Wednesday, September 16, 2015

നീയെന്നു ഞാനെന്നു

നീയെന്നു ഞാനെന്നു നാമെന്നു സംജ്ഞകൾ
ഓരോന്നുമെത്രയോ ഭിന്നമെന്നുക്തികൾ
നീയില്ല ഞാനില്ല നാം മാത്രമേയുള്ളു-
വെന്നൊരു പ്രജ്ഞയുദിക്കണം മിന്നലായ്.
മിന്നൽപ്പിണരിന്റെ ശക്തിയിൽ ഭിന്നങ്ങളൊ-
ന്നായുരുകി ലയിക്കണം സത്യമായ്
ചിത്രത്തിനു കടപ്പട്: റിട്രോ ലോബി ഇങ്ക്( http://www.retrolobbyink.com)

Monday, September 07, 2015

ശീഖ്റസ്ഖലനങ്ങൾ ആശാസ്യമല്ല പലപ്പോഴും

മിതം ച സാരം ച

സാറതു പഠിപ്പിക്കുമ്പോൾ
കനത്തൊരുദ്ധാരണം
കരുപ്പിടിയ്യുന്നുണ്ടായിരുന്നു.
പലപ്പോഴും അതങ്ങനെ തുടർന്നു


മെല്ലെ മെല്ലെ എന്നവൾ പറഞ്ഞത്
കുന്നിനുച്ചിയിലേയ്കുള്ള യാത്രയിലായിരുന്നു
കുന്നിന തലപ്പിൽ നിന്നൊരു അരുവി
സാരമല്ലാത്ത കുതിപ്പായി
ചാടുന്നത് സന്ധ്യക്കാണ്‌ കണ്ടു മടുത്തത്
ആർക്കുമെപ്പോഴും മടുക്കാം
ആരെയും

കിതയ്ക്കുന്ന ആകാശത്തിന്റെ
പകൽത്തുളിപ്പിൽ
കൊല്ല് എല്ലാത്തിനെയും
എന്നാക്രോശിക്കുന്ന
നായകൻ ആരാണ്?

സഖലിച്ചേതീരൂ
ചിലതൊക്കെ
നീ ചിരിയ്ക്കുമ്പോൾ
എന്റെ കണ്ണൂടക്കിയത്
നിന്റെ വായ്ത്തലയിൽ
നിന്റെ ചുണ്ടുകൾക്ക്
നല്ല രുചി

പ്രണയം മറന്നിട്ട കക്കകൾ.
കുരുതി ക്കളത്തിൽ നിന്ന്
പലായനം ചെയ്യുന്നവരുടെ
നീണ്ടനിര.
അവസാനത്തെ കച്ചിത്തുരുമ്പ്
മുറിഞ്ഞ്
കടലോരത്തടിഞ്ഞ
കുരുന്നു ജഡം .

ഏതേതു സ്ഖലനങ്ങളുടെ
നുരപത
തിരച്ചാർത്തായി
അതിനു തൊങ്ങൽ ചേർക്കുന്നു?

തെരുവിലൂടെ ഗഞ്ചിറകളുടെ താളം
നിരനിരയായി കടന്നുവരുന്ന
ഉണ്ണിക്കണ്ണന്മാർ

ആരുടെ ഘോഷയാത്ര-
ചുവന്നതോ
ചവിണ്ടതോ?
മാഴ്സൽ ദുഷാമ്പിന്റെ പെയിന്റിംഗ്