Saturday, September 14, 2013

പൂരാടം, 1993

1993ലെ പൂരാടം നാളിലാണെന്നു തോന്നുന്നു, ജീവിതത്തിലെ വലിയൊരു യാത്രയ്ക്കായി കോട്ടയം റെയില്‍വേ സ്ടേഷനില്‍ നിന്ന് 11 പേര്‍ കേരളാ എക്സ്പ്രെസ്സില്‍ കയറിയത്. വണ്ടി വിടാനൊരുങ്ങുമ്പോഴേ ആദ്യ അത്ഭുതം സംഭവിച്ചു. പത്തുപേരായിരുന്നു കൊട്ടയത്തുനിന്നും ദില്ലിയിലേക്ക് ടിക്കറ്റെടുത്തിരുന്നത്. വണ്ടി കാത്തിരിക്കുന്ന സമയത്ത് ഞങ്ങളോട് കഥപറഞ്ഞു നിന്നിരുന്ന, ഓണ ശമ്പളവും വാങ്ങി ഇത്തവണ വിടിലേക്കെന്ന് നേരത്തെ തീരുമാനിച്ചിരുന്ന, തലേക്കൊല്ലത്തെ നാലംഗ ഹിമാലയന്‍ സംഘത്തിലെ ഒളിമങ്ങാത്ത താരം പ്രബോധ് വണ്ടി വിടാറായപ്പോഴേക്കും ദില്ലിക്കുള്ള സാധാ ടിക്കറ്റുമെടുത്ത് ഓടി വന്നു വണ്ടിയില്‍ കയറി. കിട്ടിയ സമയം കൊണ്ട് ദില്ലിയില്‍ ഒഴിവാക്കാനാവാത്ത ഒരു ട്രെയിനിംഗിനു വിട്ടിരിക്കുന്നു എന്ന് അമ്മയെ അറിയിക്കാന്‍ ശട്ടം കെട്ടിയാണവന്റെ വരവ്. കോട്ടയത്തെ ഹിമാലയന്‍ സഞ്ചാരികളുടെ പട്ടികയിലേക്ക്( കെ. ബി. പ്രസന്നകുമാര്‍, സുരേഷ് ബാബു, അനേകം യാത്രകളുടെ പാരമ്പര്യവുമായി കോട്ടയത്തേക്കു രണ്ടു വര്‍ഷം മുന്‍പു കുടിയേറിയ ഡി. വിനയചന്ദ്രന്‍ എന്നിവരുടെ പ്രചോദനം അത്രയ്ക്കും മനസ്സിനെ കീഴടക്കിയിരുന്നു) നാലു യൂണിവേഴ്സിറ്റിക്കാര്‍ ആദ്യമായി കയറിയത് 1992ലാണ്. ഉണ്ണികൃഷ്ണവാര്യര്‍, പി. രഘുനാഥ്, ബ്ലേസ് ജോര്‍ജ്ജ്, പ്രബോധ് എന്നിങ്ങനെ നാലുപേര്‍. അവരുടെ വിവരണങ്ങള് യൂണിവേഴ്സിറ്റിയിലെ പലരെയും തിരുനക്കരയമ്പലത്തിന്റെ കിഴക്കേ പടിയിലെ ഇരുപ്പുകാരില് ഒരു സംഘത്തെയും വല്ലാതെ പ്രചോദിപ്പിച്ചു. അങ്ങനെയാണ് ഈ പത്തംഗയാത്രാ സംഘത്തിന്റെ രൂപപ്പെടല്‍. പലരും തമ്മില്‍ ആദ്യമായി കാണുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു. ആ യാത്രയുടെ ചിത്രങ്ങള്‍ പലരുടെയും കൈകളിലായി ചിതറിപ്പോയിരുന്നു. അന്നത്തെ സാമ്പത്തികാവസ്ഥയില്‍ വേണമെന്നു തോന്നുന്നത്ര ചിത്രങ്ങളുടെ കോപ്പി എടുക്കുക എന്നത്( പ്രത്യേകിച്ചും ഓണക്കാലത്തെ എല്ലാ ആനുകൂല്യങ്ങളുമടക്കമുള്ള ശമ്പളം മുഴുവന്‍ യാത്രയ്ക്കു ചിലവഴിച്ച പശ്ചാത്തലത്തില്‍.)