Sunday, May 26, 2013

ഉണര്‍ച്ച


എത്രാമത്തെ കടിയിലാണുണര്‍ന്നതെന്നറിയില്ല
ചുറ്റിപ്പറക്കുന്ന ധാര്‍ഷ്ട്യത്തിന്റെ
മൂളലിനെയുന്നം വച്ച്
കൈയ്യൊന്നു വീശി
ആദ്യം.
ചുറ്റിപ്പറന്ന ശബ്ദം ഞെരിഞ്ഞമര്‍ന്നു.
ഉന്നമിപ്പോഴും പിഴച്ചിട്ടില്ല,
പാതിയുറക്കത്തിലും.
വീണ്ടും പക്ഷേയുറക്കത്തിലേക്കു മടങ്ങമെന്നുകരുതി
തിരിഞ്ഞൊന്നു കിടന്നെങ്കിലും
അവിടെയുന്നം പിഴച്ചു.

എന്നും വെളുപ്പിനെ
ഉറക്കം മുറിക്കാന്‍ എത്താറുള്ള കൊതുക്
ഇതു തന്നെയാണോ?
എന്നും ആ മൂളലിന്
ഇതേ താളം തന്നെ.
എന്നും 
കൊതുകുകടി കൊള്ളുന്നതിന്‍മുന്പ്
സഞ്ചരിച്ച സ്വപ്നം ഒന്നു തന്നെയാണോ?
ആര്‍ക്കറിയാം
സ്വപ്നങ്ങളെയും മൂളക്കങ്ങളെയും 
വ്യാഖ്യാനിക്കാനുള്ള ഭാഷ.
 

Saturday, May 25, 2013

വിനയചന്ദ്രികേ,...............

ശരിക്കും നല്ല വിനയം
നിലാവിന്
നീണ്ടൊരിടവേളയ്ക്കുശേഷം പെയ്ത മഴയോടുള്ള ബഹുമാനം,
അതാവാം കാര്യം...................
നല്ല മഴയായിരുന്നു,
ഇന്നുമിന്നലെയും

നാളെയും നല്ല
മഴ
തന്നെ
യായി
രുന്നെ
ങ്കി
ല്‍

ന്നായി
രുന്നു..ന്നു...ന്നു.

ശ്ശേ,
ഹയ്യോ പോരാ,
ച്ഛേ ..................

വ്യാക്ഷേപകങ്ങള്‍ക്കും
അതിശയച്ചിഹ്നങ്ങള്‍ക്കുമൊന്നും
പഴയ പകിട്ടില്ല.....
മഴയ്ക്കും..
എങ്കിലുമിന്നു നല്ല മഴയായിരുന്നു.
എന്റെ മുറ്റത്തും
അതിരമ്പുഴയിലാഫീസിലും
വരുംവഴിയിലും
കുളിമുറിയിലും
പറഞ്ഞ വാക്കിലും
രുചിച്ചകള്ളിലും

ഇപ്പോള്‍പ്പെയ്യുന്നിലെങ്കിലും
ചുരുക്കത്തില്‍ ഈ
നിലാവിലും രാത്രിയിലുമെല്ലാം
ഇനിക്കാണാനിരിക്കും കിനാവിലും
താണ്ടാന്‍ കൊതിക്കും
നിദ്രയിലുമെല്ലാം
മഴ മാത്രമേയുള്ളു.
ഇടവപ്പാതി,
അഥവാ
തെക്കുകിഴക്കന്‍ മണ്‍സൂണുമായി
ഈ മഴയ്ക്ക് പുലബന്ധം പോലുമില്ലെന്ന്
കാലാവസ്ഥാ തമ്പുരാക്കന്മാരും
ഉപഗ്രഹ ചിത്രങ്ങളുംആണയിട്ടാലും
ഈ മഴയെ ഒട്ടും
നമ്പരുതെന്ന്
മൂന്നാം പെഗ്ഗിന്റെ ചൂടില്‍ അവന്‍
വിദഗ്ധമൊഴിയാല്‍
പറയുമ്പോഴും
പൂക്കാത്ത ചെമ്പകത്തിന്റെ മണം പോലെ
പകരാത്ത യക്ഷിയുടെ നഖമുറിവുപോലെ
എഴുതാത്ത കവിതയുടെ
മികവുപോലെ
മഴയുണ്ടെല്ലാത്തിലും.

