Sunday, March 27, 2011

വെയില്‍ ചായുമ്പോള്‍

അല്പനേരത്തെ മയക്കത്തിനു ശേഷം ഒരു മുറുക്കാനും വായിലിട്ട് നജാക്കത്ത് അലി സലാമത് അലിമാരുടെ സംഗീതത്തില്‍ മുഴുകി ഇങ്ങനെ ഇരിക്കുന്നതിനുമുണ്ട് ഒരു സുഖം!

അതും മീനച്ചൂടിന്റെ പാരമ്യത്തില്‍.

ജന്നലിനപ്പുറം തളര്‍ന്ന വാഴകള്‍ക്കും പുല്ലിനും മീതേ ചാഞ്ഞുവീഴുന്ന വെയിലിനിപ്പോഴും രൗദ്രം കുറഞ്ഞിട്ടില്ല.

ഈ വര്ഷം എല്ലാം കഠിനമായിരുന്നു. മഴയും വേനലും....

നാമാകട്ടെ, കാലാവസ്ഥയില്‍ വന്നു കൊണ്ടിരിക്കുന്ന തീവ്രമാറ്റത്തിനെ യാഥാര്‍ഥ്യത്തിന്റെ കണ്ണുകൊണ്ടു നോക്കിക്കാണാന്‍ ഇനിയും പഠിച്ചിട്ടില്ല.

ഇന്നലെ ഞാന്‍ കണ്ട ഒരു കാഴ്ച് അങ്ങനെയൊരു തോന്നലാണുണ്ടാക്കിയത്. ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ പ്രദേശത്ത് ഒരു തോട് വൃത്തിയാക്കുന്നത് ഇന്നലെ കണ്ടു. മഴക്കാലം തീര്‍ന്നുകഴിഞ്ഞാലും ഒന്നു രണ്ടു മാസത്തേക്കു കൂടി സജീവമായിരിക്കുന്ന ഈ തോട്ടില്‍ വേനല്‍ മുറുകിക്കഴിഞ്ഞാല്‍ പലയിടങ്ങളിലും ചെറിയ കുഴികള്‍ കുത്തി കുളിക്കാനും മറ്റും വെള്ളം സംഭരിക്കുന്നത് എല്ലാക്കൊല്ലവും കാണാറുള്ളതാണ്. ഇത്തവണ ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി ചെയ്തത് തോട് ആകമാനം അരയടിയോളം ആഴത്തില്‍ കുഴിക്കുകയാണ്. അങ്ങനെ കുഴിച്ചതോടെ പലയിടത്തും മണ്ണിനടിയിലെ ജലം പരന്നൊഴുകുകയും കടുത്ത വെയിലേറ്റ് മിക്കവാറും വൈകുന്നേരമായതോടെ അതപ്പടി വറ്റകയും ചെയ്തു. പഴയകാലം മുതലേ വറ്റി വരണ്ട ആറ്റ്മണല്‍പ്പരപ്പിലും തോടുകളിലുമൊക്കെ ചെറിയകുഴികള്‍ കുത്തി വേനല്‍ക്കാലങ്ങളെ അതിജീവിക്കാന്‍ ജലം സമ്ഭരിക്കുകയായിരുന്നു പതിവ്. ആ പഴയ നാട്ടറിവുകളെ ഗ്രാമീണതൊഴിലുറപ്പിന്റെ ഭാഗമായി മാറ്റിവയ്ക്കുമ്പോള്‍ ജലസ്രോതസ്സുകളുടെ മരണവും കൂടി ഉറപ്പാവുകയാണ്. ആറുകളും തോടുകളുമൊക്കെ സമ്രക്ഷിക്കാന്‍ ദീര്ഘവീക്ഷണത്തോടെ പദ്ധതികളാവിഷ്കരിക്കാതെ അവയുടെ സ്വാഭവികസ്ഥിതി നശിപ്പിച്ച് അവയെ ചൈതന്യരഹിതമാക്കുന്ന കാഴ്ച്ചയാണെങ്ങും. മണലൊഴിഞ്ഞ് നഗ്നരായ നദികള്‍ തുടര്‍ന്നു നേരിടേണ്ടിവന്ന വിധി മുട്ടിനു മുട്ടിനു തടയണകളാല്‍ ബന്ധിക്കപെട്ട് ആണ്ടിന്റെ ഏറിയപങ്കും ഒരായിരം വൃത്തികെട്ട കുളങ്ങളുടെ ശൃംഖലയായി ഒഴുക്കറ്റ് ഹതാശമായുള്ള കിടപ്പാണ്. അതേ, ഭൂമുഖത്തെ ഏറ്റവുമ് വലിയ പുഴകളുടെയും അരുവികളുടെയും ശവപ്പറംപായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം.

ഒരു കാലത്ത് നമ്മുടെ സമൃദ്ധിയുടെ അടയാളമായിരുന്നു മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനലായാല്‍ വെണ്മണല്പ്പരപ്പുകളെ തഴുകി നേര്‍ത്ത് മെലിഞ്ഞൊഴുകുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ ഭുവനസുന്ദരികളായ പുഴകള്‍.

കാലം മാറി. കാലാവസ്ഥയും മാറി.

മലയാളിയോ, കാലാവസ്ഥാമാറ്റത്തെ പ്രാകിക്കൊണ്ട് കാലാവസ്ഥയെക്കാള്‍ ക്രൂരമായി പ്രകൃതിയുടെ സ്വാഭവികചൈതന്യം നശിപ്പിക്കുന്നതില്‍ വ്യാപൃതനാവുന്നു. ആ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാകത്തില് നാം കരുതിവച്ചിരിക്കുന്ന 'ശാസ്ത്രീയ' അറിവുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പരപ്പുകണ്ടാലോ, ആരും ഞടുങ്ങിപ്പോകും!

അല്ലെങ്കിലും വീടൊന്നിന് ഒരു ഗവേഷണ ഡോക്ടര്‍ വച്ചു നിലവിലുള്ള ഐഡിയല്‍ സമൂഹമാണല്ലോ നമ്മുടേത്!

അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ചില ബിംബങ്ങള്‍




കുട്ടിക്കാലത്തെ ഏറ്റവും ഗംഭീരമായ ഒരു ഓര്‍മ്മചിത്രമുണ്ട്. ധനുമാസത്തില്‍ ഉത്സവക്കാലത്ത് അമ്പലത്തിലേക്ക് അഛന്റെയും അമ്മയുടെയും കൈയില്‍ത്തൂങ്ങിയുള്ള യാത്ര. കിഴക്കേ നടയടുക്കുംപോഴേക്കും വേലകളിയുടെ തപ്പുതാളവും കിഴക്കേ നടായലാകെ നിറഞ്ഞു നില്ക്കുന്ന പലവിധ വാണിഭങ്ങളും അതിനെല്ലാമപ്പുറത്തായി വെള്ളവരകള്‍ നിറഞ്ഞ പതിനെട്ടാംപടിയും. പടിയിലെ ആ വരകളായി തോന്നിയത് മനുഷ്യരാഅയിരുന്നോ അതോ ഉത്സവം പ്രമാണിച്ച് കുമ്മയത്താല്‍ വരച്ച വരകളായിരുന്നോ എന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. കാരണം പലരെ കണ്ടും ബന്ധുവീടുകളില്‍ ഒന്നു കയറിയിറങ്ങി അവിടെത്തുമ്പോഴേക്കും ജനസമുദ്രമാവും കാണുക.
ഉത്സവത്തിന്റെ ആ സജീവത കവിയൂരിനെ സമ്ബന്ധിച്ചിടത്തോളം ഇന്നന്യമായിക്കഴിഞ്ഞു.
കവിയൂരമ്പലം അന്നത്തെയവസ്ഥയില്‍ അപ്രാപ്യമായ പല നിഗൂഢതകളും പേറി ഉയരത്തില്‍ നിന്നിരുന്നു. ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം അമ്പലമാണെന്നതായിരുന്നു അതിനു മുഖ്യകാരണം. ദേവസ്വത്തിന്റെഅമ്പലം, അവിടുത്തെ ചടങ്ങുകളുടെ സങ്കീര്ണ്ണത ഒക്കെ അങ്ങനെ ഒരു മനഃസ്ഥിതിയുണ്ടാക്കാന് കാരണമായി. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനം എത്രമാത്രം ജീര്ണ്ണിച്ചു എന്നറിയാന്‍ ഇതേ കവിയൂരമ്പലത്തില്‍ ചെന്നാല്‍മതി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഭാഷാടിസ്ഥാനത്തില് കേരള സംസ്ഥാനം രൂപം കൊള്ളുന്ന വേളയില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഗവെണ്മെന്റ് അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളെ( കേരളത്തിന്റെ പരിധിയില്‍ വരുന്നവയെ) യഥാരീതിയില്‍ നിലനിര്‍ത്താനുദ്ദേശിച്ച് ദീര്ഘവുമ് ഗഹനവുമായ പഠനങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്ഡ് എന്ന സംവിധാനം രാജാവ് നിര്‍ദ്ദേശിച്ചത്. ശബരിമലയില് ഇക്കൊല്ലം നടന്ന ദുരന്തമടക്കം ചെറുതും വലുതുമായ തിരുവിതാംകൂര് ഭാഗത്തെ മറ്റുക്ഷേത്രങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാം വിരല് ചൂണ്ടുന്നത് ഒരു വലിയ പ്രദേശത്തെയാകെ തിരുവനന്തപുരത്തിരുന്നു നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനത്തിന്റെ കെഠുകാര്യസ്ഥതയിലേക്കാണ്.കൊല്ലവര്‍ഷം 987ല്‍(എ.ഡ് 1811ല്‍) കേണല്‍ മണ്രോക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കിയപ്പോള്‍ മുതല്‍ അവയുടെ സാംസ്കാരികവും മതപരവും ശില്പപരവുമായ പ്രാധാന്യത്തിന് ച്യുതിവരാതെയിരിക്കാന്‍ സര്‍ക്കാര്‍ ദത്തശ്രദ്ധ പുലര്‍ത്തിയിരുന്നു. അതേ ശ്രദ്ധ്അയോടെ തന്നെ സമാഹരിച്ച നിര്ദ്ദേശങ്ങള്‍ ബോര്ഡിന്റെ രൂപീകരണസമയത്ത് വിദഗ്ധരായ അഭിഭാഷകരെക്കൊണ്ട് തയാറാക്കി ബോര്ഡിന് (സര്‍ക്കാരിനുമ്) കൈമാറുകയും ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം കാറ്റില്‍പ്പറത്തുന്ന ടീതിയിലായിപ്പോയി കുറെക്കാലമായി തിരുവിതാംകൂര്‍ ദേവസ്വമ്ബോര്‍ഡ് എന്ന ഗവണ്മെന്റ് നിയന്ത്രിത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. മണ്രോയുടെ കാലത്ത് ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമായിരുന്ന വിലമതിക്കാനാവാത്ത സ്വത്തുകള്‍ പൊതുജനക്ഷേമാര്‍ഥം ( കുറെയൊക്കെ ബലമായി) പിടിച്ചെടുത്തെങ്കിലും ക്ഷേത്രങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും അവയെ യഥാവിഥി സംരക്ഷിക്കാനും നടപടികൈക്കൊണ്ടിഒരുന്നു. പൗരാണികതയും ചടങ്ങുകളുടെ വലിപ്പവും ആണ്ടോടാണ്ടു ചിലവും കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ക്ലാസ്സിഫൈ ചെയ്തത് ഉദാഹരണം. കാലാകാലങ്ങളില്‍ വിനിമയമൂല്യം മാറുന്നതനുസരിച്ച് പതിവുകള്‍ പുതുക്കുന്ന രീതിയും കൈക്കൊണ്ടുവന്നു. ദേവസ്വമ്ബോര്‍ഡ് നിലവില്‍ വന്ന് ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ ഈ രീതികള്‍ തുടര്ന്നു എങ്കിലുമ് എണ്പകളുടെ അവസാനത്തോടെ ക്ഷേത്രങ്ങളില്‍ ഏറിയേറി വന്ന ഭക്തരുടെ തിരക്കും വരുമാനവര്ദ്ധനയുമ് പല മഹാക്ഷേത്രങ്ങളെയും തീര്‍ത്തും പ്രതികൂലമായിട്ടാണ് ബാധിച്ചത്. ശബരിമലയെ മാറ്റി നിര്‍ത്തിയാല്‍ത്തന്നെ വന്‍ ഭക്തജനത്തിരക്കുള്ള്‍ നൂറോളം ക്ഷേത്രങ്ങള്‍ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുണ്ട്. ഈ ക്ഷേത്രങ്ങളിലെ വരുമാനച്ചോര്ച്ച തടയാനോ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുവാനോ, ചരിത്ര, ശില്പ പ്രാധാന്യമുള്ളവയെ കൂടുതല്‍ ശ്രദ്ധയോടെ സംരക്ഷിക്കുവാനോ യാതൊരു നടപടിയും എടുക്കാത്ത ഈ സ്ഥാപനം ക്ഷേത്രങ്ങളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ വേണമെങ്കില്‍ ഭക്തജനങ്ങള്‍ വേണമെങ്കില്‍ നടത്തിക്കൊള്ളാന്‍ ഉത്തരവിട്ടത് ഈ കെടുകാര്യസ്ഥതയുടെ ഏറ്റവും പുതിയ തെളിവാണ്. വന്‍ വരുമാനവും അഖിലലോക പ്രസിദ്ധിയുമുള്ള ആറന്മുള ക്ഷേത്രത്തില് രണ്ടു വര്ഷം മുന്പ് തീപിടുത്തമുണ്ടായിട്ട് കേടുപാടുകള്‍ പരിഹരിക്കാതെ ആറുമാസം അത് അതേപടി നിന്നു എന്ന ലജ്ജാകരമായ വസ്തുത മാത്രമ് മതി ഈ കെടു കാര്യസ്ഥതയ്ക്കുദാഹരണത്തിന്.
