത്തിന്റെ സൈനിക ക്കരുത്തിന് മാതൃക റഷ്യയായിരുന്നു.
അന്ന് കുട്ടിയായിരുന്നെങ്കിലും പറമ്പിൽ സ്വൈരമായും ഒരു വിധം ധൈര്യമായും പകൽ മുഴുവൻ കറങ്ങി നടക്കാമായിരുന്നു. കൃഷി യുണ്ടായിരുന്നതിനാൽ പറമ്പ് തെളിഞ്ഞ് കിടന്നു. തെക്കുവശത്തെ പാലച്ചുവടും വടക്കുവശത്തെ ഉണ്ടപ്പാറയും അടക്കം എല്ലായിട്ടത്തും ആ തെളിച്ചമായിരുന്നു വാണത്. പടിഞ്ഞാറുവശത്ത് പുലിയിരിക്കൻപാറ അത്യന്തം സജീവമായ ഒരു പാറമടയായിരുന്നു എന്ന് മാത്രമല്ല അങ്ങോട്ടു വണ്ടികൾ പോകുന്നത് ഞങ്ങളുടെ പറമ്പിന്റെ ഓരത്തു കൂടിയുമായിരുന്നു. പാറമടയിൽ എപ്പോഴും വണ്ടികളും ആളുകളും ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ തോട്ടാ കത്തിയ്ക്കുന്നതിനു മുന്നോടിയായി 'വെടിയേ............' എന്ന കൂവൽ ഉയരുമ്പോൾ ശ്രദ്ധിച്ച് അകന്നു പോവണമെന്ന് മാത്രമേഉള്ളു. ഇപ്പോൾ പാറയിരുന്നിടത്ത് നോക്കിയാൽ തലചുറ്റുന്ന ഗർത്തവും അതിലെ വിശാലമായ നീലത്തടാകവുമാണ്.  പറമ്പിലൂടെ നടക്കുമ്പോൾ പലസ്ഥലങ്ങളും കാണുമ്പോൾ ത്തന്നെ ഭയം തോന്നും. ആകെ കാടാണ് . മുന്പ് പരിചയിച്ചിട്ടില്ലാത്ത ഒരുതരം ഈർപ്പവും വർഷത്തിലെല്ലായപ്പോഴും കാണപ്പെടുന്നു. വളരെ ശ്രദ്ധിച്ച് ഓരോ ചുവടും വച്ച് പറമ്പിലൂടെ നടക്കുമ്പോൾ അറിയാം താഴത്തെ പുല്പടർപ്പിനടിയിൽ എന്റെ കുട്ടിക്കാലത്തിന്റെ പുരാതനനഗരങ്ങൾ പൂഴ്നു കിടപ്പുണ്ടെന്ന്. അന്ന് അവിടെ അധിവസിച്ചിരുന്നതായി ഞാൻ സങ്കലിച്ചിരുന്ന ജനതയുടെ പിന്മുറക്കാർ ഇപ്പോഴും അവിടത്തെ സജീവമാക്കുന്നുണ്ടോ ആവോ!

