Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, November 27, 2014

ക്ളോസപ്പ് ഒഴിവാക്കണം

( ബാല്യത്തിലെയും കൗമാരത്തിലെയും സങ്കല്പസഞ്ചാരങ്ങളുടെ കൂട്ടാളിയ്ക്ക്, ഹരിയ്ക്ക്)

കാണുന്ന പലതും നേരല്ലാത്തതുപോലെ ഇതുമൊരു പൊയ്ക്കാഴ്ചയാണ്. മുഖമെന്റേതെങ്കിലും അതെന്റെമുഖമല്ലതന്നെ. മിനുക്കുവാനൊന്നും മിനക്കെട്ടില്ലെങ്കിലും ചെറിയൊരു തട്ടിപ്പ്. തനിപ്പടംപിടിയ്ക്കുമ്പോള്‍ മാത്രം പടത്തില്‍ വരുത്താനാവുന്ന ഒരു കൃത്രിമം: കൈ അകലേയ്ക്കു പിടിച്ച്, കഴിയുന്നത്ര ശരീരത്തില്‍ നിന്നകറ്റിപ്പിടിച്ച്, ഒരു ക്ളിക്ക്. ഭദ്രം. സൂപ്പര്‍!!

കറുത്തപാടുകളുണ്ട് കവിളത്ത്. കണ്ണിനടിയില്‍ നേര്‍ത്ത ചുളിവുകളും. വകഞ്ഞൊതുക്കിവച്ചിരിക്കുന്ന മുടി വെറും പടമാണ്, ഉള്ളേയില്ല. അരനൂറ്റാണ്ടോളംകാലം നടന്നതിന്റെയും കൊണ്ടതിന്റെയും, കൊടുത്തതിന്റെയും തടുത്തതിന്റെയും അടയാളങ്ങളതേപടി കുറിക്കപ്പെട്ടിട്ടുണ്ട്. അതറിയണമല്ലോ നാം തന്നെ. തനിപ്പിടി പിടിക്കുമ്പോളെങ്കിലും ക്ളോസപ്പ് ഒഴിവാക്കി, മുഖത്തെ തളര്‍ച്ചകള്‍ കഴിയുന്നത്ര അവ്യക്തമാക്കുവാന്‍ ശ്രമിക്കണം.

അല്ലെങ്കില്‍ത്തന്നെ എല്ലാം വിശദമായിക്കാണണമെന്ന് നാം പലപ്പോഴും എന്തിനാണിത്ര ശാഠ്യം പിടിക്കുന്നത്? അങ്ങനെ ആവശ്യപ്പെട്ടുശീലമായിപ്പോയി എന്നതൊഴിച്ചാല്‍ എന്താണതിന്റെ യുക്തി? അടുത്തെത്തുമ്പോള്‍ പല യാഥാര്‍ഥ്യങ്ങളും ഭയം വരുത്തുകയേയുള്ളു എന്നതറിയാഞ്ഞല്ലല്ലോ. പടക്കളത്തിന്റെഅലര്‍ച്ചകള്‍ ചോരപ്പാടുകള്‍ ചിതറിയ കബന്ധങ്ങള്‍ ഒന്നും നല്ല കാഴ്ചകളല്ല. കുഴഞ്ഞുനനഞ്ഞ നിലം ചതുപ്പിന്റെയാഴം കാണാവുന്നത്ര വ്യക്തമായിക്കഴിഞ്ഞാല്‍ നടക്കാന്‍ മടിയ്ക്കുകയല്ലേയുള്ളു! അപ്പോള്‍ ഒന്നും വ്യക്തമാവരുത്. കഴിവതും അതിനാല്‍ ക്ളോസപ്പ് ഒഴിവാക്കണം.

സൂക്ഷ്മമായി അറിഞ്ഞാലേ എന്തിനും പരിഹാരം കാണാനാവു എന്ന് പറയുമല്ലോ എന്നല്ലേ? പരിഹാരം എന്നൊന്നുണ്ടെങ്കിലല്ലേ ആ വാദത്തിനു പ്രസക്തിയുള്ളു? ചിലതൊന്നും ആര്‍ക്കും നേരെയാക്കാനാവില്ല. ഒന്നും ആര്‍ക്കും നേരെയാക്കാനാവില്ല. കണ്‍തടത്തില്‍ കടന്നുപോയദിനങ്ങള്‍ ചാര്‍ത്തിത്തന്ന വരകള്‍ മായ്ക്കുവാന്‍ ഒരു വൈദ്യനും കഴിയില്ല, മറയ്ക്കുവാനേ കഴിയൂ. കൊലവിളിച്ചു നില്ക്കുന്ന ജ്യേഷ്ഠാനുജന്മാരുടെ പക അണയ്ക്കുവാനാവില്ല ഒരു ദിവ്യമാതാവിനും, തത്കാലത്തേയ്ക്കു പിടിച്ചുമാറ്റാനേ കഴിയൂ. അത്രയ്ക്കേ ഉണ്ടാകാവു അടുപ്പം.

നടന്നവഴികളൊന്നും മറന്നിട്ടല്ല, കൂട്ടുകാരാ, സ്വയം മൂടിവച്ചിങ്ങനെ വഞ്ചനയ്ക്കൊരുങ്ങുന്നത്. നാംതന്നെ എന്താണെന്നറിയാത്തതിന്റെ അമ്പരപ്പുമൂലമാണ്............