തിരുവിതാംകൂര്‍ രാജാവ് ബോര്‍ഡിന്റെ നിയന്ത്രണത്തിലേക്ക് ഫസ്റ്റ്ക്ലാസ്സ് പദവിയോടെ കൈമാറിയ ഏഴു ദേവസ്വങ്ങളിലൊന്നായ കവിയൂരിന്റെ അവസ്ഥയാകട്ടെ, പരമദയനീയമാണ്. അയിരത്തിലധികമ് വര്ഷം പഴക്കവും ശില്പപരമായി മാതൃകാപരമായ പലസവിശേഷതകളും പുലര്‍ത്തുന്നതുമായ ഈ ക്ഷേത്രത്തെ ജീര്ണ്ണതയുടെ വഴിയിലേക്ക് തള്ളിവിട്ട് വിശ്വാസികളുടെയും ചരിത്രത്തിന്റെയും മുഖത്തടിച്ച് ചിരിക്കുകയാണ് ദേവസ്വം എന്ന നിര്ജ്ജീവസത്വം.
വരിക, കവിയൂരിലേക്ക്- ക്ഷേത്രാരാധനയിലും ചരിത്രത്തിലും വിശ്വസിക്കുന്നവരേ, നേരിട്ടുകാണാം ഈ ക്രൂരവിനോദം.
ചിലതു ഞാന്‍ അക്കമിട്ടുപറയാം-
൧. കലിവവര്‍ഷം 4052ലും 4053ലും തൃക്കവിയൂര്ത്തേവര്‍ക്ക് മകിഴഞ്ചേരി തേവന് ചേന്നന്‍, മങ്ങലത്തു നാരായണന്‍ കേയവന്‍, നാരക്യുഅയണന്‍ കിട്ടിരന്‍ എന്നിവര്‍ ഭൂദാനം നടത്തിയതു സൂചിപ്പിക്കുന്നതും, ചരിത്രകാരന്മാര്‍ എഎടുത്തുപറയുന്ന പ്രാചീന നിയമാവലിയായ മൂഴിക്കളം കച്ചത്തെ സൂചിപ്പിക്കുന്ന ഏറ്റവുമ് പഴമ്അയുള്ളതുമായ രണ്ടു ശിലാശാസനങ്ങള്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങള്‍ക്കു മുന്പുനടന്ന പരിഷ്കാരത്തിന്റെ ഭാഗമായി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
൨. ക്ഷേത്രത്തിലെ മറ്റനേകം പുരവസ്തുക്കളുടെയുമ് ഗതി ഇതു തന്നെ. നമസ്കാരമണ്ഡപത്തിന്റെ കഴുക്കോല്‍പുച്ഛങളെ പൊതിഞിരുന്ന ഓട്ടു കവചങ്ങള്‍ പത്തുവര്‍ഷം മുന്പു നടന്ന വേറൊരു മോടിപിടിപ്പിക്കലില്ന്റെ ഭാഗമായി മാറ്റിയിട്ട് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.
൩.ഏറെ പ്രസിദ്ധമായ ദാരുശില്പങ്ങളുടെ അവസ്ഥയുമ് പരിതാപകരമാണ്. ചോര്ച്ചയുമ് ചിതലും പരിഹരിക്കാനുള്ള ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. വിലപിടിപ്പുള്ള, ചരിത്രമുല്യമുള്ള പലതിരുവാഭരണങ്ങളും വര്ഷങ്ങളായി ഉത്സവകാലത്തുപോലും ഭക്തജനങ്ങള് കാണാറേയില്ല.
൪. വലിയ അറപ്പുര, നെല്ലുകുത്തുപുര എന്നിവ പതിറ്റാണ്ടുകള്‍ക്ക് മുന്പേ ചിതല്രിച്ചു വീണുപോയി. അവശേഷിക്കുന്ന അനുബന്ധ കെട്ടിടങ്ങളില്‍ പഴയ കച്ചേരി അപശ്ശകുനംപോലെ തക്ര്ന്നു പൊളിഞ്ഞു നില്ക്കുന്നത് ഇന്ന് ക്ഷേത്രത്തിലെത്തുന്ന ആര്‍ക്കും കാണാവുന്നതാണ്. തന്ത്രിമഠം, മേല്ശാന്തിമഠം എന്നിവയും ഇതേയവസ്ഥയിലേക്ക് കുതിക്കുന്നു. ഗോപുരങ്ങള്‍ തൊട്ടുപിന്നലെയുണ്ട്. ആനക്കൊട്ടിലിന്റെ മരണവാറണ്ടുമായി ഒരു പടുകൂറ്റന് ആല്‍മരം അതിപുരാതനമായ സര്പ്പത്തറയെ വിഴുങ്ങിക്കൊണ്ട് നിവര്ന്നുനിന്നുകഴിഞ്ഞു.
രണ്ടുപതിറ്റാണ്ടു മുന്പ് നാട്ടുകാര്‍ പണംപിരിച്ച് ചങ്ങനാശ്ശേരി റോഡിന്റെ അരികില്‍ നിര്മ്മിച്ച കോണ്ക്രീറ്റ് ഗോപുരം കടന്ന് ശരിക്കും നരകത്തിലെ വഴികളെ അമ്പേ പരാജയപ്പെടുത്തുന്ന ദേവസ്വംവഴിയിലൂടെ ഇരുനൂറുവാര സഞ്ചരിച്ചാല് തിരുവിതാംകൂര്‍ ദേവ്സ്വംബോര്ഡ് എന്ന സ്ഥാപനം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ഈ പുരാതന ദേവാലയം നിങ്ങള്‍ക്കു കാണാം. ആയിരത്താണ്ടുമുന്പു ജീവിച്ചിരുന്നവരുടെ വിശ്വാസവുമ് കലാബോധവും അധ്വാനവും തിടംപിടിപ്പിച്ച ഒരു മഹാക്ഷേത്രം ദിവസേന നൂറുകണക്കിനു ഭക്തജനങ്ങള്‍ക്ക് ആശ്രയമാവുംപോഴുമ് എങ്ങനെ സ്വയമ് നിരാശ്രയമായി തകരുന്നു എന്നതിനു സാക്ഷിയാവാം. ചരിത്രം ജീര്ണ്ണമായ ഒരു പ്രസ്ഥാനത്തിന്റെ കൈകളില്‍ അന്ത്യശ്വാസമ് വലിക്കുന്നത് തിരിച്ചറിയാം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെ മിക്ക പുരാതന ക്ഷേത്രങ്ങളില്‍ ചെന്നാലും ഇതേയവസ്ഥ നിങ്ങള്‍ക്കു മനസ്സിലാവും.
കാണിക്കപ്പെട്ടികളുടെ കനം മാത്രം നോക്കുന്ന ഒരു വിസ്മയജീവിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനാവില്ല.
എന്തിനെന്നറിയാതെ വരുമാനാം വാരിപ്പോകുക എന്നു മാത്രമാണല്ലോ ആ ജീവിയുടെ ലക്ഷ്യം.
തുടക്കത്തില്‍ വിഭാവനം ചെയ്യപ്പെട്ട, ക്ഷേത്രങ്ങളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട ഒരു സര്ക്കാര്‍ നിയന്ത്രിത സ്ഥാപനമ് വെറും ഒരു സ്വപ്നം മാത്രമായിരുന്നു.

