Friday, April 18, 2014

ഇലക്കാറ്റൊടുങ്ങി

ഗബ്രിയല്‍ ഗാര്‍സ്യാ മാര്‍ക്കേസിനെ പരിചയപ്പെടുന്നത് മുന്നു പതിറ്റണ്ടുകള്‍ക്കപ്പുറമാണ്. പ്രീഡിഗ്രിക്കാലത്ത്. ആയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജി. മധുസൂദനന്‍ എഴുതിയ ' മൃത്യുവശ്യത നമ്മെ അദൃശ്യരാക്കുന്നു' എന്ന ലേഖനം മാര്‍ക്കേസ് എന്ന വലിയ എഴുത്തുകാരനെക്കുറിച്ചുള്ള ഒരാമുഖവും മാജിക്കല്‍ റിയലിസം എന്ന വാക്കും പുതുതായി എന്നില്‍ പകര്‍ന്നു. The Chronicle of A Death Foretold' ഇംഗ്ലീഷ് പതിപ്പു വായിച്ചതിന്റെ ആസ്വാദനക്കുറിപ്പായിരുന്നു ആ ലേഖനം. അതിന്റെ കഥാസൂചന വല്ലാത്തൊരു ആസക്തിയുണര്‍ത്തി .മാര്‍ക്കേസിന്റെ കൃതികളിലേതെങ്കിലും വായിക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. ഡി സി ബുക്സ് മാര്‍ക്കേസിനു നോബല്‍ സമ്മാനം ലഭിച്ചതിനോടനുബന്ധിച്ച് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ' മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ലഭിച്ചു. വായിച്ചുവെങ്കിലും എന്തുകൊണ്ടോ അതത്ര മഹത്തായി തോന്നിയില്ല. അതിന്റെ ഭാഷ വല്ലാതെ മടുപിക്കുന്നതായി തോന്നുകയും ചെയ്തു. തുടര്‍ന്നെപ്പോഴൊക്കെയോ ഏതോ ലിറ്റില്‍ മാഗസിനുകളില്‍ നിന്നും ഒന്നോ രണ്ടോ കഥാവിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വായിച്ചുവെങ്കിലും മാര്‍ക്കേസിനെ വായിച്ചു എന്നു പറയാറായത് മൂന്നു നാലുകൊല്ലം കൂടിക്കഴിഞ്ഞ് ' In Evil Hour', ' The Leaf Storm' എന്നീ നോവലുകളുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാനായതോടെയാണ്. യഥാര്‍ഥ കൃതിയുടെ ഏതാണ്ടരികിലെത്തിയ ഒരു തോന്നല്‍ ഉണ്ടായി. 

ഫിഡല്‍ കാസ്ട്രോയും മാര്‍ക്കേസും- കാരിക്കേച്ചര്‍
ശരിക്കുപറഞ്ഞാല്‍ Evil Hourലെയും Leafstormലെയും ചെറുനഗരത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു. ഞാലീക്കണ്ടമെന്ന ഞങ്ങളുടെ ചെറുഗ്രാമത്തിന്റെ ചിത്രങ്ങളുമായി അത് കൂടിക്കുഴയാന്‍ തുടങ്ങി. മാര്‍ക്കേസ് തന്റെ മാന്ത്രികമായ ആഖ്യാന ശൈലികൊണ്ട് എന്റെ മനസ്സിനെ അടിപ്പെടുത്തി. അന്ന് ഏറണാകുളത്തു ജോലിയുള്ള സര്‍ക്കാരണ്ണന്‍ എന്നു വിളിക്കുന്ന എസ്. മോഹനകുമാര്‍ ഏലൂര്‍ ലെന്‍ഡിംഗ് ലൈബ്രറിയില്‍ നിന്നു സംഘടിപ്പിച്ചു കൊണ്ടുവന്നതായിരുന്നു ആ പുസ്തകങ്ങള്‍. മറ്റു മാര്‍ക്കേസ് പുസ്തകങ്ങള്‍ കൊണ്ടു തരാമോ എന്ന് അണ്ണനോട് ചോദിച്ചെങ്കിലും പലതും ഓട്ടത്തിലായതിനാല്‍ അതു വീണ്ടും നീണ്ടു.


യോസ, ഹോസെ ഡൊനോസോ, മാര്‍ക്കേസ്
ജോലികിട്ടി കോട്ടയത്തെത്തിയതോടെ പുസ്തകക്കൂട്ടായ്മകള്‍ വളര്‍ന്നു. ' The Autumn of the Partriarch' കിട്ടിയത് ലെറ്റേഴ്സില്‍ അന്നു പഠിച്ചുകൊണ്ടിരുന്ന പാര്‍വതിയില്‍ നിന്നുമാണ്. തുടര്‍ന്ന് ലെറ്റേഴ്സില്‍ വിദ്യാര്‍ഥിയായെത്തിയതോടെ, മാര്‍ക്കേസിന്റെ അതുവരെയുള്ള ഏതാണ്ടെല്ലാ കൃതികളും യോസ, ഫുവന്റസ്, കോര്‍ട്ടസാര്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ബൂമിന്റെ മറ്റു നെടുംതൂണുകളൂടെ ഗ്രന്ഥങ്ങളും കരഗതമായി.

