Tuesday, February 18, 2014

മുഖം

ലാനാഡെല്‍ റെ സത്യത്തില്‍ ഉണര്‍ത്തുന്നത് നൊസ്റ്റാള്‍ജിയയാണ്. ആദ്യമായി'വേനല്‍ക്കാലശോകം'( summertime sadness ) കേട്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ചിത്രമുണ്ട്. ഓരോ തവണ ആ ഗാനം കേള്‍ക്കുമ്പോഴും ആ ചിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തമായി. കഴിഞ്ഞ ദിവസം അതുകേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചിന്ത ഇതായിരുന്നു: 1985ലെ ഒരു ഡിസംബര്‍ രാത്രിയില്‍ ചങ്ങനാശ്ശേരി എന്‍ എസ്സ് എസ്സ് കോളേജില്‍ നിന്നും പഠന( വിനോദ) യാത്ര( study tour) യ്ക്കു പോയ പത്തുപതിന്നാലു വിദ്യാര്‍ഥികളില്‍ നാല് ആണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളു. അതിലേക്കും ചെറിയ, അപ്രസക്തനായ ആണിന്റെ കാഴ്ചപ്പാടില്‍ ആ ഡിസംബര്‍ രാത്രി അവിസ്മരണീയമായത് പളനിക്കും ഊട്ടിക്കുമിടയിലെ വഴിയിലെപ്പോഴോ ആയിരുന്നു. വിണാട്രാവല്‍സ് വക മിനി ബസ്സിന്റെ ഇടുങ്ങിയ ഉള്‍ത്തടത്തിലപ്പോള്‍ രാത്രിയാത്രയ്ക്കുതകുന്ന നീലവെളിച്ചം മാത്രം. ഇടയ്ക്കിടെ പാട്ടും ചിലമ്പിച്ച സംസാരങ്ങളും . ഇതെല്ലാം തെല്ലടങ്ങിയ ഏതോ ഇടവേളയില്‍ കൂട്ടത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി കൂട്ടത്തിലേറ്റവും അപ്രസക്തനായ ആണ്‍കുട്ടിയുടെ സീറ്റില്‍ വന്നിരുന്നു. അവന്റെ കരം ഗ്രഹിച്ചു. അവനോട് അസ്വാഭാവികമായി യാതൊന്നുമില്ലാത്ത രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. മുന്‍ സീറ്റിലിരുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ ഇതിനിടയില്‍ മെല്ലെയെഴുന്നേറ്റ് വിടര്‍ന്ന ചിരിയോടെ മൊഴിഞ്ഞു,' ആങ്ങളയും പെങ്ങളും അങ്ങനെ ഒരുമിച്ചിരുന്നു'. അരികിലുരുന്നവള്‍ ആണ്‍കുട്ടിയോട് വിശദ്ദീകരിച്ചു, ഏകദേശം മൂന്നുവര്‍ഷം മുന്‍പ് ബിരുദക്ലാസ്സ് ആരംഭിച്ചതുമുതല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നമ്മള്‍ രണ്ടുപേര്‍ക്കും ഉള്ള ഛായാ സാദൃശ്യം ഒരു കഥയായിരുന്നു. പലരും അവളോട് അവന്‍ നിന്റെ ആങ്ങളയാണോ എന്നു ചോദിച്ചിട്ടുണ്ടത്രേ.
ആണ്‍കുട്ടിക്കു വാക്കുകളില്ലായിരുന്നു. അവളവന്റെയും അപ്രാപ്യസൗഹൃദമായിരുന്നു, കോളേജിലെ പല ആണ്‍കുട്ടികള്‍ക്കുമെന്നപോലെ. കവിതക്കമ്പം തലയ്ക്കുപിടിച്ചിട്ടുള്ള അവന്‍ അവളുടെ സാമീപ്യത്തില്‍ അസ്തപ്രജ്ഞനായി ഇരുന്നു. പക്ഷേ അവളുടെ ഭാഗത്തുനിന്നുള്ള ഈ പരസ്യ പ്രഖ്യാപനം അവന്റെ മനസ്സില്‍ ആ രാത്രിയെ എന്നെന്നേയ്ക്കുമായി മുദ്രണം ചെയ്തു കഴിഞ്ഞിരുന്നു. രാത്രി വളരുന്നതനുസരിച്ച് ബസ്സ് നീലഗിരിക്കുന്നുകള്‍ തരണം ചെയ്തു മുന്നേറി. അഞ്ചോ ആറോ ദിവസം നീണ്ട യാത്രയില്‍ പിന്നീട് മിക്കപ്പോഴും ആ ബസ്സിനകത്ത് ആണ്‍ പെണ്‍ ബന്ധം അതിരുകള്‍ ഇല്ലാത്തരീതിയില്‍ ദിവ്യമായ ഒരു തലത്തിലേക്കു വളര്‍ന്നു. കാവേരിയോരത്തെ കര്‍ണ്ണാടകത്തിലൂടെ യാത്ര പുരോഗമിക്കുമ്പോള്‍, സൂര്യകാന്തിപ്പാടങ്ങള്‍ക്കപ്പുറത്തു സന്ധ്യ ചുവക്കുമ്പോള്‍, മടക്കയാത്രയുടെ എല്ലാം മറന്ന ഹരം വയനാടന്‍ ചുരമിറങ്ങിപ്പച്ചയ്ക്കുമ്പോള്‍ ഒക്കെ അവനരികില്‍ മിക്കാപ്പോഴും അവള്‍ ഉണ്ടായിരുന്നു. അതവനെ മാറ്റി മറിക്കുകയായിരുന്നു.
