Saturday, May 31, 2014

പാതി

രണ്ടുപെഗ്ഗേയെടുത്തുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
ആകാശം കൂടുകെടി നില്ക്കുന്നുണ്ട്
രണ്ടു കൂട്ടായ്മകള്‍ കഴിഞ്ഞതിന്റെ
തളര്‍ച്ചയും

രണ്ടു വാക്കേ പറഞ്ഞുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
കൂട്ടിന്റെ സുഖവുമുണ്ടായിരുന്നു
മഴ രാത്രിയില്‍ത്തന്നെയെത്തുമെന്ന്
കാലാവസ്ഥാപ്രവാചകര്‍ ആണയിട്ടത് പലവട്ടം
കേട്ടിരുന്നു എല്ലാവരും
മുഴക്കങ്ങള്‍ പടിഞ്ഞാട്ടുനിന്നുതന്നെയെന്ന്
ഉറപ്പുണ്ടായിരുന്നു.
ആകാശം
കറുത്തിരുണ്ടു നിന്നു

കുശാനന്‍മാരാരെന്ന് കണ്ടെത്താന്‍
അത്രവലിയ പ്രയാസമുണ്ടായില്ല.
കാലാവസ്ഥാപ്രവചനത്തിന്റെ
കൃത്യതയെപ്പറ്റീ സംശയങ്ങളുമില്ല
ആകാശം കൂടുകെട്ടി നിന്നു.
അത്രയ്ക്കുമുഷ്ണമായിരുന്നു

രണ്ടുപെഗ്ഗേ തീര്‍ത്തുള്ളു
വണ്ടി കൃത്യമായി വഴിയെ വ്യാഖ്യാനിച്ചു
വീടെത്തുവോളം അശടൊന്നുമില്ലായിരുന്നു
ആകാശം കണ്ണടച്ചുനിന്നു
കൂട്ടുകൂടലിന്റെ ചര്‍ച്ചകള്‍ പാതിവഴിക്കു
മുറുകിനിന്നു.....

ഗേറ്റുതുറന്നതു
മകനായിരുന്നു
അവനെ ആകാശം കാണിച്ചു
മകളെ വിളിച്ച് ആകാശം കാണിച്ചു
താന്‍പാതി കണ്ണടച്ചുറക്കം നടിച്ചുകിടന്നു.

മുഴങ്ങുന്നത്
ഇടവപ്പാതി തന്നെയായിരുന്നു
ആകാശം കറുത്തു കനത്തുകിടക്കുന്നത് വ്യക്തമായിരുന്നു