Saturday, February 05, 2011

കാട് കാട്

പ്രാക്തനകാലത്തിന്റെ സ്മൃതികളുണര്‍ത്തി ഞാലീലമ്മയുടെ മുന്പില്‍ ഒരു കാടുളവാകാന്‍ അരനിമിഷമേ വേണ്ടി വന്നുള്ളു. അടുത്ത ഒരു നിമിഷത്തിനുള്ളില്ത്തന്നെ അത് അപ്രത്യക്ഷമാവുകയുംചെയ്തു.

അടവി..........

പരംപരാഗത ചടങ്ങുകളോടെ നടന്നതില്പ്പങ്കാളിയായിട്ട് അന്ന പ്രഭാതം.

പ്രഭാതം!

Wednesday, February 02, 2011

വീണ്ടും പടയണി രാവുകള്‍

പച്ചത്തപ്പില്‍ താളം മുറുകിത്തുടങ്ങിയിട്ടില്ല. ഇന്നു മൂന്നാം ദിവസം. മകരരാവിന്റെ കുളിരില്‍ അരങ്ങേറുന്ന ഞാലിയില്‍പടയണി ഇത്തവണ പഴയചടങ്ങുകളില്‍ ഏറെയും തിരിയെക്കൊണ്ടുവരികയാണ്. ഇന്നു വെളിച്ചപ്പാടിന്റെ ഇറക്കമായിരുന്നു. വെളിച്ചപ്പാടിന്റെ ദൃഷ്ടാന്തം ചൊല്ലല്‍ ഇങ്ങനെ-

കല്ലില്‍പ്പെടുത്താല്‍ കാലില്‍ത്തെറിക്കും

പുല്ലില്‍പ്പെടുത്താല്‍ പതഞ്ഞുപതഞ്ഞ് വരും

മണലില്‍പ്പെടുത്താല്‍ പൊടിഞ്ഞുനില്ക്കും..............

സ്വയമൊരനുഷ്ഠാനമായിരിക്കെത്തന്നെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും സംഘടിതക്ഷേത്രങ്ങളെയുമൊക്കെ കളിയാക്കുന്ന അനേകം അംശങ്ങള്‍ പടയണിയില് കാണുന്നു.

പടയണിയുടെ ഉത്ഭവം/വളര്‍ച്ച കവിയൂരിലും കവിയൂര്‍ മഹാക്ഷേത്രത്തിന്റെ ദേശവഴികളിലും ആയിരുന്നു എന്നാണെന്റെ തോന്നല്‍. ഇതു വെറുമൊരു തോന്നലല്ല. പടയണിപ്പാട്ടുകളില്‍ പലയിടത്തും കവിയൂര് ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പറയുന്നു. കാലന്‍കോലത്തിന്റെ പാട്ടില്‍ തൃക്കവിയൂരപ്പനെ സ്തുതിക്കുന്നു( ഈ പാട്ട് ഓതറയില്‍ ചെങ്ങന്നൂരപ്പനെന്നു മാടിപ്പാടുന്നു.) ഒരു പക്ഷേ ഈ പാട്ടുകള്‍ രചിക്കപ്പെട്ടത് കവിയൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെവിടെയെങ്കിലുമായതുകൊണ്ടാവാം എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. പക്ഷേ പഴയ പടയനിക്കരകളിലധികവും കവിയൂര്‍ ക്ഷേത്രത്തിന്റെ ദേശവഴിയില്‍ പെട്ടവയായിരുന്നു എന്നതൊരു യാഥാര്‍ഥ്യം.

അതെന്തെങ്കിലുമാവട്ടെ.........

