Wednesday, September 16, 2015

നീയെന്നു ഞാനെന്നു

നീയെന്നു ഞാനെന്നു നാമെന്നു സംജ്ഞകൾ
ഓരോന്നുമെത്രയോ ഭിന്നമെന്നുക്തികൾ
നീയില്ല ഞാനില്ല നാം മാത്രമേയുള്ളു-
വെന്നൊരു പ്രജ്ഞയുദിക്കണം മിന്നലായ്.
മിന്നൽപ്പിണരിന്റെ ശക്തിയിൽ ഭിന്നങ്ങളൊ-
ന്നായുരുകി ലയിക്കണം സത്യമായ്
ചിത്രത്തിനു കടപ്പട്: റിട്രോ ലോബി ഇങ്ക്( http://www.retrolobbyink.com)

Monday, September 07, 2015

ശീഖ്റസ്ഖലനങ്ങൾ ആശാസ്യമല്ല പലപ്പോഴും

മിതം ച സാരം ച

സാറതു പഠിപ്പിക്കുമ്പോൾ
കനത്തൊരുദ്ധാരണം
കരുപ്പിടിയ്യുന്നുണ്ടായിരുന്നു.
പലപ്പോഴും അതങ്ങനെ തുടർന്നു


മെല്ലെ മെല്ലെ എന്നവൾ പറഞ്ഞത്
കുന്നിനുച്ചിയിലേയ്കുള്ള യാത്രയിലായിരുന്നു
കുന്നിന തലപ്പിൽ നിന്നൊരു അരുവി
സാരമല്ലാത്ത കുതിപ്പായി
ചാടുന്നത് സന്ധ്യക്കാണ്‌ കണ്ടു മടുത്തത്
ആർക്കുമെപ്പോഴും മടുക്കാം
ആരെയും

കിതയ്ക്കുന്ന ആകാശത്തിന്റെ
പകൽത്തുളിപ്പിൽ
കൊല്ല് എല്ലാത്തിനെയും
എന്നാക്രോശിക്കുന്ന
നായകൻ ആരാണ്?

സഖലിച്ചേതീരൂ
ചിലതൊക്കെ
നീ ചിരിയ്ക്കുമ്പോൾ
എന്റെ കണ്ണൂടക്കിയത്
നിന്റെ വായ്ത്തലയിൽ
നിന്റെ ചുണ്ടുകൾക്ക്
നല്ല രുചി

പ്രണയം മറന്നിട്ട കക്കകൾ.
കുരുതി ക്കളത്തിൽ നിന്ന്
പലായനം ചെയ്യുന്നവരുടെ
നീണ്ടനിര.
അവസാനത്തെ കച്ചിത്തുരുമ്പ്
മുറിഞ്ഞ്
കടലോരത്തടിഞ്ഞ
കുരുന്നു ജഡം .

ഏതേതു സ്ഖലനങ്ങളുടെ
നുരപത
തിരച്ചാർത്തായി
അതിനു തൊങ്ങൽ ചേർക്കുന്നു?

തെരുവിലൂടെ ഗഞ്ചിറകളുടെ താളം
നിരനിരയായി കടന്നുവരുന്ന
ഉണ്ണിക്കണ്ണന്മാർ

ആരുടെ ഘോഷയാത്ര-
ചുവന്നതോ
ചവിണ്ടതോ?
മാഴ്സൽ ദുഷാമ്പിന്റെ പെയിന്റിംഗ്

Wednesday, August 26, 2015

കിഴക്കൂന്നു വരുന്ന കാറ്റ്

അച്ഛൻ ആശുപത്രിയിലാണ് . അതുകൊണ്ടുതന്നെ രാത്രികൾ ഞാനവിടെ ചിലവഴിയ്ക്കാൻ വിധിയ്ക്കപ്പെട്ടിരിക്കുന്നു. ഈ ഓണക്കാലത്ത്.
ആശുപത്രിയുടെ ജനാലയിലൂടെ ഓണനിലാവ്‌ കാണുന്നതിനു വലിയ സുഖമൊന്നുമില്ല എങ്കിലും ആശുപത്രിയുടെ വരാന്ത വലിയൊരു ലോകമാണ്. അഥവാ വലിയ ഈ ലോകത്തിന്റെ പരിച്ഛേദമാണ്. പലയിടങ്ങളിൽ നിന്ന്, പല സാഹചര്യങ്ങളിൽ നിന്ന്, പലവിധ സങ്കടങ്ങളുമായി വന്ന മനുഷ്യർ. രാവില ഉറക്കമിളച്ച് ഇന്റെൻസീവ് കെയർ യൂണിറ്റിനു മുൻപിൽ കാവൽ നിൽക്കുന്നവർ. മരണവാർത്തകളുമായി പുലരുന്ന ദിനങ്ങൾ. പലയിടങ്ങളിൽ നിന്ന് വന്ന അനിശ്ചിതമായ കാലത്തേയ്ക്ക് ഒരുമിച്ചു താമസിയ്ക്കുവാൻ വിധിയ്ക്കപ്പെടുന്നവർ. അവിടെ പിറക്കുന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ.... ജിവിതത്തിന്റെ, അതിന്റെ നൈമിഷികതയുടെയും പ്രത്യാശയുടെയും പകുക്കലിന്റെയും എല്ലാം പതിപ്പുകൾ അനുനിമിഷം ആശുപത്രി വരാന്തയിൽ ജനിച്ചുമരിയ്ക്കുന്നുണ്ട്.
പലയിടത്തു നിന്ന് വന്ന പലസാഹചര്യക്കാരായ മനുഷ്യർക്കിടയിൽ പിറവികൊള്ളുന്ന ബന്ധത്തിന്റെ കഥയാ ണ് സ്പാനിഷ് എഴുത്തുകാരി അല്മുദേന ഗ്രാൻഡിസിന്റെ 'കിഴക്കൂന്നു വരുന്ന കാറ്റ്'( The Wind from the East) എന്ന നോവലിന്റെ ഇതിവൃത്തം. ആശുപത്രിയിലിരുന്ന് ആ പുസ്തകം മുഴുവൻ വായിച്ചു തീർക്കാനായി എന്നതാണീ ഓണക്കാലത്തിന്റെ ഒരേയൊരുത്സാഹം.