അല്ലെങ്കിലുമൊന്നോര്‍ത്തുനോക്കൂ, അടുപ്പിച്ചടുപ്പിച്ച്, മുഖത്തെയുമ്മവയ്ക്കുന്നത്രയടുപ്പിച്ചാല്‍ ആ ഛായയുടെ അവസ്ഥ!

അതിനാല്‍ ഒഴിവാക്കണം
എപ്പോഴും
ക്ലോസ് അപ്.
ഡാലിയുടെഒരു പെയിന്റിംഗ്

Saturday, November 22, 2014

മഞ്ഞോര്‍മകള്‍

കുന്നിന്നുച്ചിയില്‍ മഞ്ഞുപെയ്യുന്ന നേരം കട്ടി-
ക്കമ്പിളിത്തുണിപ്പുതപ്പൊന്നുമേ ധരിക്കാതെ
അസ്ഥിയെത്തുളയ്ക്കുന്ന കാറ്റിനെ നേരിട്ടന്തി
വെട്ടത്തില്‍ മിഴിനട്ടു നിന്നകാലവുമുണ്ട്.....

മറ്റൊരോര്‍മ്മയില്‍,ത്തലക്കാവേരിക്കുന്നിന്‍മേലെ
മുറ്റിയപുകമഞ്ഞില്‍ കണ്ണുഴന്നറിയാതെ-
യൊറ്റയ്ക്ക് കൈയ്യില്‍ക്കോര്‍ത്ത പുല്ലിനെച്ചുറ്റിപ്പിടി-
ച്ചെത്രമേല്‍ നിമിഷങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്

ഉത്സവക്കാലം ധനുമാസത്തില്‍ മഞ്ഞില്‍ക്കുളി-
ച്ചെത്രയോ രാവോര്‍മ്മകള്‍, പിന്നെത്ര നിലാശയ്യ
ബസ്സിന്റെജനല്‍ഷട്ടര്‍താഴ്താതെ കിലോമീറ്റ-
റെത്രയോ പിന്നിട്ടൂയലാടുന്ന സഞ്ചാരങ്ങള്‍...

വൃശ്ചികം പിറന്നിട്ടേയുള്ളു രാവിനും കരു-
ത്തിത്രയേയായിട്ടുള്ളു, പതിരാവായേയുള്ളു.
ജന്നലില്‍ക്കൂടിച്ചിന്നിയെത്തുന്ന തണുപ്പിന്റെ
കുഞ്ഞുനാവാടുമ്പോഴേയിന്നിതാവിറയ്ക്കുന്നു!


Friday, November 21, 2014

പറമ്പില്‍ പലതും നടക്കുന്നുണ്ട്

മുറ്റത്ത് മന്ദാരം നട്ടപ്പോള്‍
അവന്‍ സ്ഥാനമൊന്നും നോക്കിക്കാണുകില്ല.
കിളികളെ ഊട്ടിയിരുന്നതിനും
നേരം കാലം ശ്രദ്ധിച്ചിരിക്കില്ല.
നടന്നുപോയവഴികളില്‍
കാല്പാടുകള്‍ പതിഞ്ഞിടുണ്ടോ എന്ന്
പിന്തിരിഞ്ഞു നോക്കിയ ചരിത്രമില്ല
അവന്.


സ്വന്തം കാല്പാടുകള്‍
നന്നായി പതിഞ്ഞിട്ടുണ്ടോ എന്ന്,
നിഴല്‍ പിന്നില്‍ത്തന്നെയുണ്ടോ എന്ന്
ശങ്കിക്കുന്നവരുണ്ടാവാം
പാറപ്പുറത്തു പാടുവീണില്ലല്ലോ എന്ന്
വിഷമിച്ച്
ദേവശില്പിയെ വരുത്തി
സ്വന്തം പാദം കൊത്തിവയ്പ്പിക്കുന്നവരുണ്ടാവാം
എവിടെയെങ്കിലും
മറ്റാരുടെയെങ്കിലും കാല്പാടൊന്നു തെളിഞ്ഞതുകണ്ടാല്‍
കലിയോടെ അതു മായ്ക്കുന്നവരും

അവന്‍ അക്കൂട്ടത്തിലൊരാളായിരുന്നില്ല.

തെച്ചിയും തുളസിയും
ആരാണു തങ്ങളെ നട്ടതെന്നതിനെക്കുറിച്ച്
തലപുകയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
അതില്‍ച്ചേക്കേറുന്ന കിളികള്‍ക്ക്
ചെടികള്‍ വളര്‍ന്നതുകണക്കാക്കാതെ
തരം കിട്ടമ്പോഴൊകെ വെള്ളം പകരുകയും
നിഴല്‍പറ്റിനിന്ന്
അവയോടു സംസാരിക്കുകയും ചെയ്യുന്നവന്റെ
ചരിതത്തില്‍ വലിയ താത്പര്യം കാണില്ല.
മഴുവുമായി വരുന്നവന്റെ
മുഖം
ഇവയൊന്നും മറക്കില്ല.

ഭിത്തിചിത്രങ്ങള്‍
മായിച്ചു
കളിച്ച് പായുന്നതിനിടയില്‍
കുറുമ്പന്‍ കുട്ടി
ആകാശത്തേക്കു കൈയാഞ്ഞു വീശിക്കൊണ്ട് പലകുറി
ചാടിനോക്കി.
കുരുവിയുടെ രൂപമുള്ള
മേഘം
കിഴക്കോട്ട് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.............

Wednesday, November 05, 2014

വര


ഒരുകാലത്തും
വരകളൊന്നും വ്യക്തമായിരുന്നില്ല.