Friday, December 17, 2010

ധനുമാസം

ധനുമാസം ഉത്സവത്തിന്റേതാണ​‍്. തിരുവാതിരനിലാവിന്റെ ലഹരിയിൽ കൊടികയറി പത്തുദിവസം വിശാലമായ ഗ്രാമസങ്കേതത്തെയാകമാനം ഉത്സവലഹരിയിലാറടിച്ച് ഉത്സവം പടിയിറങ്ങുമ്പോളായിരുന്നു പണ്ടൊക്കെ ദുഃഖം. ഇപ്പോളിതാ, ഉത്സവം തുടങ്ങുന്നതിനു മുൻപുതന്നെ ഉത്സവത്തിന്റേതായ യാതൊരു ലക്ഷണവും കാണാത്തതാകുന്നു ദുഃഖം. ഒരുപക്ഷേ കാലാവസ്ഥയുടേതാവാം, ധനുമാസത്തിന്റെ കുളിർന്ന രാവുകളും മഞ്ഞും നിലാവും തെളിഞ്ഞപകലും ഇല്ലാത്തതിന്റേതാവാം, അല്ലെങ്കിൽ എന്റെ പ്രായത്തിന്റേതാവാം, എല്ലാം നിശ്ചലമായിരിക്കുന്നതുപോലെ തോന്നൽ. ഉത്സവത്തിനു മുന്നോടിയായി വഴികളും വഴിയോരങ്ങളും ഇക്കുറിയേതായാലും ഇതുവരെയും തെളിഞ്ഞിട്ടില്ല. ഇന്നലെയും പെരുമഴപെയ്ത് വഴികളെല്ലാം പുഴകളായി, ശിഷ്ടം ചെളിക്കുഴികളിൽ കരുതി നില്ക്കുന്നു. രാത്രികൾ തണുത്തതാണെങ്കിലും മഞ്ഞോ നിലാവോ ഇല്ല. ഉത്സവം എവിടെയാണൊളിച്ചത്. കെട്ട കാലാവസ്ഥയിൽ എന്തുത്സവം??
എങ്കിലും ഒരു നൊസ്റ്റാൾജിയാ!!!!

Monday, November 29, 2010

മേഘസ്ഫോടനം

ഇക്കൊല്ലത്തെ മഴ ജനത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ​‍്. വൃശ്ചികം പാതിയാവാറായിട്ടും കർക്കിടകപ്രതീതിയിൽ കേരളം വിങ്ങി നില്ക്കുന്നു. ഉത്സവകാലത്തിന്റെ തെളിഞ്ഞപകലുകളും മഞ്ഞുപുതച്ച രാത്രികളും പ്രതീക്ഷിച്ചിരിക്കുന്നവർ കാലവർഷത്തിന്റെ ഉത്സവക്കൊഴുപ്പിൽ നനഞ്ഞു നില്ക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ പാമ്പാടി, കറുകച്ചാൽ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽവെള്ളപ്പൊക്കം പരിഭ്രാന്തി പരത്തി. രാത്രിയിൽ ഉയർന്നപ്രദേശങ്ങളിലെ വീറ്റുകളില്പ്പോലും വെള്ളം ഇരമ്പിക്കയറിയപ്പോൾ ഉരുൾപൊട്ടലാണെന്നായിരുന്നു പലരും കരുതിയത്. അതൊരു മേഘസ്ഫോടനമായിരുന്നു എന്നും പുതിയ തിയറി ഉണ്ടായിട്ടുണ്ട്. കലികാലവിശേഷം എന്ന് പഴമക്കാർ മാത്രമല്ല, ചെറുപ്രായക്കാർ പോലും പറഞ്ഞുതുടങ്ങിയിരിക്കുന്നു.
കാലാവസ്ഥാ മാറ്റത്തിനുകാരണം പരിസ്ഥിതിനാശമാനെന്ന നിലപാടിന​‍് ആക്കം കൂടുകയാണ​‍് ഈ വേളയിൽ. മാതൃഭൂമി പത്രത്തിൽ വിശദമായ ഒരു ലേഖന പരമ്പരയും വന്നു. പരിസ്ഥിതി സംരക്ഷണത്തിന​‍് ചടുലനടപടിയെടുത്തില്ലെങ്കിൽ ഭൂമിയുടെ ഭാവി അവതാളത്തിലാണെന്ന വാദം ശക്തിയാർജ്ജിച്ചുവരുന്നു.
ഇതൊക്കെ നല്ലകാര്യം!
ഒറ്റച്ചോദ്യം അവശേഷിക്കുന്നു. ഡിനോസറുകളടക്കമുള്ള ജീവിവംശങ്ങളുടെ നാശത്തിനു കാരണമായ സംഭവം അതെന്തായാലും പരിസ്ഥിതി നശിച്ചതിന്റെ ഫലമായുണ്ടായതായിരുന്നോ. ഡിനോസറുകളോ, (മനുഷ്യ)ചരിത്രപൂർവ്വകാലത്തെ ഏതെങ്കിലും ജീവിയോ സംസ്കാരങ്ങൾ കെട്ടിപ്പൊക്കി ഭൂമിയുടെ സ്വാഭാവികാവസ്ഥയെ ചോദ്യംചെയ്തതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഡിനോസറുകളുടെ ശാരീരികവലിപ്പമുയർത്തിയ പരിസ്ഥിതിപ്രശ്നങ്ങൾക്കപ്പുറത്തൊന്നും അക്കാലത്തുണ്ടായിരുന്നിരിക്കാൻ വഴിയില്ല. എന്നിട്ടും ആ കാലഘട്ടത്തിലെ ജീവികുലങ്ങളാകെ ഒടുങ്ങി. അല്ലെങ്കിൽ പ്രകൃതി അവയെ ഇല്ലാതാക്കി.
ഇത്രയൊക്കെയല്ലേ ഇപ്പോഴും സംഭവിക്കാൻ പോകുന്നുള്ളു? സ്വന്തം ഭോഗസുഖങ്ങളുയർത്താന്വേണ്ടി മനുഷ്യൻ ചെയ്യുന്നത് പ്രകൃതിയെ നശിപ്പികുകയാണോ, അതോ പ്രകൃതി മനുഷ്യനെക്കൊണ്ട് സ്വന്തം ശവക്കുഴിതോണ്ടാൻ പ്രേരിപ്പിക്കുകയാണോ?
പ്രകൃതിയ്ക്ക് സ്വയമ്നിർണ്ണയശേഷിയുള്ളതുകൊണ്ടും മനുഷ്യന​‍് അതില്ലാത്തതുകൊണ്ടും മനുഷ്യൻ പ്രകൃതിയ്ക്കുവഴങ്ങി സ്വന്തം നാശത്തിലേക്ക് ചുവടുവയ്ക്കുയാണെന്നു വിശ്വസിക്കനാണെനിക്കു താത്പര്യം.
ആ അവസ്ഥയിൽ എത്ര കടുത്ത പരിസ്ഥിതിവാദവും വെറും ഒരു വിശ്വാസമോ ചടങ്ങോ ഒളിച്ചോടലോ ഒക്കെയാവുന്നു!