അല്മുദേനാ ഗ്രാൻഡിസ്.
ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയർച്ച നേടിയ സാറ ഗോമസ് , ഡോ. ജുവാൻ ഓല്മെഡോ എന്നിവരാണ് ഈ നോവലിന്റെ കേന്ദ്ര കഥപാത്രങ്ങൾ . ഇരുവരും മഹാനഗരമായ മാഡ്രിഡിൽ നിന്ന് കാഡിസ് എന്ന ചെറു കടലോരപട്ടണത്തിലേയ്ക്ക് ചേക്കേറിയവർ. മന്ദബുദ്ധിയായ സഹോദരൻ അല്ഫോണ്‍സോയ്ക്കും സഹോദരപുത്രിയായ ടമാരായ്ക്കുമൊപ്പമാണ് ജുവാൻ ആ നഗരത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. അൽപമകലെയുള്ള ജെരാസ് നഗരത്തിലെ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനാണയാൾ. സാറാ ഏകയാണ്. പുതുതായി ആരംഭിച്ച സമ്പന്നർക്കായുള്ള ഹൗസിംഗ് കോളനിയിൽ മുഖാമുഖം നില്ക്കുന്ന രണ്ടുവീടുകളിലായി അവർ താമസമാരംഭിയ്ക്കുന്നു. വീടു വൃത്തിയാക്കാനായി വരുന്ന മാരിബെലും മകൻ ആന്ദ്രെയും അവരുടെ ജീവിതത്തിലേയ്ക്ക് വളരെ സ്വാഭാവികമായി ഇണക്കിച്ചേർക്കപ്പെടുന്നു. ഈ വിഭിന്നമായ മൂന്നു കുടൂംബങ്ങളുടെ ഒത്തുചേരലിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമിച്ചുള്ള അതിജീവിക്കലിന്റെ കഥയാണ്  അല്മുദേന വിചിത്രമായ ആഖ്യാന ശൈലിയിൽ അവതരിപ്പിക്കുന്നത്. വിഷമകരവും ചതിക്കുഴികൾ നിറഞ്ഞതുമായ ഭൂതകാലത്തിൽ നിന്നും ഒരു വസന്താരംഭത്തിൽ കിഴക്കാൻ കാറ്റ് വീശിത്തുടങ്ങിയ ഒരു ദിനത്തിൽ മൂന്നു കുടുംബങ്ങളും കൂട്ടായി പുറത്തു കടക്കുകയാ ണ് .
വസന്തകാലത്ത് ധാരാളം വിനോദയാത്രികർ വന്നുചേരുന്ന കാഡിസ് എന്ന ഇടത്തരം സുഖവാസ കേന്ദ്രത്തിലെ താമസക്കാരുടെ ജീവിതത്തെ വിവിധ കാലങ്ങളിലായി വര്ഷം തോറും മൂന്നു കാറ്റുകൾ വല്ലാതെ സ്വാധീനിയ്ക്കുന്നു. ചൂടു നിറഞ്ഞ തെക്കൻ കാറ്റ്, ഈർപ്പമാർന്ന പടിഞ്ഞാറൻ കാറ്റ്, ഊഷ്മളമായ കിഴക്കൻ കാറ്റ്.
സമകാലിക സ്പാനിഷ് നോവലിലെ ശ്രദ്ധേയമായ നാമങ്ങളിലൊന്നാണ് അല്മുദേന ഗ്രാൻഡിസിന്റേത്. അത്യപൂർവമായ കരുത്താണ് അവരുടെ ആഖ്യാനത്തിന് . അനവധി പടലങ്ങളായി അടുക്കിയടുക്കി മുന്നേറുന്ന കഥ പറച്ചിൽ. 
'ലുലുവിന്റെ കാലം'( The Ages of Lulu) എന്ന രതിനോവലിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് അല്മുദേനാ ഗ്രാൻഡിസ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ നാടകീയതയും ആഖ്യാനം ചെയ്യുന്നതിൽ അവർക്കുള്ള പാടവം വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ അഞ്ചാമത്തെ നോവലായ 'കിഴക്കൂന്നു വരുന്ന കാറ്റ്. '
ഓണക്കാറ്റ് നഷ്ടമായെങ്കിലും നല്ലൊരു വായനാനുഭവത്തിന്റെ ഇളം കാറ്റ് ഇപ്പോഴും ഒഴുകിനടക്കുന്നുണ്ട്.
അല്മുദേനാ ഗ്രാൻഡിസ്.

