Thursday, May 15, 2008

നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം

കൊല്ലൂര്‍ യാത്ര കഴിഞ്ഞ്‌ തിരിയെ വന്ന ദിവസം രാത്രി ഗോപുരമടച്ചിട്ടില്ലെങ്കില്‍ അമ്പലത്തിനകത്ത്‌ കയറി ഒന്നു വലം വച്ച്‌ പോരാമെന്നു കരുതിയാണ്‌ ചെന്നത്‌. ഗോപുരമടഞ്ഞിട്ടില്ലെന്ന സന്തോഷത്തോടെ പതിനെട്ടാം പടികയറുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി. എണ്ണ സ്റ്റാളിലെ പയ്യന്‍ വന്ന് ഒരു ഫോണ്‍ നമ്പര്‍ കയ്യില്‍ത്തന്നു. അമ്പലത്തില്‍ തൊഴാന്‍ വന്ന ഒരാള്‍ എന്നെയേല്‍പ്പിക്കാന്‍ കൊടുത്തതാണ്‌. ആളിന്റെ പേര്‌ പ്രസാദ്‌. കൂടുതന്‍ വിവരമൊന്നും അവനറിയില്ല. എന്റെ കൂടെപ്പഠിച്ചയാളാണെന്ന് പറഞ്ഞിട്ടുണ്ടെന്നു മാത്രം പറഞ്ഞു.
രണ്ടു പ്രസാദുമാരുണ്ട്‌, കോളേജ്‌ കാലത്തു നിന്ന് ഓര്‍ക്കാന്‍. പ്രീഡിഗിയ്ക്ക്‌ കൂടെ പഠിച്ച ഇപ്പോള്‍ നിരൂപകനായി വിലസുന്ന ഡോ. സി. ആര്‍. പ്രസാദ്‌. മറ്റൊന്ന് എം എയ്ക്ക്‌ കൂടെയുണ്ടായിരുന്ന കെ. ജി. പ്രസാദ്‌. പയ്യന്‍ പറഞ്ഞ നമ്പരിലേക്ക്‌ വെറുതെയൊരു മിസ്സ്ഡ്‌ കോള്‍ വിട്ടു. അടുത്തനിമിഷത്തില്‍ മറുവിളി വന്നു- ഈ നമ്പരിലേക്ക്‌ ഇപ്പോള്‍ വിളിച്ചിരുന്നോ?
കെ ജി പ്രസാദല്ലേ, ഗൗരവം വിടാതെ മറുചോദ്യമുന്നയിച്ചു.
- അതേ
മാന്തുക?
- അതേ,
.....രേത്ത്‌?
നിങ്ങളാരാ, മറുതലയില്‍ അവന്റെ പരിചിതമായ സസ്പന്‍സ്‌ നേരിടാനാവാത്ത അക്ഷമ രോഷത്തിലേക്ക്‌ മാറുന്നതറിഞ്ഞു.
ഞാന്‍ കവിയൂരൂന്നു വിളിക്കുകയാ
- ഹയ്യോടാ എന്ന് ഏറെക്കാലത്തിനുശേഷം പരിചയം പുതുക്കുന്നതിന്റെ ആഹ്ലാദം. പഴയതും പുതിയതു പറഞ്ഞുള്ള വാചാലം.
പത്തുപതിനഞ്ചു മിനിട്ട്‌ സംസാരിച്ച ശേഷം രാത്രിയില്‍ ബാക്കി പറയാമെന്ന് പറഞ്ഞുള്ള ചരടുമുറിക്കല്‍. രാത്രിയില്‍ അരമണിക്കൂറിനപ്പുറം നീണ്ട കുശലവിവരങ്ങള്‍.....
പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍!]
ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു കാലം. അതിനുണ്ടായിരുന്നു സ്വന്തമായ ഒരു നിറവും മണവും.
നൊസ്റ്റാള്‍ജിയകളിലേക്ക്‌ വഴുതിവീഴുന്നത്‌ ഒരുനല്ല പ്രവണതയല്ല. എങ്കിലും പ്രസാദിനോട്‌ അപ്രതീക്ഷിതമായി തരമായ ഒരു സംഭാഷണം ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. അക്കാലം ഞാനെന്ന സത്തയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ എന്തൊക്കെ ചെയ്തു എന്ന് വിലയിരുത്താന്‍ പ്രേരകമായി.
ശരിക്കും ആ നാളുകളുടെ തീക്ഷ്ണഗന്ധങ്ങളുനിറങ്ങളും ഇന്നും ഓര്‍മ്മയുണ്ട്‌. യൗവനത്തിന്റെ വരവില്‍ തുടുത്ത മനസ്സുമായി നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം.
ഇരുപതുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാനങ്ങനെയായിരുന്നു.
ആ കാലഘട്ടത്തിന്റെ തുടിപ്പുകളുമായി കുറെയേറെ കടലാസുകള്‍ ഒരു ഷെല്‍ഫില്‍ മഞ്ഞനിറമാര്‍ന്നിരിപ്പുണ്ട്‌.
അത്‌ പൊടിതട്ടിയെടുക്കാന്‍ കൊതി വരുന്നുണ്ട്‌.