മഴയ്ക്കുണ്ടൊരു ഭംഗി. അതിന്റെ കുളിര്, താളക്കുത്ത്, മഴവെള്ളത്തിൽ തുള്ളിനടക്കുന്നതിന്റെ ലഹരി.....മഴക്കുളിരിൽ പുതപ്പിനു പിന്നാലെ പുതപ്പുവലിച്ചിട്ട് കിടന്നുറങ്ങുന്നതിന്റെ അവർണ്ണനീയമായ സുഖം!
പക്ഷേ മഴനനഞ്ഞ്, ലഹരിയാസ്വദിച്ചാൽ വരാവുന്നത് ജലദോഷമാണ്. ഒരു ജലദോഷത്തിന്റെ അസ്വസ്ഥ്യങ്ങളിൽ മനസ്സുകയ്ക്കുമ്പോൾ മഴയുടെ സൗന്ദര്യത്തെക്കുറിച്ചും ജലദോഷംപിടിച്ചാൽ നഷ്ടമാകുന്ന സ്വാസ്ഥ്യത്തെക്കുറിച്ചുമല്ലാതെ എന്തെഴുതാൻ?
എല്ലാമങ്ങനെയാണ്. നാം അനുഭവിക്കുമ്പോൾ ഒന്നിന്റെയും മഹിമ മനസ്സിലാവില്ല. ഒനിൽ മുഴുകിരമിക്കുമ്പോൾ അതുണ്ടാക്കുന്ന സുഖാനുഭൂതികളുടെ ഗരിമയെക്കുറിച്ച് ആലോചിക്കാൻ എവിടെ നേരം?
പക്ഷേ ഏതെങ്കിലും ഒർ സാഹചര്യത്തിൽ ആസുഖാനുഭവം അകന്നുപോകുമ്പോൾ നാം ഓർമ്മകളിൽ സുഖം പരതാൻ തുടങ്ങുന്നു.
മഴയെക്കുറിച്ച് ഓർമ്മത്താളിൽ നിന്നും പരതിയെടുത്ത ഒരു കവിത.
തിരിച്ചറിയാനാവാത്ത ഒരു സൗഹൃദത്തിന്റെ ആഴവും നനവുമാണീക്കവിതയെ എനിക്കെന്നും ഓർമ്മിക്കത്തക്കതാക്കുന്നത്.
എഴുതിയത് 1991-ൽ
മഴക്കാലത്ത്.
നനയുന്ന അക്ഷരങ്ങൾ
എനിക്കിപ്പോൾ മഴയാണ്
നിനക്കും മഴയാവണം
ഓരോ തുള്ളിയിലും
ആകാശത്തിന്റെ വേരുകൾ
നക്ഷത്രത്തിന്റെ കാതുകൾ
സപ്തജലധികൾ
നിനക്കുമിപ്പോൾ മഴയാവണം
ജന്നലിലൂടെ ഈറൻ പുലരി
പടികയറുന്നതുകാണാം.
പൂരിപ്പിക്കാത്ത സമസ്യകളുടെ ജാതകം
മറിച്ചുനോക്കി
ഇന്നത്തെ ഫലം കാണാനില്ല.
ഏതു വഴിയൊക്കെയാവും ഇന്നത്തെ അലച്ചിൽ,
റബ്ബർപ്പാലിന്റെ
മണം മാറാത്ത നഗരത്തിന്റെ
ഏതിടുക്കുവഴിയിലൂടെ
ഏതു നരകം തേടി?
എനിക്കിപ്പോൾ മഴയാണ്
നിനക്കും മഴയാവണം
മഴയുടെ പുസ്തകം തുറന്ന്
കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള
മുരടൻ വാക്കുകൾ തിരയുകയാവണം
(ഞൊറിവുവീണ ഒരു കണ്ണാടി നിനക്കുമുണ്ടാവുമല്ലോ
ചോക്കുപൊടി കട്ടപിടിച്ച കൈകളും
എന്തിലും അക്ഷരപ്പിശകുകണ്ടെത്താനും
സ്വന്തം വാചകപ്പിശകുകൾ കണ്ണടയ്ക്കാനുമുള്ളമനസ്ഥിതിയും)
നശിച്ചമഴയെന്ന് പിറുപിറുക്ക്ന്നുണ്ടാവണം.
എനിക്കുമിപ്പോൾ മഴയാണ്
ഈ കവിത തിരഞ്ഞ് പഴയഡയറി തുറന്നപ്പോൾ, ഹമ്മോ, ഓർമ്മകൾ പടകൂട്ടി വരുന്നു.