One Hundred Years of Solitudeന്റെ അവസാനതാളുകള്‍ മഴയത്തൂടെ കോട്ടയത്തേക്കു കുതിക്കുന്ന പരശുരാം എക്സ്പ്രസ്സിന്റെ വാതില്കല്‍ നിന്ന് ശ്വാസം വിടാതെ വായിച്ചത് മറക്കവയ്യ. 'Before reaching the final line, however, he had already understood that he would never leave that room, for it was foreseen that the city of mirrors( or images) would be wiped out by the wind and exiled from the memory of men at the precise moment when Aureliano Babilonia would finish deciphering the parchments, and that everything written on them was unrepeatable since time immemorial and forever more, because races condemned to one hundred years solitude did not have a second opportunity on earth' എന്ന അവസാനവാചകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കോട്ടയത്തിനു തൊട്ടുമുന്‍പുള്ള വിശാലമായ പാടത്തിന്റെ നടുവിലെത്തിയിരുന്നു. കൊടൂരാറ്റിനു മീതെയുള്ള പാലം കടക്കുമ്പോള്‍ പെട്ടെന്നു ചരിഞ്ഞടിച്ച കാറ്റ് എന്നെയും പുസ്തകത്തെയും മഴയില്‍ കുതിര്‍ത്തു. വാചകം തീരുമ്പോള്‍ വണ്ടി  ഒന്നാമത്തെ തുരങ്കത്തിലേക്കു നൂണുകയറുകയായിരുന്നു.

അരക്കത്തക്കയിലെ മാര്‍ക്കേസ് മ്യൂസിയം
 അക്കൊല്ലം തന്നെയാണെന്നു തോന്നുന്നു My Macondo എന്ന സ്വന്തം ചിത്രവുമായി ഡാന്‍ വെല്‍ഡണ്‍ എത്തിയത്. കോട്ടയം നഗരത്തിലെവിടെയോ ഒരിടത്തുവച്ച് അതുകണ്ടതോര്‍മ്മയുണ്ട്. 

നോവലിലെ എന്റെ പ്രിയങ്ങളും ആസക്തികളും മാറി മറിഞ്ഞുകൊണ്ടിരുന്നു. യോസ, പാമുക്ക് , മുറാകാമി എന്നിങ്ങനെ............ പക്ഷേ മാര്‍ക്കേസ്, ഒരു സംഭവം തന്നെയാണെന്ന മനഃസ്ഥിതി ഒരിക്കലും മാറിയില്ല. മാര്‍ക്കേസ് കൃതികളില്‍ത്തന്നെ എന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ പോകുന്നു. One Hundred Years of Solitude ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മഹാവൃക്ഷമാണ്.  എങ്കിലും ഘടനകൊണ്ടും ചടുലതകൊണ്ടും ആഖ്യാനത്തിന്റെ കറതീര്‍ന്ന മികവുകൊണ്ടും മുന്നിട്ടു നില്ക്കുന്നതായി എനിക്കു തോന്നുന്നത് The Chronicle of A Death Foretold തന്നെ. കഥകളില്‍ Monologue of Isabel watching it rain in Macondoയും.
ഏറ്റവും വിചിത്രമായും മാന്ത്രികമായും തോന്നുന്നതോ, നിറങ്ങളും ഗന്ധങ്ങളും ഒക്കെ വന്യമായ ചാരുതയോടെ അനുവാചകനിലേക്ക് ചാട്ടിയിറക്കാന്‍ പ്രാപ്തമായ ആ ആഖ്യാനവൈഭവം തന്നെ. എന്തൊരു വന്യതയാണതിന്! എന്തൊരു കവിതയാണ്! അവസാന കൃതികളിലേക്കു വരുമ്പോള്‍ പാടേ ചോര്‍ന്നുപോയതും ഈ ഒരു വശ്യത തന്നെ.
മക്കോണ്ടോയുടെ വന്യമായ സംസ്കൃതി, 
വാഴപ്പഴത്തിന്റെയും പേരയ്ക്കയുടെയും ഗന്ധം വഹിക്കുന്ന കാറ്റ്, ആനക്കൊണ്ടകള്‍ അലറിയാര്‍ക്കുന്ന വന്യതയിലൂടെ നീളുന്ന മഹാനദിയിലെ തോണിയാത്ര, ചിത്രശലഭങ്ങള്‍ പെയ്യുന്ന കാഴ്ചകള്‍, വിചിത്രസ്വഭാവികളായ മനുഷ്യര്‍........ ഗാബോ, പ്രിയപ്പെട്ട ഗാബോ, താങ്കള്‍ സൃഷ്ടിച്ച ലോകം അതിഗംഭീരം തന്നെ. ലോകത്തെയാകെ വിസ്മയത്തിന്റെ ചിറകുകളിലേറ്റിയ കഥാകാരന് ഇനി അപരലോകങ്ങളുടെ വിശാലതയിലേക്കു കുതിക്കാം. സാര്‍ഥകമായ ഒരു കഥപറച്ചിലിന്റെ പൂര്‍ണ്ണ സംതൃപ്തിയോടെ.





