Tuesday, February 26, 2008

പുനര്‍ജ്ജനിയുടെ കണ്ണാടി








പുനര്‍ജ്ജനിയുടെ കണ്ണാടി എന്ന കഥ ഇവിടെച്ചേര്‍ക്കുന്നു. ഈ കഥയുടെ ജനനത്തെക്കുറിച്ചുള്ള സാഹചര്യം മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതാണ്‌. തിരുവനന്തപുരത്തുനിന്നും ഒരു സുഹൃത്ത്‌ വിളിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പ്രസിദ്ധീകരനത്തിനുവേണ്ടി ഒരു കഥ ഒന്നുരണ്ടു ദിവസത്തിനകം അയച്ചുകൊടുക്കണമെന്നു പറഞ്ഞു. നേരത്തെ എഴുതിയ കഥകളില്‍ച്ചിലത്‌ അയച്ചാലോ എന്നു ചോദിച്ചപ്പോള്‍ കഥ ഏതു തരത്തിലുള്ളതായിരിക്കനമെന്ന ചില അഭിപ്രായങ്ങളും പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളടക്കം സാധാരണ ആസ്വാദകനിലവാരത്തിനു യോജിച്ച(?) ഒന്ന് എന്നായിരുന്നു ആവശ്യം. ഞാന്‍ അയക്കാനുദ്ദേശിച്ചതിന്റെ വായനാക്ഷമതയെക്കുറിച്ചോ അതിന്റെ ഗുണത്തെപ്പറ്റിയോ ഒന്നും നിശ്ചയമില്ലാത്തതിനാല്‍ ആ വിവരം തുറന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുതിയ ഒരെണ്ണം തട്ടിക്കൂട്ടാമോ എന്നു നോക്ക്‌ എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. രണ്ടുദിവസത്തെ സമയം. ഒരു നോവല്‍ രൂപത്തിലേക്ക്‌ വികസിപ്പിച്ചെടുക്കാനുദ്ദേശിച്ച്‌ ഒരു വിഷയം മനസ്സിലിട്ടുചികയാന്‍ തുടങ്ങിയിട്ട്‌ കുറെ മാസങ്ങളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി തിരുച്ചെന്തൂരില്‍ ചെന്ന സമയത്തു തോന്നിയ ഒരു ചെറു വിഷയം. ആ തരിമ്പില്‍ത്തന്നെ പിടിക്കാന്‍ തീരുമാനിച്ചു. അന്നു രാത്രിയില്‍ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു. അടുത്ത ദിവസം പകല്‍ ഓഫീസിലെ ഇടവേളകളില്‍ അതു പകര്‍ത്തി. കഥയെഴുത്തിനു കാഴ്ചക്കാരായി സെക്ഷനിലെ സ്ത്രീജനങ്ങളും. എഴുതിവച്ച പേജുകള്‍ ഓരോരുത്തരായി വായിച്ചു കൊണ്ടിരുന്നു. അവസാനത്തെ പേജിനു തൊട്ടുമുന്‍പു വച്ച്‌ ദീപ എന്ന അസിസ്റ്റന്റ്‌ അല്‍പം രൂക്ഷമായിത്തന്നെ പറഞ്ഞു,'ഈ സാറിനിതെന്തിന്റെ സൂക്കേടാ, എഴുതിയെഴുതി ആ പെണ്ണിന്റെ മുടിമുഴുവന്‍ കളയാനുള്ള ഭാവമാണെന്നു തോന്നുന്നു.' അതായിരുന്നു ഈ കഥയ്ക്കുകിട്ടിയ ഏറ്റവും നല്ല നിരൂപണം.

Monday, January 21, 2008

പ്രണയജലധി

വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍

ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.

വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-1992)

Thursday, January 17, 2008

വെള്ളിയാഴ്ച

നിദ്രാടനത്തിന്‍ വിളര്‍ത്തകയങ്ങളി- ലൊച്ചയില്ലാതെ രാപ്പാടികള്‍ തേങ്ങിയോ കാറ്റിലുലഞ്ഞ പാലക്കൊമ്പില്‍ നിന്നൊരു പാട്ടുപറന്നു നിലാവിലലിഞ്ഞുവോ ഏതോ നിഗൂഢ നിമിത്തമറിഞ്ഞപോല്‍ കാഞ്ഞിരം നിന്നു വിറയ്ക്കുന്നു, ദുസ്സ്വപ്ന- ജാലകമാരോ തുറന്നു വയ്ക്കുന്നുവോ ദൂരത്തൊരോട്ടുചിലമ്പു കിലുങ്ങിയോ? പൂവുകളെല്ലാം വിടര്‍ന്നു പൊടുന്നനെ കാവുകളേഴു ഗന്ധം ചൂഴ്‌ന്നു നില്‍ക്കവേ ആരും തൊടാതിലതോറും തെളിയുന്ന പ്രേമവചസ്സും മയില്‍പ്പീലിമുദ്രയും. പേടിതുള്ളും പനങ്കാട്ടിലിടയ്ക്കൊരു പേശലഗാത്രി ചിരിച്ചു മായുന്നുവോ ഏതോസുതാര്യനഖം വന്നകംപിളര്‍- ന്നാധികളെല്ലാമെടുത്തു മാറ്റുന്നുവോ? രാത്രി ഗൂഢം, കൊള്ളിമീന്‍പോലെ മായുന്ന പോകുവരത്തുകള്‍ വീശും ചിറകുകള്‍ ഒറ്റയ്ക്കുപോകുമ്പൊഴും കൂട്ടിനെത്തുന്ന സ്വത്വംവെളിപ്പെടുത്താത്ത സാന്നിദ്ധ്യങ്ങള്‍ എല്ലാം മറന്നു ചിരിക്കുന്നരാവിന്റെ- യുള്ളം കിനിഞ്ഞു തിമിര്‍ക്കയാം രാക്കിളി ഒറ്റയ്ക്കുരാവില്‍ നടന്നു പോകുന്നൊരാള്‍ ഒറ്റയെക്കാത്തു ചിരിച്ചു നില്‍ക്കുന്നൊരാള്‍ കര്‍പ്പുരം ആഴ്ചപ്പതിപ്പ്‌(1994)

Thursday, January 10, 2008

മറയ്ക്കാന്‍ വിധിക്കപ്പെട്ട ചിലതൊക്കെ

ചില കാര്യങ്ങളൊക്കെ നമ്മ‍ളറിയാതെ മറച്ചു വയ്ക്കാന്‍ നാം വിധിക്കപ്പെടുന്നു.
അതീവ രഹസ്യമായി ഉള്‍ത്തടത്തില്‍ മയക്കിക്കിടത്തിയ ചില വിചാരങ്ങള്‍, ആഗ്രഹങ്ങള്‍.
ഒരു പക്ഷേ പൂവണിയില്ലെന്ന് നമുക്കുതന്നെ അറിയാം. സമൂഹം, കുടുംബം എന്നിങ്ങനെ മാറ്റിനിര്‍ത്താനാവാത്ത അത്യാവശ്യബാധ്യതകള്‍ നമ്മെ അതിനു പ്രേരിപ്പിക്കുന്നു എന്നതാണ്‌ സത്യം. അങ്ങനെ നടക്കാത്ത ആഗ്രഹങ്ങളുടെ ഗൂഡ വിലാപങ്ങളെ പേറിയാണ്‌ ഓരോ വ്യക്തിയും ജീവിതത്തിന്റെ ദിനങ്ങളെ കഴിച്ചുകൂട്ടുന്നത്‌. അനാവൃതമായ ഈ ലോകത്തെ കേന്ദ്രീകരിച്ചാണ്‌ കഥകളും(പലപ്പോഴും) മറ്റു സാഹിത്യ കൃതികളും ഉരുത്തിരിയുന്നത്‌.
അത്തരം ഒരു വിലക്കപ്പെട്ട ലോകം സാക്ഷാത്കരിക്കാന്‍ നാടുവിട്ട ഒരാളുടെ കഥ എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിന്‌ ഉദ്ദേശിച്ച രീതിയില്‍ ആവിഷ്കാരം സാധിക്കാന്‍ പത്തു കൊല്ലത്തിലേറെയൊടുത്തു. അതൊരു നോവലാണ്‌. പുറത്തുവരും എന്ന പ്രതീക്ഷയുള്ളതിനാല്‍ അതെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഒരു പ്രസാധകന്റെ കൈവശമിരിക്കുന്ന സ്വന്തം നോവലിനെക്കുറിച്ച്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നതില്‍ അര്‍ഥമില്ലല്ലോ. ഏതായാലും അങ്ങിനെയൊന്ന് സാക്ഷാത്കരിക്കുവാന്‍ എനിക്ക്‌ കഴിഞ്ഞു. ബാക്കി ആരുടെയൊക്കെയോ കൈയ്യില്‍.....
എങ്കിലും മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലുരുത്തിരിയുന്ന നിഗൂഢ സമസ്യകളെക്കുറിച്ച്‌ അന്വേഷണം തുടരുന്നു. എനിയും എന്തെങ്കിലും കഴിഞ്ഞാലും അത്തരമൊരു വിഷയത്തെ കേന്ദ്രീകരിച്ചാവണമെന്നാഗ്രഹമുണ്ട്‌. ഒരു പ്ക്ഷേ എനിക്കങ്ങനെയേ എഴുതാനാവുകയുള്ളു. എന്റെ തന്നെ വ്യക്തിത്വത്തിന്റെ ഞാന്‍ മാത്രമറിയുന്ന മുഖം എനിക്കനാവരണം ചെയ്യാന്‍ അതേ മാര്‍ഗ്ഗമുള്ളു. ചിലപ്പോള്‍ അതൊക്കെ പെര്‍വേഴ്ഷന്‍ എന്ന ഗണത്തില്‍ പെടുന്നതാവാം. ചിലപ്പോള്‍ അതു വെറും തരളമായതാവാം. എങ്കിലും അങ്ങനെയുള്ള ഒരു ലോകത്തിന്റെ ആവിഷ്കാരം സുഖം തരുന്ന ഒരു അനുഭൂതിയാണ്‌.
മറ്റൊരു കാര്യം, മനസ്സിന്റെ ഗൂഢതലങ്ങളെ ആവിഷ്കരിക്കുമ്പോഴും അത്‌ തീര്‍ത്തും മനോനിഷ്ഠമാവുന്നതിനോട്‌ എനിക്കു യോജിപ്പില്ല. ഞാന്‍ ആള്‍ക്കൂട്ടങ്ങളെ ഇഷ്ടപ്പെടുന്നു. ഉത്സവങ്ങളെ കാമിക്കുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ബഹളമയമായ( എക്സ്റ്റ്ര്റ്റ്രോവെര്‍ട്ടായ) ആഖ്യാനമാണ്‌ ഞാന്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത്‌. ഏതൊരു മലയാളിക്കും ഇത്തരമൊരു ബഹളക്കാരന്റെ മുഖമുണ്ട്‌. ആഘോഷമാക്കുന്നത്‌ ഒരു മലയാളി സ്വഭാവമാണ്‌.
കഴിഞ്ഞ ദിവസം ട്രെയിനില്‍ ഞാനിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ ചെറുപ്പക്കാരനായ ഒരു വെള്ളക്കാരനും അയാളുടെ മൂന്നു വയസ്സു തോന്നിക്കുന്ന മകളും കയറി. ആ മുറിയില്‍ ഉണ്ടായിരുന്ന ചിലര്‍ അയാളെ ഒരു സംഭാഷണത്തിലേക്ക്‌ ക്ഷണിച്ചു. തികഞ്ഞ ആഹ്ലാദത്തോടെ അയാള്‍ വര്‍ത്തമാനം തുടങ്ങി. ജര്‍മ്മന്‍ സ്വദേശിയായ അയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമാണ്‌. കുട്ടി ഈ സമയത്ത്‌ ഒരു ബാലരമ നിവര്‍ത്തി എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിലെ ആനന്ദവാടി ആശ്രമത്തിലെ സ്ഥിരതാമസക്കാരനാണയാള്‍. ഭാര്യാമാതാവ്‌ കോട്ടയത്ത്‌ ആശുപത്രിയിലാണ്‌. ആശുപത്ര സന്ദര്‍ശ്ശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ അയാള്‍.
പലതും ചോദിച്ച കൂട്ടത്തില്‍ ജര്‍മ്മനിയിലേയും കേരളത്തിലേയും ജീവിതശെയിലികളുടെ അന്തരം എന്താണെന്ന് സഹയാത്രികരിലോരാള്‍ സായ്‌വിനോടാരാഞ്ഞു. ഉറക്കെച്ചിരിച്ച്‌ ചോദ്യകര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച്‌ തന്നിലേക്ക്‌ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട്‌ അയാള്‍ മലയാളത്തില്‍ പറഞ്ഞു- ഞാനിങ്ങനെ പറയുന്നതിനിടയില്‍ ചേട്ടന്റെ ശരീരത്തില്‍ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്യുന്നത്‌ ഇവിടെ സ്വഭാവികം. പക്ഷേ ജര്‍മ്മനിയില്‍ അടുത്ത സുഹൃത്തുക്കള്ളണെങ്കില്‍പ്പോലും ഇങ്ങനെ ചെയ്യാനാവില്ല. അവിടെ എല്ലാവരും ഒരകലം പാലിക്കുന്നു. ശരീരത്ത്‌ അനാവശ്യമായി സ്പര്‍ശ്ശിച്ചാല്‍ അതോടെ ആ ബന്ധം മുറിയും. ചിലപ്പോള്‍ അടിയും കിട്ടും.