എന്തായിരുന്നു ആ കാലം?
യൗവനത്തിന്റെ ഊറ്റത്തിൽ എഴുതി വച്ച വാക്കുകൾ പോലും ഇപ്പോൾ നേർത്ത നഷ്ടബോധം ഉളവാക്കുന്നുണ്ടോ?
ഇതാണ് ഓർമ്മകളുടെ കളി.
അകന്നകന്നു പോകും തോറും അവയ്ക്ക് ശക്തികൂടുകയാണ്
Tuesday, July 29, 2008
Friday, June 13, 2008
കോങ്ങാട്ടേക്ക് ഭക്തൻ വീണ്ടുംം
ഈ നട്ടപ്പാതിരയ്ക്ക് അദ്ദേഹം യാത്രയായിരിക്കും. കുട്ടിശങ്കരന്റെ ഭക്തൻ! ഉണ്ണികൃഷ്ണവാര്യർ എന്ന ഗജരാജഫോട്ടോഗ്രാഫർ. ഇപ്പോൾ കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് എവിടെവരെച്ചെന്നുകാണുമെന്നറിയില്ല. എങ്കിലും ഈ യാത്രക്കാരൻ കോട്ടയത്തുനിന്ന് ആ വണ്ടിയിൽ കയറിക്കാണും. കുട്ടിശങ്കരനും മോഹനേട്ടനും കാഴ്ചവയ്ക്കാനായി കുട്ടിശങ്കരൻ മദലഹരിയിൽ ആറാടി നിൽക്കുന്ന ഫോട്ടോ ലാമിനേറ്റുചെയ്ത് കരുതിവച്ചിട്ട് ദിവസങ്ങളേറെയായി. എന്നും രാവിലെ ഓഫീസിലെ ഭിത്തിയിൽ കുട്ടിശങ്കരനെ ആർഭാടമായി എഴുന്നള്ളിച്ചു നിർത്തും. വൈകിട്ട് നാലേകാലോടെ അതേപോളെ ആർഭാടമായി ഇറക്കിയെഴുന്നള്ളിക്കുകയും ചെയ്യും. തിരക്കായിരുന്നതുകൊണ്ട് കോങ്ങാട്ടേയ്ക്ക് പോകാൻ ഇത്രദിവസം കാത്തിരിക്കേണ്ടി വന്നപ്പോൾ മനസ്സമാധാനം നിലനിർത്താൻ ഈ ഒരു ചടങ്ങെഴുന്നള്ളിപ്പ് ഉണ്ടായേ തീരൂ.
കുട്ടിശങ്കരൻ ഓഫീസിലെ എഴുന്നള്ളത്തുകൾ നിർത്തി ഇന്ന് കോങ്ങാടേയ്ക് യാത്രയായി. ഫോട്ടോഗ്രാഫറുടെ ബാഗിൽ സുരക്ഷിതയാത്ര.
ആ ഫോട്ടോ കാണുമ്പോൾ മോഹനേട്ടൻ സന്തോഷിക്കുമായിരിക്കും. ഒരു പക്ഷേ കുട്ടിശങ്കരനും.
ഉണ്ണീയ്ക്കത്രയേ വേണ്ടു!
Thursday, May 15, 2008
നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം
കൊല്ലൂര്‍ യാത്ര കഴിഞ്ഞ് തിരിയെ വന്ന ദിവസം രാത്രി ഗോപുരമടച്ചിട്ടില്ലെങ്കില്‍ അമ്പലത്തിനകത്ത് കയറി ഒന്നു വലം വച്ച് പോരാമെന്നു കരുതിയാണ് ചെന്നത്. ഗോപുരമടഞ്ഞിട്ടില്ലെന്ന സന്തോഷത്തോടെ പതിനെട്ടാം പടികയറുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി. എണ്ണ സ്റ്റാളിലെ പയ്യന്‍ വന്ന് ഒരു ഫോണ്‍ നമ്പര്‍ കയ്യില്‍ത്തന്നു. അമ്പലത്തില്‍ തൊഴാന്‍ വന്ന ഒരാള്‍ എന്നെയേല്‍പ്പിക്കാന്‍ കൊടുത്തതാണ്. ആളിന്റെ പേര് പ്രസാദ്. കൂടുതന്‍ വിവരമൊന്നും അവനറിയില്ല. എന്റെ കൂടെപ്പഠിച്ചയാളാണെന്ന് പറഞ്ഞിട്ടുണ്ടെന്നു മാത്രം പറഞ്ഞു.
രണ്ടു പ്രസാദുമാരുണ്ട്, കോളേജ് കാലത്തു നിന്ന് ഓര്‍ക്കാന്‍. പ്രീഡിഗിയ്ക്ക് കൂടെ പഠിച്ച ഇപ്പോള്‍ നിരൂപകനായി വിലസുന്ന ഡോ. സി. ആര്‍. പ്രസാദ്. മറ്റൊന്ന് എം എയ്ക്ക് കൂടെയുണ്ടായിരുന്ന കെ. ജി. പ്രസാദ്. പയ്യന്‍ പറഞ്ഞ നമ്പരിലേക്ക് വെറുതെയൊരു മിസ്സ്ഡ് കോള്‍ വിട്ടു. അടുത്തനിമിഷത്തില്‍ മറുവിളി വന്നു- ഈ നമ്പരിലേക്ക് ഇപ്പോള്‍ വിളിച്ചിരുന്നോ?
കെ ജി പ്രസാദല്ലേ, ഗൗരവം വിടാതെ മറുചോദ്യമുന്നയിച്ചു.
- അതേ
മാന്തുക?
- അതേ,
.....രേത്ത്?
നിങ്ങളാരാ, മറുതലയില്‍ അവന്റെ പരിചിതമായ സസ്പന്‍സ് നേരിടാനാവാത്ത അക്ഷമ രോഷത്തിലേക്ക് മാറുന്നതറിഞ്ഞു.
ഞാന്‍ കവിയൂരൂന്നു വിളിക്കുകയാ
- ഹയ്യോടാ എന്ന് ഏറെക്കാലത്തിനുശേഷം പരിചയം പുതുക്കുന്നതിന്റെ ആഹ്ലാദം. പഴയതും പുതിയതു പറഞ്ഞുള്ള വാചാലം.
പത്തുപതിനഞ്ചു മിനിട്ട് സംസാരിച്ച ശേഷം രാത്രിയില്‍ ബാക്കി പറയാമെന്ന് പറഞ്ഞുള്ള ചരടുമുറിക്കല്‍. രാത്രിയില്‍ അരമണിക്കൂറിനപ്പുറം നീണ്ട കുശലവിവരങ്ങള്‍.....
പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍!]
ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു കാലം. അതിനുണ്ടായിരുന്നു സ്വന്തമായ ഒരു നിറവും മണവും.
നൊസ്റ്റാള്‍ജിയകളിലേക്ക് വഴുതിവീഴുന്നത് ഒരുനല്ല പ്രവണതയല്ല. എങ്കിലും പ്രസാദിനോട് അപ്രതീക്ഷിതമായി തരമായ ഒരു സംഭാഷണം ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. അക്കാലം ഞാനെന്ന സത്തയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ എന്തൊക്കെ ചെയ്തു എന്ന് വിലയിരുത്താന്‍ പ്രേരകമായി.
ശരിക്കും ആ നാളുകളുടെ തീക്ഷ്ണഗന്ധങ്ങളുനിറങ്ങളും ഇന്നും ഓര്‍മ്മയുണ്ട്. യൗവനത്തിന്റെ വരവില്‍ തുടുത്ത മനസ്സുമായി നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം.
ഇരുപതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനങ്ങനെയായിരുന്നു.
ആ കാലഘട്ടത്തിന്റെ തുടിപ്പുകളുമായി കുറെയേറെ കടലാസുകള്‍ ഒരു ഷെല്‍ഫില്‍ മഞ്ഞനിറമാര്‍ന്നിരിപ്പുണ്ട്.
അത് പൊടിതട്ടിയെടുക്കാന്‍ കൊതി വരുന്നുണ്ട്.

Tuesday, April 08, 2008
ജീവിതം
ജീവിതത്തിന്‍പൊരുളാരാഞ്ഞനാഥമായ്
തീമണല്‍ക്കാട്ടിലലര്‍ച്ചയാം കാറ്റുകള്‍
ആളും മണല്‍ത്തിരശ്ശീലയ്ക്കുമപ്പുറം
പാളുന്നിതിച്ഛാവനത്തിന്‍ ഭ്രമക്ഷണം
സാഗരതീരത്തിലുപ്പുകാറ്റില്‍ വരും
ശോകസന്ദേശങ്ങളെത്ര വായിക്കണം
ഗാഢവനങ്ങളില്‍ ചീവീടുകള്‍ സംഘ-
ഗാനം മുഴക്കുമ്പൊളെത്ര നടക്കണം
പ്രേമസമ്മാനമായ് കക്കകള്‍ നോറ്റുവ-
ച്ചാരും വരാതെത്ര സന്ധ്യകള്‍ കാക്കണം
ഏതുകൈകള്‍ പിടിച്ചാര്‍ത്തു നടക്കണം
പൂവീണ പാതകള്‍ തീയേറ്റര്‍ പാര്‍ക്കുകള്‍?
ജീവിതമര്‍ഥമില്ലാത്ത വാക്കായ് നാവി-
ലാണി തറഞ്ഞു കരഞ്ഞു കിടക്കവേ
ജീവിതം തേടിപ്പകല്‍താണ്ടി ദാഹിച്ചു
നീരിന്നിനിയെത്ര കാതം നടക്കണം?
ആലിലയൊന്നു തരുന്നു നീ, യാസന്ന
ബോധോദയത്തിന്റെ നാരകജ്വാലയില്‍
ചൂടാനൊരിറ്റു തണല്‍,ചുടുമുമ്മയും
പ്രാണനെ തൊട്ടുണര്‍ത്തുന്നൂ വിലാപങ്ങള്‍
ജീവിതമെന്തെന്ന ദുഃഖമേയില്ലാതെ
വീഴുന്നചില്ലയില്‍ മേവുന്നു പൂവുകള്‍
പ്രാണനിലാശങ്കയില്ലാതെ വേടന്റെ
കൂരമ്പുചുറ്റിപ്പറക്കുന്നു പക്ഷികള്‍
ജീവിതമെന്താകിലും നിലയില്ലാത്ത
ജീവിതത്തില്‍ വീണു പാടുകയാണു ഞാന്‍.
ഇതൊരു കവിതയാണോ എന്നെനിക്കു നിശ്ചയമില്ല. പത്തു വര്‍ഷം മുന്‍പ് കുങ്കുമം വാരികയില്‍ ഇതു പ്രസിദ്ധീകരിച്ചു. ഇതില്‍ എന്തെങ്കിലും പുതുമയുണ്ടെന്നോ കവിതയ്ക്കുവേണ്ട ഗുണങ്ങള്‍ ഉണ്ടെന്നോ തോന്നിയിട്ടില്ല. പക്ഷേ ഇത് ഏതാനും തവണ കവിയരങ്ങില്‍ ചൊല്ലിയപ്പോളൊക്കെ നല്ല പ്രതികരണമാണുണ്ടായത്.
ഒരുപക്ഷേ ഇതൊരു ഭേദപ്പെട്ട പാട്ടാണെന്നതാവണം കാരണം.

Monday, March 10, 2008
വലക്കണ്ണികള്‍ മുറുകുമ്പോഴും നിര്‍മ്മമതയോടെ
ടോറു ഒകാഡയുടെയും കുമിക്കോയുടെയും ജീവിതം വളരെ ലളിതമായിരുന്നു. സുന്ദരമായിരുന്നു. അവരും അവരുടെ നോറുബു വടായ എന്ന പൂച്ചയും ആ ഒഴിഞ്ഞുമാറി സ്ഥിതിചെയ്യുന്ന വാടകവീട്ടില്‍ സുഖമായി ജീവിച്ചു വന്നു.
പൂച്ച അപ്രത്യക്ഷമാവുന്നതോടെ അവരുടെ ജീവിതം തകിടം മറിയുന്നു. പൂച്ചയെ എങ്ങനെയും കണ്ടെത്തണം എന്ന് കുമിക്കോ ആവശ്യപ്പെട്ടതനുസസരിച്ച് ടോറു അതിനെതേടിപ്പുറപ്പെടുന്നു. ആ അന്വേഷണം അയാള്‍ക്ക് പുതിയ ലോകങ്ങളും അസ്വാഭാവികതയാര്‍ന്ന വ്യക്തികളുമായുള്ള പരിചയവും തുറന്നു കൊടുക്കുന്നു.
ഇതിനിടെ കുമിക്കോയുടെ അപ്രതീക്ഷിത തിരോധാനം കൂടിയാവുമ്പോള്‍ അയാളുടെ അന്വേഷണത്തിന്റെ തീക്ഷ്ണത വര്‍ദ്ധിക്കുന്നു. ഒരുകൊല്ലത്തിലറെ നീളുന്ന ആ അന്വേഷണം അയാളുടെയും കുമിക്കോയുടെയും രഹസ്യങ്ങളിലേക്കുള്ള ടോറുവിന്റെ ആഴ്‌ന്നിറങ്ങലാണ്.
ഈ അന്വേഷണത്തിന്റെ കാവ്യാത്മകവും അസ്വാഭാവികതയുടെ കിടിലം കൊള്ളിക്കുന്ന തലങ്ങളും ആണ് ഹാരുകി മുറാകാമിയുടെ വൈന്‍ഡ്-അപ്- ബേര്‍ഡ് ക്രോണിക്കിള്‍ എന്ന നോവലിന്റെ വിഷയം.
നോവലിന്റെ പകുതിയെത്തിയതോടെ ഒരു നൊടി താഴ്ത്തിവയ്ക്കാതെ കണ്ണിമയ്ക്കാതെ വായനയില്‍ മുഴുകാന്‍ തോന്നി എന്നതു സത്യം.
വല്ലാത്ത അസൂയ തോന്നിപ്പിക്കുന്ന ആഖ്യാനരീതി.

Tuesday, February 26, 2008
പുനര്‍ജ്ജനിയുടെ കണ്ണാടി

പുനര്‍ജ്ജനിയുടെ കണ്ണാടി എന്ന കഥ ഇവിടെച്ചേര്‍ക്കുന്നു. ഈ കഥയുടെ ജനനത്തെക്കുറിച്ചുള്ള സാഹചര്യം മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതാണ്. തിരുവനന്തപുരത്തുനിന്നും ഒരു സുഹൃത്ത് വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പ്രസിദ്ധീകരനത്തിനുവേണ്ടി ഒരു കഥ ഒന്നുരണ്ടു ദിവസത്തിനകം അയച്ചുകൊടുക്കണമെന്നു പറഞ്ഞു. നേരത്തെ എഴുതിയ കഥകളില്‍ച്ചിലത് അയച്ചാലോ എന്നു ചോദിച്ചപ്പോള്‍ കഥ ഏതു തരത്തിലുള്ളതായിരിക്കനമെന്ന ചില അഭിപ്രായങ്ങളും പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളടക്കം സാധാരണ ആസ്വാദകനിലവാരത്തിനു യോജിച്ച(?) ഒന്ന് എന്നായിരുന്നു ആവശ്യം. ഞാന്‍ അയക്കാനുദ്ദേശിച്ചതിന്റെ വായനാക്ഷമതയെക്കുറിച്ചോ അതിന്റെ ഗുണത്തെപ്പറ്റിയോ ഒന്നും നിശ്ചയമില്ലാത്തതിനാല്‍ ആ വിവരം തുറന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുതിയ ഒരെണ്ണം തട്ടിക്കൂട്ടാമോ എന്നു നോക്ക് എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. രണ്ടുദിവസത്തെ സമയം. ഒരു നോവല്‍ രൂപത്തിലേക്ക് വികസിപ്പിച്ചെടുക്കാനുദ്ദേശിച്ച് ഒരു വിഷയം മനസ്സിലിട്ടുചികയാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി തിരുച്ചെന്തൂരില്‍ ചെന്ന സമയത്തു തോന്നിയ ഒരു ചെറു വിഷയം. ആ തരിമ്പില്‍ത്തന്നെ പിടിക്കാന്‍ തീരുമാനിച്ചു. അന്നു രാത്രിയില്‍ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു. അടുത്ത ദിവസം പകല്‍ ഓഫീസിലെ ഇടവേളകളില്‍ അതു പകര്‍ത്തി. കഥയെഴുത്തിനു കാഴ്ചക്കാരായി സെക്ഷനിലെ സ്ത്രീജനങ്ങളും. എഴുതിവച്ച പേജുകള്‍ ഓരോരുത്തരായി വായിച്ചു കൊണ്ടിരുന്നു. അവസാനത്തെ പേജിനു തൊട്ടുമുന്‍പു വച്ച് ദീപ എന്ന അസിസ്റ്റന്റ് അല്‍പം രൂക്ഷമായിത്തന്നെ പറഞ്ഞു,'ഈ സാറിനിതെന്തിന്റെ സൂക്കേടാ, എഴുതിയെഴുതി ആ പെണ്ണിന്റെ മുടിമുഴുവന്‍ കളയാനുള്ള ഭാവമാണെന്നു തോന്നുന്നു.' അതായിരുന്നു ഈ കഥയ്ക്കുകിട്ടിയ ഏറ്റവും നല്ല നിരൂപണം.
Monday, January 21, 2008
പ്രണയജലധി
വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍
ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.
വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്-1992)

Subscribe to:
Posts (Atom)