ജീവിതത്തിന്‍പൊരുളാരാഞ്ഞനാഥമായ്
തീമണല്‍ക്കാട്ടിലലര്‍ച്ചയാം കാറ്റുകള്‍
ആളും മണല്‍ത്തിരശ്ശീലയ്ക്കുമപ്പുറം
പാളുന്നിതിച്ഛാവനത്തിന്‍ ഭ്രമക്ഷണം
സാഗരതീരത്തിലുപ്പുകാറ്റില്‍ വരും
ശോകസന്ദേശങ്ങളെത്ര വായിക്കണം
ഗാഢവനങ്ങളില്‍ ചീവീടുകള്‍ സംഘ-
ഗാനം മുഴക്കുമ്പൊളെത്ര നടക്കണം
പ്രേമസമ്മാനമായ് കക്കകള്‍ നോറ്റുവ-
ച്ചാരും വരാതെത്ര സന്ധ്യകള്‍ കാക്കണം
ഏതുകൈകള്‍ പിടിച്ചാര്‍ത്തു നടക്കണം
പൂവീണ പാതകള്‍ തീയേറ്റര്‍ പാര്‍ക്കുകള്‍?
ജീവിതമര്‍ഥമില്ലാത്ത വാക്കായ് നാവി-
ലാണി തറഞ്ഞു കരഞ്ഞു കിടക്കവേ
ജീവിതം തേടിപ്പകല്‍താണ്ടി ദാഹിച്ചു
നീരിന്നിനിയെത്ര കാതം നടക്കണം?
ആലിലയൊന്നു തരുന്നു നീ, യാസന്ന
ബോധോദയത്തിന്റെ നാരകജ്വാലയില്‍
ചൂടാനൊരിറ്റു തണല്‍,ചുടുമുമ്മയും
പ്രാണനെ തൊട്ടുണര്‍ത്തുന്നൂ വിലാപങ്ങള്‍
ജീവിതമെന്തെന്ന ദുഃഖമേയില്ലാതെ
വീഴുന്നചില്ലയില്‍ മേവുന്നു പൂവുകള്‍
പ്രാണനിലാശങ്കയില്ലാതെ വേടന്റെ
കൂരമ്പുചുറ്റിപ്പറക്കുന്നു പക്ഷികള്‍
ജീവിതമെന്താകിലും നിലയില്ലാത്ത
ജീവിതത്തില്‍ വീണു പാടുകയാണു ഞാന്‍.
ഇതൊരു കവിതയാണോ എന്നെനിക്കു നിശ്ചയമില്ല. പത്തു വര്‍ഷം മുന്‍പ് കുങ്കുമം വാരികയില്‍ ഇതു പ്രസിദ്ധീകരിച്ചു. ഇതില്‍ എന്തെങ്കിലും പുതുമയുണ്ടെന്നോ കവിതയ്ക്കുവേണ്ട ഗുണങ്ങള്‍ ഉണ്ടെന്നോ തോന്നിയിട്ടില്ല. പക്ഷേ ഇത് ഏതാനും തവണ കവിയരങ്ങില്‍ ചൊല്ലിയപ്പോളൊക്കെ നല്ല പ്രതികരണമാണുണ്ടായത്.
ഒരുപക്ഷേ ഇതൊരു ഭേദപ്പെട്ട പാട്ടാണെന്നതാവണം കാരണം.