പാതി
കണ്ണടച്ചുറക്കം നടിച്ചുതന്നെ കിടന്നു



Saturday, May 24, 2014

ഓര്‍മ്മകളും നുരയുന്നുണ്ടാവാം ഈ കുറിപ്പുകളീല്‍

സ്വന്തം ഊരിനെ എഴുതുക എന്നത് ശ്രമകരമാണ്. എന്നാല്‍ നിരന്തരം മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സ്വപ്നവും. ഏഴെട്ടുവര്‍ഷം മുന്‍പ് ഔ നീണ്ടകഥയെഴുതല്‍ അര്‍ഥപൂര്‍ണ്ണമായ ഒരു ജോലിയായി ഏറ്റെടുത്ത കാലത്ത് ഊരും അതിന്റെ മിന്നാട്ടങ്ങളും എഴുത്തിനിടയില്‍ തലപൊക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ പ്രവാസത്തിന്റെ കാലമായിരുന്നതിനാല്‍ വ്യക്തിപരമായ അലട്ടുകളൊന്നുമില്ലാതെ ഊരിനെ മനസ്സിലേക്കാവാഹിക്കാന്‍ കുറെയൊക്കെ സാധിക്കുകയും ചെയ്തു. പക്ഷേ ആ കഥയുടെ ഉദ്ദേശവും ഉന്നവും മറ്റൊന്നായിരുന്നതിനാല്‍ ഊരിന്റെ തള്ളിച്ചകളെ , കവിച്ചിലുകളെ കുറെയൊക്കെ പിടിച്ചുനിര്‍ത്തി കഥപറയാന്‍ ഞാന്‍ ബാധ്യസ്ഥനായിപ്പോയി. ആ നീണ്ടകഥ/ നോവലാകട്ടെ ( ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട്) അത്രയൊന്നും വായിക്കപ്പെടുന്ന ഒന്നായതുമില്ല. ഊരിനെയെഴുതാനുള്ള തോന്നല്‍ വെറുതെ തള്ളിയും കിനിഞ്ഞും മനസ്സിലങ്ങനെ കിടക്കുകയും ചെയ്തു. രണ്ടുമൂന്നു വര്‍ഷമായി ഞാനതൊന്നു പാകപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എഴുതാന്‍ ശ്വാസം പിടിയ്ക്കുകയായിരുന്നു. എന്നാല്‍ മുന്‍പത്തെത്തവണ സംഭവിച്ചതുപോലെ എല്ലാം മറന്നിരുന്നുള്ള ഒരു എഴുത്തെന്ന കാര്യം ഇത്തവണയേതായാലും നടക്കാന്‍ പോകുന്നില്ല എന്നൊരു തിരിച്ചറിവും ഇടയ്ക്കിടെ മുഴങ്ങുന്നത് അവഗണിക്കാന്‍ കഴിയുകയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അപ്പപ്പോള്‍ തോന്നുന്ന പുതിയൊരു ബ്ലോഗ് സൈറ്റിലൂടെ കവിയൂരിനെ നുറുങ്ങുനുറുങ്ങായി, തോന്നുന്നതിന്റെ മാത്രം മുന്‍ഗണനാക്രമമനുസരിച്ച് അങ്ങു പോസ്റ്റിക്കളായാം , അതെങ്ങാനും കൊള്ളവുന്നതായി തുടരുന്നുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ തിരുത്തിയെടുക്കാന്‍ എന്നു തോന്നിത്തുടങ്ങി. അതനുസരിച്ച് ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' എന്നു തലക്കെട്ടുവരുന്ന ഒരു ബ്ളോഗ് സൈറ്റൂം ഉണ്ടാക്കിയിട്ടു. അത്രമാത്രം.
പിന്നെയും പലവഴിക്ക് എഴുതാന്‍ ശ്രമിച്ചു. കഥയെക്കുറിച്ച് കുറെയധികം ഊഹാപോഹങ്ങള്‍ ചമച്ചുനോക്കി. എല്ലാം പത്തോ പതിനഞ്ചോ വരിമാത്രം നീളുന്ന കുറിപ്പുകളായി എവിടെയൊക്കെയോ കിടക്കുന്നു. ഇടയ്ക്കിടെ ശ്വാസം മുട്ടല്‍ വന്നു പണിമുടക്കുന്ന ഈ പഴഞ്ചന്‍ കമ്പ്യൂട്ടര്‍ ഓരോ തവണ ഫോര്‍മാറ്റുമ്പോഴും അതില്‍ കുറെയെണ്ണമൊക്കെ ശരിച്ചാപിള്ളകളുടെ ഗതിയിലേക്കു വീഴുകയും ചെയ്തു.
അതുകൊണ്ടു തന്നെയൊന്നു തീരുമാനിച്ചു. വെറുതെയങ്ങെഴുതുക. കുറിപ്പുകള്‍ കുറിപ്പുകളായി. സംഭവങ്ങള്‍ സംഭവങ്ങളായി.
ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' ഒരു നോവലാണെന്ന സങ്കല്പത്തിലാണെഴുതുന്നത്. ഇതൊരു നോവലായേക്കാം. വെറും പരസ്പരബന്ധമില്ലാത്ത കുറെക്കുറിപ്പുകള്‍ മാത്രമായിത്തീര്‍ന്നേക്കാം. ഒരുപക്ഷേ, ഒരേയൊരു കുറിപ്പുകൊണ്ട് ഞാനിതുപേക്ഷിച്ചേക്കാം. 
കവിയൂരിനെ എഴുതുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. ഭൂഗോളത്തിലെ 9°23′0″വടക്ക് അക്ഷാംശവും 76°36′0″കിഴക്ക് രേഖാംശവും സന്ധിക്കുന്ന ബിന്ദുവിലെ ചില സംഭവങ്ങള്‍. 
ദൈവാധീനമുണ്ടെങ്കില്‍ അതുവെറും  സാധാരണ ദൈനംദിന സംഭങ്ങള്‍ മാത്രമായിത്തീര്‍ന്നേക്കാം.
ഇതിന്റെ സ്ഥലസൂചനകളില്‍ പരമാവധി ഭൂപടവ്യക്തതയുണ്ടാവും. കഥാപാത്രങ്ങള്‍ എന്റെ സങ്കല്പനങ്ങളായിരിക്കും.
കാലം, അതങ്ങനെ ചലിച്ചുകൊണ്ടിരിക്കും. പ്രധാനമായും എന്റെ നാടുചുറ്റലിന്റെ പരിധിയില്‍പ്പെടുന്ന 1970കളുടെ 
അവസാനം മുതല്‍ ഇപ്പോള്‍ വരെയുള്ള നാലുപതിറ്റാണ്ടിലൊതുങ്ങുമെങ്കിലും ചരിത്രത്തിന്റെ കറചുരന്ന ഒരു പ്രദേശമായതിനാല്‍
ചിലപ്പോള്‍ പെരുമാക്കന്‍മ്മാരുടെ കാലത്തിലേക്കും കഥ കയറിപ്പോയേക്കാം. ഒന്നും പ്രവചിക്കവയ്യ. എഴുതുക പോസ്റ്റുക, അത്രമാത്രമേ
ഞാനുദ്ദേശിക്കുന്നുള്ളു.
ബ്ളോഗില്‍ ഒരു നോവലുള്‍ക്കൊള്ളുന്നതിന്റെ എല്ലാ അസൗകര്യങ്ങളും ഇതിനുണ്ടാവും. തലകുത്തിയ ക്രമമായിരിക്കും എന്നതുതന്നെ ഒന്നാമത്.
ഏതായാലും പുതിയ ഈ ലിങ്ക് വായിക്കണമെന്നു സുഹൃത്തുക്കളേ താത്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ ബ്ലോഗ് മുഖേനതന്നെ 
അഭിപ്രായപ്രകടനം നടത്തണമെന്നും.
http://inganenjaalikkandam.blogspot.in/ ലേക്കു സ്വാഗതം
 