ആ അധ്യയനവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നടന്ന കോളേജ് വാര്‍ഷികദിനത്തോടനുബന്ധിച്ചുനടന്ന കലാ മത്സരങ്ങളില്‍ അവനു സമ്മാനം നേടിക്കൊടുത്ത കവിതയിലെ( അവന്റെ മനസ്സില്‍) ഏറ്റവും പതഞ്ഞവരികള്‍ സ്മരണയില്‍ ജ്വലിച്ചമരുന്ന ചന്ദനനിരമാര്‍ന്ന ഒരു രൂപത്തെക്കുറിച്ചായിരുന്നു.
കഥയ്ക്കൊത്തിരി ഇടവഴിപ്പെരുക്കങ്ങളുണ്ട്.
അന്നത്തെയാ ലജ്ജാലുവായ പയ്യന്‍ താമസിയാതെ അത്തരം ലജ്ജകളൊക്കെ വെടിഞ്ഞു എന്നത് ലളിതമായ ഒരു ജീവിത പാഠം മാത്രം.
അന്നു പക്ഷേ ലാനാ ഡെല്‍ റെ എന്ന പേരില്‍ ലോകമറിയുന്ന എലിസബെത്ത് ഗ്രാന്റ് ഭൂസ്പര്‍ശമേറ്റിരുന്നില്ല. അന്ന് അമ്മയുടെ ഉദരത്തിനുള്ളില്‍ സ്വസ്ഥമായി വസിക്കുന്ന ഒരു ഭ്രൂണം മാത്രമായിരുന്നു. പക്ഷേ പ്രതിഭയ്ക്ക് കാലദേശാന്തരങ്ങള്‍ വിലങ്ങല്ലാത്തതിനാല്‍ ആ ഡിസംബര്‍ മാസവും കഴിഞ്ഞ് ഏഴുമാസത്തിനുശേഷം മാത്രം ഭൂമിയില്‍ പിറന്നുവീണ ഒരു പെണ്‍കുട്ടിക്ക് ഇപ്പോള്‍ മധ്യവയസ്സു പിന്നിടുന്ന അന്നത്തെ ആണ്‍കുട്ടിയുടെ മനസ്സില്‍ ഓര്‍മ്മകളുടെ അനേകം തിരകളെ ഉണര്‍ത്താനായി എന്നത് അവളുടെ മഹത്വം. ( അന്നത്തെ ആ ആണ്‍കുട്ടി, ലാനാ ഡെല്‍ റെ രചിച്ചാലപിച്ച രണ്ടു ഗാനങ്ങള്‍ മലയാളഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത് ഈ ബ്ലോഗിലിട്ടതിന്റെ ചരിത്രം ഇത്രമാത്രം)
ലാനയ്ക്കു പ്രണാമം. ഭൂമുഖത്തുള്ള എല്ലാ പ്രതിഭകള്‍ക്കും പ്രണാമം. കഥ അവസാനിക്കുന്നില്ല, ഇവിടെയും..
ഇന്ന് കൊല്ലം ഷട്ടില്‍ പ്ലാറ്റ്ഫോം പിടിക്കുന്നതും കാത്ത് ഇരിക്കുന്ന എന്റെ ശ്രദ്ധ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ഗരീബ് രഥത്തില്‍ നിന്നും ഇറങ്ങിയ ഒരു പട കുട്ടികള്‍ക്കിടയില്‍ ഈ ഒരൊറ്റപ്പെണ്‍കൊടിയിലേക്ക് ഒരു നൊടി നേരത്തേക്കെങ്കിലും കേന്ദ്രീകരിച്ചത് ആകസ്മികം മാത്രം. കറുപ്പില്‍ നേര്‍ത്തവെള്ളിവരകളുള്ള ഉടുപ്പും ഇളം കറുപ്പു പാന്റും ധരിച്ച അവള്‍ക്കരികിലേക്ക് മെലിഞ്ഞു വെളുത്തു കണ്ണടധരിച്ചു സുമുഖനായ മധ്യവയസ്കന്‍ അടുത്തപ്പോഴെ അത് അവളുടെ അച്ഛനാണെന്നു മനസ്സിലായി. തുടര്‍ന്ന് അമ്മ വന്നതോടെ ആ പെണ്‍കുട്ടിയുടെ മുഖത്തിന് അത്ര പരിചിതത്വം അനുഭവപ്പെട്ടതെന്താണെന്ന് തീര്‍ത്തും വ്യക്തമായി. തൊട്ടപ്പുറത്തായി ആ അച്ഛനും അമ്മയും മകള്‍ ആദ്യയാത്രകഴിഞ്ഞെത്തിയതിന്റെ കൗതുകത്തില്‍ വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി നിന്നു. പിന്നവര്‍ കുശലം കൈമാറി നിന്നു. തിരിച്ചറിവ് ഉണ്ടാവുമോ എന്ന കൗതുകത്തോടെ മൂവരെയും അലസമായി നോക്കിക്കൊണ്ട് തൊട്ടരികിലെ ബഞ്ചിലായി ഞാനുമിരുന്നു.
ഒന്നുമുണ്ടായില്ല. തിരിച്ചറിയാനാവാത്ത മട്ടിലുള്ള പരിണാമം ഞങ്ങളിരുവര്‍ക്കും സംഭവിച്ചിട്ടില്ലെങ്കിലും നേര്‍ത്ത ഒരിടവേളയ്ക്കുശേഷം മകളെകണ്ടതിന്റെ കൗതുകത്തില്‍ നിന്ന അമ്മ പരിസരം ശ്രദ്ധിച്ചതേയില്ല.
മാതാപിതാക്കളും യാത്രകഴിഞ്ഞെത്തിയ മക്കളും ലഘുവായ പിരിയലിനുശേഷം കണ്ടതിന്റെ കുതുകങ്ങള്‍ പങ്കിട്ടു നടന്നകന്നു.ഒപ്പം അവര്‍ മൂവരും. അതിനിടയിലേക്കു കടന്നുചെന്ന് ഒരു പരിചയം പുതുക്കാനും മകളെയും അവളുടെ അച്ഛനെയും പരിചയപ്പെടാനും പറ്റിയ അവസരമായി ഒട്ടും തോന്നിയതുമില്ല.
പ്ലാറ്റ് ഫോം പഴയപടി പരിചിതരും അപരിചിതരുമായ അനേകരുടെ ഗമനാഗമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് അതിന്റെ ഇടമായി തുടര്‍ന്നു.
കാലം എന്തൊക്കെയാണു കരുപ്പിടിപ്പിക്കുന്നതെന്നോര്‍ത്തു ഞാനുമിരുന്നു.