Saturday, June 06, 2015

മലത്തിൽ പുളയ്ക്കുന്നവരുടെ കാലം

രാവിലെ പോകാനായി സ്കൂട്ടർ എടുക്കാൻ തുടങ്ങുമ്പോൾ താഴെ ഗേറ്റിനരികിൽ നിന്ന്  രണ്ടു ചെറുപ്പക്കാരെയും വഹിച്ച് ഒരു സ്കൂൂട്ടർ വേഗംവച്ച് വടക്കോട്ട് പോകുന്നതു കണ്ടു. ആരാണാ  കുട്ടികൾ എന്ന് തിരിച്ചറിയാനായില്ല എന്ന് മാത്രം. ഗേറ്റു തുറക്കാനായി താഴേയ്ക്കു പോയ ഭാര്യ 'അയ്യോ അവന്മാര് വേസ്റ്റ് വഴിയിലെറിഞിട്ടാണല്ലോ പോയത്, എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു' എന്ന് പറഞ്ഞു. ഗേറ്റു തുറന്നപ്പോൾ തെക്കോട്ട് പോകുന്നതിനു പകരം അവന്മാരെ പിന്തുടർന്ന് വടക്കോട്ടു കുതിച്ചു. പിടികിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ തൊട്ടപ്പുറത്ത് നാഴിപ്പാറ കവലയിലെത്തിയപ്പോൾ അവിടെയിരുന്ന  പരിചയക്കാരോട് ഇപ്പോൾപോയ സ്കൂട്ടറി ലെ രണ്ടു കുട്ടികളാരാണെന്ന് കണ്ടോ എന്ന് തിരക്കി. ഞാലീക്കണ്ടം ഭാഗത്തുള്ളവരാണെന്നു മറുപടികിട്ടി. ഏതായാലും അകലെയുള്ള ആൾക്കാരല്ലെന്നു മനസ്സിലായി. തിരിയെ വരുമ്പോഴേയ്ക്കും അവരിട്ടിട്ടു പോയ രണ്ടുപ്ലാസ്റ്റിക്ക് കവറുകൾ കടിച്ചു പൊളിയ്ക്കാൻ ഒരു തെരുവുപട്ടി ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് എല്ലിൻ കഷണങ്ങളായിരുന്നെന്നും അളവുകൊണ്ട് ഒരു ചെറുകിട ഹോട്ടലിലെ വേസ്റ്റ് ആവാൻ സാധ്യതയുണ്ടെന്നും ഭാര്യ പറഞ്ഞറിഞ്ഞു, വൈകിട്ട്.
ആ ചെറുപ്പക്കാർ ആരെങ്കിലുമാകട്ടെ. പതിനെട്ടോ ഇരുപതോ വയസ്സിലേറെ കാണില്ല. അവരുടെ കൈയ്യിൽ എല്ലിൻ കഷണങ്ങൾ പൊതുനിരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ പാകത്തിൽ കവറിലാക്കി കൊടുത്ത ആ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് കൊടുക്കുന്ന ജീവിതപാഠമാണ് നാം മനസ്സിലാക്കേണ്ടത്. അവർ വളർന്നു വരുന്ന ജീവിത സാഹചര്യമാണ് മനസ്സിലാക്കേണ്ടത്. സ്വച്ഛമായ ഒരു ഗൃഹാന്തരീക്ഷത്തിൽ വളരുന്ന ചെറുപ്പക്കാർ ഇറച്ചിവേസ്റ്റ് പൊതുനിരത്തിൽ കൊണ്ടുതള്ളുകയില്ല. മലിനമായ ഒരു മനഃസ്ഥിതിയിൽ പുലർന്ന്, മാലിന്യം തിന്നുന്നവർക്കേ ആന്യന്റെ വീട്ടുപടിയ്ക്കലോ അയല്പക്കക്കാരന്റെ മുറ്റത്തോ പൊതു നിറത്തിലോ ഒക്കെ പ്ലാസ്റ്റിക്ക് കൂട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളാൻ തോന്നുകയുള്ളു. അവർ ദിവസവും ഭക്ഷിക്കുന്നത് മാലിന്യങ്ങളായിരിക്കും. മലത്തിന്മേലാവും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്. അവരുടെ മാതാപിതാക്കൾ അങ്ങനെതന്നെയാവണം അവരെ പരിശീലിപ്പിക്കുനന്ത്.
ഒരു പക്ഷേ, ആ മാതാപിതാക്കൾ വിദ്യാസമ്പന്നരുമാവാം. മക്കളെ ഡോക്ടറോ എഞ്ചിനിയറോ ഒക്കെ ആക്കാൻ പാകത്തിൽ കോട്ടും ടൈയ്യും പോളീഷിട്ടുമിനുക്കിയ ഭാഷണശൈലിയുമൊക്കെ നിര്ബന്ധമായ ഏതെങ്കിലും വിദ്യാലയത്തിലാവാം പഠിപ്പിച്ചത്. ഈ സാഹചര്യങ്ങളൊക്കെ ഉള്ളവരടക്കം കൊണ്ടുതള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിലാണ് ഇന്ന് ഓരോ കേരളീയനും ജീവിക്കുന്നത്.
ഇന്നലെ ഇതേ ചെറുപ്പക്കാർ തങ്ങളുടെ വിദ്യാലയത്തിൽ  പരിസ്ഥിതിദിനാചരണത്തിന്റെ മാമാങ്കങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുമുണ്ടാവണം. അതങ്ങനെയേവരൂ. ഇപ്പോൾ കേരളം ഏതു തട്ടിപ്പിന്റെയും ജാഡയുടെയും പിറകെപോകും . പരമ്പരാഗതമായി നാം പാലിച്ചു വന്നിരുന്ന ലളിത ജീവിതത്തിന്റെയും പ്രകൃതിബദ്ധതയുറെയും അംശങ്ങളെല്ലാം നാമെന്നേ കൈവെടിഞ്ഞുകഴിഞ്ഞു.
മഹാരാഷ്ട്രത്തിലെ ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട് മലയാളികൾ ടണ്‍കണക്കിനാണ് സോഷ്യൽ മീഡിയാ വഴി പ്രതികരിച്ചത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം ഏതെങ്കിലും ഭരണകൂടം കണ്ടുകെട്ടുന്നത് ആശാസ്യമായ കാര്യമല്ല. അതിനെതിരെ ശക്തമായി പ്രതികരിയ്ക്കേണ്ടതുമാണ്. എന്നാൽ ആ പ്രതികരണങ്ങളിൽ വല്ലാത്തൊരു മാംസദാഹം ഒളിഞ്ഞിരുന്നില്ലേ എന്ന് ചില അഭിപ്രായപ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയതാണ്. ഏതാനും വര്ഷങ്ങളായി മലയാളിയുടെ മാംസദാഹം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും. എന്തിനേയും ആരെയും ഇറച്ചിയായി കാണുന്ന ഒരു മനഃസ്ഥിതിയിലേയ്ക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.
അതായത് മലയാളികളുടെ പോക്കറ്റുകളൂടെ കനം വർദ്ധി ച്ചു . ജീവിതത്തിന്റെ തൊങ്ങലുകൾക്ക് നിറപ്പകിട്ടാർന്നു. തണ്ടും പത്രാസും വളർന്നു. ഞാൻ, എന്റേത് എന്ന ഒരു സ്വാർത്ഥം കനത്തു. ഇതെല്ലാമെങ്ങനെ ആയാലും ചുറ്റുംകാണുന്ന എന്തിനെയും മാംസത്തൂക്കത്തിൽ അളന്നുനോക്കി നാവുനുണയ്ക്കുന്ന ഒരു ജീവിതം എത്രമാത്രം ഉദാത്തമാണ് ? നില്ക്കുന്ന മണ്ണിനെയും, ശ്വസിക്കുന്ന വായുവിനെയും, ചുറ്റും ഇരുകാലിലും നാൽക്കാലിലും നടക്കുകയും ചിറകുവീശി പറക്കുകയും ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്ന കോടാനുകോടി ജീവജാലങ്ങളെയും തിരിച്ചറിയാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസം എന്ത് നന്മയാണ് ചെയ്യുന്നത്?
എന്റെ വീടിനുമുൻപിൽ വഴിയിൽ പ്ലാസ്ടിക്ക് കവറിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ചെറുപ്പക്കാരെ കുറ്റപ്പെടുത്താനാവില്ല. അവർ അത്രയേ പഠിച്ചിട്ടുള്ളു. പക്ഷേ, ഒരു മനുഷ്യൻ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകൾ അവരിലേയ്ക്ക് പകരാതിരുന്ന അവരുടെ വീടൂകളിലെ സംസ്കാരത്തിനും അതിനു തിരിതെളിക്കേണ്ടിയിരുന്ന  അവരുടെ മാതാപിതാക്കൾക്കും അവർക്ക് കിട്ടിയ വിദ്യാഭ്യാസവഴിയ്ക്കും മാപ്പില്ല. ഇന്ന് ഈ ഭൂഗോളത്തിൽ വീണ എല്ലാ മാലിന്യങ്ങളും ആ ജീർണ്ണസംസ്കാരത്തിന്റെ നെഞ്ചിലേയ്ക്കാവട്ടെ!


ചിത്രം ഗൂർണിക്ക- പാബ്ലോ പിക്കാസോ