അമ്മൂമ്മ പറഞ്ഞത് വരകളെക്കുറിച്ചായിരുന്നു-
ഭാഗ്യവന്തം പ്രസൂയേഥാ എന്ന് ഉച്ചരിക്കാന്‍
അവര്‍ക്ക് അറിയില്ലായിരുന്നു.
എന്നിരിക്കിലും എന്തിനും ഒരു വര വേണമെന്ന്
അമ്മൂമ്മ പറയുമായിരുന്നു.

അമ്മൂമ്മയെ
അമ്മച്ചിയമ്മ എന്ന്'
വിളിച്ചതു ഞാനാണത്രേ
(കുടുംബ ചരിത്രത്തിലെ ഒരു ഏടാണത്)

വരകള്‍ ഒരിക്കലും തെറ്റാറില്ല.
(അതും അമ്മച്ചിയമ്മ പറഞ്ഞതാണ്).

അവസാനം
ഒരുച്ചക്കിറുക്ക്
മുഴുക്കിറുകും
കിറുക്കിനുമപ്പുറത്തുള്ള
എന്തോ ഒന്നുമാക്കി
പരിണമിപ്പിച്ചുകൊണ്ട്
പുതുതായി പണിത
ഡൈനിംഗ് ടേബിളിനു മേലേ
കയറിയിരുന്ന്
അവര്‍
അയല്‍പക്കം കിടുങ്ങുമാറ്
പാതിരാത്രിയില്‍
വിളിച്ചു കൂവിയതും
വരകളുടെ ചരിതമായിരുന്നു.
( കുടുംബചരിത്രം എന്ന് ഞാന്‍ പറയും)

എന്റെ അമ്മച്ചിയമ്മയ്ക്ക്
അക്ഷരം കഷ്ടിയെഴുതാനേ
അറിയുമായിരുന്നുള്ളു.
വരച്ച വരകളൊന്നും
വ്യക്തമാവണമെന്ന്
അവരൊരിക്കലും
നിര്‍ബന്ധിച്ചില്ല( വരയൊന്നും തന്നെ വരച്ചുമില്ല)

എന്റെ അമ്മച്ചിയമ്മയ്ക്ക്
കിറുക്കൊട്ടുമില്ലായിരുന്നു.

പൂജയെടുപ്പിന്
അരിപകര്‍ന്ന
കിണ്ണം വച്ച് പകച്ചിരിക്കുമ്പോള്‍
മരിക്കുവോളം
അവര്‍ എന്നെ ശാസിച്ചത്
ഹരിശ്രീഗണപതായേ നമ
അവിക്കുന്ന വസ്തു എന്നെഴുതെടാ എന്നായിരുന്നു.


അവിക്കുന്ന വസ്തു
കണ്ടെടുക്കാന്‍
എനിക്കിതുവരെയുമായതുമില്ല.

എന്റെയമ്മച്ചിയമ്മയ്ക്ക്
ഒരിക്കലും
ഒട്ടും കിറുക്കില്ലായിരുന്നു.

ഒരു വരപോലും
നേരെ വരയ്ക്കുവാന്‍ അറിയുകയുമില്ലായിരുന്നു.

എന്തിനും ഒരു വരവേണം
എന്ന്
പിറുപിറുക്കുന്നപോലെ
അവര്‍ പറയുമായിരുന്നു.

Saturday, November 01, 2014

ഇപ്പോള്‍............

ഇപ്പോളിരമ്പിവരുംകരുത്താല്‍
ചുറ്റിയടിക്കുന്ന കാറ്റൊരെണ്ണം.

ഒറ്റയ്ക്കുനേരിടാനാവതല്ല
കച്ചിത്തുരുമ്പില്‍ പിടിക്കരുത്

ജന്നലടച്ചു തഴുതിട്ടാലും
ഉള്‍മുറിയൊന്നിലൊളിച്ചെന്നാലും
രക്ഷപ്പെടുമെന്ന തോന്നല്‍ വേണ്ട
ഒക്കെയും തീര്‍ക്കുന്ന ശക്തിയാണ്.

ഇപ്പോള്‍ വരുന്നുണ്ട് കാറ്റൊരെണ്ണം.

തെക്കൂന്നിരുട്ടിന്റെ തോറ്റമായി
വടക്കൂന്നുപൊള്ളുന്ന കാഴ്കയായി
കിഴക്കൂന്നു മലമറിക്കുന്ന പേയായ്
പടിഞ്ഞാറെക്കടലിന്നിളക്കംവരും

ഒക്കെയും ഭദ്രമെന്നോര്‍ത്തിരിക്കെ
മുറ്റത്തെമാവിന്നിലയിളക്കി
കട്ടിലില്‍ ദുസ്വപ്നഭീതിയായി
ഒക്കെയും തീര്‍ക്കുന്ന രൗദ്രമോടെ
പത്തുദിക്കീന്നുമതുത്ഭവിക്കും

ഇപ്പോളിരമ്പിവരുന്നതുണ്ട്
ചുറ്റിയടിക്കും ചുഴലിവാതം
ജന്നല്‍തുറന്നിട്ടുകാത്തിരിക്ക

ഇപ്പോളിരമ്പിക്കുതിച്ചുവരും



കൊടുങ്കാറ്റിന്റെ വരവ്- ചാള്‍സ് കോഡ്‌മാന്‍

Friday, October 31, 2014

പ്രണയസന്ധ്യ( ഒരു പഴയകവിത, കുട്ടേട്ടന്‍ തിരിച്ചയച്ച കവിത.)