Sunday, July 26, 2015

വിപഞ്ചിക 82

അടുക്കിപ്പെറുക്കി എല്ലാം നേരെയാക്കണമെന്ന് എന്നുമുതലാഗ്രഹിക്കുന്നതാണ്. പറ്റുന്നില്ല. അവധി ദിവസങ്ങൾ വരുമ്പോൾ അങ്ങനെ ആഗ്രഹിക്കും. ഒരിടത്തുമെത്താതെ ആ ദിനം പൊലിഉകയും ചെയ്യും. രണ്ട് അവധിയെടുത്ത് ഒരാഴ്ചയിലെ മൂന്നു ദിവസങ്ങൾ ഇങ്ങനെ പലതിനുമായി ചിലവഴിക്കാമെന്ന് ആഗ്രഹിച്ചുവെങ്കിലും ആദ്യത്തെ രണ്ടു ദിവസങ്ങൾ  അതാതിന്റെ പാട്ടിനു പോയി. മകന്റെ സ്കൂളിൽ പി.ടി .എ മീറ്റിംഗ്, അല്ലറചില്ലറ മറ്റുപണികൾ എന്നിങ്ങനെ ഒന്നാം ദിവസം. രണ്ടാം ദിവസം ചെങ്ങന്നൂര് നടക്കുന്ന സാഹിത്യമാമാങ്കം കാണാൻ പോയി. രാത്രിയില അവിടെ ആറ്റൂർ രവിവർമയെക്കുറിച്ച് അൻവർ അലി എടുത്ത ഡോക്കുമെന്ററി പ്രദർശനം. പിന്നെന്നേരം കിട്ടിയത് ഇന്നാണ് . അതും ഉച്ചകഴിഞ്ഞ്. കുടുംബത്തെ പഴയ ഷോവോളിൽ ഒരു തട്ട് പഴങ്കടലാസുകൾ തിരഞ്ഞു മാറ്റി. അതിൽ നിന്നം പഴയ കുറെ കടലാസുകൾ. ഡിഗ്രീ ഫസ്റ്റ്‌ ഇയര് മുതലുള്ള സർവകലാശാലാപരീക്ഷയുടെ ചോദ്യകടലാസുകൾ, എം എ പ്ഠിച്ചകാലത്തെ കുറിപ്പുകൾ, പലകാലത്തായെഴുതിയ കവിതകൾ, നോവലിന്റെ ആദ്യത്തെ രൂപങ്ങൾ, അതുമായി ബന്ധപ്പെട്ട ഒട്ടനവധി കുറിപ്പുകൾ, ഡോട്ട് മാട്രിക്സ് പ്രിന്റിൽ പതിനഞ്ചുകൊല്ലം മുന്പ്  നോവലെഴുത്തുമായി ബന്ധപ്പെടു യൂണിവേഴ്സിറ്റി  ലൈബ്രറിയിൽ നിന്നും ഡൗണ്‍ ലോഡു ചെയ്തെടുത്ത നൂരുകണക്കിനു പേജുകൾ എന്ന് വേണ്ട.
ഭൂരിഭാഗവും ഉപേക്ഷിച്ചു. പഴകിപ്പൊടിഞ്ഞ കാലഹരണപ്പെട്ട കുറിപ്പുകൾ. കിട്ടിയത് ചിലതുണ്ട്. ഏതാനും കവിതാശ്രമങ്ങൾ. പഴയ ചില നോട്ടിസുകൾ മാഗസിനുകൾ ഒക്കെ. ഒരു പഴയകോളേജു മാഗസിൻ  പലതും പുതുതായി കാട്ടിത്തന്നു. ഇന്നും കാണുന്ന ചില മുഖങ്ങൾ- കഴിഞ്ഞ കൊല്ലം ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഹിന്ദി അദ്ധ്യാപകനും മഹാതമാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. നാരായണക്കുറുപ്പടക്കം പലരുടെയും മൂന്നു പതിറ്റാണ്ടു മുന്പത്തെ രൂപം.....
വിപഞ്ചിക എന്ന കോളേജു മാഗസിൻ....
ഒര്മയുടെ


താളുകൾ പ്രത്യേകിച്ചും ഒരു പ്രീഡിഗ്രിക്കാരന്റെ ഓർമ........

Sunday, June 14, 2015

പുല്പടർപ്പിനടിയിലെ പുരാതനനഗരങ്ങൾ

അപ്പമുണ്ടാക്കാനുള്ള വഴനയിലകൾ അന്വേഷിച്ചുള്ള യാത്ര ചെന്നെത്തിയത് പഴയ കളിസങ്കേതത്തിൽ. അമ്മാവന്റെ പറമ്പിന്റെ വടക്കു പടിഞ്ഞാറു മൂലയിലുള്ള ഉണ്ടപ്പാറയും പരിസരങ്ങളും. അതിനപ്പുറത്ത് വടക്കേതിലെ മരപ്പടർപ്പുകൾക്കിടയിൽ വീണ്ടുമുണ്ടായിരുന്നു ഉണ്ടപ്പാറകൾ.