നാലാം തവണയുംതിണര്‍ത്ത
ഗ്ലാസ്സ്
നിലാവിലേക്ക് നീട്ടി
സോഡപകരാനൊരുങ്ങുമ്പോള്‍
ഞാനോര്‍ത്തത്
മറ്റൊരുഷ്ണരാവിനെ,
തൃക്കക്കുടിയുടെ നിറുകയില്‍
ഇലകള്‍ കൊഴിയുന്നൂ തെരുതെരെത്തുരുതുരെ എന്ന്
അലറിപ്പാടിയ കവിയുടെ
വരികളെക്കവിഞ്ഞ-
വന്റെനെറ്റിമേല്‍,
കവിതകേട്ടിരുന്നവര്‍ക്കുമേല്‍
മേടവറുതിയില്‍ച്ചോന്നു തുടുത്ത സന്ധ്യമേല്‍
കവിയൂരിന്റെ
ലഹരിയായി
പെയ്ത്
ഇടിമിന്നല്‍പൊട്ടിച്ചിരികളാല്‍ത്തുള്ളി
ഒരു നിമിഷംകൊണ്ട്
ഒരു വര്‍ഷത്തിന്റെ
വറവിനെ
പെയ്തുനിറച്ച രാവിനെ.....

അവന്‍
വിനീതനായ്
മറഞ്ഞു
ഓര്‍മ്മതന്‍
വിദൂരമൂരിലേക്ക്.
മഴകളും തോര്‍ന്നു.
മറവികള്‍ തോര്‍ന്നു.
സഹസ്രവത്സരചരിതമൊക്കെയും
പറഞ്ഞു തീരുന്നു
ശില, തൃക്കക്കുടി.

നരപിടിച്ചൊരീ
രാത്രി,
ചിലപ്പോള്‍ താളത്തിലും
മറ്റുചിലപ്പോള്‍ താളഭഞ്ജനത്തിലും
നിലാവൂര്‍ന്നു മഴയായും
നുണഞ്ഞ മദ്യമായും
ലഹരിയില്‍ നിലാവായും
നിലാച്ചേലില്‍
രാക്കിളിയുടെ പാട്ടായും.......

തൃക്കക്കുടിയ്ക്കു മാത്രം മാറ്റമില്ല.
കവിതയ്ക്കും
കരിങ്കല്ലിനെ
ഇളക്കാനാവില്ല
മുറിക്കാനാവില്ല
ഉളിക്കല്ലാതെ.




Thursday, May 23, 2013

കുംഭം


കുംഭസംക്രമത്തിന്‍നാള്‍
വാതില്‍മെല്ലവേചാരീ-
ട്ടന്തിമഞ്ഞളിപ്പിലേ-
ക്കിറങ്ങിപ്പോയാനൊരാള്‍
മങ്ങിയവെട്ടം ചാര്‍ത്തി
നിഴലായ്പ്പോയോന്‍
കണ്ണുമഞ്ഞളിച്ചിരിക്കയാ-
ലാരെന്നു തിരിഞ്ഞില്ല.

കുംഭമോ ക്രൗര്യം പൊള്ളും
കൂര്‍ത്ത ചുംബനങ്ങളാ-
ലുള്ളിലെയീര്‍പ്പം തോര്‍ത്തി
പ്രാണനെയൂറ്റീടുമ്പോള്‍
കത്തുന്ന പ്രണയത്തി-
നാശ്ലേഷവര്‍ഷങ്ങളാല്‍
ഉറ്റതെല്ലാമേയെടു-
ത്തെന്നിലേക്കാണ്ടീടുമ്പോള്‍...........