Tuesday, March 25, 2014

കൊറ്റന്‍കുളങ്ങരയിലെ സുന്ദരിമാര്‍


വഴിയരികിലെ ഈ രാത്രിസുന്ദരിയെ നോക്കൂ. കൊറ്റന്‍ കുളങ്ങര അമ്പലത്തിലേക്കാണ് അവളുടെ യാത്ര. മീനപ്പത്തിനും പതിനൊന്നിനുമായി കൊറ്റന്‍കുളങ്ങര അമ്മയുടെ നടയില്‍ ചമയവിളക്കെടുക്കാന്‍ വരുന്ന ആയിരക്കണക്കിനു പുരുഷാംഗനമാരിലൊരാള്‍. കൈയ്യിലൊരു നല്ല ക്യാമറയില്ലാത്തതിന്റെ പരാധീനത ഇന്നലെയോളം ഒരിക്കലും തോന്നിയിട്ടില്ല. അത്രയ്ക്കു ഭംഗിയായിരുന്നു മോഹിനിമാരുടെ രാത്രിയ്ക്ക്. വാക്കുക്കള്‍ കൊണ്ട് പകര്‍ത്താനാവാത്ത ഒത്തിരി കൗതുകങ്ങള്‍ ഇരുളിന്റെ കാരുണ്യത്തില്‍ എന്റെ ക്യാമറയ്ക്ക് ആവാഹിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നിരത്തി പ്രകാശിപ്പിക്കാതിരിക്കാനാവുന്നില്ല.
















Sunday, March 23, 2014

നിലാവത്തെ ചില കാഴ്ചകള്‍


പാതിരാത്രിയില്‍ ആ തിളക്കം ഒന്നമ്പരപ്പിക്കാതിരുന്നില്ല
ജനലിലൂടെ കണ്ടപ്പോള്‍
എന്താണെന്നൊരെത്തും പിടിയും കിട്ടിയില്ല
വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോളൊട്ടു കാണാനുമായില്ല
രാവിലെ
ജന്നലിലൂടെയും
മുറ്റത്തുനിന്നും
സംഭവസ്ഥലം വിശദമായി പരിശോധിച്ചപ്പോള്‍
കിഴക്കേ വീടിന്റെ ടെറസില്‍നിന്നാവാനേ വഴിയുള്ളു ആ പ്രകാശമെന്ന്
ഉറപ്പായി.
അത് അലൗകികമായ ഒന്നാണെന്നു തോന്നിയതേയില്ല
എങ്കിലും
ഒറ്റയ്ക്കിരിക്കുന്ന രാത്രി
ആളൊഴിഞ്ഞ കിഴക്കേ വീട്
(പറമ്പില്‍ പണിചെയ്യുമായിരുന്ന ചെറുക്കച്ചന്‍ പറഞ്ഞ കഥയില്‍
ആ വീട്ടില്‍
അരൂപിയായ ഒരു വലിയ കാരണവരുടെ മെതിയടിയൊച്ച കേള്‍ക്കാം
ചില രാത്രികളില്‍)
മെല്ലെ മെല്ലെ ആ വെളിച്ചം പച്ച നീലയായും പിന്നെ മങ്ങി മങ്ങിയിരുണ്ടും
അലിഞ്ഞു പോയത്
ഒക്കെ

നിലാവിന്റെ മായാജാലമായിരുന്നു അതെന്ന യുക്തി
അപ്പോളും കൈവെടിഞ്ഞിരുന്നില്ല.
വാതില്‍ തുറന്നു പുറത്തൊന്നിറങ്ങി നോക്കാന്‍ ധൈര്യം വന്നതും
ആ യുക്തിവിടാതിരുന്നതു കൊണ്ടാണല്ലോ.

നിലാവിന്
അങ്ങനെ ഒത്തിരി ചതികളറിയാം
പലതിനെയും പെരുപ്പിച്ചു കാട്ടുവാനും
ചിലതിനെയൊക്കെയൊളിച്ചുവയ്ക്കുവാനും
നിശ്ചലതകളെ ചലനങ്ങളാക്കുവാനും
മണ്ണിനെയും വിണ്ണിനെയും ഭ്രമങ്ങളാക്കുവാനുമൊക്കെ
നിലാവിനു കഴിയും
കള്ളനു വഴികാട്ടുന്നതും
ജാരനെ ഗന്ധര്‍വനാക്കുന്നതും
അതിന്റെ കുസൃതിമാത്രം
ഗന്ധങ്ങള്‍ക്കു മാദകകതയും
കുളിരിനു ദിവ്യപരിവേഷവും നല്കും നിലാവ്

വെറുമൊരു മനുഷ്യനെപ്പോലും
അമാനുഷശരീരിയാക്കുവാനും
പ്രപഞ്ചത്തെ മുഴുവന്‍ പടച്ചവനെ ക്കൊണ്ട്
ഈ നിലാവിന്റെ ഇതളുകള്‍ നിന്റെ മുടിയില്‍ ഞാന്‍ ചൂടിക്കട്ടേയെന്ന്
ലൗകികനായ കാമുകനാക്കുവാനും
നിലാവിനേ കഴിയൂ.

അതുകൊണ്ടു തന്നെ നിലാവിനെ
വിശ്വസിക്കരുത്.

ജന്നലിലൂടെ കണ്ട പ്രകാശത്തിന്റെ
പച്ചപ്പും
തിളക്കവും ഓര്‍ക്കുന്നുണ്ടിപ്പോഴും
ഒഴുകിനടക്കുന്നതുപോലെതോന്നി
അത് അന്തരീക്ഷത്തില്‍
ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം
അല്പം പിന്നിലേക്കോ
ഇടത്തേക്കോ
വലത്തേക്കോ
നീങ്ങിനിന്നാല്‍ കാണാനുമാവില്ല.

നിലാവിന്റെ ചില ഭ്രമങ്ങളേ!