Wednesday, October 20, 2010

സ്വപ്നപ്രബന്ധം

പേമാരി പെയ്യുന്ന രാത്രിയില്‍ ഞാന്‍......യെ സ്വപ്നം കണ്ടു. മറ്റ്ഏതു സ്വപ്നത്തെയും പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ഒന്ന്. ...യെ അവസാനമായി കണ്ടുപിരിഞ്ഞിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. സ്വപ്നത്തിലും ആകാശം മഴക്കാറുമൂടിനിന്നു. ലൈബ്രറിയില്‍ നിന്നു മടങ്ങിവരുന്ന ഞാന്‍ കുന്നിറങ്ങി ആദ്യ വളവുതിരിഞ്ഞതുമ് ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവളെന്റെ മുന്പില്‍ പ്രത്യക്ഷപെടുകയായിരുന്നു. ആറുകൊല്ലത്തിനുശേഷവും ...യുടെ മുഖക്കുരു കൂമ്പിനില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയുമ് മാറിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞ് ഒരുമിച്ചു കുന്നിറങ്ങുന്നതിനിടയില്‍ നേരം തെറ്റി വീശിയ ഒരിളംകാറ്റില്‍ സരിയൊന്നുപാളി ...യുടെ ആറേഴുമാസം ഗര്‍ഭംമതിക്കുന്ന വയര്‍ എനിക്കു പ്രത്യക്ഷമായി. അതെപറ്റി എന്തെങ്കിലും ചോദിക്കുംമുന്പ് സ്വപ്നം മുറിഞ്ഞ് നിദ്രയുടെ മറ്റ്ഏതോ ചുഴിക്കുത്തിലേക്ക് ഞാനാണ്ടുപോയി.

രാത്രി മുഴുവന്‍ മഴയായിരുന്നു. രണ്ടുദിവസമായി തുള്ളിവിടാതെപെയ്യുന്ന മഴ. ഓഫീസില്‍നിന്നു മടങ്ങിയെത്തിയ ഞാന്‍ കുളികഴിഞ്ഞ് മഴയെ വകവയ്ക്കാതെ പതിവുകറക്കത്തിനിറങ്ങുകയും കൂട്ടുകാരുമായി പലതും പറഞ്ഞ് കവലയില്‍ ഒന്നൊന്നരമണിക്കൂര്‍ ചിലവഴിക്കുകയും ചെയ്തു. തിരികെ വന്നപോഴേക്കും ആകെ നനഞ്ഞുകുതിര്‍ന്നിരുന്നു. ചൂടുകഞ്ഞിയില്‍ മഴനനഞ്ഞ ക്ഷീണം ആവിയാക്കി വായിച്ചുപകുതിയാക്കിയ പുസ്തകത്തിലേക്കു മുഴുകി രാത്രി വളരുവോളം ഇരുന്നു. ഇടയ്ക്കിടെ വീശിയടിച്ചകാറ്റില്‍ മഴത്തുള്ളികള്‍ മുറിയിലേക്കഠിച്ചുകയറി എന്റെ ശ്രദ്ധയെ പുറത്തെയന്തരീക്ഷത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. മഴയുടെ താളം നുകര്‍ന്നും പുസ്തകത്തിലേക്കു മടങ്ങിയും രാത്രി പിന്നിടുന്നതിനിടയിലെപ്പോഴോ എഴുതാന്‍ പറ്റിയ ചില ആശയങ്ങള്‍ എന്റെ മനസ്സിലും മുളയിട്ടു. വിചിത്രമായ ഭൂപ്രദേശങ്ങളും അമാനുഷകഥാപാത്രങ്ങളും നിറഞ്ഞ നോവല്‍ പോലെയൊന്ന്. പുസ്തകം മടക്കിവച്ച് ഉള്ളിലേക്കിരമ്പിക്കയറുന്ന തോന്നലുകളെ അടുക്കിയും പേര്‍ത്തും ഏറെനേരം ഞാനങ്ങനിരുന്നു. ഒടുക്കം ഉറങ്ങാതിരിക്കുവാനാവില്ലെന്നു തോന്നിയപ്പോള്‍ പുതപ്പിന്റെ ചൂടിലേക്കു ചുരുണ്ടു.പുറത്തെ മഴയുടെ താളപ്പെരുക്കവും എഴുതാന്‍പോകുന്ന നോവലിന്റെ ആശയങ്ങളും ഉറക്കത്തിലേക്കെന്നെ വേഗം പിടിച്ചു താഴ്ത്തി. രാവിലെ ഉണരുമ്പോള്‍ ഒരു സ്വപ്നംമാത്രം രാത്രിയുടെ ഓര്‍മ്മയായി മനസ്സില്‍ പറ്റിപ്പിടിച്ചിരുന്നു. ഞാനതിന്റെ അര്‍ഥമറിയാതെ കുഴങ്ങി. മഴ അപ്പോഴും ശമിച്ചിരുന്നില്ല. ചാറ്റലായും പൊടുന്നനെ തുള്ളിയാര്‍ക്കുന്ന പെയ്ത്തായും അതു പകര്‍ന്നാടിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ കുളിയും പ്രഭാതഭക്ഷണവും നിര്‍വ്വഹിച്ച് റെയില്‍‌വേ സ്ടേഷനിലെത്തിയപ്പോഴേക്കും വണ്ടിയുടെ വരവ് അറിയിച്ചുകഴിഞ്ഞിരുന്നു.