കുംഭമങ്ങനെതന്നെ,
പ്രാര്‍ഥനാബന്ധം കൊണ്ട
നിര്‍നിദ്രരാവിന്‍പുണ്യം
ഭസ്മമായ് ചാര്‍ത്തിക്കൊണ്ടും
ഉന്നിദ്രമലര്‍ച്ചയോടാര്‍ത്തു
കാവുകള്‍ തീണ്ടി
പള്ളിവാളിളക്കു-
ന്നൊരുച്ചതന്‍ രൗദ്രം കാത്തും............

വിങ്ങലിന്‍ ചുവരുകള്‍-
ക്കുള്ളിലെ മുഖങ്ങളോ
സന്നിബാധിച്ചും
ഭ്രാന്തന്‍കണ്ണൂകള്‍ മിഴിപ്പിച്ചും.
ഒന്നുമേ തിരിച്ചറി-
ഞ്ഞീടുക വയ്യാ 
ചൂടാല്‍തെല്ലിട തളര്‍ന്നുഞാന്‍
മയങ്ങിപ്പോയിക്കാണും................
കുംഭസംക്രമസന്ധ്യാ
വേളയിലൊടുക്കത്തെ
അങ്കവസ്ത്രവുമൂരി-
ക്കളഞ്ഞേ പോയോനാരോ?

ബന്ധുവോ പിണങ്ങനോ
ഒന്നുമേയല്ലാത്തോനോ
ഒന്നിലും തെളിയാതെ
യെങ്ങുമേ കാണുന്നോനോ?
ഒന്നുമേയറിയില്ല.
അന്തിമാനത്തില്‍ത്തൂങ്ങും
അമ്പിളിക്കഷണത്തിന്‍
ദീപ്തിമാത്രമേ ശിഷ്ടം

കുംഭമങ്ങനെയല്ലോ
ആര്‍ത്തിയും പുകച്ചിലും
വിങ്ങുന്ന വേനല്‍ക്കാലം
കത്തിയാളീടും സര്‍വം.
തന്മകളാളിക്കത്തി
നില്പതിന്‍ തിളക്കത്തില്‍
മങ്ങാത്ത നിലാവായി
പൊങ്ങിനില്പവനാരോ?