നിലാവിലെ പലകാഴ്ചകളും ഇങ്ങനെയാണ്...
നിറങ്ങളെയും'
നിഴലുകളെയും
കുട്ടിക്ക്കുഴച്ചുകളയും

ചിത്രം കടപ്പാട്: വിക്കിപെയിന്റിംഗ്സ്. ജോസഫ് റൈറ്റിന്റെ നിലാവത്ത് ഡോവ്സ് ഡേല്‍(1785)

Saturday, March 08, 2014

എല്ലാം മറക്കുന്ന നിമിഷങ്ങള്‍

ആമസോണിയന്‍ വനാന്തരത്തിലെ വിചിത്രസ്വഭാവികളായ ആദിമജനതയെക്കുറിച്ച് അളിയന്‍ പറഞ്ഞപ്പോഴേ അത് മാക്കിഗുഎങ്കാ ആണെന്നു മനസ്സിലായി. ശരീരത്ത് ഒരിറ്റു വസ്ത്രത്തിന്റെ മറവുപോലും സ്വീകരിക്കാന്‍ മടിക്കുന്ന അതിസുന്ദരരായ ആണുങ്ങളും പെണ്ണുങ്ങളും...മരിയോ വര്‍ഗാസ് യോസയുടെ ' The Story Teller" ആദ്യവായനനടത്തിയത് മൂന്നോളം പതിറ്റാണ്ടു മുന്‍പാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കേബിള്‍ ടിവി കാണാന്‍ തുടങ്ങിയ ഇടയ്ക്ക് ഡിസ്കവറി ചാനലില്‍ തെക്കന്‍ പെറുവിലെ മാനു നാഷണല്‍ പാര്‍ക്കിനെക്കുറിച്ചുള്ള ടെലി ഫിലിമില്‍ മാക്കിഗുഎങ്കയെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത് അവരുടെ സൗന്ദര്യത്തെക്കുറിച്ചാണ്.
അതേ! അത്രയ്ക്കും സൗന്ദര്യമുള്ള മനുഷ്യരാണ് മാക്കിഗുഎങ്കാകള്‍. മലയാളികളുമായി അവര്‍ക്കു മറ്റൊരു ബന്ധവുംകൂടിയുണ്ടെന്നു ' story teller' വെളിപ്പെടുത്തുന്നു. അതായത് നാനൂറ് നാനൂറ്റന്പതുകൊല്ലം മുന്പ് സമാധാന പ്രിയരായ മാക്കിഗുനെങ്കാകള്‍ ആമസോണ്‍ വനത്തിന്റെ നിഗൂഢതയിലേക്കു പിന്‍വലിയാന്‍ കാരണമായത് അവരുടെ ദിവ്യവൃക്ഷത്തിന്റെ കറ ഭൂമിയില്‍ വീണതിനെ തുടര്‍ന്നാണത്രേ. ആമസോണ്‍ വനാന്തരത്തില്‍ വളരെ സുലഭമായിരുന്ന ഒരു മരത്തില്‍ വെള്ളക്കാരുടെ വെടികൊണ്ട് ഏറ്റമുറിവില്‍ നിന്നും
വെളുത്ത ചോര പൊടിഞ്ഞതു കണ്ട് ഉള്‍ക്കാട്ടിലേക്കു പിന്‍വലിഞ്ഞുവെന്നാണ് യോസ പങ്കുവച്ച പുരാണം. ജെസ്യൂട്ട് പാതിരിമാര്‍, വിറാക്കൊച്ചയേയും പച്ചാമാമായെയും ആരാധിച്ചിരുന്ന ആ ആദിമ ജനതയുടെ ഇടയില്‍ ' സംസ്കാരം' വിളമ്പാന്‍ പതിനേഴാം നൂറ്റാണ്ടുമുതല്‍ സജീവമായിരുന്നു എന്നും ചരിത്രം പറയുന്നു. ഏതായാലും അവരുടെയാ ദിവ്യവൃക്ഷം കോട്ടയം ജില്ലയിലെ വിവിധമേഖലകളുടെ ഇന്നത്തെ ദിവ്യവൃക്ഷമായതു ചരിത്രം. അതിനു സായ്വന്‍മാര്‍ കൊടുത്ത പേര് റബ്ബര്‍ എന്നാണ്. പുരാതനരായ ആമസോനിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം അതൊരു ദിവ്യവൃക്ഷമായിരുന്നു. അതിന്റെ കറ വീഴുക എന്നത് ലോകാവസാനം പോലെ ഭയാനകമായ ഒരു സംഭവവുമായിരുന്നു.
ഏതായാലും വിറാകൊച്ചയുടെ അനുഗ്രഹം കൊണ്ടാണോ എന്തോ, മാക്കിഗുനെകായുടെ ലോകം അതുകൊണ്ടവസാനിച്ചില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ ഗോത്രങ്ങളിലായി പന്തീരായിരത്തില്‍പ്പരം മാക്കി ഗുവെങ്കാകള്‍  ആമസോണ്‍ നദിയുടെ ആദിമ ധാരകളില്‍പ്പെടുന്ന ഉറുബാംബാ, മാദ്രെ ഡി ഡയോസ് നദികളുടെ മേഖലകളില്‍ ജീവിക്കുന്നുണ്ട്, പെറുവില്‍ മാത്രം. ബൊളീവിയ, ബ്രസീല്‍ എന്നിവിടങ്ങളിലും ഈ വംശക്കാരുടെ സാന്നിധ്യമുണ്ട്.
ഇന്നിതൊരു സംരക്ഷിത മനുഷ്യവിഭാഗമായിരിക്കാം. ആരെയും ദ്രോഹിക്കാതെ ഗാഢവനാന്തരത്തില്‍ ജീവിച്ചുവന്ന അവര്‍ ഇതുവരെയും സഹസ്രാബ്ദങ്ങളോളം തങ്ങളുടെ ഗോത്രങ്ങള്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളും സംസാരിച്ചുവന്ന ഭാഷകളും പൂര്‍ണ്നമായും വെടിഞ്ഞില്ല എന്നതിനും വിറക്കൊച്ചയോടു നന്ദി പറയാം.
എനിക്കു തോന്നുന്നത് എല്ലാ അധിനിവേശങ്ങളും ഇത്രമേല്‍ അപൂര്‍ണ്ണമായിട്ടേയിരിക്കൂ എന്നതാണ്. ഇങ്കാകളുടെ രാജാവായ അതഹുവാള്‍യെ((20 March 1497–29 August 1533)തൂക്കിലേറ്റിയതോടെ ലോകം തന്റെ വിശ്വാസത്തിന്റെയും ചക്രവര്‍ത്തിയുടെയും കീഴിലായി എന്നു വിശ്വസിച്ച പിസ്സാറോയെ ലോകം മറന്നുകാണും. ഒരുപക്ഷേ, അതാഹുവാള്‍പ്പേയും ഇങ്കാകളെയും തന്നെ. പക്ഷേ ഇങ്കാകളുടെ അധിനിവേശം ഭയന്ന് അതിനും മുന്പേ, ഉള്‍ക്കാടുകളിലേക്കു വലിഞ്ഞ മാക്കിഗുവെങ്കാ എന്ന ചെറുഗോത്രംഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തരായിരിക്കുന്നു എന്നതാണു വിധി നല്കുന്ന പാഠം.
മാകിഗുഎങ്കാനിലനില്‍ക്കട്ടെ. ആമസോണ്‍കാടുകളും സഹ്യനും ആറന്മുളയിലെയോ, ലോകത്തുമറ്റെവിടത്തെയ്ക്കെയോ പരമ്പരാഗതമണ്ണൂകളും. പുരാതനകാലം മുതല്‍ മനുഷ്യസ്പര്‍ശ്ശമേറ്റ കവിയൂരിലിരുന്ന്  എനിക്കിത്രയേ പറയാനാവൂ.
ഇതെല്ലാം ഒരു വേനല്‍ക്കാല രാത്രിയുടെ ലഹരിയിലുണര്‍ന്ന മറ്റെല്ലാം മറന്ന ചിന്തയാണെന്ന വാസ്തവവും മറയ്ക്കാനാഗ്രഹിക്കുന്നില്ല.


(അളിയന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്റെ സുഹൃത്ത് ശ്രീ രാമകൃഷ്ണനെയാകുന്നു. അളിയന്‍മാര്‍ക്ക്( സഹോദരിയുടെ ഭര്‍ത്താവിനെ പമ്പയുടെയും മണിമലയുടെയും കരയില്‍ വിളിക്കുന്നതങ്ങനെയാണ്) പ്രാധാന്യമേറെയുള്ള ഞാലീക്കണ്ടത്തില്‍ ശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അളിയന്‍ അദ്ദേഹമാണല്ലോ)

Sunday, February 23, 2014

കടിക്കുന്നുണ്ട് രാത്രി

ഓര്‍മ്മകള്‍ ചിലപ്പോള്‍ ആശ്വാസമാകാം. അതിന്റെ മഞ്ഞളിപ്പ് ചിലപ്പോള്‍ ജീവിതത്തെത്തന്നെ പരിണമിപ്പിച്ചേക്കാം. ഓര്‍മ്മകളിലുഴറിപ്പോയാലോ, ജീവിതത്തിന്റെ താളം തന്നെ കൈമോശം വന്നേക്കാം.
2008 മുതല്‍ ബ്ലോഗെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രീതിയാര്‍ജ്ജിച്ച പോസ്റ്റുകളെല്ലാം ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകള്‍ നാമുമായോ നമ്മുടെ ഓര്‍മ്മകളുമായോ നേരിട്ടൊരു ബന്ധവുമില്ലാത്തവരെപ്പോലുമാകര്‍ഷിക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയയിലേക്ക് ഒളിച്ചോടാനുള്ള ചോദന നാമേവര്‍ക്കുമുണ്ടെന്നുള്ള എന്റെ തോന്നലിനെ ബലപ്പെടുത്തുന്ന ഒന്നാണീ 'കണ്ടുപിടുത്തം'
അതേ, ഓര്‍മകള്‍ ഒന്നാം തരം വില്പനച്ചരക്കാണ്.
ഒരു നിമിഷം, വില്പന........
ഹമ്മോ എന്നു വിളിച്ചുപോവാതെ വയ്യ. ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ പങ്കപ്പാട് പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറാനാവുക എന്നാണ്. മുന്‍തലമുറയിലെ ആള്‍ക്കാര്‍ ഏറെഭാഗ്യമുള്ളവരാണെന്നു തോന്നിയിട്ടുള്ള രൌ മേഖലയാണിത്.
ഏതാനും വര്‍ഷം മുന്‍പുവരെ ഞാലീക്കണ്ടത്തിന്റെ( അതേ, ഞാലീക്കണ്ടം, എന്റെ കവല....) പൊരുളായിരുന്ന ഞങ്ങളുടെ മുന്‍ തലമുറയ്ക്കു നേരിടേണ്ടിവന്ന പ്രലോഭനങ്ങളെത്രമാത്രം ലളിതമായിരുന്നു. ഓര്‍ത്തുപോവുന്നു പഴയൊരാ ഞാലീക്കണ്ടത്തെ.........
ഒരു കിലോമീറ്ററിലേറെ വടക്കുമാറി സംസ്കാരത്തില്‍ നിന്നും നാഗരികതയില്‍ നിന്നും കുറെക്കൂടി അകലത്തുള്ള കോട്ടൂരിനോടുചേര്‍ന്നുള്ള നാഴിപ്പാറ( കവിയൂരിലെ മറ്റൊരു കവല- പുറം നാട്ടുകാരുടെ അറിവിലേക്കായി) ഭാഗത്തു നിന്നുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാലീക്കണ്ടം സംസ്കാരത്തിന്റെയും ആള്‍പ്പെരുമാറ്റത്തിന്റെയും ചിഹ്നമായിരുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാരുമാറിയുള്ള അതിനാഗരികമായ കിഴക്കേനട ഭാഗം അപ്രാപ്യമായിരുന്നതിനാല്‍ ചെറുപ്പം മീശയായി കുരുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാലീക്കണ്ടമായിരുന്നു ലോകത്തിന്റെ അതിര്‍; പൊരുള്‍. ആ ഞാലീക്കണ്ടം പക്ഷേ അത്ര സുഗമമായിരുന്നില്ല. എവിടെയും ഉറ്റവരെടെയും മുതിര്‍ന്നവരുടെയും പരിചയക്കാരുടെയും നോട്ടമെത്തുന്ന ആ ലോകത്തെ വളരെ സൂക്ഷിക്കണമായിരുന്നു സ്വന്തം ചലനങ്ങള്‍ സാധിക്കുവാന്‍. അവിടെ വര്‍ഷങ്ങളായി സാഹചര്യങ്ങള്‍ക്കടിപ്പെട്ടും വഴങ്ങിയും പതുങ്ങിപ്പാത്ത് ജീവിച്ച്, രാത്രിസഞ്ചാരത്തിന്റെ പരിധി നിമിഷം നിമിഷമായി കുട്ടിക്കൂട്ടി ഞാനടങ്ങിയ സംഘം വേരുപിടിച്ചു തുടങ്ങിയ കാലത്ത് മുതിര്‍ന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് കൊലക്കയറിന്റെ മുറുക്കമുണ്ടായിരുന്നു. അവഗണിക്കാനാവാത്ത ഒരു വിഭാഗമായി ഞങ്ങള്‍ വളര്‍ന്നപ്പോഴാകട്ടെ വഴികള്‍ കൂടിമുട്ടാതിരിക്കാന്‍ ഇരുകൂട്ടരും മുന്‍കരുതലെടുക്കുമായിരുന്നു.
ഇന്ന് ആളനക്കമൊഴിഞ്ഞ( ഞാലീക്കണ്ടത്തിന്റെ മാത്രമവസ്ഥയല്ലല്ലോ ഇത്. ടെലിവിഷനും ഇന്റര്‍നെറ്റും പുത്തന്‍ സദാചാര സംഹിതകളും ചിട്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതൊക്കെ കാണുക, അനുഭവിക്കുക, പിന്നെയുള്ള കുട്ടായ്മകളൊക്കെ സ്വന്തം പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടുപെഗ്ഗിലൊതുക്കി കിടന്നുറങ്ങുക എന്നിങ്ങനെയുള്ള സാംസ്കാരിക ഔദ്ധത്യത്തിലേക്കൊതുങ്ങാന്‍ നമുക്കൊക്കെ വേഗം സാധിക്കുന്നു) ഞാലീക്കണ്ടത്തില്‍ ആഴ്ചയറുതി പങ്കിട്ടു തിരിച്ചുവരുമ്പോള്‍ തോന്നുന്നത് ഈ ഒരു അവസ്ഥയുടെ നഷ്ടമാണ്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പുവരെ ഞങ്ങള്‍ കാത്തിരിക്കണമായിരുന്നു, മുതിര്‍ന്നവര്‍ സ്ഥലം ഒഴിഞ്ഞുതരാന്‍.
അതേ, അവര്‍ക്ക് നാം നാമാവാന്‍ വേണ്ടി പൊരുതുന്നതിന്റെ നൂറിലൊന്നു കഷ്ടപ്പാടില്ലായിരുന്നു എന്നു തോന്നിപ്പോവുന്നു. അവര്‍ ലളിതമായി സുഹൃത്ത്സദസ്സില്‍ ഓര്‍മ പങ്കിട്ടും അതിന്റെ നുരയലില്‍ മതിമറന്നും സമയം ചിലവിട്ടു.
ഇന്ന് സമയം കളയാന്‍ എത്രയോ ഇരട്ടി സൗകര്യങ്ങളും വിനോദങ്ങളും കൈമുതലായിരിക്കുന്ന നാമൊക്കെ ഒന്നിനുമാത്രം കഷ്ടപ്പെടുന്നു, മനസ്സൊന്നു തുറക്കാന്‍.
ഓര്‍മകള്‍ ആശ്വാസമായിരിക്കാം. ചില ഓര്‍മകള്‍ ഭാരവുമാവാം. എന്തുതരത്തില്‍പ്പെട്ടതായാലും യഥാസമയം അതൊന്നു പങ്കുവയ്ക്കാനായില്ലെങ്കില്‍ ...?
കഴിഞ്ഞ ദിവസം ഓര്‍മ്മകള്‍ കണ്ണുതുറന്ന ഒരു നിമിഷത്തില്‍ ' മുഖം' എന്ന പേരിലൊരു കുറിപ്പെഴുതിയപ്പോള്‍ ഒത്തിരിയാശങ്കയുണ്ടായിരുന്നു. ആ ബ്ലോഗ് ഫേസ്ബുക്കില്‍ പകര്‍ത്തിയപ്പോള്‍ ആ ഓര്‍മ്മയുമായി ബന്ധപ്പെടുന്ന ലഭ്യരായ നാലുസുഹൃത്തുക്കളെ ടാഗുചെയ്യുകയും ചെയ്തു. എനിക്ക് അവരുടെ പ്രതികരണത്തിലേ ആശങ്കയുണ്ടായിരുന്നുള്ളു. നാലില്‍ മൂന്നു പേരും പ്രതികരിച്ചു. രണ്ടുപേര്‍ ഫേസ് ബുക്ക് മുഖേനയും ഒരാള്‍ നിശിതമായ വാക്കുകൊണ്ടും. കലാലയ ജീവിതകാലത്ത് എനിക്കു ലഭിച്ച ഒരു പെങ്ങളെ അരികത്തുകണ്ടിട്ടും മിണ്ടാതിരുന്നതിനും അവളുടെ കുടുംബത്തെ പരിചയപ്പെടാതിരുന്നതിനും ആയിരുന്നു വാക്കാലുള്ള ആ കടുത്ത ശകാരം. മറ്റു സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ നിര്‍മ്മമായി പ്രതികരിച്ചു. കാലം കടന്നുപോയി എന്നതിന്റെ വെളിപാട് ഈ മൂന്നു പ്രതികരണങ്ങളില്‍ മാത്രമല്ല പ്രതികരിക്കാതിരുന്ന ഗോപന്റെ മൗനത്തിലുമുണ്ടെന്നു വ്യക്തം.
അതേതായാലും ആത്മാര്‍ഥമായിത്തന്നെ നടത്തിയ ഒരു കുറിപ്പായിരുന്നു. അതിന് എന്റെ സഹപാഠികള്‍ നല്കിയ പ്രതികരണത്തിലും അതേ ആത്മാര്‍ഥതയുടെ തുടിപ്പുണ്ടുതാനും.
ഞാന്‍ പക്ഷേ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറെ ദിവസങ്ങളായി അടുപ്പിച്ച് ബ്ലോഗുകളെഴുതിയെങ്കിലും വായനക്കരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ' മുഖം ' എന്ന പോസ്റ്റ് വേറിടുനില്ക്കുന്നു. അതൊരാത്മാര്‍ഥതകൊണ്ട് നിറവാര്‍ന്ന കുറിപ്പായതുകൊണ്ടോ, അതോ ഓര്‍മ്മകള്‍ നല്ല വില്പനച്ചരക്കായതുകൊണ്ടോ?
ഈശ്വരനടക്കം വില്പനച്ചരക്കാവുന്ന ഒരു നാട്ടിലെ സാധാരണ പൗരന് ഇങ്ങനെ ചിന്തിക്കാതിരിക്കാനാവില്ലല്ലോ!

Saturday, February 22, 2014

നിക്കാനോര്‍ പാറ കവിത ചൊല്ലുമ്പോള്‍

സെര്‍വാന്റിസ് പുരസ്കാരം നേടിയ ചിലിയന്‍ മഹാകവി നിക്കാനോര്‍ പാറ കവിതചൊല്ലുന്നതിന്റെ യൂട്യൂബ് ലിങ്ക് ചേര്‍ക്കുന്നു. http://www.youtube.com/watch?v=10NobVKg7foഅന്യമായ ഭാഷയാണെങ്കിലും വിചിത്രമായ ഒരീണവ്യവസ്ഥയില്‍ കവിത സംവദിക്കുന്നില്ലേ എന്നു തോന്നും. കവിതയുടെ പേര് സാങ്കല്പിക മനുഷ്യന്‍ എന്നാണ്. ബാല്‍ക്കണിയില്‍ കവി പ്രത്യക്ഷപ്പെടുന്നതും കാത്തുനില്ക്കുന്ന ജനക്കൂട്ടം വിചിത്രമായ ഒരു കാഴ്ചതന്നെയല്ലേ. 'സാങ്കല്പിക മനുഷ്യ'ന്റെ ഇംഗ്ലീഷ് പരിഭാഷ തപ്പിയിട്ടുകിട്ടിയില്ല. പാറയുടെ മറ്റു രണ്ടു കവിതകളുടെ ക്ഷിപ്ര വിവര്‍ത്തനം ചേര്‍ക്കുന്നു.



യുവകവികളേ,

ആവുന്നതുപോലെയെഴുതുക
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍
ഒരു രീതിയേ ശരിയുള്ളു എന്ന വിശ്വാസം
തുടരാന്‍ ഇടമില്ലാത്തവണ്ണം
ഒഴുകിയിട്ടുണ്ടുചോര പാലത്തിനടിയിലൂടെ

കവിതയില്‍ എന്തും അനുവദിക്കപ്പെട്ടിരിക്കുന്നു.

ഈ ഒരൊറ്റ നിയമമനുസരിച്ചേ
ശൂന്യമായൊരു താളിനെ ജീവന്‍വയ്പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ...




മുന്നറിയിപ്പ്

തീപിടുത്തമുണ്ടായാല്‍
എലിവേറ്ററിനു പകരം
കോവേണി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക, എല്ലായ്പ്പോഴും
മറിച്ചൊരു അറിയിപ്പു വരുന്നതുവരെ


പുകവലിക്കരുത്
മൂത്രമൊഴിക്കരുത്
അപ്പിയിടരുത്
റേഡീയോ കേള്‍ക്കരുത്
മറിച്ചൊരു നിര്‍ദ്ദേശമുണ്ടായില്ലെങ്കില്‍
ഓരോ തവണ ഉപയോഗം കഴിഞ്ഞും
ദയവായി
ടോയ്ളെറ്റ് ഫ്ലഷുചെയ്യുക
സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
തീവണ്ടിയിലൊഴികെ
സഹയാത്രികനെക്കുറിച്ചൊരു
ചിന്തവേണം
മുന്നേറുക ക്രിസ്ത്യന്‍ പോരാളികളേ
സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍
നഷ്ടപ്പെടുവാന്‍ നമുക്കില്ലയൊന്നും
എങ്കിലും പരമപിതാവിനു ജീവപ്രണാമം
പുത്രനും പരിശുദ്ധാത്മാവിനും
മറിച്ചൊരു അറിയിപ്പും വന്നിട്ടില്ലെങ്കില്‍
സാന്ദര്‍ഭികമായി പറയട്ടെ
ഈ സത്യങ്ങള്‍ സ്വയം സമര്‍ഥിക്കപ്പെടുന്നവയായി
നാം കാത്തുസൂക്ഷിക്കുകയാണല്ലോ
അതായത് മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണെന്നും
സ്രഷ്ടാവിനാല്‍
പരസ്പരം യോജിക്കാത്ത ചില
അവകാശങ്ങളാല്‍
പുഷ്ടിപ്പെടുത്തപ്പെട്ടവരാണെന്നും
ഉദാഹരണത്തിന് : പ്രാണന്‍,
സ്വാതന്ത്ര്യം & ആനന്ദാസക്തി&
ഒടുക്കത്തേതെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതായി
2 + 2 നുത്തരം 4 ആണെന്നും
മറിച്ചൊരു നിര്‍ദ്ദേശം ഉണ്ടാവും വരെ


പിന്‍കുറിപ്പ്: നിക്കാനോര്‍പാറയുടെ 'സാങ്കല്പിക മനുഷ്യന്‍' എന്ന കവിതയുടെ പ്രചോദനമുള്‍ക്കൊണ്ടു വരഞ്ഞ ചിത്രമാണ് കൊടുത്തിട്ടുള്ളത്. ഡീവിയന്റ് ആര്‍ട്ട് എന്ന സൈറ്റിനോടു കടപ്പാട്.

Friday, February 21, 2014

രാത്രിയിൽ പെയ്ത മഴ



 നിനച്ചിരിക്കാതെ രാത്രിയിൽ പെയ്ത മഴ
ഒരു മഴതന്നെയായിരുന്നു.
നനുത്തനഖങ്ങൾ കുംഭത്തിന്റെ കുരലിലേക്ക് മെല്ലെയാഴ്ത്തി
അത് വളരുകയായിരുന്നു.
തളർത്തുന്ന ചുംബനം കൊണ്ട് സർവതിനെയും കീഴ്പ്പെടുത്തിയവൻ
പകച്ചുപോയതു സ്വാഭാവികം
ചെറുത്തുനില്പ് മുരൾച്ചയും ഞരക്കവുമൊക്കെയായി തളർന്നൊതുങ്ങി
തപിക്കുന്ന ഉച്ഛ്വാസങ്ങളും മെല്ലെയടങ്ങി.
 ഉറക്കത്തിനു തണുപ്പു കൂട്ടുവന്നു

 വൈകിയുണർന്നപ്പോൾ
മുറ്റത്തും തൊടിയിലുമൊക്കെ
രാത്രിശിഷ്ടം തളം കെട്ടിക്കിടന്നു.

 രാത്രിയിൽ പെയ്ത മഴ ഒരു മഴതന്നെയായിരുന്നു....

നേരമേറെപ്പുലർന്നിട്ടും ഉണരാനാവാതെ
മൂടിക്കെട്ടിയ ആകാശത്ത് വിളറിത്തളർന്നു നിന്നൂ
 കുംഭത്തിന്റെ ഉഗ്രപൗരുഷം

ചാനലിലെ പെൺകുട്ടി വിതുമ്പുന്നതെന്താണ​‍്?
ഏതു വഴിയിൽ പടിഞ്ഞുവീണ പെണ്ണിന്റെ ചിത്രമാണ​‍്
ദിനപത്രം ബഹുവർണ്ണത്തിൽ മുഖപടമാക്കി
 ദംഷ്ട്രയൊളിപ്പിച്ചു മുതലക്കണ്ണീരൊഴുക്കുന്നത്?

രാത്രിയിൽ പെയ്തതൊരു മഴതന്നെയായിരുന്നു
കുംഭത്തിന്റെ നെഞ്ചിൽ മെല്ലെമെല്ലെ നഖങ്ങളമർത്തി
തളർത്തുകയായിരുന്നു അത്.

ഭിത്തിചിത്രത്തിൽ
മഹാപൗരുഷത്തിന്റെ നെഞ്ചത്ത് തുള്ളി
നില്ക്കുന്നുണ്ടു കാളി
കൈയ്യിലെ അസുരശിരസിൽ നിന്ന്
ഒഴുകിയടങ്ങീ ചോര

മുറ്റത്തു തളം കെട്ടിക്കിടപ്പുണ്ട്
പോയ രാത്രിയുടെ ശിഷ്ടം...