അവിടെയായിരുന്നു ഞങ്ങളുടെ, എന്റെയും വടക്കേതിലെ മുരുകൻ എന്ന് വിളിപ്പേരുള്ള രാജേഷിന്റെയും ഗൂഢ താവളം. എന്റെ വീട്ടിലെ ചെറുപൈതങ്ങൾ ഇവിടേയ്ക്ക് പ്രവേശനത്തിനർഹരായിരുന്നില്ല. ഞാനും മുരുകനും ആ പാറക്കെട്ടുകൾക്കും അതിനിടയിലെ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലെ രഹസ്യ ലോകത്തിന്റെ ഇരുളിൽ സാഹസികമായ പലകളികളിലൂം ഏർപ്പെട്ടു. എന്റെ പ്രിയഎഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് ആര്യിരുന്നു. മുരുകന്റേത് ദുർഗാ പ്രസാദ് ഖത്രിയും. കവിയൂർ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും മത്സരിച്ച് ഡിറ്റക്ടീവ് നോവലുകൾ എടുത്ത് വായിക്കുകയും അവയെ അനുകരിച്ച് കഥകൾ എഴുതുകയും ചെയ്തിരുന്ന ഞങ്ങൾ ഇരുവരും കഥകൾ പങ്കിട്ടിരുന്നത് ഈ ഗൂഢസങ്കേതത്തിൽ വച്ചായിരുന്നു.
വലിയ കളിക്കൂട്ടുകൾ കുറവായിരുന്നതിനാൽ ഞങ്ങളുടെ ഈ സമാഗമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള മുരുകൻ പത്താം ക്ലാസ് എത്തുന്നതുവരെയും ഇത് തുടർന്നു. പത്താം ക്ലാസ്സിലെത്തിയതോടെ മുരുകന്റെ സൗഹൃദവലയങ്ങൾ അല്പംകൂടി വിശാലമായി തുടങ്ങിയതോടെ ഞങ്ങളുടെ ഈ കാനനസമാഗമങ്ങൾക്കിടയിലെ ഇടവേളകൾ വർദ്ധിച്ചു.  രണ്ടു പറമ്പപ്പു റത്ത് കെട്ടുപന്തുകൊണ്ട് ഫുട്ബാൾ കളിയ്ക്കുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ പോകുമായിരുന്നെങ്കിലും ഞാനെന്റെ പഴയ വിഹാരകേന്ദ്രങ്ങളില്ലും ഇളയകുട്ടികളുടെ ഒപ്പവുമൊക്കെ കൂടുതൽ സമയം ചിലവഴിയ്ക്കേണ്ടി വന്നു. ഒറ്റയ്ക്ക് പറമ്പിന്റെ വ്യത്യസ്തതകളിലൂടെ അലയലായിരുന്നു എങ്കിലും പ്രധാനപരിപാടി. അത് ഉയര്ന്ന ക്ലാസ്സുകളിലേയ്ക്ക് പോയപ്പോഴും തുടർന്നു. എം എയ്ക്ക് പഠിയ്ക്കുന്ന കാലത്തൊക്കെ വായന കൂടുതലും പറമ്പിൽ ഏതെങ്കിലും മരത്തിന്റെ ചുവ ടടിലോ ചില്ലയിലോ ഒക്കെയായിരുന്നു.
അഞ്ചിലോ ആറിലോ പഠിയ്ക്കുന്ന സമയത്താണ് ഞാൻ മണ്ണപുരം കണ്ടുപിടിച്ചത്. അത് അന്ന് എന്റെ സങ്കല്പത്തിൽ ഉദിച്ചുവന്ന ഒരു സ്ഥലമായിരുന്നു. അതിന്റെ സ്ഥല പരിധികളെക്കുറിച്ചൊന്നും അത്ര നിഷ്ഠയില്ലായിരുന്നു അന്നെന്നു തോന്നുന്നു. മെല്ലെമെല്ലെ രാജ്യങ്ങളെക്കുറിച്ചും അതിർത്തികളെക്കുറിച്ചുമൊക്കെ പഠിച്ചു തുടങ്ങിയതോടെ അത് ഒരു രാജ്യമായി രൂപം പ്രാപിച്ചു. ഞങ്ങളുടെ പറമ്പിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു രാജ്യം. അതിൽത്തന്നെ വടക്കേ മണ്ണപുരം (അമ്മാവന്റെ പറമ്പ് ), തെക്കേ മണ്ണപുരം എന്നിങ്ങനെ രണ്ടൂ പ്രവിശ്യകളും ഉണ്ടായി. മിക്കുടി, തൈക്കാട് എന്നിങ്ങനെ കുറെ സ്ഥലങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. റബ്ബർക്കുന്ന്, കുറ്റിക്കാട്( മുരുകന്റെ പറമ്പ്), മറ്റൊരു