 


Tuesday, May 06, 2014

പരമ്പരാഗതമായി കൈമാറുന്ന ഒരു ഉറക്കു കഥ

പണ്ട്പണ്ട്
വളരെപ്പണ്ട്
ഇന്റര്‍നെറ്റിനും ടാബ്‌ലെറ്റിനും മുന്‍പ്
ഒരു കാലമുണ്ടായിരുന്നു മക്കളേ,
ലോകമന്ന് വളരെ ചെറുതായിരുന്നു
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്
അധികനാളൊന്നുമായിട്ടില്ലായിരുന്നു
വഴികളിലൊക്കെ വല്ലപ്പോഴുമേ വണ്ടി വലിഞ്ഞു നീങ്ങുന്ന
ശബ്ദം മുഴങ്ങാറുണ്ടായിരുന്നുള്ളു
നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും
ശ്രീലങ്കാ കൂട്ടുപ്രക്ഷേപണ ഏഷ്യാകേന്ദ്രവും
സംസ്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളായിരുന്നു.

പറമ്പിലൊക്കെ പകലുകള്‍
ചിത്രശലഭങ്ങളുടെ
പ്രളയം സൃഷ്ടിക്കുകയും
മുക്കുറ്റിയിലും തൊട്ടാവാടിയിലും
വിസ്മയങ്ങള്‍ കൊളുത്തുകയും
ചെയ്യുമായിരുന്നു
മുത്തങ്ങപ്പുല്‍മെത്തയിലൂടെ
നടത്തയ്ക്ക് സ്വപ്നപ്പൊലിമയുണ്ടായിരുന്നു
( കൊടിത്തൂവയും കട്ടകാരയും
ഇടയ്ക്കിടെ ദുസ്വപനം ചമയ്ക്കുമെങ്കിലും)

തിണ്ണയ്ക്കത്തെ സന്ധ്യാനാമം ചൊല്ലലിന്
ചന്തകഴിഞ്ഞു വരുന്ന കാളവണ്ടി
കയറ്റം കയറുവാന്‍ ഞെരിയുന്ന ഒച്ചകള്‍
പക്കമേളമൊരുക്കുമായിരുന്നു.

പണ്ടുപണ്ട്
യുഗങ്ങള്‍ക്കപ്പുറത്ത്
എസ്സെമ്മെസ്സും ഫ്ളാഷ്ന്യൂസും
അവതരിക്കുന്നതിനുമുന്പ്
ഒരു ലോകമുണ്ടായിരുന്നു മക്കളേ,
ഭിത്തിയിലെ വയസന്‍ ക്ളോക്കിന്
ഒച്ചിഴയുന്ന വേഗമായിരുന്നു
പത്രങ്ങള്‍ വീടണയൂമ്പോഴേക്കും
പഴകിമഞ്ഞളിക്കുമായിരുന്നു.