തീവണ്ടിയില്‍ വളരെ തിരക്കുകുറവായിരുന്നു. ജന്നലോടു ചേര്‍ന്നുള്ള ഒരു സീറ്റ് പിടിച്ച് മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന പുറംകാഴ്ചകളിലേക്കു കണ്ണോടിച്ച് ഞാനാ സ്വപ്നത്തിന്റെ അര്‍ഥതലങ്ങള് ചികയാന്‍ തുടങ്ങി.

...ക്ക് രണ്ടാമതും ഒരു കുട്ടിപിറന്ന വിവരം ഇന്ദു പറഞ്ഞ് അറിഞ്ഞത് ആയിടയ്ക്കായിരുന്നു. സ്വപ്നത്തിനു ത്വരകമായത് ആ വാര്‍ത്തയാവാമെന്ന് ഞാനൂഹിച്ചു. ഒരു പോലീസ് സ്ടേഷന്റെ മതിലുംചാരി മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചുനിന്ന ഒരു അപരാഹ്നം ഞാനോര്‍ത്തുപോയി. എന്നോടൊപ്പം ബുദ്ധിപരമായ ഒരു സഹജീവിതത്തിന് തയ്യാറാണെന്നുമ് കുട്ടികള്‍ പോലും അതിനിടയില് ഉണ്ടാവരുതെന്നുമുള്ള ഒരു നിര്‍ദ്ദേശം … മുന്നോട്ടുവച്ചത് അപ്പോഴാണ്. ഞാനതൊരു തമാശയായി ചിരിച്ചുതള്ളി. അതേ.... രണ്ടുകുട്ടികളുടെ അമ്മയാണിപ്പോള്‍ എന്ന് ഇന്ദുവില്‍ നിന്നുമറിഞ്ഞപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചതുമാണ്.

...പറഞ്ഞിട്ടാണ് അന്ന് ഞാന് അവള്‍ ജോലി ചെയ്യുന്ന ആ ചെറുപട്ടണത്തിലെത്തിയത്.കോളേജില് നിന്നു പിരിഞ്ഞതില്പ്പിന്നെ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെ ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിപ്പോരുന്ന കാലമായിരുന്നു. സൗഹ്ഋദത്തില്‍ക്കവിഞ്ഞൊന്നും ഞങ്ങളുടെ കത്തുകളെ തീണ്ടിയിരുന്നില്ല. ആ പതിവുകത്തുകളിലൊന്നിനെ അവിചാരിതമായി നിറം മാറ്റിയത് ഞാനാണ്. എന്റെ ജീവിതപങ്കാളിയായിരിക്കാന്‍ ഒരുക്കമാണോ എന്ന് ഒരു കത്തില്‍ ഞാന്‍ …..യോട് എഴുതിച്ചോദിച്ചു. ഔപചാരികത ഒട്ടും നഷ്ടപ്പെടാതെയുള്ള ഒരു ചോദ്യം. പ്രണയത്തിന്റെ നേര്‍ത്ത ലാന്ഛനപോലും അതിലുണ്ടായിരുന്നില്ല. പക്വമതിയായ ഒരു പെണ്ണിനെ ജീവിത പങ്കാളിയായി ലഭിക്കണമെന്നുള്ള സങ്കല്പം മനസ്സില്‍ താലോലിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു അക്കാലത്ത് ഞാന്‍. …. യ്ക്ക് വിവാഹാലോചനകള്‍ കൊടുമ്പിരിക്കൊണ്ടുതുടങ്ങിയ വിവരം അവളുടെ കത്തുകളില്‍ നിന്നറിഞതോടെ എന്തുകൊണ്ട് അവളെത്തന്നെ എന്റെ ജീവിതപങ്കാളിയാക്കിക്കൂട്ടാ എന്ന ചിന്ത മനസ്സിലുദിച്ചു.എങ്കിലും ആ ചോദ്യം ചോദിക്കാന്‍ ഞാനേറെ തയ്യാറെടുക്കേണ്ടി വന്നു. അങ്ങനെയൊരു ചോദ്യം ….ല്‍ ഉണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കുഹിക്കുവാന് കഴിയുമായിരുന്നില്ല. അത്തരമൊരു ചോദ്യം ഒരുപക്ഷേ ഞങ്ങളുടെ സൗഹ്ഋദംതന്നെ ശിഥിലമാക്കിയേക്കാമെന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തി. പലതവണ മനസ്സില്‍ ഉരുവപ്പെടുത്തിയ ശേഷം ഞാനാക്കത്തയക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടുംകല്പ്പിച്ച് ആ കത്തെഴുതി അയച്ചശേഷം ആധിയോഠെ ഞാന്‍ മറുപടിയുംകാത്തിരുന്നു. ചിലപ്പോള്‍ ഇനിയൊരിക്കലും ഒരു മറുപടിയുണ്ടാവില്ലെന്നുപോലും എനിക്കു തോന്നി.

എന്റെ ഭയം അസ്ഥാനത്തായിരുന്നു. ക്ഋത്യസമയത്തുതന്നെ ...യുടെ മറുപടി വന്നു. എനിക്കനുകൂലമായി ഒന്നും തന്നെ അവള് പറഞ്ഞില്ലെങ്കിലും പ്രതികൂലമായ ഒന്നും പറഞ്ഞിട്ടില്ല എന്നത് എനിക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ വന്ന അപ്രതീക്ഷിതമായ ഒരു കത്തില്‍ അത്തരമൊരു ബന്ധത്തെക്കുറിച്ച് എന്തുകൊണ്ട് കാര്യമായി ആലോചിച്ചുകൂടാ എന്നവള്‍ ചോദിച്ചു. തുടര്‍ന്ന് ഞങ്ങളുടെ കത്തുകളുടെ ഇടവേള ചുരുങ്ങി. ചിലതിലവള് അത്തരമൊരു ബന്ധത്തെ അനുകൂലിച്ചു. തൊട്ടടുത്തതില്‍ ആ ബന്ധത്തിന്റെ ഭാവി ശുഭകരമാവില്ല എന്നാശങ്കപ്പെട്ടു. ഒരുതവണ അവളെന്നെത്തേടി ഓഫീസില് വരികയും ചെയ്തു. പലതവണ എന്നെ അവളുടെ ജോലിസ്ഥലത്തേക്കു ക്ഷണിച്ചു. ഓരോ കൂടിക്കാഴ്ചയിലും ഞങ്ങളൊരുമിച്ചുള്ള ഒരു ജീവിതത്തിന്റെ വരും‌വരായ്കകളെക്കുറിച്ച് ലക്ഷ്യമില്ലാതെ ചര്‍ച്ച ചെയ്ത് ഞങ്ങള്‍ സമയംകൊന്നു.