Tuesday, May 21, 2013

കേരളത്തിന്റെ സാംസ്കാരികഗരിമകള്‍

ഹോ! അതിശയകരം തന്നെ ഈ നാട്.ലോകസംസ്കാരത്തിന്റെ കളിത്തൊട്ടില്‍. ഇവിടെയങ്ങു വഴിഞ്ഞൊഴുകുകല്ലേ സംസ്കൃതിയുടെ മഹാനദി( പണ്ട് പച്ചവെള്ളമൊഴുകിയിരുന്ന നദികളൊക്കെ ഈ സംസ്കാരസമ്പത്തിന്റെ മികവുകണ്ട് ഒഴുക്കൊക്കെ നിര്‍ത്തി ചെളികുത്തിയും കൊതുകരിച്ചും കിടക്കുകയാണ്.). പത്രത്തിലോ ടിവിയിലോ ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലോ ശ്രദ്ധിച്ചാല്‍ അറിയാം ആ സംസ്കാരത്തിന്റെ ഗാംഭീര്യം. ആരാ മലയാളിയെന്നറിയാമോ? വിദ്യാഭ്യാസം, വിവരം, വൃത്തി , ലോകപരിജ്ഞാനം, വ്ശ്വാസം, അവിശ്വാസം, ഇതിനെല്ലാം ഉപരി സദാചാരം എന്നുവേണ്ട ലോകത്തെന്തെല്ലാം ജ്ഞാനവ്യവസ്ഥകളുണ്ടോ, എന്തൊക്കെ തൊഴില്‍ മേഖലകളുണ്ടോ അതിലൊക്കെ അഗ്രഗണ്യന്‍ ഈ മലയാളി തന്നെ. തമിഴനെയും, തെലുങ്കനെയും സായ്‌വിനെയും ബംഗാളിയെയും ഒക്കെ ഈ സംസ്കാരശിരോമണിസമൂഹം പുച്ഛിക്കുന്നതു വെറുതെയാണോ! ( കയ്മെയ്യനങ്ങി ചെയ്യാനുള്ള പണികളൊക്കെ അതുകൊണ്ടല്ലിയോ ഇത്തരം കഴുതകളെ ഏല്പിച്ച് നാമങ്ങനെ ഉമ്മറത്തു വിരാജിക്കുന്നത്.) അങ്ങനെ വിരാജിക്കുമ്പോള്‍ സ്വാഭാവികമായും സാമൂഹിക വിമര്‍ശനത്വരയുണരുകയും ചെയ്യും. ഒബാമ മുതല്‍ ഇറിയന്‍ ജായയിലെ (മുന്‍) നരഭോജി ഗോത്രത്തിന്റെ തലവന്‍ വരെ, ആകാശഗംഗ മുതല്‍ കടല്‍പ്പുറത്തെ ഏറ്റവും ചെറിയ മണല്‍ത്തരിവരെ, അമൃതുമുതല്‍ അമേധ്യം വരെ എന്തിനെയും ഏതിനെയും ഇരുപത്തിനാലുമണിക്കൂറും വിമര്‍ശിക്കാനുള്ള അവകാശമങ്ങു മലയാളിക്ക് തീറെഴുതിക്കിട്ടിയിട്ടുണ്ടല്ലോ. വിമര്‍ശിച്ച് വിമര്‍ശിച്ച് എന്തിനെയും പൊന്നാക്കുക എന്നതാണല്ലോ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.
