Friday, October 02, 2009
മനസ്സിൽ മലയിടിയുമ്പോൾ
മലയിടിച്ചിലിന്റെ കാരണങ്ങൾ പ്രവചിക്കാനാവില്ല. ഒരു പെരുമഴയോ മഞ്ഞിടിച്ചിലോ കൊടുങ്കാറ്റോ എന്തിന്, ഏതെങ്കിലും മൃഗത്തിന്റെ കുതിച്ചോട്ടമോ ഒരുവന്റെ ദീർഗ്ഘശ്വാസമോ പോലും മലയിടിച്ചിലിനു കാരണമാകും.
മലയിടിഞ്ഞുകൊണ്ടിരിക്കും.
മനസ്സിലാണെങ്കിൽ പ്രവചനാതീതമായ മലയിടിച്ചിലുകളുടെ പെരുമഴ.
പുറത്തു പെരുമഴ- തുലാവർഷം തിമിർക്കണ്ടപ്പോളെത്തിയ 'കാലംതെറ്റിയ' കർക്കടകപ്പേമഴ.
തണുപ്പ്.
രാത്രി.
തണുപ്പകറ്റാൻ വഴിതേടുന്നതിനിടയിലാണ് ഹിമലായം ചുറ്റാൻ പോയവരെ ഓർത്തത്. വിളിച്ചു, മധുവിനെ; പക്ഷേ മുതുകുളത്തിന്റെ രാജാവിന്റെ ഫോൺ നിർത്താതെ ചിലച്ചുമരിച്ചു.
പലതവണ.
അവസാനം ഉണ്ണിയെത്തന്നെ വിളിച്ചു.
യാത്രകൾക്കായി ഉഴിഞ്ഞുവച്ച ജന്മം കൃത്യമായി പ്രതികരിച്ചു- ഗംഗോത്രി.
ഗംഗോത്രി ഓർമ്മയിൽ പതിഞ്ഞുപോയ സ്വപ്നാത്മകമായ ഒരനുഭവമാകുന്നു. കാലം ഓർമ്മയില്ല. യുഗങ്ങളായിക്കാണണം. ഒരുപക്ഷേ നിമിഷങ്ങൾ.
ശരിക്കും ഞാനിപ്പോൾ ഗംഗോത്രിയിൽത്തന്നെയാവണം-
പക്ഷേ ഉണ്ണി പറയുന്നത് 1993 എന്നാണ്.
പലരും എഴുതിയും പറഞ്ഞും കേട്ട ദേവഭൂമിയിലൂടെ ഈ ജന്മത്തിന്റെ മുഴുവൻ ഭാരവും മറന്ന് മുൻപിൽ അടുത്തചുവടിന്റെ കൃത്യതമാത്രം തിരഞ്ഞ് നടന്ന യാത്ര.
ചീർബാസയിലെ ഒരു ദിവസം.
കവിയൂരിന്റെ സൗമ്യഹരിതം മാത്രം പരിചയിച്ച കണ്ണുകൾ നരച്ച അന്തരീക്ഷത്തിന്റെ രൂക്ഷ സൗന്ദര്യത്തിനു മുൻപിൽ പകച്ചു.
കൃത്യമായ ഋതുഭേദങ്ങൾ ശീലിച്ച മനസ്സ് അനുനിമിഷം മാറുന്ന കാലാവസ്ഥയ്ക്കുമുൻപിൽ നമിച്ചു.
ജീവിതത്തിൽ ഇതുവരെയും കേട്ട ഇടിമുഴക്കങ്ങൾ അപ്രസക്തമാവുന്ന ഒച്ചയിൽ ബന്ദർപ്പൂഞ്ഛിന്റെയും ശിവലിംഗപർവ്വതത്തിന്റെയും ചരിവുകൾ ഇടിഞ്ഞ് മഞ്ഞുകുപ്പായത്തോടെ താഴേക്കു പതിക്കുന്നത് ഒരു നിശ്വാസത്തിന്റെ കാറ്റിൽ ഇളകിത്തെറിക്കാവുന്ന ഒരു ചായക്കടയിലെ താത്കാലിക താവളത്തിൽ തളർന്നു കിടന്ന് കണ്ടു.
ജീവിതത്തിന്റെ യാത്ര!
ജീവിതം നമുക്കായി ഉഴിഞ്ഞു വച്ചിരിക്കുന്ന യാത്രകൾ എത്രയോ വിചിത്രമാകുന്നു.
പക്ഷേ ഹിമാലയത്തിൽ നിന്നു വന്ന മറുപടി പഴയ യാത്രയുടെ ഭീതികളല്ല ഉണർത്തിയത്. ആ ഭയാനക സൗന്ദര്യം ഇനിയെന്നു കാണാനാകും എന്ന ത്വരയാണ്.
പാവം, മാനവഹൃദയം.
Subscribe to:
Posts (Atom)