Monday, February 10, 2014

രണ്ടു പോപ്പ് ഗാനങ്ങള്‍


ലാനാ ഡെല്‍ റെ എന്ന ഗായിക ലോകത്തിന്റെ നിറുകയിലാണ്. 2011ല്‍ യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഗേംസ് എന്ന പാട്ട് അതുവരെ ലിസി ഗ്രാന്റ് എന്ന നാമധേയത്തില്‍ ന്യൂയോര്‍ക്കിലെ ചില ക്ലബ്ബുകളില്‍ ഗാനമാലപിച്ചു നടന്ന എലിസബെത്ത് ഗ്രാന്റ് എന്ന യുവതിയുടെ ജീവിതത്തെ മാറ്റിയെഴുതുകയായിരുന്നു. ശബ്ദത്തിലും ആലാപനത്തിലും അറുപതുകളുടെ ചില സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ലാനാ ഡെല്‍ റെയുടെ പല ആല്‍ബങ്ങളും ലോകത്തെ പല രാജ്യങ്ങളിലും വന്‍ വിജയമായി. മിക്ക ഗാനങ്ങളും എലിസബെത്ത് ഗ്രാന്റ് എന്ന പേരില്‍ ഗായികതന്നെ രചിച്ചവയാണ്. ' Born2Die എന്ന ആല്‍ബത്തില്‍ തന്റേതല്ലാത്ത ഒരു വാക്കുപോലുമില്ലെന്ന് ലാന ഒരു അഭിമുഖത്തില്‍ പറയുകയും ഉണ്ടായി. ലാനാ ഡെല്‍ റെ എന്ന എലിസബെത്ത് ഗ്രാന്റിന്റെ രണ്ടു ഗാനങ്ങളുടെ വിവര്‍ത്തനം ചേര്‍ക്കുന്നു.
ചാവാനായി പിറന്നവര്‍
 (എന്ത്,ആര്, ഞാനോ? എന്തുകൊണ്ട്?)
പാദങ്ങളെന്നെ തോല്പിക്കുന്നില്ല
ലക്ഷ്യത്തിലേക്കുതന്നെ നയിക്കുന്നു
ഓ, ഓരോ ചുവടുവയ്ക്കുമ്പോഴും പിളരുന്നതെന്റെ ഹൃദയമാണ്
പക്ഷേ എന്റെ പ്രതീക്ഷ കവാടത്തിങ്കല്‍
നീയെന്റേതാണെന്ന് അവര്‍ പറയുമെന്നാണ്
നഗരത്തെരുവുകള്‍ താണ്ടി നടപ്പത് വിധിയോ വെറുമൊരു പിഴവോ?
വെള്ളിയാഴ്ച രാവുകളില്‍ ഞാന്‍ വല്ലാതെയൊറ്റപ്പെടുന്നു.
നീയെന്റേതാണെന്നു മൊഴിഞ്ഞാല്‍ നിന്നസ്വാസ്ഥ്യം മാറിടുമോ?
 അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലേ പ്രിയനേ?


 നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍

നഷ്ടമായെങ്കിലും ഞാനിപ്പോള്‍ കണ്ടെത്തി
എനിക്കിപ്പോള്‍ കാണാം പക്ഷേ ഞാനൊരന്ധയായിരുന്നൊരിക്കല്‍
കുട്ടിയായിരുന്നപ്പോള്‍ ഞാനൊരു സന്ദേഹിയായിരുന്നു
വേണ്ടതു തിരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുമായിരുന്നു.
ഉത്തരമെല്ലാം കണ്ടെത്താ-
നെന്നാലാവില്ലെന്നു ഭയന്നൂ ഞാന്‍ പ്രിയനേ.

നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍
നൊവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ
അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
(ചാവാനായി പിറന്നവര്‍)  



ദൈവങ്ങളും പിശാചുക്കളും

 ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തിന്മയുടെ പൂന്തോപ്പില്‍ താമസിച്ച്
കളിക്കപ്പെടുകയും ഭയക്കുകയും തോന്നുന്നതൊക്കെ ചെയ്യുകയും ചെയ്തു.
ദീപസ്തംഭം പോലെ പ്രകാശിച്ച്
 ഞാനാവശ്യപ്പെട്ടൊരാ ഔഷധം നീകൊണ്ടുവന്നു,
പ്രശസ്തി, കള്ള്, പ്രണയം മെല്ലെയെനിക്കതു പകരൂ.
എന്റെ അരക്കെട്ടില്‍ കൈവയ്കൂ
മൃദുവായി അതു ചെയ്യൂ
ദൈവവും ഞാനും, ഞങ്ങള്‍ തമ്മില്‍ ചേരില്ല അതിനാല്‍ ഞാനിപ്പോള്‍ പാടുകയാണ്