കൂട്ടുകാരനായ ഹരിയുടെ സ്ഥലമായ പേരുപുറം , ഇലഞ്ഞിക്കുന്ന് എന്നിങ്ങനെ കുറെ അയൽരാജ്യങ്ങളും ഞാൻ അടയാളപ്പെടുത്തി. സോവിയറ്റ് യൂണിയൻ പോലുള്ള പ്രസിദ്ധീകരണങ്ങൾ സ്ഥിരം കാണാറുണ്ടായിരുന്നതിനാലും , ഇന്ദിരായുഗത്തിന്റെ ലോക വീക്ഷണം എങ്ങനെയൊക്കെയോ  സ്വാധീനിച്ചതുകൊണ്ടും മണ്ണപുരം എന്ന വൻശക്തിയും അയൽ രാജ്യമായ റബ്ബർക്കുന്ന് എന്ന വൻശക്തിയും തമ്മിലുള്ള മത്സരത്തിന്റെയും കലഹത്തിന്റെയും ഒരു അന്തരീക്ഷമാണ് ഞാൻ സൃഷ്ടിച്ചെടുത്തിരുന്നതെന്നോർക്കുന്നു. 1971 ലെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ കഥകൾ അന്ന്  സ്കൂളിൽ പല അവസരങ്ങളിലും പൊന്തിവരുമായിരുന്നു.  ആരുടെയെങ്കിലും നിക്കറിന്റെ മൂടുകീറിയതായി കണ്ടാൽ 'പാക്കിസ്ഥാൻ ബോമ്പിട്ടേ..' എന്നായിരുന്നു കളിയാക്കുക. പാക്കിസ്ഥാനെ സഹായിക്കാനായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ റഷ്യയുടെ കപ്പൽസാന്നിദ്ധ്യം ഇന്ത്യയെ തുണച്ചുവെന്നതിനാൽ ആ വലിയ സുഹൃത്തിന് അന്നത്തെ സ്കൂൾകുട്ടികളായ ഞങ്ങളുടെ ഇടയിൽ ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു എന്ന് തോന്നുന്നു. ഏതായാലും എന്റെ മണ്ണപുരത്തിന്റെ സൈനിക ക്കരുത്തിന് മാതൃക റഷ്യയായിരുന്നു.
അന്ന് കുട്ടിയായിരുന്നെങ്കിലും പറമ്പിൽ സ്വൈരമായും ഒരു വിധം ധൈര്യമായും പകൽ മുഴുവൻ കറങ്ങി നടക്കാമായിരുന്നു. കൃഷി യുണ്ടായിരുന്നതിനാൽ പറമ്പ് തെളിഞ്ഞ് കിടന്നു. തെക്കുവശത്തെ പാലച്ചുവടും വടക്കുവശത്തെ ഉണ്ടപ്പാറയും അടക്കം എല്ലായിട്ടത്തും ആ തെളിച്ചമായിരുന്നു വാണത്. പടിഞ്ഞാറുവശത്ത് പുലിയിരിക്കൻപാറ അത്യന്തം സജീവമായ ഒരു പാറമടയായിരുന്നു എന്ന് മാത്രമല്ല അങ്ങോട്ടു വണ്ടികൾ പോകുന്നത് ഞങ്ങളുടെ പറമ്പിന്റെ ഓരത്തു കൂടിയുമായിരുന്നു. പാറമടയിൽ എപ്പോഴും വണ്ടികളും ആളുകളും ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ തോട്ടാ കത്തിയ്ക്കുന്നതിനു മുന്നോടിയായി 'വെടിയേ............' എന്ന കൂവൽ ഉയരുമ്പോൾ ശ്രദ്ധിച്ച് അകന്നു പോവണമെന്ന് മാത്രമേഉള്ളു. ഇപ്പോൾ പാറയിരുന്നിടത്ത് നോക്കിയാൽ തലചുറ്റുന്ന ഗർത്തവും അതിലെ വിശാലമായ നീലത്തടാകവുമാണ്.  പറമ്പിലൂടെ നടക്കുമ്പോൾ പലസ്ഥലങ്ങളും കാണുമ്പോൾ ത്തന്നെ ഭയം തോന്നും. ആകെ കാടാണ് . മുന്പ് പരിചയിച്ചിട്ടില്ലാത്ത ഒരുതരം ഈർപ്പവും വർഷത്തിലെല്ലായപ്പോഴും കാണപ്പെടുന്നു. വളരെ ശ്രദ്ധിച്ച് ഓരോ ചുവടും വച്ച് പറമ്പിലൂടെ നടക്കുമ്പോൾ അറിയാം താഴത്തെ പുല്പടർപ്പിനടിയിൽ എന്റെ കുട്ടിക്കാലത്തിന്റെ പുരാതനനഗരങ്ങൾ പൂഴ്നു കിടപ്പുണ്ടെന്ന്. അന്ന് അവിടെ അധിവസിച്ചിരുന്നതായി ഞാൻ സങ്കലിച്ചിരുന്ന ജനതയുടെ പിന്മുറക്കാർ ഇപ്പോഴും അവിടത്തെ സജീവമാക്കുന്നുണ്ടോ ആവോ!

Saturday, June 06, 2015

മലത്തിൽ പുളയ്ക്കുന്നവരുടെ കാലം

രാവിലെ പോകാനായി സ്കൂട്ടർ എടുക്കാൻ തുടങ്ങുമ്പോൾ താഴെ ഗേറ്റിനരികിൽ നിന്ന്  രണ്ടു ചെറുപ്പക്കാരെയും വഹിച്ച് ഒരു സ്കൂൂട്ടർ വേഗംവച്ച് വടക്കോട്ട് പോകുന്നതു കണ്ടു. ആരാണാ  കുട്ടികൾ എന്ന് തിരിച്ചറിയാനായില്ല എന്ന് മാത്രം. ഗേറ്റു തുറക്കാനായി താഴേയ്ക്കു പോയ ഭാര്യ 'അയ്യോ അവന്മാര് വേസ്റ്റ് വഴിയിലെറിഞിട്ടാണല്ലോ പോയത്, എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു' എന്ന് പറഞ്ഞു. ഗേറ്റു തുറന്നപ്പോൾ തെക്കോട്ട് പോകുന്നതിനു പകരം അവന്മാരെ പിന്തുടർന്ന് വടക്കോട്ടു കുതിച്ചു. പിടികിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ തൊട്ടപ്പുറത്ത് നാഴിപ്പാറ കവലയിലെത്തിയപ്പോൾ അവിടെയിരുന്ന  പരിചയക്കാരോട് ഇപ്പോൾപോയ സ്കൂട്ടറി ലെ രണ്ടു കുട്ടികളാരാണെന്ന് കണ്ടോ എന്ന് തിരക്കി. ഞാലീക്കണ്ടം ഭാഗത്തുള്ളവരാണെന്നു മറുപടികിട്ടി. ഏതായാലും അകലെയുള്ള ആൾക്കാരല്ലെന്നു മനസ്സിലായി. തിരിയെ വരുമ്പോഴേയ്ക്കും അവരിട്ടിട്ടു പോയ രണ്ടുപ്ലാസ്റ്റിക്ക് കവറുകൾ കടിച്ചു പൊളിയ്ക്കാൻ ഒരു തെരുവുപട്ടി ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് എല്ലിൻ കഷണങ്ങളായിരുന്നെന്നും അളവുകൊണ്ട് ഒരു ചെറുകിട ഹോട്ടലിലെ വേസ്റ്റ് ആവാൻ സാധ്യതയുണ്ടെന്നും ഭാര്യ പറഞ്ഞറിഞ്ഞു, വൈകിട്ട്.
ആ ചെറുപ്പക്കാർ ആരെങ്കിലുമാകട്ടെ. പതിനെട്ടോ ഇരുപതോ വയസ്സിലേറെ കാണില്ല. അവരുടെ കൈയ്യിൽ എല്ലിൻ കഷണങ്ങൾ പൊതുനിരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ പാകത്തിൽ കവറിലാക്കി കൊടുത്ത ആ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് കൊടുക്കുന്ന ജീവിതപാഠമാണ് നാം മനസ്സിലാക്കേണ്ടത്. അവർ വളർന്നു വരുന്ന ജീവിത സാഹചര്യമാണ് മനസ്സിലാക്കേണ്ടത്. സ്വച്ഛമായ ഒരു ഗൃഹാന്തരീക്ഷത്തിൽ വളരുന്ന ചെറുപ്പക്കാർ ഇറച്ചിവേസ്റ്റ് പൊതുനിരത്തിൽ കൊണ്ടുതള്ളുകയില്ല. മലിനമായ ഒരു മനഃസ്ഥിതിയിൽ പുലർന്ന്, മാലിന്യം തിന്നുന്നവർക്കേ ആന്യന്റെ വീട്ടുപടിയ്ക്കലോ അയല്പക്കക്കാരന്റെ മുറ്റത്തോ പൊതു നിറത്തിലോ ഒക്കെ പ്ലാസ്റ്റിക്ക് കൂട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളാൻ തോന്നുകയുള്ളു. അവർ ദിവസവും ഭക്ഷിക്കുന്നത് മാലിന്യങ്ങളായിരിക്കും. മലത്തിന്മേലാവും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്. അവരുടെ മാതാപിതാക്കൾ അങ്ങനെതന്നെയാവണം അവരെ പരിശീലിപ്പിക്കുനന്ത്.
ഒരു പക്ഷേ, ആ മാതാപിതാക്കൾ വിദ്യാസമ്പന്നരുമാവാം. മക്കളെ ഡോക്ടറോ എഞ്ചിനിയറോ ഒക്കെ ആക്കാൻ പാകത്തിൽ കോട്ടും ടൈയ്യും പോളീഷിട്ടുമിനുക്കിയ ഭാഷണശൈലിയുമൊക്കെ നിര്ബന്ധമായ ഏതെങ്കിലും വിദ്യാലയത്തിലാവാം പഠിപ്പിച്ചത്. ഈ സാഹചര്യങ്ങളൊക്കെ ഉള്ളവരടക്കം കൊണ്ടുതള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിലാണ് ഇന്ന് ഓരോ കേരളീയനും ജീവിക്കുന്നത്.
ഇന്നലെ ഇതേ ചെറുപ്പക്കാർ തങ്ങളുടെ വിദ്യാലയത്തിൽ  പരിസ്ഥിതിദിനാചരണത്തിന്റെ മാമാങ്കങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുമുണ്ടാവണം. അതങ്ങനെയേവരൂ. ഇപ്പോൾ കേരളം ഏതു തട്ടിപ്പിന്റെയും ജാഡയുടെയും പിറകെപോകും . പരമ്പരാഗതമായി നാം പാലിച്ചു വന്നിരുന്ന ലളിത ജീവിതത്തിന്റെയും പ്രകൃതിബദ്ധതയുറെയും അംശങ്ങളെല്ലാം നാമെന്നേ കൈവെടിഞ്ഞുകഴിഞ്ഞു.
മഹാരാഷ്ട്രത്തിലെ ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട് മലയാളികൾ ടണ്‍കണക്കിനാണ് സോഷ്യൽ മീഡിയാ വഴി പ്രതികരിച്ചത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം ഏതെങ്കിലും ഭരണകൂടം കണ്ടുകെട്ടുന്നത് ആശാസ്യമായ കാര്യമല്ല. അതിനെതിരെ ശക്തമായി പ്രതികരിയ്ക്കേണ്ടതുമാണ്. എന്നാൽ ആ പ്രതികരണങ്ങളിൽ വല്ലാത്തൊരു മാംസദാഹം ഒളിഞ്ഞിരുന്നില്ലേ എന്ന് ചില അഭിപ്രായപ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയതാണ്. ഏതാനും വര്ഷങ്ങളായി മലയാളിയുടെ മാംസദാഹം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും. എന്തിനേയും ആരെയും ഇറച്ചിയായി കാണുന്ന ഒരു മനഃസ്ഥിതിയിലേയ്ക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.
അതായത് മലയാളികളുടെ പോക്കറ്റുകളൂടെ കനം വർദ്ധി ച്ചു . ജീവിതത്തിന്റെ തൊങ്ങലുകൾക്ക് നിറപ്പകിട്ടാർന്നു. തണ്ടും പത്രാസും വളർന്നു. ഞാൻ, എന്റേത് എന്ന ഒരു സ്വാർത്ഥം കനത്തു. ഇതെല്ലാമെങ്ങനെ ആയാലും ചുറ്റുംകാണുന്ന എന്തിനെയും മാംസത്തൂക്കത്തിൽ അളന്നുനോക്കി നാവുനുണയ്ക്കുന്ന ഒരു ജീവിതം എത്രമാത്രം ഉദാത്തമാണ് ? നില്ക്കുന്ന മണ്ണിനെയും, ശ്വസിക്കുന്ന വായുവിനെയും, ചുറ്റും ഇരുകാലിലും നാൽക്കാലിലും നടക്കുകയും ചിറകുവീശി പറക്കുകയും ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്ന കോടാനുകോടി ജീവജാലങ്ങളെയും തിരിച്ചറിയാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസം എന്ത് നന്മയാണ് ചെയ്യുന്നത്?
എന്റെ വീടിനുമുൻപിൽ വഴിയിൽ പ്ലാസ്ടിക്ക് കവറിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ചെറുപ്പക്കാരെ കുറ്റപ്പെടുത്താനാവില്ല. അവർ അത്രയേ പഠിച്ചിട്ടുള്ളു. പക്ഷേ, ഒരു മനുഷ്യൻ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകൾ അവരിലേയ്ക്ക് പകരാതിരുന്ന അവരുടെ വീടൂകളിലെ സംസ്കാരത്തിനും അതിനു തിരിതെളിക്കേണ്ടിയിരുന്ന  അവരുടെ മാതാപിതാക്കൾക്കും അവർക്ക് കിട്ടിയ വിദ്യാഭ്യാസവഴിയ്ക്കും മാപ്പില്ല. ഇന്ന് ഈ ഭൂഗോളത്തിൽ വീണ എല്ലാ മാലിന്യങ്ങളും ആ ജീർണ്ണസംസ്കാരത്തിന്റെ നെഞ്ചിലേയ്ക്കാവട്ടെ!


ചിത്രം ഗൂർണിക്ക- പാബ്ലോ പിക്കാസോ

Sunday, May 24, 2015

ഒരു കവിതയുടെ ഗതിവിഗതികൾ

ഫേസ്ബുക്കും തുറന്നു വച്ചിരിക്കുമ്പോൾ തോന്നിയ ഏതാനും വരികൾ കവിതയെന്നു ധരിച്ചത് എന്റെ കുറ്റം തന്നെയാവാം. അവ്യവസ്ഥയും അനുഷ്ടുപ്പ് താളവും പഴഞ്ചൻ അന്തരീക്ഷവും അതിലും വലിയ കുറ്റവും ആകാം. കവിതയാണെഴുതിയതെന്ന സങ്കല്പത്തിൽ മലയാളത്തിലെ പ്രമുഖമായ ഒരു വാരികയ്ക്ക് അയച്ചു കൊടുക്കാൻ തോന്നിയത് തീർച്ചയായും ഒരു കുറ്റം തന്നെയാ ണ്, പ്രത്യേകിച്ചും വരില്ല്ലെണ്ണ്‍ ബോധ്യമുള്ളപ്പോൾ! കവിത വന്നില്ല, രണ്ടു മാസം കഴിഞ്ഞിട്ടും. വരാൻ പോകുന്നില്ലെന്ന് അന്നേ വ്യക്തമായിരുന്നു.
ഒരു കവിതയെ പഴഞ്ചനാക്കുന്ന ഘടകങ്ങളെന്തൊക്കെയാ ണ് ഏതായാലും ഞാനിതിവിടെ സമർപ്പിക്കുന്നു. കാരണം, മൂന്നു പതിറ്റാണ്ടിലേരെയായി കുത്തിക്കുറി യ്ക്കലും അയയ്ക്കലും എത്രയോ തവണ ചെയ്തതാ ണ് ? പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ എത്രയോ എണ്ണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അയയ്ക്കൽ എന്ന പ്രക്രിയ നിർത്തി വച്ചിരിക്കുകയായിരുന്നു എന്ന് മാത്രം. എഴുതുന്നതിനെ വായിക്കുന്നവരുടെ മുൻപിൽ തുറന്നവതരിപ്പിക്കാൻ ഇന്റർ നെറ്റ് ഒരുക്കിയ സംവിധാനങ്ങൾ പ്രസിദ്ധീകരണം എന്ന ചടങ്ങിനെ ഇടനിലക്കാരിൽ നിന്നും എത്രമാത്രം രക്ഷിച്ചു എന്ന് മനസ്സിലായതുമുതൽ എന്തെങ്കിലും നല്ലതെന്ന് തോന്നുന്നത് പ്രസിദ്ധികരിക്കാൻ അയക്കണം എന്ന ത്വര ഒതുങ്ങുകയായിരുന്നു. ഇതാ, നല്ലതാണോ ചീത്തയാണൊ എന്ന് വായിക്കുന്നവര്ക്ക് തുറന്നു പറയാനായി എന്റെയൊരു അക്ഷരക്കസർത്ത്.


വാൽക്കണ്ണാടിയും യക്ഷിയും
...............................
വാൽക്കണ്ണാടിയിൽ, യക്ഷി
നോക്കുമ്പോളെന്തു കാണ്മത് ?
കൂർമ്പല്ലോ കൊല്ലുന്ന  ചിരിയോ
നീലാകാശത്തിളക്കമോ?

കാറ്റിലാഞ്ഞുലയും പനയിൽ
കാല്മടമ്പൂന്നി നില്പതി-
ന്നാട്ടം ബാധിച്ചിട്ടുണ്ടവണ-
മതിൻ ദർശന ശേഷിയെ.
 ഋതുഭേദങ്ങൾ നോക്കാതെ-
യാകാശത്തിന്നതിർത്തികൾ
താണ്ടിത്തീരുന്ന ജന്മത്തി-
ന്നസ്ഥിരത്വമതിൻ പൊരുൾ.

യക്ഷി ജന്മത്തിന്നാഴങ്ങൾ
പ്രണയം, പക, ലീലകൾ
അറിഞ്ഞു വേണം യക്ഷിതൻ
കാഴ്ചപ്പാടു പഠിക്കുവാൻ.

വാൽക്കണ്ണാടിയിൽ നോക്കി
നില്പതുണ്ടൊരു യക്ഷിണി
പൂവപ്പുഴയമ്പലത്തിന്റെ
ശ്രീകോവിലിന്റെ ഭിത്തിയിൽ.

കന്യാക്കോണിലക്കന്യാ-
രൂപം കൊത്തിച്ചമച്ചവർ
നിനചിരിക്കില്ലതിൻ നാനാ-
ചമത്കാര പകർചകൾ

ആറ്റിലേയ്ക്കു കാൽകളാഴ്തി
നിൽക്കുന്നോരാക്കോവിലിൽ
കിഴക്കുനോക്കി നില്ക്കുന്ന
ശിവപുത്രന്റെ പിന്നിലായ്
കാമം കടമിഴിക്കോണിലിളക്കി-
ക്കണ്ണാടി നേർപിടി-
ച്ചായക്ഷി പടിഞ്ഞാട്ടേയ്ക്കു
നോക്കി നില്പതു കൌതുകം.

നാടുകൾ പാലത്തിൽ നിന്നും
വരാരുണ്ടാളുകൾ പലർ
പൂവപ്പുഴ യക്ഷിതൻ രൂപ-
ഭാവപൂർണ്ണിമ കാണുവാൻ.

പേരാണ്ട പലരും വാഴ്ത്തി -
പ്പേരാളുന്നോരു യക്ഷിതൻ
നോട്ടത്തിൻ നിറഭേദങ്ങൾ
പേർത്തിട്ടുണ്ടാവുമെത്രപേർ ?
വരിക്കപ്ലാവിന്റെ തടിയിൽ
വകഞ്ഞെഴുതിയ കണ്‍കളിൽ-
ത്തെളിയും കാഴ്ചയിൻ,കാഴ്ച-
പതിയും കണ്ണാടിയിൻ പൊരുൾ?

വാൽകണ്ണാടിയിൽ യക്ഷി
കാണുന്ന കാലമേതുതാൻ?
കൂർത്ത ബിംബങ്ങളെത്രെണ്ണ-
മെരിക്കുന്നുണ്ടതിൻ കണ്‍കളെ?



-------------------------------------------------
 തിരുവല്ലയ്ക്കു കിഴക്ക് ഇരവിപേരൂരിലുള്ള പൂവപ്പുഴ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വാൽക്കണ്ണാടിയിൽ നോക്കുന്ന യക്ഷിയുടെ ദാരുശില്പം ( ഇ. ഡി. 17-ആം നൂറ്റാണ്ട്) പ്രസിദ്ധമാണ്.