അത്തരം വിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കാനിപ്പോള്‍ നല്ല തലയെടുപ്പുള്ള മാധ്യമങ്ങളുടെ കൂട്ടുമുണ്ട്. ആരും എഡിറ്റുചെയ്യുമെന്ന വിഷമം വേണ്ട. ആരെയും എന്തും പറയാം. മനുഷ്യസംസ്കാരത്തിന്റെ പരശതം തലമുറകളെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന അഭിപ്രായ ഘോഷയാത്രകള്‍ ഓരോ നിമിഷവും അവതരിച്ചുകൊണ്ടിരിക്കുകയല്ലയോ! ആ നിശിതശരങ്ങളേല്കുന്ന ഇരകളുടെ കാര്യമോ, നരകത്തിനുപോലും സാധിക്കാത്തത്ര അവരുടെ വ്യക്തിത്വത്തെ ചുട്ടുനീറ്റിസ്ഫുടം ചെയ്തുകളയും.
കുറെ ദിവസങ്ങളായി ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസാണ് ഇര. ഇന്നൊരു വീഡിയോ ഫേസ്ബുക്കില്‍ കൊടുത്തിരിക്കുന്നതുകണ്ടു. രഞ്ജിനിയുടെ തെറി എന്ന പേരില്‍. ഞാനതുകാണുമ്പോള്‍ 18000ത്തില്‍പരം ആള്‍ക്കാര്‍ അതു ഷെയറുചെയ്തുകഴിഞിരുന്നു. 1340 പേര് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ അഭിപ്രായങ്ങളില്‍ ഒന്നോരണ്ടെണ്ണം വായിച്ചാല്‍ അതില്‍ 99ശതമാനത്തിന്റെയും സ്വരം മനസ്സിലാകും. ചുറ്റും അരിച്ചു നില്ക്കുന്ന മനോരോഗം മൂര്‍ച്ഛിച്ച ഒരു വലിയ ആള്‍ക്കൂട്ടത്തിനു നേരെ അവര്‍ പൊട്ടിത്തെറിച്ചത് തീര്‍ത്തും പാപം തന്നെയാണെന്ന് പലരും വിലയിരുത്തുന്നു. ആ വിലയിരുത്തലിന്റെ ഭാഷയാവട്ടെ മലയാളി കൊട്ടിഘോഷിക്കുന്ന സംസ്കാരത്തിന്റെ സര്‍വ ഗാംഭീര്യവും തുണിയുരിച്ചുകാട്ടുന്നുമുണ്ട്.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നവളായിക്കൊള്ളട്ടെ, അവര്‍ക്ക് ഒരു സ്ത്രീ മനുഷ്യ ജീവി എന്നീ പരിഗണനകളില്‍ എന്തെങ്കിലും കൊടുക്കുന്ന രീതിയില്‍ ആ ചെറു വീഡിയോയിലെ ആള്‍ക്കൂട്ടത്തിലാരും പെരുമാറുന്നതായി തോന്നിയില്ല. ഉച്ചവെയിലത്ത്, തെരുവില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീയെ, അവഹേളിക്കുവാനും സ്വന്തം മൊബൈല്‍ ക്യാമാറാകളില്‍ ആ ക്രൂരവിനോദം ഒരുരംഗവും വിട്ടുപോകാതെ പകര്‍ത്തുവാനും തിക്കും തിരക്കുംകൂട്ടുന്ന ഒരു ജനാവലി. ആ വീഡിയോ കണ്ട്, അവരെ ഭര്‍ത്സിക്കുവാന്‍ അറിയാവുന്ന ശാപവ്വാക്കെല്ലാം അണിനിരത്തുന്ന മറ്റൊരാള്‍ക്കൂട്ടം.
മഴപോലും ഈ നാട്ടിലേക്കെത്തിനോക്കാന്‍ ഭയക്കുന്നതെന്തുകൊണ്ടാണെന്ന് ഇനിയും സംശയമുണ്ടോ?

