Tuesday, February 26, 2008
പുനര്‍ജ്ജനിയുടെ കണ്ണാടി
പുനര്‍ജ്ജനിയുടെ കണ്ണാടി എന്ന കഥ ഇവിടെച്ചേര്‍ക്കുന്നു. ഈ കഥയുടെ ജനനത്തെക്കുറിച്ചുള്ള സാഹചര്യം മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതാണ്. തിരുവനന്തപുരത്തുനിന്നും ഒരു സുഹൃത്ത് വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പ്രസിദ്ധീകരനത്തിനുവേണ്ടി ഒരു കഥ ഒന്നുരണ്ടു ദിവസത്തിനകം അയച്ചുകൊടുക്കണമെന്നു പറഞ്ഞു. നേരത്തെ എഴുതിയ കഥകളില്‍ച്ചിലത് അയച്ചാലോ എന്നു ചോദിച്ചപ്പോള്‍ കഥ ഏതു തരത്തിലുള്ളതായിരിക്കനമെന്ന ചില അഭിപ്രായങ്ങളും പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളടക്കം സാധാരണ ആസ്വാദകനിലവാരത്തിനു യോജിച്ച(?) ഒന്ന് എന്നായിരുന്നു ആവശ്യം. ഞാന്‍ അയക്കാനുദ്ദേശിച്ചതിന്റെ വായനാക്ഷമതയെക്കുറിച്ചോ അതിന്റെ ഗുണത്തെപ്പറ്റിയോ ഒന്നും നിശ്ചയമില്ലാത്തതിനാല്‍ ആ വിവരം തുറന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുതിയ ഒരെണ്ണം തട്ടിക്കൂട്ടാമോ എന്നു നോക്ക് എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. രണ്ടുദിവസത്തെ സമയം. ഒരു നോവല്‍ രൂപത്തിലേക്ക് വികസിപ്പിച്ചെടുക്കാനുദ്ദേശിച്ച് ഒരു വിഷയം മനസ്സിലിട്ടുചികയാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി തിരുച്ചെന്തൂരില്‍ ചെന്ന സമയത്തു തോന്നിയ ഒരു ചെറു വിഷയം. ആ തരിമ്പില്‍ത്തന്നെ പിടിക്കാന്‍ തീരുമാനിച്ചു. അന്നു രാത്രിയില്‍ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു. അടുത്ത ദിവസം പകല്‍ ഓഫീസിലെ ഇടവേളകളില്‍ അതു പകര്‍ത്തി. കഥയെഴുത്തിനു കാഴ്ചക്കാരായി സെക്ഷനിലെ സ്ത്രീജനങ്ങളും. എഴുതിവച്ച പേജുകള്‍ ഓരോരുത്തരായി വായിച്ചു കൊണ്ടിരുന്നു. അവസാനത്തെ പേജിനു തൊട്ടുമുന്‍പു വച്ച് ദീപ എന്ന അസിസ്റ്റന്റ് അല്‍പം രൂക്ഷമായിത്തന്നെ പറഞ്ഞു,'ഈ സാറിനിതെന്തിന്റെ സൂക്കേടാ, എഴുതിയെഴുതി ആ പെണ്ണിന്റെ മുടിമുഴുവന്‍ കളയാനുള്ള ഭാവമാണെന്നു തോന്നുന്നു.' അതായിരുന്നു ഈ കഥയ്ക്കുകിട്ടിയ ഏറ്റവും നല്ല നിരൂപണം.
Subscribe to:
Posts (Atom)