ബുദ്ധിമുട്ടായിരുന്നു. ഏറെ നാള്‍ ഓര്‍മ്മിച്ചും വിരട്ടിയും മടുത്ത് ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് സെക്ഷനിലേക്കു മടങ്ങും വഴി നജീബിരുന്ന പഴയ സെക്ഷനില്‍ അതിക്രമിച്ചു കയറി പിടിച്ചെടുക്കുകയായിരുന്നു, പഴയ കുറെ ചിത്രങ്ങള്‍. സ്കാന്‍ ചെയ്ത് എല്ലാം ഫേസ്ബുക്കില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞപ്പോള്‍ സമാധാനമായി. അതിന്റെ പല കമന്റുകളും കൗതുകമുണര്‍ത്തി. അതൊരു വെറും യാത്രയായിരുന്നില്ല. കാലാവസ്ഥയുടെ ചതിക്കുഴികളില്‍‌പ്പെട്ട് പലതവണ വഴിയില്‍ കിടന്നും മരണത്തെ മുഖാമുഖം കണ്ട് വിറുങ്ങലിച്ച നിമിഷങ്ങള്‍ നിറഞ്ഞും ജീവിതത്തിന്റെ തന്നെ യാത്രയായി മാറുകയായിരുന്നു അത്. കേദാരനാഥത്തിലേക്കുള്ള വഴിയില്‍ രുദ്രപ്രയാഗയില്‍ ഗംഭീര മലയിടിച്ചിലില്‍പ്പെട്ട് ഒന്നരദിവസത്തോളം വഴിയില്‍ക്കിടന്നു. ഏതാണ്ടൊരാഴ്ചകഴിഞ്ഞ്, ബദരിയിലേക്കുള്ള വഴിയില്‍ ഗോവിന്ദാഘട്ടിനും ബദരിക്കുമിടയിലുള്ള ഹനുമാന്‍ചട്ടി എന്ന മലമുനമ്പില്‍ ഒരു വമ്പന്‍ മലയിടിച്ചിലിനു മുഖാമുഖം. തിരിച്ചോടി ബസ്സിലെത്തി ഒരു ചെറു കാട്ടുകല്ലിന്റെ പിടിയില്‍ മാത്രം തടഞ്ഞു നിര്‍ത്തപ്പെട്ട് ഒരു അഗാധഗര്‍ത്തത്തിന്റെ വിളുമ്പത്ത് പിടയുന്ന മനസ്സോടെ ചിലവഴിക്കേണ്ടി വന്ന ഒരു രാത്രി. വീണ്ടും ഏകദേശമൊരാഴ്ചകഴിയാറായപ്പോള്‍ ഗംഗോത്രിയില്‍ നിന്ന് തെളിഞ്ഞ കാലാവസ്ഥയില്‍ നടക്കാനാരംഭിച്ച് ഇടിഞ്ഞു വീഴുന്ന മലനിരകള്‍ക്കിടയില്‍പ്പെട്ട് ചീര്‍ബാസയില്‍ കഴിയേണ്ടി വന്ന മറ്റൊരു രാത്രി. ഇതൊക്കെയിരിക്കെ വ്യക്തിപരമായി നേരിട്ട ഏറ്റവും വലിയ സംഘര്‍ഷം ഗൗരികുണ്ഡില്‍ നിന്നും കേദാരത്തിലേക്കുള്ള നടത്തിനിടയിലായിരുന്നു. റാംബാസയ്ക് മുകളിലെ ഒരു പാറപ്പുറത്ത് അള്ളിപ്പിടിച്ച് ശ്വാസം കിട്ടാതെ വിതുമ്പിപ്പോയ കുറെ നിമിഷങ്ങള്‍............ ഹിമാലയം എന്തെല്ലാമാണ് മനുഷ്യനെ പ്രലോഭിപ്പിക്കാനും നിയന്ത്രിക്കാനും നിസ്സാരനാക്കാനും വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്!

No comments: