Thursday, January 10, 2008

മറയ്ക്കാന്‍ വിധിക്കപ്പെട്ട ചിലതൊക്കെ

ചില കാര്യങ്ങളൊക്കെ നമ്മ‍ളറിയാതെ മറച്ചു വയ്ക്കാന്‍ നാം വിധിക്കപ്പെടുന്നു.
അതീവ രഹസ്യമായി ഉള്‍ത്തടത്തില്‍ മയക്കിക്കിടത്തിയ ചില വിചാരങ്ങള്‍, ആഗ്രഹങ്ങള്‍.
ഒരു പക്ഷേ പൂവണിയില്ലെന്ന് നമുക്കുതന്നെ അറിയാം. സമൂഹം, കുടുംബം എന്നിങ്ങനെ മാറ്റിനിര്‍ത്താനാവാത്ത അത്യാവശ്യബാധ്യതകള്‍ നമ്മെ അതിനു പ്രേരിപ്പിക്കുന്നു എന്നതാണ്‌ സത്യം. അങ്ങനെ നടക്കാത്ത ആഗ്രഹങ്ങളുടെ ഗൂഡ വിലാപങ്ങളെ പേറിയാണ്‌ ഓരോ വ്യക്തിയും ജീവിതത്തിന്റെ ദിനങ്ങളെ കഴിച്ചുകൂട്ടുന്നത്‌. അനാവൃതമായ ഈ ലോകത്തെ കേന്ദ്രീകരിച്ചാണ്‌ കഥകളും(പലപ്പോഴും) മറ്റു സാഹിത്യ കൃതികളും ഉരുത്തിരിയുന്നത്‌.
അത്തരം ഒരു വിലക്കപ്പെട്ട ലോകം സാക്ഷാത്കരിക്കാന്‍ നാടുവിട്ട ഒരാളുടെ കഥ എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിന്‌ ഉദ്ദേശിച്ച രീതിയില്‍ ആവിഷ്കാരം സാധിക്കാന്‍ പത്തു കൊല്ലത്തിലേറെയൊടുത്തു. അതൊരു നോവലാണ്‌. പുറത്തുവരും എന്ന പ്രതീക്ഷയുള്ളതിനാല്‍ അതെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഒരു പ്രസാധകന്റെ കൈവശമിരിക്കുന്ന സ്വന്തം നോവലിനെക്കുറിച്ച്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നതില്‍ അര്‍ഥമില്ലല്ലോ. ഏതായാലും അങ്ങിനെയൊന്ന് സാക്ഷാത്കരിക്കുവാന്‍ എനിക്ക്‌ കഴിഞ്ഞു. ബാക്കി ആരുടെയൊക്കെയോ കൈയ്യില്‍.....
എങ്കിലും മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലുരുത്തിരിയുന്ന നിഗൂഢ സമസ്യകളെക്കുറിച്ച്‌ അന്വേഷണം തുടരുന്നു. എനിയും എന്തെങ്കിലും കഴിഞ്ഞാലും അത്തരമൊരു വിഷയത്തെ കേന്ദ്രീകരിച്ചാവണമെന്നാഗ്രഹമുണ്ട്‌. ഒരു പ്ക്ഷേ എനിക്കങ്ങനെയേ എഴുതാനാവുകയുള്ളു. എന്റെ തന്നെ വ്യക്തിത്വത്തിന്റെ ഞാന്‍ മാത്രമറിയുന്ന മുഖം എനിക്കനാവരണം ചെയ്യാന്‍ അതേ മാര്‍ഗ്ഗമുള്ളു. ചിലപ്പോള്‍ അതൊക്കെ പെര്‍വേഴ്ഷന്‍ എന്ന ഗണത്തില്‍ പെടുന്നതാവാം. ചിലപ്പോള്‍ അതു വെറും തരളമായതാവാം. എങ്കിലും അങ്ങനെയുള്ള ഒരു ലോകത്തിന്റെ ആവിഷ്കാരം സുഖം തരുന്ന ഒരു അനുഭൂതിയാണ്‌.