-->
കണ്ണുകൂര്‍പ്പിച്ചുറ്റുനോക്കുന്നു നീയെന്റെ-
കണ്ണിലേക്കീമരച്ചോട്ടിലിരിക്കവേ
മിണ്ടുന്നതില്ലൊന്നുമീനോട്ടമലാതെ
പുല്കുന്നതില്ലൊന്നുമീമൗനമല്ലാതെ.
ഏറുന്നു നേരം, പടിഞ്ഞാട്ടുസൂര്യനും
നീരവയാമൊരീ സന്ധ്യയും പോവുന്നു.
എന്നിട്ടുമെന്റെ കരളിലേക്കുറ്റുറ്റു
നോക്കിയിരിക്കുകയാണു നീയിപ്പൊഴും


ചൊല്ലുവനുണ്ടേറെത്തങ്ങളില്‍തങ്ങളില്‍
പങ്കിട്ടിടാനുണ്ടു വര്‍ണ്ണക്കിനാവുകള്‍
നീലത്തിരകളിളക്കിക്കഥകളൊ-
രായിരം ചൊല്ലുന്നു നിന്നുടെ കണ്ണുകള്‍
കൃഷ്ണമണിത്തിരശീലനീക്കിക്കിനാ-
വെട്ടമെന്‍കണ്ണിലേക്കിറ്റിറങ്ങീടുന്നു.

നീതിരക്കൊള്ളുന്ന ശബ്ദമേകേള്‍പ്പുഞാന്‍
നിന്റെകിരണങ്ങള്‍ മാത്രമായ് കാണുന്നു.

നേരമിരുളുന്നു രാവിന്‍ നഖം നീണ്ടു
ചോരയൂറ്റുംമുമ്പുനമ്മള്‍ക്കുപോയിടാം.
ചൊല്ലിയതില്ല നാമൊന്നുമിന്നെങ്കിലും
ചൊല്ലിക്കഴിഞ്ഞു നാമേറെ മിഴികളാല്‍
പങ്കിട്ടതില്ല നാമൊന്നുമിന്നെങ്കിലും
പങ്കിട്ടു നമ്മുടെ വിങ്ങും കരളുകള്‍.


ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. ' കറുത്തപക്ഷിയെത്തേടി' എന്നായിരുന്നു പേര്. അതുകഴിഞ്ഞതോടെ നിരന്തരം കവിതകള്‍ ബാലപ്ംക്തിയിലേക്കയക്കാന്‍ തുടങ്ങി. കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളോടെ കവിത താമസിയാതെ മടങ്ങി വരും. കവിതയിലെ ചെറിയ കുറവുകളെയും കുറ്റങ്ങളെയും പോലും ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരിക്കും ആ കുനുകുനുത്ത അക്ഷരത്തിലുള്ള കുറിപ്പ്. അങ്ങനെ കുട്ടേട്ടന്‍ തിരിച്ചയച്ച ഒരു കവിതയാണിത്. 17-10-86 ആണു തീയതി കുറിച്ചിരിക്കുന്നതെന്നു തോന്നുന്നു.
കുട്ടേട്ടന്റെ കുറിപ്പുകള്‍ എഴുത്തിന്റെ രീതിയെയും ഭാഷാ ശൈലിയെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു, ഈയിടെ പഴയകടലാസുകളും പ്രസിദ്ധീകരണങ്ങളും അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ കവിത ലഭിച്ചപ്പോള്‍ ആദ്യം തോന്നിയ അത്ഭുതം. ചില കവിതകളാവട്ടെ ഇന്നയിന്ന ഭാഗങ്ങള്‍ തിരുത്തി തിരിച്ചയക്കുക എന്നായിരിക്കും കുറിപ്പ്. അങ്ങനെ തിരിച്ചയച്ചാലും അതില്‍ വേറെയെന്തെങ്കിലും ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് വീണ്ടും തിരിച്ചയക്കും. അങ്ങനെ നാലോ അഞ്ചോതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച്, രൂപവും ഭാവം തന്നെയും പാടേ മാറിപ്പോയ കവിതകളും ഒന്നുരണ്ടെണ്ണമുണ്ട്.
പഴയകടലാസുകൂട്ടത്തില്‍ നിന്നു കിട്ടിയ ഈ കവിതയില്‍ കുട്ടേട്ടന്‍ നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ഠ്. മാറ്റം വരുത്തിയത്, ഇപ്പോളാണെന്നു മാത്രം. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന കാലത്ത് എഴുതിയത് എന്നതിലേറെ ഇതിന് എടുത്തുപറയാവുന്ന ഗുണങ്ങളൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പുരാവസ്തുകൗതുകം ഒന്നുകൊണ്ടുമാത്രം ഇതിവിടെ ചേര്‍ക്കുന്നു.

Wednesday, October 15, 2014

സ്കൂട്ടര്‍

റബ്ബര്‍മരങ്ങളുടെ കാനനത്തിലൂടെ
സ്കൂട്ടര്‍ നീങ്ങുമ്പോള്‍
സ്ഥലമേതെന്നറിയില്ലായിരുന്നു.
അറിയില്ലായിരുന്നു എന്ന അറിവ്
ആശങ്കപ്പെടുത്തിയതുമില്ല.




റബ്ബര്‍മരങ്ങളുടെ തണലിലൂടെ സ്കൂട്ടര്‍
കുടുങ്ങിക്കുലുങ്ങി സഞ്ചരിച്ചുകൊണ്ടിരുന്നു.