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
 മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുന്നത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തീവ്രസുരതം കൊതിക്കുന്നവള്‍
സംഗീതഭ്രാന്തുമൂത്ത് കള്ളപ്പേരുധരിച്ച് ഒരു ഗായികയായി ചമയുന്നവള്‍
കല ജീവിതത്തെയനുകരിക്കുന്നു
എനിക്കു വേണ്ടൊരാ ഔഷധം നിന്റെ പക്കലുണ്ട്
 ലഹരി, ഹൃദയത്തിനുള്ളിലേക്ക് നേരിട്ടതു ചാട്ടൂ, ദയവായി.
എന്താണെനിക്കു നല്ലതെന്നറിയാന്‍ ശരിക്കും ഞാനാഗ്രഹിക്കുന്നില്ല
ദൈവം മരിച്ചു, ഞാന്‍ പറഞ്ഞു 'പ്രിയനേ അതെനിക്കൊരു പ്രശ്നമല്ല '.

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

നീ സംസാരിക്കുമ്പോള്‍ എല്ലാമൊരു ചലചിത്രം പോലെ തോന്നുന്നു, അങ്ങനെ നീയെന്നെ കിറുക്കുപിടിപ്പിക്കുന്നു,
കാരണം ജീവിതം കലയെ അനുകരിക്കുകയാണല്ലോ.
അല്പം കൂടി ചന്തം വരുത്തിയാല്‍, എനിക്കുനിന്റെ ഓമനയാവാനാവുമോ?
നീ പറയുന്നൂ 'ജീവിതമത്ര കഠിനമല്ല'

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

Monday, February 03, 2014

ഈ തുടിപ്പുകള്‍ കേള്‍ക്കുന്നില്ലേ?

വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ചിലതുണ്ട്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ചിലതും, കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഈണങ്ങളും........... അങ്ങനെചിലതൊക്കെ മമത്വത്തിന്റെ ഭാഗം കൂടിയാവുമ്പോഴോ! നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അതിന്റെ മണ്ണിന്റെ നിറവും പശിമയും ചൂരും..... ഇതൊക്കെ ഏവര്‍ക്കും പ്രിയങ്കരമാണ്. ഒരാളുടെ തന്മയുടെ ഒന്നാമത്തെ ഇഷ്ടിക ഈ നാടിനെക്കുറിച്ചുള്ള പലവിധ സ്മൃതികളുടേതാണ്. ആ നാട് അതിന്റേതായ സവിശേഷതകള്‍ കൊണ്ട് അന്യ നാട്ടുകാരെക്കൂടി ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെയീ തന്മയെക്കുറിച്ചുള്ള ബോധം ഒട്ടൊരു അഹങ്കാരമായിത്തന്നെ മാറുകയും ചെയ്യും. അങ്ങനെയൊരു അഹങ്കാരമാണ് എന്നെ സംബന്ധിച്ചിടത്തോളം കവിയൂരെന്ന ശബ്ദം. കോളേജ് പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തിപ്പെട്ട കാലം മുതല്‍ കവിയൂര്‍ എന്ന പേരിന്റെ മാന്ത്രികത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കവിയൂര്‍ അമ്പലം, കവിയൂര്‍ പൊന്നമ്മ, തൃക്കക്കുടിപ്പാറ എന്നിങ്ങനെ എന്റെ നാടിന്റെ പല അംശങ്ങളും അവിടെ ദിവ്യമായ ഒരു പരിവേഷമുള്ളതായിരുന്നു. പിന്നെ യാത്രകളുടെ കാലം വന്നപ്പോഴും അന്യനാടുകളില്‍ കവിയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തിരിച്ചറിവ് മേല്‍പറഞ്ഞ എന്തിനെയെങ്കിലും ബന്ധപ്പെടുത്തിയായിരുന്നു. അതുകൊണ്ടു തന്നെ കവിയൂരിനെ അറിയാന്‍ അതിന്റെ ആഴങ്ങളോളം മുങ്ങിനിവരാന്‍ ഒരു അത്യാഗ്രഹവും ഉടലെടുത്തു, മനസ്സില്‍. വായനകള്‍ കവിയൂരിന്റെ ചരിത്രപരവും ശില്പപരവുമായ വൈവിധ്യത്തെക്കുറിച്ച് ഒട്ടേറെ പകര്‍ന്നുതന്നതിനാല്‍ കവിയൂര്‍ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ചരിതവും അവിടുത്തെ ദാരുശില്പങ്ങളെപ്പറ്റിയുള്ള വിവരങ്ങളും തൃക്കക്കുടിയുടെ പ്രത്യേകതകളും ഒക്കെ ആഴത്തിലറിയാന്‍ താത്പര്യമുണ്ടായി. അനവധി പഴമക്കാരെ സമീപിച്ചു. അതുകൊണ്ടു തന്നെ പുസ്തകങ്ങളില്‍ കാണാത്ത ചില നാട്ടറിവുകളൊക്കെ പരിചയപ്പെട്ടു. മുത്തശ്ശിമാര്‍ പകര്‍ന്നുകൊടുത്തിരുന്ന ചില നാട്ടു കഥകള്‍ മനസ്സില്‍ തറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നതിന് ചരിത്രത്തിന്റെയും