അറിഞ്ഞോ ,
ഗുരുവായൂര്‍കേശവന്‍ ചരിഞ്ഞു,
വലിയതുരുത്തിലൊരാളെ
വെട്ടിക്കൊന്നിരിക്കുന്നു എന്നൊക്കെ
പത്രത്തിലച്ചടിച്ചതുമല്ലാത്തതുമായ വാര്‍ത്തകള്‍
വിളിച്ചുപറഞ്ഞ് പത്രക്കാരന്‍ ചന്ദ്രന്‍ചേട്ടന്‍ വരുന്ന കാലം.
ഉത്സവപ്പറമ്പിലെ
സംസാരിക്കുന്ന പാവയും
മരണക്കിണറും ലോകാത്ഭുതക്കാഴ്ചകളായിരുന്നു
അന്തിച്ചന്ത മഹാനഗരമായിരുന്നു
മത്തിമലച്ചെരിവിലൂടെ
അമ്പലത്തിലേക്കും പള്ളിക്കൂടത്തിലേക്കും
നീളുന്ന ഒറ്റയടിപ്പാതയിലൂടെ നടക്കുന്നതിന്റെ
ഉഗ്രസാഹസം ഒരു ലഹരിതന്നെയായിരുന്നു
(അന്തിമങ്ങിയാല്‍
പൊന്തകളില്‍ പേടിപല്ലിളിക്കുമെങ്കിലും)

പണ്ടുപണ്ട്
കാര്‍ട്ടൂണ്‍ചാനലുകള്‍ക്കും മൊബൈല്‍ ഗേമുകള്‍ക്കും മുന്പും
ഒരു ജീവിതമുണ്ടായിരുന്നു മക്കളേ.
മച്ചിട്ട മുറിയിലെ കട്ടിലില്‍
എന്നെയുറക്കാനായി അച്ഛനിങ്ങനെ പറയുമായിരുന്നു



-
പണ്ടുപണ്ട്,
വര്‍ഷങ്ങള്‍ക്കപ്പുറത്ത്
റേഡിയോയും മോട്ടോര്‍വണ്ടിയുമൊക്കെ
വരുന്നതിനുമൊത്തിരിമുന്പ്
ഒരു നാടുണ്ടായിരുന്നു......
  
ഫോട്ടോ: ഉണ്ണികൃഷ്ണവാര്യര്‍


Friday, May 02, 2014

കാമ്പസ്‌മഴ



പാട്ടപ്പുറത്തു തുള്ളികള്‍
ചിതറിവീഴുന്ന ശബ്ദം
ജോയി ചായ നീട്ടിയൊഴിക്കുന്ന
കാഴ്ചയുടെ താളം

നിന്റെ കുറിയ ചോദ്യത്തിന്റെ നിഴല്‍.
വാകത്തണലിന്റെ സ്വകാര്യതയില്‍
ഒരുവള്‍ ഒരുവനോടു കെറുവിച്ചു നില്ക്കുന്നതിന്റെ കനം
മേഘമുരുകിവീഴുന്ന ചിരി
പൊടുന്നനെ

കാറ്റില്‍
ഊക്കിലടയുന്ന ജനല്‍‌പ്പാളികള്‍
ഓര്‍മ്മക്കൂടുവിട്ടു
ചിതറിപ്പറന്നുപോകുന്ന കിളികള്‍

നിന്റെ കൊടിയകാമത്തിന്റെ
കണ്ണില്‍
ഒരുവള്‍ ചൂളുന്നു
മിന്നല്‍പ്പിണരു മേഘത്തിന്നരികു കാട്ടി
പുളഞ്ഞു പായുന്നു

കുന്നിന്‍‌ചെരിവിലള്ളിപ്പിടിച്ചു വാവല്‍ത്തപസ്സു ചെയ്യുന്ന
ആപ്പീസു കുടുസ്സുകള്‍ക്കിടയിലൂടെ
നരകഗര്‍വം നെഞ്ചുവിരിച്ചുലാത്തുന്ന വരാന്തകളുള്ള
പഠനപ്പുരകള്‍ക്കിടയിലൂടെ
ഇഴഞ്ഞു കുന്നുകയറുന്ന വഴിയില്‍
നിന്റെ കലഹശബ്ദം
ഇടിമുഴക്കമായ് പറമുഴങ്ങുന്നു

