ചിലിയൻപെൺകുട്ടി ലിലി, വിപ്ലവകാരി ആർലെറ്റ്, ശ്രീമതി റോബർട്ട് അർന്നോക്സ്, ശ്രീമതി ഡേവിഡ്സൺ, ഫക്കുഡ എന്ന ജാപ്പനീസ് ഗുണ്ടയുടെ വെപ്പാട്ടി കുരിക്കൊ, ഭാര്യ, ഒളിച്ചോടിയ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത സ്വത്വങ്ങളിൽ പാവം റിക്കാർഡൊ സോബക്രൂസിയോയുടെ ജീവിതത്തെ യൗവനം മുതൽ വാർദ്ധക്യം വരെ ത്വരിപ്പിക്കുകയും വ്യഗ്രതക്കൊള്ളിക്കയും ഹതാശമാക്കുകയും ചെയ്ത ഓട്ടിലിറ്റയെ പിന്നെന്താണു വിളിക്കുക? ജീവിതത്തുടനീളം അവളെ പ്രതീക്ഷിക്കുകയും അവളുടെ നിർദ്ദയമായ ചവിട്ടിത്തള്ളലുകൾ സഹിച്ചു സങ്കടപ്പെടുകയുചെയ്ത റിക്കാർഡോയുടെ മനഃസ്ഥിതിയെ എങ്ങനെ നിർവ്വചിക്കും?
മരിയോ വർഗ്ഗാസ് യോസയുടെ പുതിയ നോവൽ 'തെറിച്ച പെണ്ൺ' വായിക്കുമ്പോൾ ഇതൊക്കെയാണ് അനുഭവം. നോവൽ ഇറങ്ങിയകാലത്തു വന്ന റിവ്യൂകൾ പലതും ഇതൊരു മോശം കൃതിയാണെന്ന് വിലപിച്ചു. അത്ര മോശമാണതെന്ന് തോന്നിയില്ല വായിച്ചപ്പോൾ. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം പോലെ പ്രണയത്തിന്റെ അഗാധതലങ്ങളിലേക്ക് ഊളിയിടുന്ന ഒരു കൃതിയാണ് തെറിച്ച പെണ്ൺ. യോസയുടെ മറ്റു നോവലുകളിലെപ്പോലെ സങ്കീർണ്ണമായ ആഖ്യാന രീതിയോ സംഭവങ്ങളുടെ കൂടിക്കുഴച്ചിലോ ഇതിലില്ല. ഒരു പക്ഷേ അമേരിക്കൻ നിരൂപകരെ ഈ കൃതി മോശമെന്നു പറയാൻ പ്രേരിപ്പിച്ചത് ഇതിന്റെ തികഞ്ഞ ലാളിത്യമാവാം. നേർ രേഖയിൽ പോവുന്ന ആഖ്യാനത്തിലൂടെ, പണത്തിനും സമൂഹത്തിലുന്നതമായ നിലനിൽപ്പിനും വേണ്ടി യഥാർത്ഥപ്രണയത്തെ തള്ളിപ്പറഞ്ഞ് ലോകം ചുറ്റുന്ന ഓട്ടിലിറ്റ എന്ന വളരെ ദയനീയ സാഹചര്യത്തിൽ പിറന്നു വീണ മിടുക്കിപ്പെൺകുട്ടി അവളുടെ കഷ്ടകാലങ്ങളിലെല്ലാം തന്റെ യഥാർത്ഥ കാമുകന്റെ അരികിലെത്തുന്നു. അവളെ കിട്ടുക എന്നത് ജീവിത ലക്ഷ്യമായി കരുതി അവിവാഹിതനായി, ഏകനായി കാത്തിരിക്കുന്ന റിക്കാർഡോയ്ക്ക് ലഭിക്കുന്നത് വർഷങ്ങൾക്കിടയ്ക്കെപ്പോഴെങ്കിലും തന്റെ ജീവിത ഗതി മാറുന്നതിന്റെ ഇടവേളകളിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന തെറിച്ച പെണ്ൺ ആ അൽപകാലത്തിനിടയിൽ തന്റെ ജീവിതത്തിൽ നിറയ്ക്കുന്ന അലൗകിക സന്തോഷവും പിന്നീട് ഒരു വാക്കുപോലും പറയാതെ അവൾ ഉപേക്ഷിച്ചു പോകുമ്പോൾ തോന്നുന്ന കടുത്തനിരാശയും മാത്രമാണ്
തെറിച്ച ചിലിയൻ പെണ്ണിന് പാവം റിക്കാർഡിറ്റോയോട് അൽപമെങ്കിലും പ്രണയം എന്നെങ്കിലും ഉണ്ടായിരുന്നോ? അത് വായനക്കാരന്റെ വിവേചനത്തിനു വിട്ടുതരുന്നു യോസ.
തെറിച്ചപെണ്ണിന്റെയും അവളെ കാത്തും അവൾക്കുവേണ്ടിയും മാത്രമായി ജീവിതം ഹോമിച്ച റിക്കാർഡോയുടെയും കഥ യോസയുടെ ഭാഷയിൽ വിരിയുമ്പോൾ അത് ഒരു മികച്ച സൃഷ്ടിയാവുന്നു. പ്രായമോ കാത്തിരിപ്പോ തളർത്താത്ത പ്രണയത്തെക്കുറിച്ചുള്ള ഈ കഥ മാർക്കേസിന്റെ സമാന നോവലുകൾ എന്നപോലെ വായനക്കാരെ ആകർഷിക്കുന്ന ഒന്നാണ്.