നാട്ടറിവുകളുടെയും മിശ്രഗുണങ്ങളുന്റെന്ന ആന്തബോധവും ഉടലെടുത്തു. ലോകം രാജ്യം എന്നീ വിശാലാര്‍ഥങ്ങളുള്ള സംജ്ഞകളെക്കാള്‍ എളുപ്പം സംവദിക്കുന്നത്, നാട് എന്ന് നമുക്കുകാണാവുന്ന അതിരുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒന്നാണെന്നു തോന്നിത്തുടങ്ങി; സ്വന്തം നാടിനെ മനസ്സിലാക്കാതെ സ്വന്തം രാജ്യത്തെയും ലോകത്തെയും മനസ്സിലാക്കുന്നത് പൂര്‍ണ്ണമാവില്ലെന്നു തോന്നിത്തുടങ്ങി. എന്റെ നാടിനെക്കുറിച്ച്, കവിയൂരിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ നാവിനു നീളമേറും, വാക്കിനു നെഞ്ചിടിപ്പുമുറുകും.... ഇന്നലെ കവിയൂരമ്പലത്തിലൂടെ ഞായറാഴ്ചത്തിരക്കിനിടയില്‍ വലം വയ്ക്കുമ്പോള്‍, ശ്രീകോവില്‍ച്ചുവരിലെ ഗണപതിപ്രാതല്‍, ശാന്തനരസിംഹം എന്നീ ശില്പങ്ങള്‍ക്കുമുന്പില്‍ നിന്നപ്പോള്‍ മനസ്സില്‍ അഭിമാനം മാത്രമായിരുന്നില്ല. മിക്ക ശില്പങ്ങള്‍ക്കും പരുക്കുകളുണ്ടെന്നത് വീണ്ടും മനസ്സില്‍ ഒരാശങ്ക പടര്‍ത്തി. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊക്കെ ഒടിവോ ചതവോ പോറലോ ഒക്കെ മൂടുന്നുണ്ടോ എന്ന് മനസ്സ് കലുഷമായി. അത്രപെട്ടെന്ന് അവയ്ക്കു കേടുവരാതെയും എന്നാല്‍ സ്വാഭാവികത നശിക്കാതെയും ഈ ദാരുശില്പങ്ങള്‍ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നടപടിയാവുമോ എന്ന് കൗതുകം തോന്നി. ശ്രീകോവിലിന്റെ അധിഷ്ഠാനത്തിലെ രണ്ടു ശാസനങ്ങളുടെ ലിപികളിലൊന്നിനെയെങ്കിലും ഇരുപത്തിയൊന്നുപാളി പെയിന്റിന്റെ പുതപ്പില്‍ നിന്നു മോചിപ്പിക്കാനാവുമോ എന്നു വ്യര്‍ഥമായി നഖം കൊണ്ടു ചുരണ്ടി നോക്കി. ഇന്ന് മെയിലില്‍ നിന്നും മറവിയില്‍ നിന്നുയിര്‍ത്തെഴുന്നേറ്റമട്ടില്‍ ഈ ചിത്രങ്ങള്‍ അവതരിച്ചു..... കവിയൂരിലെ തച്ചന്മാരുടെ പ്രാണന്‍ ആവാഹിച്ച മൂര്‍ത്തികള്‍. നാലഞ്ചുനൂറ്റാണ്ടുമുന്പ് അവരൊഴുക്കിയ വിയര്‍പ്പും അവരെതപിപ്പിച്ച ഭാവനയും ഇവപേറുന്നുണ്ട്. അവരുടെ പ്രതിഭയുടെ പ്രകാശം. അവരുടെ വിശപ്പിന്റെയും വ്യക്തിദു:ഖങ്ങളുടെയും തീക്ഷ്ണത. കവിയൂരിന്റെ പെരുമയെ പ്രകാശിപ്പിച്ചത് ഈ ശില്പങ്ങളാണ്. അവര്‍പടുത്തുയര്‍ത്തിയ ഈ മഹാക്ഷേത്രമാണ്. ചിത്രങ്ങളിലൂടെ അവയുടെ ഭംഗിയും മിഴിവും പുനര്‍ജ്ജനിക്കുമ്പോള്‍ അവ കുടികൊള്ളുന്ന അതേ മണ്ണിന്റെ അന്തരീക്ഷത്തെ ശ്വസികുവാനുള്ള ഭാഗ്യം എനിക്കുണ്ടല്ലോ എന്നതാണ് ആശ്വസം.