Wednesday, May 08, 2013

32/64

സിദ്ധാര്‍ഥശിവയുടെ പുതിയ നാടകപരീക്ഷണം 32/64 ഇന്ന് പകല്‍വെളിച്ചത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഷ്ടദളത്തില്‍ അരങ്ങേറി.
നാടകപരീക്ഷണം, പകല്‍വെളിച്ചം എന്നീ വാക്കുകള്‍ക്ക് അടിവരയിടാവുന്നതാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം പരീക്ഷണ നാടകങ്ങള്‍ അന്യമല്ല. ഒരു കാലഘട്ടത്തെയാകമാനം സ്വാധീനിക്കുന്ന തരത്തില്‍ അരങ്ങിലും വീക്ഷണത്തിലും അവതരണത്തിലും എത്രയോ പുതുമകള്‍ ഇവിടെ നടന്നിരിക്കുന്നു. അവയില്‍നിന്നും ഈ നാടകത്തെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ സംഘബലവും അയഞ്ഞ ആഖ്യാനശൈലിയും കൊണ്ടാണെന്നു തോന്നുന്നു. നിയന്ത്രണാതീതമായ പകല്‍വെളിച്ചത്തില്‍ അഷ്ടദളത്തിന്റെ തുറന്ന അന്തരീക്ഷത്തില്‍ അവതരിക്കപ്പെട്ടതാവട്ടെ ഇതിനു വിചിത്രമായ ഒരു തെരുവുനാടകത്തിന്റെ ഭാവം കൊടുക്കുകയും ചെയ്തു.
അതേ, അത്രപെട്ടെന്നു സാധ്യമല്ലാത്ത ഒന്നിനെ സാക്ഷാത്കരിച്ചതിലൂടെയാണ് സിദ്ധാര്‍ഥ് ഇവിടെ ശ്രദ്ധേയനാകുന്നത്.
അദൃശ്യമായ നാലുകണ്ണുകളുടെ വരുതിയില്‍ അറുപത്തിനാലുകളങ്ങളില്‍ സഞ്ചാരം നിയന്ത്രിക്കപ്പെട്ട ചതുരംഗക്കരുക്കളാണ് സിദ്ധാര്‍ഥിന്റെ നാടകത്തിലെ കഥാപാത്രങ്ങള്‍. ചലനങ്ങള്‍ക്കിടയിലെ നീണ്ടമൗനങ്ങളെ വാചാലമാക്കിക്കൊണ്ട് മുഷിപ്പുമാറ്റാനായി പറയപ്പെടുന്ന കഥകളാണ് നാടകത്തിന്റെ ജീവന്‍. തങ്ങളുടെ വരുതിയിലല്ലാത്ത ജിവിതത്തെ കഥകള്‍ കൊണ്ടു ചെറുത്തുനില്ക്കാന്‍ ശ്രമിക്കുന്നവര്‍. കഥകളാവട്ടെ, ഒരു പ്രദേശത്തിന്റെ പരിധിക്കുള്ളിലെ അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ചില സംഭവങ്ങളോ നാടോടി വഴക്കത്തിലൂടെ ഏവര്‍ക്കും സുപരിചിതമായതോ കാലഘട്ടങ്ങളെ പുളകം കൊള്ളിച്ച ചലച്ചിത്രങ്ങളുടേതോ ഒക്കെയും. കരുനീക്കങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളകളില്‍ ഈ കഥകളുടെ സഹായത്തോടെ പരിനിഷ്ഠിതമായ കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കള്‍ ചതുരംഗപ്പലകയില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. കളി നീളുന്നു. കഥകള്‍ കൂടിക്കുഴയുകയും ഭിന്നപാഠങ്ങള്‍ തേടുകയും ചെയ്യുന്നു. കരുക്കളൊന്നൊന്നായി ഒഴിഞ്ഞ് രണ്ടു രാജാക്കന്മാര്‍ മാത്രം എതിരിട്ടു നിന്ന് സ്വന്തം കര്‍മ്മഭാരങ്ങളുടെ വിഴുപ്പില്‍ കിതച്ച് പൊരുതാനൊരുങ്ങുമ്പോള്‍ അദൃശ്യനായ വിധാതാവ് കളി നിര്‍ത്തുകയും ചെയ്യുന്നു.
കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കളുടെ നിശ്ചിതചലനങ്ങളുടെ താളാത്മകമായ ക്രമവും കഥകളില് വിഹരിക്കുമ്പോളത്തെ ക്രമരാഹിത്യത്തിന്റെ പരമകോടും ചേര്‍ന്ന് ഈ നാടകത്തെ വിചിത്രമായ ഒരു അനുഭവമാക്കുന്നു. കുറോസോവയുടെ ഡ്രീംസിലെ ചെറിമരങ്ങളുടെ കഥയുടെ ദൃശ്യഭംഗി ചിലപ്പോഴൊക്കെ ഈ നാടകത്തിനു തരമാവുന്നു. ഇതൊന്നും അത്ര എളുപ്പമാര്‍ജ്ജിക്കാവുന്നതല്ല എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം കൃതഹസ്തത സംവിധാനകലയില്‍ സിദ്ധാര്‍ഥിനു നേടാന്‍ കഴിഞ്ഞു എന്നു ബോധ്യമാവുക.
നാടകരംഗത്തു മുന്‍പരിചയം ഒട്ടുമില്ലാത്തവരായിരുന്നു അറുപത്തിനാല് അഭിനേതാക്കളില്‍ ഏറെപ്പേരും. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെയും ബസേലിയസ് കോളേജിലെയും വിദ്യാര്‍ഥികള്‍. അവരെക്കൊണ്ട് വളരെ അയഞ്ഞ ഘടനയുള്ള ഈ നാടകം സമര്‍ഥമായി നിര്‍വഹിക്കാനായി എന്നത് സംവിധായകന്റെ വിജയം തന്നെയാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലാ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ സംസ്കാരയുടെയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെയും സഹകരണത്തോടെയാണ് ഈ നാടക അരങ്ങേറ്റം.