മഴനനഞ്ഞ പ്രാവുകള്‍
ചിതറിവീണ മാവിലകള്‍

മണലെഴുത്തുകള്‍ ചരിത്രമാണെന്ന്'
ആണയിടുന്നു

മണ്ണിരകള്‍


ഉദയ്പ്പൂരിലെ തെയ്യെബിയ സ്കൂളിലെ പതിനൊന്നുവയസ്സുകാരന്‍ യൂസഫ് നത്വാരാവാലാ വരച്ച ചിത്രം.ഉദയ്പ്പൂര്‍ ടൈംസിനോടു കടപ്പാട്. http://udaipurtimes.com/


Friday, April 18, 2014

ഇലക്കാറ്റൊടുങ്ങി

ഗബ്രിയല്‍ ഗാര്‍സ്യാ മാര്‍ക്കേസിനെ പരിചയപ്പെടുന്നത് മുന്നു പതിറ്റണ്ടുകള്‍ക്കപ്പുറമാണ്. പ്രീഡിഗ്രിക്കാലത്ത്. ആയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജി. മധുസൂദനന്‍ എഴുതിയ ' മൃത്യുവശ്യത നമ്മെ അദൃശ്യരാക്കുന്നു' എന്ന ലേഖനം മാര്‍ക്കേസ് എന്ന വലിയ എഴുത്തുകാരനെക്കുറിച്ചുള്ള ഒരാമുഖവും മാജിക്കല്‍ റിയലിസം എന്ന വാക്കും പുതുതായി എന്നില്‍ പകര്‍ന്നു. The Chronicle of A Death Foretold' ഇംഗ്ലീഷ് പതിപ്പു വായിച്ചതിന്റെ ആസ്വാദനക്കുറിപ്പായിരുന്നു ആ ലേഖനം. അതിന്റെ കഥാസൂചന വല്ലാത്തൊരു ആസക്തിയുണര്‍ത്തി .മാര്‍ക്കേസിന്റെ കൃതികളിലേതെങ്കിലും വായിക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. ഡി സി ബുക്സ് മാര്‍ക്കേസിനു നോബല്‍ സമ്മാനം ലഭിച്ചതിനോടനുബന്ധിച്ച് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ' മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ലഭിച്ചു. വായിച്ചുവെങ്കിലും എന്തുകൊണ്ടോ അതത്ര മഹത്തായി തോന്നിയില്ല. അതിന്റെ ഭാഷ വല്ലാതെ മടുപിക്കുന്നതായി തോന്നുകയും ചെയ്തു. തുടര്‍ന്നെപ്പോഴൊക്കെയോ ഏതോ ലിറ്റില്‍ മാഗസിനുകളില്‍ നിന്നും ഒന്നോ രണ്ടോ കഥാവിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വായിച്ചുവെങ്കിലും മാര്‍ക്കേസിനെ വായിച്ചു എന്നു പറയാറായത് മൂന്നു നാലുകൊല്ലം കൂടിക്കഴിഞ്ഞ് ' In Evil Hour', ' The Leaf Storm' എന്നീ നോവലുകളുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാനായതോടെയാണ്. യഥാര്‍ഥ കൃതിയുടെ ഏതാണ്ടരികിലെത്തിയ ഒരു തോന്നല്‍ ഉണ്ടായി. 

ഫിഡല്‍ കാസ്ട്രോയും മാര്‍ക്കേസും- കാരിക്കേച്ചര്‍
ശരിക്കുപറഞ്ഞാല്‍ Evil Hourലെയും Leafstormലെയും ചെറുനഗരത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു. ഞാലീക്കണ്ടമെന്ന ഞങ്ങളുടെ ചെറുഗ്രാമത്തിന്റെ ചിത്രങ്ങളുമായി അത് കൂടിക്കുഴയാന്‍ തുടങ്ങി. മാര്‍ക്കേസ് തന്റെ മാന്ത്രികമായ ആഖ്യാന ശൈലികൊണ്ട് എന്റെ മനസ്സിനെ അടിപ്പെടുത്തി. അന്ന് ഏറണാകുളത്തു ജോലിയുള്ള സര്‍ക്കാരണ്ണന്‍ എന്നു വിളിക്കുന്ന എസ്. മോഹനകുമാര്‍ ഏലൂര്‍ ലെന്‍ഡിംഗ് ലൈബ്രറിയില്‍ നിന്നു സംഘടിപ്പിച്ചു കൊണ്ടുവന്നതായിരുന്നു ആ പുസ്തകങ്ങള്‍. മറ്റു മാര്‍ക്കേസ് പുസ്തകങ്ങള്‍ കൊണ്ടു തരാമോ എന്ന് അണ്ണനോട് ചോദിച്ചെങ്കിലും പലതും ഓട്ടത്തിലായതിനാല്‍ അതു വീണ്ടും നീണ്ടു.


യോസ, ഹോസെ ഡൊനോസോ, മാര്‍ക്കേസ്
ജോലികിട്ടി കോട്ടയത്തെത്തിയതോടെ പുസ്തകക്കൂട്ടായ്മകള്‍ വളര്‍ന്നു. ' The Autumn of the Partriarch' കിട്ടിയത് ലെറ്റേഴ്സില്‍ അന്നു പഠിച്ചുകൊണ്ടിരുന്ന പാര്‍വതിയില്‍ നിന്നുമാണ്. തുടര്‍ന്ന് ലെറ്റേഴ്സില്‍ വിദ്യാര്‍ഥിയായെത്തിയതോടെ, മാര്‍ക്കേസിന്റെ അതുവരെയുള്ള ഏതാണ്ടെല്ലാ കൃതികളും യോസ, ഫുവന്റസ്, കോര്‍ട്ടസാര്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ബൂമിന്റെ മറ്റു നെടുംതൂണുകളൂടെ ഗ്രന്ഥങ്ങളും കരഗതമായി.

One Hundred Years of Solitudeന്റെ അവസാനതാളുകള്‍ മഴയത്തൂടെ കോട്ടയത്തേക്കു കുതിക്കുന്ന പരശുരാം എക്സ്പ്രസ്സിന്റെ വാതില്കല്‍ നിന്ന് ശ്വാസം വിടാതെ വായിച്ചത് മറക്കവയ്യ. 'Before reaching the final line, however, he had already understood that he would never leave that room, for it was foreseen that the city of mirrors( or images) would be wiped out by the wind and exiled from the memory of men at the precise moment when Aureliano Babilonia would finish deciphering the parchments, and that everything written on them was unrepeatable since time immemorial and forever more, because races condemned to one hundred years solitude did not have a second opportunity on earth' എന്ന അവസാനവാചകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കോട്ടയത്തിനു തൊട്ടുമുന്‍പുള്ള വിശാലമായ പാടത്തിന്റെ നടുവിലെത്തിയിരുന്നു. കൊടൂരാറ്റിനു മീതെയുള്ള പാലം കടക്കുമ്പോള്‍ പെട്ടെന്നു ചരിഞ്ഞടിച്ച കാറ്റ് എന്നെയും പുസ്തകത്തെയും മഴയില്‍ കുതിര്‍ത്തു. വാചകം തീരുമ്പോള്‍ വണ്ടി  ഒന്നാമത്തെ തുരങ്കത്തിലേക്കു നൂണുകയറുകയായിരുന്നു.

അരക്കത്തക്കയിലെ മാര്‍ക്കേസ് മ്യൂസിയം
 അക്കൊല്ലം തന്നെയാണെന്നു തോന്നുന്നു My Macondo എന്ന സ്വന്തം ചിത്രവുമായി ഡാന്‍ വെല്‍ഡണ്‍ എത്തിയത്. കോട്ടയം നഗരത്തിലെവിടെയോ ഒരിടത്തുവച്ച് അതുകണ്ടതോര്‍മ്മയുണ്ട്. 

നോവലിലെ എന്റെ പ്രിയങ്ങളും ആസക്തികളും മാറി മറിഞ്ഞുകൊണ്ടിരുന്നു. യോസ, പാമുക്ക് , മുറാകാമി എന്നിങ്ങനെ............ പക്ഷേ മാര്‍ക്കേസ്, ഒരു സംഭവം തന്നെയാണെന്ന മനഃസ്ഥിതി ഒരിക്കലും മാറിയില്ല. മാര്‍ക്കേസ് കൃതികളില്‍ത്തന്നെ എന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ പോകുന്നു. One Hundred Years of Solitude ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മഹാവൃക്ഷമാണ്.  എങ്കിലും ഘടനകൊണ്ടും ചടുലതകൊണ്ടും ആഖ്യാനത്തിന്റെ കറതീര്‍ന്ന മികവുകൊണ്ടും മുന്നിട്ടു നില്ക്കുന്നതായി എനിക്കു തോന്നുന്നത് The Chronicle of A Death Foretold തന്നെ. കഥകളില്‍ Monologue of Isabel watching it rain in Macondoയും.
ഏറ്റവും വിചിത്രമായും മാന്ത്രികമായും തോന്നുന്നതോ, നിറങ്ങളും ഗന്ധങ്ങളും ഒക്കെ വന്യമായ ചാരുതയോടെ അനുവാചകനിലേക്ക് ചാട്ടിയിറക്കാന്‍ പ്രാപ്തമായ ആ ആഖ്യാനവൈഭവം തന്നെ. എന്തൊരു വന്യതയാണതിന്! എന്തൊരു കവിതയാണ്! അവസാന കൃതികളിലേക്കു വരുമ്പോള്‍ പാടേ ചോര്‍ന്നുപോയതും ഈ ഒരു വശ്യത തന്നെ.
മക്കോണ്ടോയുടെ വന്യമായ സംസ്കൃതി, 
വാഴപ്പഴത്തിന്റെയും പേരയ്ക്കയുടെയും ഗന്ധം വഹിക്കുന്ന കാറ്റ്, ആനക്കൊണ്ടകള്‍ അലറിയാര്‍ക്കുന്ന വന്യതയിലൂടെ നീളുന്ന മഹാനദിയിലെ തോണിയാത്ര, ചിത്രശലഭങ്ങള്‍ പെയ്യുന്ന കാഴ്ചകള്‍, വിചിത്രസ്വഭാവികളായ മനുഷ്യര്‍........ ഗാബോ, പ്രിയപ്പെട്ട ഗാബോ, താങ്കള്‍ സൃഷ്ടിച്ച ലോകം അതിഗംഭീരം തന്നെ. ലോകത്തെയാകെ വിസ്മയത്തിന്റെ ചിറകുകളിലേറ്റിയ കഥാകാരന് ഇനി അപരലോകങ്ങളുടെ വിശാലതയിലേക്കു കുതിക്കാം. സാര്‍ഥകമായ ഒരു കഥപറച്ചിലിന്റെ പൂര്‍ണ്ണ സംതൃപ്തിയോടെ.





Tuesday, March 25, 2014

കൊറ്റന്‍കുളങ്ങരയിലെ സുന്ദരിമാര്‍


വഴിയരികിലെ ഈ രാത്രിസുന്ദരിയെ നോക്കൂ. കൊറ്റന്‍ കുളങ്ങര അമ്പലത്തിലേക്കാണ് അവളുടെ യാത്ര. മീനപ്പത്തിനും പതിനൊന്നിനുമായി കൊറ്റന്‍കുളങ്ങര അമ്മയുടെ നടയില്‍ ചമയവിളക്കെടുക്കാന്‍ വരുന്ന ആയിരക്കണക്കിനു പുരുഷാംഗനമാരിലൊരാള്‍. കൈയ്യിലൊരു നല്ല ക്യാമറയില്ലാത്തതിന്റെ പരാധീനത ഇന്നലെയോളം ഒരിക്കലും തോന്നിയിട്ടില്ല. അത്രയ്ക്കു ഭംഗിയായിരുന്നു മോഹിനിമാരുടെ രാത്രിയ്ക്ക്. വാക്കുക്കള്‍ കൊണ്ട് പകര്‍ത്താനാവാത്ത ഒത്തിരി കൗതുകങ്ങള്‍ ഇരുളിന്റെ കാരുണ്യത്തില്‍ എന്റെ ക്യാമറയ്ക്ക് ആവാഹിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നിരത്തി പ്രകാശിപ്പിക്കാതിരിക്കാനാവുന്നില്ല.
















Sunday, March 23, 2014

നിലാവത്തെ ചില കാഴ്ചകള്‍


പാതിരാത്രിയില്‍ ആ തിളക്കം ഒന്നമ്പരപ്പിക്കാതിരുന്നില്ല
ജനലിലൂടെ കണ്ടപ്പോള്‍
എന്താണെന്നൊരെത്തും പിടിയും കിട്ടിയില്ല
വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോളൊട്ടു കാണാനുമായില്ല
രാവിലെ
ജന്നലിലൂടെയും
മുറ്റത്തുനിന്നും
സംഭവസ്ഥലം വിശദമായി പരിശോധിച്ചപ്പോള്‍
കിഴക്കേ വീടിന്റെ ടെറസില്‍നിന്നാവാനേ വഴിയുള്ളു ആ പ്രകാശമെന്ന്
ഉറപ്പായി.
അത് അലൗകികമായ ഒന്നാണെന്നു തോന്നിയതേയില്ല
എങ്കിലും
ഒറ്റയ്ക്കിരിക്കുന്ന രാത്രി
ആളൊഴിഞ്ഞ കിഴക്കേ വീട്
(പറമ്പില്‍ പണിചെയ്യുമായിരുന്ന ചെറുക്കച്ചന്‍ പറഞ്ഞ കഥയില്‍
ആ വീട്ടില്‍
അരൂപിയായ ഒരു വലിയ കാരണവരുടെ മെതിയടിയൊച്ച കേള്‍ക്കാം
ചില രാത്രികളില്‍)
മെല്ലെ മെല്ലെ ആ വെളിച്ചം പച്ച നീലയായും പിന്നെ മങ്ങി മങ്ങിയിരുണ്ടും
അലിഞ്ഞു പോയത്
ഒക്കെ

നിലാവിന്റെ മായാജാലമായിരുന്നു അതെന്ന യുക്തി
അപ്പോളും കൈവെടിഞ്ഞിരുന്നില്ല.
വാതില്‍ തുറന്നു പുറത്തൊന്നിറങ്ങി നോക്കാന്‍ ധൈര്യം വന്നതും
ആ യുക്തിവിടാതിരുന്നതു കൊണ്ടാണല്ലോ.

നിലാവിന്
അങ്ങനെ ഒത്തിരി ചതികളറിയാം
പലതിനെയും പെരുപ്പിച്ചു കാട്ടുവാനും
ചിലതിനെയൊക്കെയൊളിച്ചുവയ്ക്കുവാനും
നിശ്ചലതകളെ ചലനങ്ങളാക്കുവാനും
മണ്ണിനെയും വിണ്ണിനെയും ഭ്രമങ്ങളാക്കുവാനുമൊക്കെ
നിലാവിനു കഴിയും
കള്ളനു വഴികാട്ടുന്നതും
ജാരനെ ഗന്ധര്‍വനാക്കുന്നതും
അതിന്റെ കുസൃതിമാത്രം
ഗന്ധങ്ങള്‍ക്കു മാദകകതയും
കുളിരിനു ദിവ്യപരിവേഷവും നല്കും നിലാവ്

വെറുമൊരു മനുഷ്യനെപ്പോലും
അമാനുഷശരീരിയാക്കുവാനും
പ്രപഞ്ചത്തെ മുഴുവന്‍ പടച്ചവനെ ക്കൊണ്ട്
ഈ നിലാവിന്റെ ഇതളുകള്‍ നിന്റെ മുടിയില്‍ ഞാന്‍ ചൂടിക്കട്ടേയെന്ന്
ലൗകികനായ കാമുകനാക്കുവാനും
നിലാവിനേ കഴിയൂ.

അതുകൊണ്ടു തന്നെ നിലാവിനെ
വിശ്വസിക്കരുത്.

ജന്നലിലൂടെ കണ്ട പ്രകാശത്തിന്റെ
പച്ചപ്പും
തിളക്കവും ഓര്‍ക്കുന്നുണ്ടിപ്പോഴും
ഒഴുകിനടക്കുന്നതുപോലെതോന്നി
അത് അന്തരീക്ഷത്തില്‍
ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം
അല്പം പിന്നിലേക്കോ
ഇടത്തേക്കോ
വലത്തേക്കോ
നീങ്ങിനിന്നാല്‍ കാണാനുമാവില്ല.

നിലാവിന്റെ ചില ഭ്രമങ്ങളേ!

നിലാവിലെ പലകാഴ്ചകളും ഇങ്ങനെയാണ്...
നിറങ്ങളെയും'
നിഴലുകളെയും
കുട്ടിക്ക്കുഴച്ചുകളയും

ചിത്രം കടപ്പാട്: വിക്കിപെയിന്റിംഗ്സ്. ജോസഫ് റൈറ്റിന്റെ നിലാവത്ത് ഡോവ്സ് ഡേല്‍(1785)