പ്രണയിക്കാന്‍ ആരും തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചാവേദികള്‍. ആ ചെറുപട്ടണത്തിലെ പോലീസ്സ്ടേഷന്റെ മതില്‍ ചാരി നിന്ന് ഒരുച്ച മുഴുവന്‍ ഞങ്ങള്‍ ആശങ്കകള്‍ പങ്കിട്ടു. അവിടുത്തെ ആളൊഴിഞ്ഞ റെയില്‍‌വേ പ്ലാറ്റ്ഫോമില്‍ അന്തിയിരുളുവോളം മറ്റൊരിക്കല്‍ അര്‍ഥമില്ലാതെ സംസാരിച്ചും പരസ്പരം നോവിച്ചും ഞങ്ങള്‍ ചിലവഴിച്ചു. അവസാനത്തെത്തവണ അവള്‍ ജോലിചെയ്യുന്ന സ്കൂളിന്റെ മുന്പിലെ ചെറുപ്പം വിടാത്ത ആല്‍മരത്തിന്റെ ചുവട്ടില്‍ ചാറ്റമഴകണ്ട് ഒരുകുടക്കീഴില്‍ ഏറെനേരം ഒന്നും പറയാതെ നിന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞുമടങ്ങിയ ഞാന്‍ നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ പാതിരാ ആയിരുന്നു. തെളിഞ്ഞനിലാവത്ത് വീട്ടിലേക്കു നടക്കുമ്പോള്‍ അന്നത്തെ കൂടിക്കാഴ്ച ഞങ്ങളൊരുമിച്ചുള്ള ജീവിതത്തിലേക്ക് വാതില്‍ തുറന്നതായി മനസ്സിലുറപ്പിച്ചിരുന്നു. വീട്ടിലെത്തിയാലുടന്‍ ഏറ്റവും മധുരമായ വാക്കുകള്‍ നിറച്ച് അവള്‍ക്കാദ്യത്തെ പ്രേമലേഖനമെഴുതണമെന്ന് ഞാന്‍ തീരുമാനിച്ചു. വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് എഴുതാനിരുന്ന എന്റെ വിരലുകള്‍ ഒരക്ഷരംപോലും വരയാനാവാതെ തരിച്ചുനിന്നു.

താമസിയാതെ ഇരുവരുംചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം അസാധ്യമാണെന്ന് തീരുമാനത്തിലെത്തി. നല്ല സുഹ്ഋത്തുക്കളായി ഞങ്ങള്‍ പിരിഞ്ഞു. അന്നത്തെ അറുപത്തിനാലുകത്തുകള്‍ ….യുടെ വിവാഹരാത്രിയില്‍ ഞാന്‍ തീയിലിട്ടു.

പിന്നെ ഞാനവളുടെ വാര്‍ത്തയറിയുന്നത് ഇന്ദുവില്‍ നിന്നുമാണ്.

തീവണ്ടി എനിക്കെത്തേണ്ട സ്ഥലത്തെത്തിയപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ നിന്നു മുക്തനായിരുന്നില്ല. വണ്ടിയിറങ്ങി ഓഫീസിലേക്കുള്ള ബസ് പിടിക്കാന്‍ തിടുക്കപ്പെട്ടുനടക്കുന്നതിനിടയില്‍ പ്ലാറ്റ്ഫോമിന്റെ മൂലയില്‍ കീറച്ചാക്കുപുതച്ച് പതംപറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനായ ഭ്രാന്തന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റുള്ളവരുടെനോട്ടമോ പറച്ചിലോ അയാളെ അലട്ടുന്നില്ല. ഭ്രാന്തിനു മാത്രം നല്കാനാവുന്ന സ്വാതന്ത്ര്യത്താല്‍ പരിരക്ഷിക്കപ്പെട്ട് അയാളിരിക്കുകയാണ്. എനിക്കസൂയ തോന്നി. ജോലിക്കും പദവിക്കും നിരക്കുന്ന രീതിയില്‍ പെരുമാറുവാന്‍ മാത്രം മിക്കവരും ബാധ്യസ്ഥരാവുമ്പോള്‍ ചിലര്‍മാത്രം ഭ്രാന്തിന്റെയോ അതുപോലുള്ള ഏതെങ്കിലുമൊരവസ്ഥയുഠെയോ ബലത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നു. ഏതു തിരക്കിലും കീറച്ചാക്കു പുതച്ചോ ഒന്നുംതന്നെയുടുക്കാതോ നടക്കുവാന്‍ അവര്ക്കുകഴിയുന്നു. സ്വപ്നവുമ് അതുപോലെയാണ്. അവിടെ വിലക്കുകളില്ല. ഇഷ്ടമുള്ള വേഷം ധരിക്കുവാനും ഇഷ്ട്ടമുള്ള രീതിയില്‍ ഏതുലോകത്തും സഞ്ചരിക്കുവാനും സ്വപ്നം ആര്‍ക്കും സ്വാതന്ത്ര്യം നല്കുന്നു. അവിടെ സമയവും സഹചര്യവും കണക്കിലാക്കാതെ …. എനിക്കുപ്രത്യക്ഷയാവുന്നു. ഏതു ദരിദ്രനും സ്വപ്നത്തില്‍ ലോകത്തിലെ ഏറ്റവുമ് വിലപിടിപ്പുള്ള ഹോട്ടലില്‍ ജൂലിയാ റോബെര്‍ട്സിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഒരു താരത്തിനൊപ്പം ഒരു സായന്തനം മുഴുവന്‍ സംസാരിച്ചിരിക്കാം.

ജൂലിയാറോബെര്‍ട്സിന്റെ സിനിമകള്‍ ഞാനാദ്യമായിക്കാണുന്നത് ….യെ പിരിഞ്ഞ് ഏറെക്കാലത്തിനു ശേഷമാണ്. അവരുടെ ചുണ്ടുകള്‍ എന്നെ …...യെ ഓര്‍മ്മിപ്പിക്കാറുണ്ട്.