Wednesday, December 18, 2013

മണ്ണിന്റെതാളം, ആതിരക്കുളിര്‍, തളര്‍ന്ന പാട്ട്................

ധനുമാസത്തിരുവാതിര ഒരു സങ്കല്പമാണ്. മഞ്ഞിന്റെയും നിലാവിന്റെയും മയാജാലങ്ങളും കുറെയേറെ നാട്ടാചാരങ്ങളുടെയും രുചികളുടെയും പൊടിപ്പും തൊങ്ങലും ചേര്‍ന്ന് മനസ്സില്‍ തറച്ചിട്ട ഒരു ചിത്രം. അതങ്ങനെതന്നെ നില്ക്കുന്നത് ഒരു കുഴപ്പമായി തോന്നിയിട്ടില്ല. തിരുവാതിരക്കാലത്ത് നിലാവുദിച്ചുകഴിയുമ്പോള്‍ കുഞ്ഞിരാമന്‍ നായരുടെ തിരുവാതിരക്കവിതകള്‍ ചൊല്ലി എല്ലാംമറന്നിരിക്കുന്ന അനുഷ്ഠാനം ഞാന്‍ തുടങ്ങിവച്ചത്, ഈ സങ്കല്പങ്ങളെല്ലാം പരമാവധിനിറം പിടിച്ചു ജീവിതത്തെ അടിമുടി കുതിച്ചുതുള്ളിച്ച യൗവനോദയകാലത്തെപ്പോഴോ ആയിരുന്നു..... അതു മുടക്കാന്‍ മധ്യവയസ്സിന്റെ തെളിഞ്ഞയുച്ചിയില്‍ നില്കുമ്പോഴും തോന്നുന്നില്ല. പക്ഷേ, മഞ്ഞും തണുപ്പുമില്ലാതെ ഒരു വൃശ്ചികം കടന്നുപോയ ഇക്കൊല്ലത്തെ ആദ്യ മഞ്ഞേറ്റപ്പോള്‍‌ത്തന്നെ തൊണ്ട പണിമുടക്കി. ഇന്നലെയുച്ചയ്ക്ക് ഊണുകഴിഞ്ഞുള്ള നടത്തത്തിനിടയിലെ രസത്തര്‍ക്കം ഉള്ള ശബ്ദം കൂടിയപഹരിച്ചു. രാത്രി നന്നേ വൈകി, നിലാവു തിരുവാതിരകുളിച്ചു മുന്നില്‍നിന്നപ്പോള്‍ ഇല്ലാത്ത ഒച്ച കൊണ്ട് 'അന്നത്തെ തിരുവാതിര' ചൊല്ലാന്‍ ശ്രമിച്ചു........ ഏതു നാടിനും കാണും ഇതേ പോലെ സവിശേഷമായ അനുഷ്ഠാനങ്ങളും മാധുര്യങ്ങളുമായി കുറെ ഉത്സവങ്ങള്‍. ഋതുവാഘോഷങ്ങള്‍...... ആതിര മലയാളിക്കെന്നപോലെ...... കവിയൂരുകാര്‍ക്ക് ധനുമാസത്തിരുവാതിര നാടിന്റെ ഉത്സവത്തിന്റെ തുടക്കം കൂടിയാണ്. ഇനിയത്തെ പത്തു രാപ്പകലുകള്‍ സജീവമാക്കുന്ന ഒരു പിടി സംഭവങ്ങള്‍ ഓരോ കവിയൂരുകാരന്റെയും മനസ്സില്‍ സങ്കല്പമായി പതിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് മിണ്ടാനും പാടാനും തൊണ്ടഇല്ലെങ്കില്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയെങ്കിലും ചെയ്യമെന്നു തോന്നിയത്. അതിനുപറ്റിയൊരു പടം തപ്പിയത്. അതിനിടയിലൊരു( തൊണ്ടതെളിയാ)ചര്‍ച്ച പൊട്ടിമുളച്ചത്........ പച്ചമാമ അവതരിച്ചത്.......... ഞാന്‍ തിരഞ്ഞത് ആദ്യം പറഞ്ഞ തിരുവാതിര 'ഫീല്‍' ഉള്ള ഒരു പടമായിരുന്നു. തെളിഞ്ഞതപ്പടി തിരുവാതിരകളിയുടെയും കലണ്ടര്‍ ശിവന്റെയും ചിത്രങ്ങള്‍ മാത്രം. അങ്ങനെയാണ് പ്രകൃതിയുടെ ഉത്സവം നിറഞ്ഞ ചിത്രങ്ങളോ പ്രകൃതിതന്നെ തെളിഞ്ഞ രൂപങ്ങളോ പ്രകൃതിയെത്തന്നെ പേരിട്ടു കല്പിച്ച ആചാരങ്ങളോ തിരയാന്‍ തോന്നിയത്. പച്ചമാമ അങ്ങനെയൊരു പരിചിത നാമമായിരുന്നു. ക്വെച്ചാ ഭാഷയില്‍ പച്ചമാമ ചന്ദ്രനെയാണോ ഭൂമിയെയാണോ കുറിക്കുന്നതെന്ന് ഒരു സന്ദേഹമുണ്ടായിരുന്നെങ്കിലും അതങ്ങു ചന്ദ്രനാണെന്നു തത്കാലത്തേക്കു തീരുമാനിക്കുകയും ചെയ്തു( അമ്പിളിമാമനെന്ന പേരിനോടുള്ള ഒരു വിദൂര സാഹോദര്യം തോന്നിയതില്‍ നിന്നുമായിരുന്നു ഇതൊക്കെ. തിരുവാതിര ദിനത്തിലെ സൂപ്പര്‍സ്റ്റാറുകളിലൊന്ന് ചന്ദ്രന്‍ തന്നെയാണല്ലോ.) പച്ചമാമയെ ഗൂഗിള്‍ ഇമേജുകളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ഒരു പെണ്‍രൂപമായിരുന്നു. ചന്ദ്രന്‍ ആണാണെന്നാണു നാം വിശ്വസിക്കുന്നതെങ്കിലും ഇങ്കാകള്‍( incas) ചന്ദ്രനെ പെണ്ണായിട്ടാവാം ആരാധിച്ചിരുന്നതെന്നു കരുതി നല്ലൊരു പച്ചമാമാ ചിത്രവും കൊണ്ട് തിരച്ചില്‍ നിര്‍ത്തിയാലോ എന്നും ആദ്യം തുനിഞ്ഞു.( ചന്ദ്രന്റെ പെണ്മ കവിമൊഴികളിലൂടെ പരിചയിച്ചിട്ടുമുണ്ടല്ലോ)എങ്കിലും ഒരു സംശയം ഉദിച്ചതു നിവാരണം ചെയ്യാതെ തുടരാന്‍ തോന്നിയില്ല. ചെയ്തൂ വീണ്ടുമൊരു ഗൂഗിള്‍ത്തിരയല്‍. അതേ പച്ചമാമ പ്രകൃതിദേവതയാണ്. വിറക്കൊച്ച സൂര്യദേവനും... പ്രകൃതിമാതാവും പിതാവും..... ചന്ദ്രദേവത മാമാ കില്ലായാണ്. അവരും സ്ത്രീ തന്നെ.( The Story Teller വായിക്കുമ്പോഴാണ് വിറക്കൊച്ചയും പച്ചമാമയും മാമാ കില്ലയുമൊക്കെ പരിചിതരായത്.) അന്നു ചെറിയൊരു തിരച്ചിലിലൂടെ( ഗൂഗിള്‍ തിരച്ചിലിന്റെ അവസാനവാക്കാവുന്ന കാലത്തിനും ഒത്തിരി മുന്പായിരുന്നു അത്) ഇതൊക്കെ ഇങ്കാ ദേവതകളാണെന്നും അവരെന്തിനെയൊക്കെയാണു പ്രതിനിധാനം ചെയ്യുന്നതെന്നും ഒന്നറിