Tuesday, July 29, 2008

അകന്നുപോകുന്ന ശബ്ദങ്ങൾ

മഴയ്ക്കുണ്ടൊരു ഭംഗി. അതിന്റെ കുളിര്‌, താളക്കുത്ത്‌, മഴവെള്ളത്തിൽ തുള്ളിനടക്കുന്നതിന്റെ ലഹരി.....മഴക്കുളിരിൽ പുതപ്പിനു പിന്നാലെ പുതപ്പുവലിച്ചിട്ട്‌ കിടന്നുറങ്ങുന്നതിന്റെ അവർണ്ണനീയമായ സുഖം!
പക്ഷേ മഴനനഞ്ഞ്‌, ലഹരിയാസ്വദിച്ചാൽ വരാവുന്നത്‌ ജലദോഷമാണ്‌. ഒരു ജലദോഷത്തിന്റെ അസ്വസ്ഥ്യങ്ങളിൽ മനസ്സുകയ്ക്കുമ്പോൾ മഴയുടെ സൗന്ദര്യത്തെക്കുറിച്ചും ജലദോഷംപിടിച്ചാൽ നഷ്ടമാകുന്ന സ്വാസ്ഥ്യത്തെക്കുറിച്ചുമല്ലാതെ എന്തെഴുതാൻ?
എല്ലാമങ്ങനെയാണ്‌. നാം അനുഭവിക്കുമ്പോൾ ഒന്നിന്റെയും മഹിമ മനസ്സിലാവില്ല. ഒനിൽ മുഴുകിരമിക്കുമ്പോൾ അതുണ്ടാക്കുന്ന സുഖാനുഭൂതികളുടെ ഗരിമയെക്കുറിച്ച്‌ ആലോചിക്കാൻ എവിടെ നേരം?
പക്ഷേ ഏതെങ്കിലും ഒർ സാഹചര്യത്തിൽ ആസുഖാനുഭവം അകന്നുപോകുമ്പോൾ നാം ഓർമ്മകളിൽ സുഖം പരതാൻ തുടങ്ങുന്നു.

മഴയെക്കുറിച്ച്‌ ഓർമ്മത്താളിൽ നിന്നും പരതിയെടുത്ത ഒരു കവിത.
തിരിച്ചറിയാനാവാത്ത ഒരു സൗഹൃദത്തിന്റെ ആഴവും നനവുമാണീക്കവിതയെ എനിക്കെന്നും ഓർമ്മിക്കത്തക്കതാക്കുന്നത്‌.
എഴുതിയത്‌ 1991-ൽ
മഴക്കാലത്ത്‌.
നനയുന്ന അക്ഷരങ്ങൾ
എനിക്കിപ്പോൾ മഴയാണ്‌
നിനക്കും മഴയാവണം

ഓരോ തുള്ളിയിലും
ആകാശത്തിന്റെ വേരുകൾ
നക്ഷത്രത്തിന്റെ കാതുകൾ
സപ്തജലധികൾ

നിനക്കുമിപ്പോൾ മഴയാവണം
ജന്നലിലൂടെ ഈറൻ പുലരി
പടികയറുന്നതുകാണാം.
പൂരിപ്പിക്കാത്ത സമസ്യകളുടെ ജാതകം
മറിച്ചുനോക്കി
ഇന്നത്തെ ഫലം കാണാനില്ല.
ഏതു വഴിയൊക്കെയാവും ഇന്നത്തെ അലച്ചിൽ,
റബ്ബർപ്പാലിന്റെ
മണം മാറാത്ത നഗരത്തിന്റെ
ഏതിടുക്കുവഴിയിലൂടെ
ഏതു നരകം തേടി?

എനിക്കിപ്പോൾ മഴയാണ്‌
നിനക്കും മഴയാവണം

മഴയുടെ പുസ്തകം തുറന്ന്
കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള
മുരടൻ വാക്കുകൾ തിരയുകയാവണം
(ഞൊറിവുവീണ ഒരു കണ്ണാടി നിനക്കുമുണ്ടാവുമല്ലോ
ചോക്കുപൊടി കട്ടപിടിച്ച കൈകളും
എന്തിലും അക്ഷരപ്പിശകുകണ്ടെത്താനും
സ്വന്തം വാചകപ്പിശകുകൾ കണ്ണടയ്ക്കാനുമുള്ളമനസ്ഥിതിയും)
നശിച്ചമഴയെന്ന് പിറുപിറുക്ക്ന്നുണ്ടാവണം.

എനിക്കുമിപ്പോൾ മഴയാണ്‌


ഈ കവിത തിരഞ്ഞ്‌ പഴയഡയറി തുറന്നപ്പോൾ, ഹമ്മോ, ഓർമ്മകൾ പടകൂട്ടി വരുന്നു.
എന്തായിരുന്നു ആ കാലം?
യൗവനത്തിന്റെ ഊറ്റത്തിൽ എഴുതി വച്ച വാക്കുകൾ പോലും ഇപ്പോൾ നേർത്ത നഷ്ടബോധം ഉളവാക്കുന്നുണ്ടോ?
ഇതാണ്‌ ഓർമ്മകളുടെ കളി.
അകന്നകന്നു പോകും തോറും അവയ്ക്ക്‌ ശക്തികൂടുകയാണ്‌