മറ്റൊരു കാര്യം, മനസ്സിന്റെ ഗൂഢതലങ്ങളെ ആവിഷ്കരിക്കുമ്പോഴും അത്‌ തീര്‍ത്തും മനോനിഷ്ഠമാവുന്നതിനോട്‌ എനിക്കു യോജിപ്പില്ല. ഞാന്‍ ആള്‍ക്കൂട്ടങ്ങളെ ഇഷ്ടപ്പെടുന്നു. ഉത്സവങ്ങളെ കാമിക്കുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ബഹളമയമായ( എക്സ്റ്റ്ര്റ്റ്രോവെര്‍ട്ടായ) ആഖ്യാനമാണ്‌ ഞാന്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത്‌. ഏതൊരു മലയാളിക്കും ഇത്തരമൊരു ബഹളക്കാരന്റെ മുഖമുണ്ട്‌. ആഘോഷമാക്കുന്നത്‌ ഒരു മലയാളി സ്വഭാവമാണ്‌.
കഴിഞ്ഞ ദിവസം ട്രെയിനില്‍ ഞാനിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ ചെറുപ്പക്കാരനായ ഒരു വെള്ളക്കാരനും അയാളുടെ മൂന്നു വയസ്സു തോന്നിക്കുന്ന മകളും കയറി. ആ മുറിയില്‍ ഉണ്ടായിരുന്ന ചിലര്‍ അയാളെ ഒരു സംഭാഷണത്തിലേക്ക്‌ ക്ഷണിച്ചു. തികഞ്ഞ ആഹ്ലാദത്തോടെ അയാള്‍ വര്‍ത്തമാനം തുടങ്ങി. ജര്‍മ്മന്‍ സ്വദേശിയായ അയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമാണ്‌. കുട്ടി ഈ സമയത്ത്‌ ഒരു ബാലരമ നിവര്‍ത്തി എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിലെ ആനന്ദവാടി ആശ്രമത്തിലെ സ്ഥിരതാമസക്കാരനാണയാള്‍. ഭാര്യാമാതാവ്‌ കോട്ടയത്ത്‌ ആശുപത്രിയിലാണ്‌. ആശുപത്ര സന്ദര്‍ശ്ശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ അയാള്‍.
പലതും ചോദിച്ച കൂട്ടത്തില്‍ ജര്‍മ്മനിയിലേയും കേരളത്തിലേയും ജീവിതശെയിലികളുടെ അന്തരം എന്താണെന്ന് സഹയാത്രികരിലോരാള്‍ സായ്‌വിനോടാരാഞ്ഞു. ഉറക്കെച്ചിരിച്ച്‌ ചോദ്യകര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച്‌ തന്നിലേക്ക്‌ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട്‌ അയാള്‍ മലയാളത്തില്‍ പറഞ്ഞു- ഞാനിങ്ങനെ പറയുന്നതിനിടയില്‍ ചേട്ടന്റെ ശരീരത്തില്‍ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്യുന്നത്‌ ഇവിടെ സ്വഭാവികം. പക്ഷേ ജര്‍മ്മനിയില്‍ അടുത്ത സുഹൃത്തുക്കള്ളണെങ്കില്‍പ്പോലും ഇങ്ങനെ ചെയ്യാനാവില്ല. അവിടെ എല്ലാവരും ഒരകലം പാലിക്കുന്നു. ശരീരത്ത്‌ അനാവശ്യമായി സ്പര്‍ശ്ശിച്ചാല്‍ അതോടെ ആ ബന്ധം മുറിയും. ചിലപ്പോള്‍ അടിയും കിട്ടും.

1 comment:

ഹാരിസ് said...

എന്ത് ജീവിതം
എന്തിന് ജീവിതം
ആരെ പേടിക്കണം.
കത്തിക്കത്തി അങ്ങ് തീര്‍ന്നേക്കണം.
ഉന്‍‌മാദിച്ചോടുങ്ങണം.