വരവ്‌


ചിലവരവുകള്‍ അങ്ങനെയാണ്‌. നാടാകെ ഇളക്കിമറിച്ച്‌.....
ഇക്കൊല്ലത്തെ ഉത്സവത്തിന്‌ ദേവസ്വം ആനകള്‍ക്കുപുറമേ മറ്റുചിലര്‍ കൂടി എത്തിയത്‌ ഒരു സവിശേഷതയായിരുന്നു. പ്രത്യേകിച്ചും ഗുരുവായൂര്‍ വലിയ കേശവന്‍.
തിങ്ങിനിറഞ്ഞ പുരുഷാരത്തിനിടെ നെറ്റിപ്പട്ടം കെട്ടാനൊരുങ്ങുന്ന ആനയെ ചെത്തുവേഷത്തില്‍ നടന്നു പോകുന്ന പിള്ളേര്‍ തിരിഞ്ഞുനിന്ന് കാര്യമായിത്തൊഴുന്നത്‌ ഒരു കാഴ്ചയായിരുന്നു.
പള്ളിവേട്ട ദിവസത്തെ സേവയ്ക്കെഴുന്നള്ളത്ത്‌ പൊടിപൊടിക്കുകതന്നെചെയ്തു.
അടുത്തകൊല്ലം വരാന്‍ പോകുന ആനകളെക്കുറിച്ചുള്ള ആലോചനായോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോങ്ങാടുകുട്ടിശ്ശങ്കരന്‍, മംഗലാംകുന്നിലെ മൂന്നിലേതോ ഒന്ന് എന്നിങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുന്നു.
വലിയകേശവന്‌ അകമ്പടിയായി ഉണ്ണിയും ഉണ്ടായിരുന്നു. ആനത്തലവന്മാരുടെ സ്റ്റാഫ്ഫ്‌ ഫോട്ടോഗ്രഫര്‍. (കൂടുതലറിയാന്‍ തേവരുടാന എന്ന ബ്ലോഗ്‌ തന്നെ ശരണം).