 


ഇടയ്ക്ക് തണല്‍ മുറിയുന്നമട്ടില്‍
മരങ്ങള്‍ ഇലപൊഴിച്ചു നില്ക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കു ചിലടത്ത്
റബ്ബര്‍തോട്ടത്തിന്റെ തിട്ടലുകളില്‍ നിന്ന്
പുതുമഴയുടെ വെള്ളം ഇരമ്പിച്ചാടുന്നുണ്ടായിരുന്നു.
ചിലയിടത്ത് അടിക്കാട്ടില്‍
ഓണംവിളമ്പി
മുക്കുറ്റികള്‍ കൂട്ടമായി പൂത്തുനിന്നിരുന്നു.
ഇടയിലൊരു കൊന്നയില്‍
നിറച്ചും കണി പൂത്തിരുന്നു.
റബ്ബര്‍തോട്ടം
അറ്റമില്ലാതെ പരന്നുകിടന്നിരുന്നൂ
വലത്തുമിടത്തും മുന്പിലും പിറകിലും




അതിനിടയിലൂടെ സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുമുഴക്കത്തോടെ
സഞ്ചരിച്ചുകൊണ്ടിരുന്നു.




വഴിതെറ്റിയോ എന്ന് ഞങ്ങള്‍ ചിലപ്പോഴമ്പരന്നെന്നു തോന്നുന്നു
വഴിചോദിക്കാനാരെയും കാണാനില്ലായിരുന്നു.
എങ്ങോട്ടാണുപോകേണ്ടതെന്നും
അറിയില്ലായിരുന്നു എന്നു തോന്നുന്നു.
റബ്ബര്‍മരങ്ങളിലെ കാറ്റ് ചിലപ്പോള്‍
ഞങ്ങളുടെ ആശങ്കപെരുക്കി.
തളിര്‍ക്കുന്ന മരങ്ങളുടെ
ശീതളിമ ചിലപ്പോള്‍ ലഹരിയായി.
ഇടയ്ക്കൊരു തണല്‍പറ്റിനില്ക്കുന്ന
രണ്ടു കുഞ്ഞന്‍ പാറകളിലിരുന്ന്
അല്പം വിശ്രമിച്ചാലോ എന്നു തോന്നി.
വിശപ്പും ദാഹവും മുറ്റി
വീണുപോവുമെന്നും തോന്നി.




വഴിനീണ്ടു കിടന്നതിലൂടെ
സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുത്ത്
സഞ്ചരിച്ചുകൊണ്ടിരുന്നു.




പിന്നിലത്തെ സീറ്റിലിരുന്ന്
ഞാനിതെല്ലാം കണ്ടു.
എന്റെ വര്‍ത്തമാനം കേട്ട്
അവന്‍ വണ്ടിയോടിച്ചു.
എന്നത്തെ യാത്രയാണെന്നോര്‍മ്മയില്ല
എത്രയാത്രകള്‍ കൂടിക്കുഴഞ്ഞെന്നുമറിയില്ല
ഓര്‍മയോ സ്വപ്നമോ എന്നും അറിയില്ല
ഓര്‍മയും സ്വപ്നവും കൂടിക്കുഴഞ്ഞോ എന്നും
പിന്നിലത്തെ സീറ്റിലായിരുന്നു ഞാന്‍
മുന്നിലവന്‍.
വഴിനീണ്ടു കിടന്നു
വണ്ടിയോടിക്കൊണ്ടിരുന്നു
മുന്പിലും പിന്പിലും വലത്തുമിടത്തും
റബ്ബര്‍മരങ്ങളുടെ കാനനം നിരന്നു നിവര്‍ന്നു കിടന്നു
ഇരുളും വെളിച്ചവുംഇടകലര്‍ന്നു നിന്നു. 
സ്ഥലമേതെന്നറിയില്ല
സമയമേതെന്നുഴറിയില്ല.
യാത്രയെന്തിനെന്നറിഞ്ഞില്ല




കുടുങ്ങിക്കുലുങ്ങിക്കുടുകുടുത്ത്
സ്കൂട്ടര്‍ നീങ്ങിക്കൊണ്ടിരുന്നു
മുന്പിലവന്‍
പിന്നില്‍ ഞാനും.
റബ്ബര്‍മരങ്ങളുടെ കാനനം

Saturday, October 11, 2008

ഉത്സവം



ഓർമ്മകളെല്ലാംകെടുമ്പോഴും നിൻകൃപ
നീലച്ചകൺകൾ തിളങ്ങുന്നു പ്രജ്ഞയിൽ
ആരവമില്ലയുള്ളിൽ കൊടുങ്കാറ്റിന്റെ
താളുകളെല്ലാം നിനക്കു നേദിച്ചുപോയ്‌

എത്രയുഗങ്ങൾ-
പരസ്പരം നാം നോക്കി നിൽക്കുന്നു
നോട്ടത്തിലെത്ര സമുദ്രങ്ങൾ
നിശ്ചലനീലം തിളങ്ങുമാകാശങ്ങ-
ളെത്തിപ്പിടിക്കുവാനാവാതെ പ്രാവുകൾ.

സ്വപ്നങ്ങളെല്ലാം പകുത്തുതീരുമ്പോൾ നിൻ
കൈപ്പടം കയ്യിലെടുത്തു ഞാൻ കോറുന്നു
വിസ്മൃതിക്കാറ്റിനൊരിക്കലും മായ്ക്കുവാൻ
ശക്തിയെഴാത്ത വിഭൂതിയിലിത്രയും-
"അസ്തമിക്കാത്തതാണീ പ്രണയോത്സവം"

ഇത്രമാത്രം ലിഖിതം,
പുഷ്പവൃഷ്ടിയിൽ
പൊട്ടിത്തരിക്കുന്നു പാഴ്മരുഭൂമികൾ
അദ്രിശൃംഗങ്ങൾക്കു മീതെയുദിക്കുന്നു
നക്ഷത്രജാലവും ചന്ദ്രനും ദൈവവും

നിൻകൈപ്പടം ഭൂമി, ഞാനതിൽക്കാമുകൻ
കൈരേഖതൻ നദി, ഞാനതിലെത്തോണി
തോണികളെല്ലാമഴിമുഖത്തെത്തുന്നു
തോഴീ തിരക്കൈകളാലെന്നെ മൂടുക.

{കേരളകവിത 1997-ൽ പ്രസിദ്ധീകരിച്ചത്‌
}

Thursday, October 09, 2008

യക്ഷി സംസാരിച്ചത്‌


അർദ്ധരാത്രിയിൽ വിളിവന്നപ്പോഴും
അത്ര പ്രതീക്ഷിച്ചില്ല.
ശബ്ദത്തിൽ അഭൗമമായി യാതൊന്നുമില്ലായിരുന്നു-
പശ്ചാത്തലത്തിലെ
വിചിത്രമായ ചൂളം വിളിയൊഴികെ,
പനമ്പട്ടയിൽ ചൂളമിടുന്ന
കാറ്റാവണം.

യക്ഷി വിളിച്ചു

തീർത്തും സ്വാഭാവികമായ പെണ്മൊഴി.
തിരിച്ചറിയാനാവാത്ത ഒരു നമ്പറിൽ നിന്നും.

യക്ഷികൾ
മൊബൈൽഫോൺ ഉപയോഗിക്കുമോ എന്നോ,
ഒരു പാവം മനുഷ്യനെ
പാതിരാത്രിയിൽ വിളിച്ചുണർത്തി
അർത്ഥമില്ലാത്തതെന്തൊക്കെയോ സംസാരിച്ച്‌
നേരംവെളുപ്പിക്കുമോ എന്നൊക്കെയുള്ള
യുകതിവിചാരങ്ങളൊന്നും തലപൊക്കിയതേയില്ല

സംസാരം കേട്ടപ്പോഴേ
അതൊരു യക്ഷിയാണെന്ന് മനസ്സിലുറച്ചു.

ഉഷ്ണം പെരുത്ത്‌
വിയർപ്പൊട്ടിയയ കിടക്കമേൽ
ഉറക്കം എന്ന ഒരിക്കലും വരാത്ത
സ്വപ്നത്തെപ്രതീക്ഷിച്ചുകിടക്കുകയായിരുന്നു
ഒറ്റയ്ക്കുകിടക്കുമ്പോൾ
ഉറക്കം വരുത്താനായി ചെയ്യുന്ന
ചെപ്പടിവിദ്യകളൊക്കെയും
പിഴച്ചുപോയിരുന്നു.
മുട്ടിനുമുട്ടിനു വെള്ളം കുടിച്ചും
മൂത്രമൊഴിച്ചും
നട്ടപ്പാതിരയായത്‌
തിരിച്ചറിയുന്നുണ്ടായിരുന്നു

യക്ഷി വിളിക്കുമ്പോൾ
സമയം
എത്ര താണ്ടിയാലും
തീരാത്ത
ഒറ്റത്തടിപ്പാലം

വിളി
യക്ഷിയുടേതാണെന്നറിഞ്ഞപ്പോൾ
അതൊരു പരാതിപറച്ചിലാവുമെന്ന്
ആദ്യം തോന്നി

അല്ലാതെ യക്ഷികൾ മറ്റെന്തുസംസാരിക്കാൻ?
വെട്ടിമറിച്ചിട്ട പാലമരങ്ങളെപ്പറ്റിയോ
ടാർ നിരത്തിയും
ഇരുവശവും കെട്ടിടങ്ങളുയർത്തിയും
രാപ്പകൽഭേദമില്ലാതെ
ഒച്ചവച്ചു സംസാരിച്ചും
ഉച്ചത്തിൽ ഹോണടിച്ചും
തീണ്ടപ്പെട്ടു
വഴികൾ നഷ്ടമായതിനെപ്പറ്റിയോ
ഉഗ്രവേഗങ്ങൾ കൊണ്ടു
തട്ടിയുടയ്ക്കപ്പെട്ട
അവരുടെ
പകലുറക്കത്തെപ്പറ്റിയോ
ഒത്തിരിപ്രസരങ്ങൾ കൊണ്ട്‌
വികലമാക്കപ്പെട്ട
അവരുടേതു മാത്രമായിരുന്ന
അകാശത്തെപ്പറ്റിയോ
പരാതിപ്പെടുകയല്ലാതെ?

പക്ഷേ ശ്രീമതി യക്ഷി
അതൊന്നും പറഞ്ഞില്ല.

ഒറ്റക്കിടക്കയുടെ
വിധുര ഗന്ധങ്ങൾ
മടുത്തോ എന്ന്,
ഉച്ചക്കിറുക്കുകൾ അവസാനിക്കാൻ
കാലമായില്ലേ എന്ന്,
കുശലങ്ങൾ പറഞ്ഞ്‌
ഉച്ചത്തിൽ ചിരിച്ചുകൊണ്ടിരുന്നു.
(ഒരു യക്ഷിക്കു മാത്രം കൈവശമായ അനന്തമായി മുഴങ്ങുന്ന ചിരി)
ഉച്ചത്തിൽ കവിതചൊല്ലുന്ന ശീലം
എന്തേ ഉപേക്ഷിച്ചതെന്നാരാഞ്ഞു.
സ്വപ്നത്തിലും ദിവാസ്വപ്നത്തിലും മെനഞ്ഞെടുത്ത
ഒട്ടേറെ സംഭാങ്ങളെ
എടുത്തു ചൊല്ലിക്കളിയാക്കി.

ഒരു യക്ഷിക്കല്ലാതെ ആർക്കാണ്‌
ആരാന്റെയും സ്വപ്നത്തിലും
ദിവാസ്വപ്നത്തിലും
ഇത്ര സമർത്ഥമായി
നുഴഞ്ഞു കയറാനാവുക?

രാത്രിയിരുണ്ട്‌ കനത്ത്‌
ഉഷ്ണിച്ചു പുളഞ്ഞ്‌
മെല്ലെ
നേർത്ത വെളിച്ചത്തിലേക്ക്‌
ഇഴഞ്ഞു കയറുമ്പോഴും
സംസാരം തുടർന്നു.

ഒറ്റയാൾ മാത്രം സംസാരിച്ചു
ംറ്റേയാൾ കേട്ടുകേട്ടിരുന്നു.

അവസാനം
ചിത്രവർണ്ണ മെസേജുകൾ
ഇടയ്ക്കിടെ അയക്കാമെന്നു പറഞ്ഞ്‌
ചിലമ്പിത്തെറിക്കുന്ന
ചിരിയോടെ
യക്ഷി
പൊടുന്നനെ
ഫോൺ കട്ടുചെയ്തു.

അപ്പോൾ മുറ്റത്തു കിളിയൊച്ചകൾ
കേൾക്കായി.
പച്ചവെളിച്ചം
ജനലിലൂടെയുറന്നുവന്നു.

ഉറക്കച്ചടവുകൾ അപ്രത്യക്ഷമായിരുന്നു.
ഒട്ടുമുറങ്ങാതിരുന്ന
രാത്രിയുടെ
ലക്ഷണമൊന്നും
ഒരിടത്തും ശേഷിച്ചില്ല.

മൊബൈലിലെ കാൾ ലോഗിൽ
അത്തരമൊരു വിളിയുടെ
വിവരമൊന്നും
കാണാനില്ല.
അജ്ഞാതമായ ഫോണിൽ നിന്നും
ഒരിക്കലും
സംഭവിച്ചിട്ടില്ലാത്ത വിളി
യക്ഷിയുടേതു തന്നെ!

Thursday, August 14, 2008

തൂവൽ

നിറങ്ങെളല്ലാമുണ്ടായിരുന്നു.

കൊത്തിച്ചിക്കിനടക്കുമ്പോൾ
വെയിലേറ്റുതിളങ്ങുമായിരുന്നു.
പോരുകൂടുമ്പോൾ
വീര്യംകൊണ്ടുനിവർന്നു ത്രസിച്ചു
നിൽക്കുമായിരുന്നു.

അഴകെന്നും കിരീടമെന്നും
ധരിച്ചുവശായിരുന്നു.

എന്നിട്ടും
ഒരു പ്രകോപനവുമില്ലാതെ
എല്ലാം സ്വയം പിഴുതെറിഞ്ഞുകളഞ്ഞു.

കൊത്തിപ്പെറുക്കാൻ മറന്നും
പോരാട്ടത്തിനോ
കൂട്ടിനോ
ആരും വിളിക്കാതെയും
നിൽക്കുമ്പോൾ
തളം കെട്ടിയ മഴവെള്ളത്തിൽ
ആ പ്രതിബിംബം കണ്ടു.
തണുത്തുചുളുങ്ങിയും
വിളറിവിറച്ചും.....

ആത്മസ്വരൂപം


ഓരോ ചുവടുവയ്ക്കുമ്പോഴും
ഭാരമില്ലായ്മ അനുഭവമായി
വെറുതെയൊന്നുമുരടനക്കുമ്പോൾ
തളർന്നശബ്ദമൊരാശ്ചര്യമായി

കിരീടം കൈയ്യൊഴിഞ്ഞതിന്റെ
ലാഘവം
ഒരു തൂവലോളംപോലും
കനമില്ലായ്മ

മഴവീണ്ടും തൂളി
പ്രതിബിംബം
കുഴഞ്ഞുമറിഞ്ഞുപോയി

ചെളിയിൽ
കാലൂന്നിയുമൂന്നാതെയും
നിവർന്നാണോകുനിഞ്ഞാണോ
നിൽകലാണോപറക്കലാണോ
എന്നൊന്നും തിരിച്ചറിയാതെയും....

നനഞ്ഞപക്ഷി.

Tuesday, April 08, 2008

ജീവിതം

ജീവിതത്തിന്‍പൊരുളാരാഞ്ഞനാഥമായ്‌
തീമണല്‍ക്കാട്ടിലലര്‍ച്ചയാം കാറ്റുകള്‍
ആളും മണല്‍ത്തിരശ്ശീലയ്ക്കുമപ്പുറം
പാളുന്നിതിച്ഛാവനത്തിന്‍ ഭ്രമക്ഷണം


സാഗരതീരത്തിലുപ്പുകാറ്റില്‍ വരും
ശോകസന്ദേശങ്ങളെത്ര വായിക്കണം
ഗാഢവനങ്ങളില്‍ ചീവീടുകള്‍ സംഘ-
ഗാനം മുഴക്കുമ്പൊളെത്ര നടക്കണം
പ്രേമസമ്മാനമായ്‌ കക്കകള്‍ നോറ്റുവ-
ച്ചാരും വരാതെത്ര സന്ധ്യകള്‍ കാക്കണം
ഏതുകൈകള്‍ പിടിച്ചാര്‍ത്തു നടക്കണം
പൂവീണ പാതകള്‍ തീയേറ്റര്‍ പാര്‍ക്കുകള്‍?

ജീവിതമര്‍ഥമില്ലാത്ത വാക്കായ്‌ നാവി-
ലാണി തറഞ്ഞു കരഞ്ഞു കിടക്കവേ
ജീവിതം തേടിപ്പകല്‍താണ്ടി ദാഹിച്ചു
നീരിന്നിനിയെത്ര കാതം നടക്കണം?

ആലിലയൊന്നു തരുന്നു നീ, യാസന്ന
ബോധോദയത്തിന്റെ നാരകജ്വാലയില്‍
ചൂടാനൊരിറ്റു തണല്‍,ചുടുമുമ്മയും
പ്രാണനെ തൊട്ടുണര്‍ത്തുന്നൂ വിലാപങ്ങള്‍

ജീവിതമെന്തെന്ന ദുഃഖമേയില്ലാതെ
വീഴുന്നചില്ലയില്‍ മേവുന്നു പൂവുകള്‍
പ്രാണനിലാശങ്കയില്ലാതെ വേടന്റെ
കൂരമ്പുചുറ്റിപ്പറക്കുന്നു പക്ഷികള്‍

ജീവിതമെന്താകിലും നിലയില്ലാത്ത
ജീവിതത്തില്‍ വീണു പാടുകയാണു ഞാന്‍.

ഇതൊരു കവിതയാണോ എന്നെനിക്കു നിശ്ചയമില്ല. പത്തു വര്‍ഷം മുന്‍പ്‌ കുങ്കുമം വാരികയില്‍ ഇതു പ്രസിദ്ധീകരിച്ചു. ഇതില്‍ എന്തെങ്കിലും പുതുമയുണ്ടെന്നോ കവിതയ്ക്കുവേണ്ട ഗുണങ്ങള്‍ ഉണ്ടെന്നോ തോന്നിയിട്ടില്ല. പക്ഷേ ഇത്‌ ഏതാനും തവണ കവിയരങ്ങില്‍ ചൊല്ലിയപ്പോളൊക്കെ നല്ല പ്രതികരണമാണുണ്ടായത്‌.
ഒരുപക്ഷേ ഇതൊരു ഭേദപ്പെട്ട പാട്ടാണെന്നതാവണം കാരണം.

Monday, January 21, 2008

പ്രണയജലധി

വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍

ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.

വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-1992)

Thursday, January 17, 2008

വെള്ളിയാഴ്ച

നിദ്രാടനത്തിന്‍ വിളര്‍ത്തകയങ്ങളി- ലൊച്ചയില്ലാതെ രാപ്പാടികള്‍ തേങ്ങിയോ കാറ്റിലുലഞ്ഞ പാലക്കൊമ്പില്‍ നിന്നൊരു പാട്ടുപറന്നു നിലാവിലലിഞ്ഞുവോ ഏതോ നിഗൂഢ നിമിത്തമറിഞ്ഞപോല്‍ കാഞ്ഞിരം നിന്നു വിറയ്ക്കുന്നു, ദുസ്സ്വപ്ന- ജാലകമാരോ തുറന്നു വയ്ക്കുന്നുവോ ദൂരത്തൊരോട്ടുചിലമ്പു കിലുങ്ങിയോ? പൂവുകളെല്ലാം വിടര്‍ന്നു പൊടുന്നനെ കാവുകളേഴു ഗന്ധം ചൂഴ്‌ന്നു നില്‍ക്കവേ ആരും തൊടാതിലതോറും തെളിയുന്ന പ്രേമവചസ്സും മയില്‍പ്പീലിമുദ്രയും. പേടിതുള്ളും പനങ്കാട്ടിലിടയ്ക്കൊരു പേശലഗാത്രി ചിരിച്ചു മായുന്നുവോ ഏതോസുതാര്യനഖം വന്നകംപിളര്‍- ന്നാധികളെല്ലാമെടുത്തു മാറ്റുന്നുവോ? രാത്രി ഗൂഢം, കൊള്ളിമീന്‍പോലെ മായുന്ന പോകുവരത്തുകള്‍ വീശും ചിറകുകള്‍ ഒറ്റയ്ക്കുപോകുമ്പൊഴും കൂട്ടിനെത്തുന്ന സ്വത്വംവെളിപ്പെടുത്താത്ത സാന്നിദ്ധ്യങ്ങള്‍ എല്ലാം മറന്നു ചിരിക്കുന്നരാവിന്റെ- യുള്ളം കിനിഞ്ഞു തിമിര്‍ക്കയാം രാക്കിളി ഒറ്റയ്ക്കുരാവില്‍ നടന്നു പോകുന്നൊരാള്‍ ഒറ്റയെക്കാത്തു ചിരിച്ചു നില്‍ക്കുന്നൊരാള്‍ കര്‍പ്പുരം ആഴ്ചപ്പതിപ്പ്‌(1994)