വലിയമ്പലത്തിലേക്ക്‌ വലിയകേശവനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞാലിയില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്നതിന്റെ ചിത്രം ചര്‍ത്തിരിക്കുന്നു.

Sunday, December 30, 2007

ഉത്സവം

ഇന്ന് കവിയൂരില്‍ എട്ടാം ഉത്സവം. ഇന്നലെ ഏഴാം ഉത്സവത്തിന്റെ വേലയ്ക്കെഴുന്നള്ളത്തിനും സേവയ്ക്കും മുപ്പതു വര്‍ഷം മുന്‍പ്‌ കണ്ടതു പോലെ ജനത്തിരക്കുണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിന്റെ തിരക്ക്‌ പഴയതിലും കുറവാനെന്നതായിരുന്നു അനുഭവം. ഒന്‍പതാമുത്സവത്തിന്റെ കാഴ്ചശ്ശിവേലി മാത്രമായിരുന്നു പഴയ തിരക്കിന്റെ ഓര്‍മ്മ നിലനിര്‍ത്തിയത്‌. ഇത്‌ കവിയൂരിലെ മാത്രഖ്ം പ്രശ്നമായിരുന്നില്ല. സമീപസ്ഥമായ തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ എന്നീ വലിയമ്പലങ്ങളിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിരക്ക്‌ ഗണ്യമായി കുറഞ്ഞിരുന്നു. വീടുവിട്ട്‌ സന്ധ്യ ചിലവഴിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയപ്പാടും ടിവിയുടെ വരവും ഒക്കെയാവും ഈ ആള്‍ച്ചോര്‍ച്ചയ്ക്കു വഴിതെളിച്ചത്‌. ഇക്കൊല്ലം ഏതായാലും ആ സങ്കടം കുറെ മാറി. പുത്തന്‍ കാലത്തിന്റെ അഭിരുചിയ്ക്കനുസൃതമായി പുറത്തു നിന്നുള്ള ആനകളെ അണിനിരത്തുന്നതും പത്തു ദിവസവും മതില്‍ക്കകത്തുതന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമൊക്കെ ഈ മാറ്റത്തിനു കാരണമാണ്‌. എങ്കിലും മുന്‍കൊല്ലങ്ങളില്‍ ഭഗവാനെ ഊരുവലത്തിനായി ദേശവഴികളിലേക്ക്‌ എഴുന്നള്ളിക്കുന്ന ദിവസങ്ങള്‍ ഇക്കൊല്ലം രസഹീനമായി. ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂര്‍ എന്നീ ദേശവഴികളിലേക്കുള്ള എഴുന്നള്ളത്ത്‌ ആ ഏശങ്ങളിലെ ജനങ്ങള്‍ അത്രമാത്രം ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്‌. വിദേശത്തില്‍ പോയിട്ടുള്ള ആളുകള്‍ പോലും ഈ ദിവസങ്ങളില്‍ നാട്ടില്‍ എത്തിച്ചരുമായിരുന്നു. രാത്രി മുഴുവന്‍ എഴുന്നള്ളത്തിന്റെ ശബ്ദകോലാഹലവും ആള്‍സഞ്ചാരവും കവിയൂരിന്റെ ആറേഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലേക്ക്‌ എടുത്താനയിക്കുമായിരുന്നു. എന്നാല്‍ എഴുന്നള്ളത്ത്‌ തിരിയെ അമ്പലത്തിലെത്താന്‍ താമസിക്കുന്നതു കാരണം കഴിഞ്ഞകൊല്ലം മുതല്‍ അതോടനുബന്ധിച്ചുള്ള പറയെടുപ്പ്‌ വേണ്ടെന്നു വച്ചതോടെ എഴുന്നള്ളത്തിന്റെ നിറം മങ്ങി.
ഏതായാലും ഉത്സവലഹരി ഇപ്പോള്‍ കവിയൂരിന്റെ സിരാപടലങ്ങളില്‍ തീപകര്‍ന്നു കഴിഞ്ഞു.
ഉത്സവരാവിന്റെ ലഹരി മായാത്ത കണ്ണുകള്‍ ഇടയ്ക്കിടെ ഉറക്കം തൂങ്ങി അടഞ്ഞുപോകുന്നു.

Friday, December 21, 2007

സാന്താ ക്ലോസിന്റെ ദുഃഖം


ഉത്തരധൃവപ്രദേശത്ത്‌ ഏതോ ഗ്രാമത്തിലിരുന്ന് സാന്താ ക്ലോസ്‌ മഞ്ഞില്ലാത്ത ക്രിസ്മസ്‌ കാലത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നത്‌ ഏതോ ചാനലിലെ പ്രഭാത പരിപാടിയില്‍ കണ്ടു.(സാന്തായുടെ ഔദ്യോഗിക വെബ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌- നോര്‍ത്ത്‌പോള്‍.കോം ചേര്‍ത്തിരിക്കുന്നു)
ഈ ക്രിസ്മസ്‌ കാലത്ത്‌ ഉത്തരധൃവപ്രദേശത്തുപോലും മഞ്ഞു പുതച്ചു നില്‍ക്കുന്ന കോണീഫറസ്‌ മരങ്ങള്‍ കാണാനില്ല. ആഗോളതാപനത്തിന്റെ മറ്റൊരു മുഖം. രാത്രിയില്‍ പെയ്യുന്ന മഞ്ഞ്‌ നേരം വെളുക്കുമ്പോഴേക്കും മരച്ചില്ലകളില്‍ നിന്നും ഉരുകിത്തോരുന്നു.
ഭൂമിയെക്കുറിച്ച്‌ മനുഷ്യവംശമടക്കമുള്ള ഭൂജീവികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കകളുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത മാത്രമാകുന്നു. ഇത്‌.
ഞാനൊരു പ്രകൃതിവാദിയല്ല. പ്രകൃതിവാദത്തിന്റെ പേരില്‍ ലോകമെമ്പാടും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങളെയും ചലനങ്ങളെയും വെറുമൊരു കാഴ്ചക്കാരന്റെ നിര്‍മ്മമതയോടെയേ ഇത്ര കാലവും വീക്ഷിച്ചിട്ടുള്ളു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായിരിക്കെ അവന്‍ ചെയ്യുന്ന എന്തു കൃത്യവും, അതു പ്രകൃതിയുടെ സംന്തുലിതാവസ്ഥ തെറ്റിക്കുന്നതാണെങ്കില്‍പ്പോലും പ്രകൃതിയുടെ ഭാഗമാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പക്ഷേ ഇന്നു കണ്ടതു പോലെയുള്ള ചില വാര്‍ത്തകള്‍ മനുഷ്യനെന്ന നിലയില്‍ എന്നെയും ആശങ്കപ്പെടുത്തുന്നു.
കടുത്ത വരള്‍ച്ചയോ പേമാരിയോ ഭൂകമ്പങ്ങളോ ഒക്കെ സ്ഥിരം പ്രതിഭാസങ്ങളായേക്കാം. ഗംഗയും ആമസോണുമടക്കമുള്ള മഹാനദികള്‍ വറ്റി വരണ്ടേക്കാം. ഒരിറ്റു വെള്ളത്തിനായി മനുഷ്യര്‍ പരസ്പരം പോരടിച്ചേക്കാം. പിന്നെ സങ്കല്‍പത്തിനുമതീതമായി എന്തൊക്കെ വേണമെങ്കിലും കാലത്തിന്റെ ആവനാഴിയിലുണ്ടാവാം.
കിടുകിടുക്കുന്ന കുളിരും നിലാവുമില്ലാത്ത ഒരാതിരക്കാലപുലര്‍ച്ചയില്‍ ടിവീ കാണാനിരുന്ന എന്നില്‍ സാന്താക്ലോസിന്റെ വ്യാകുലമുഖം ഇത്തരം ചിന്തകളാണ്‌ തൊടുത്തത്‌.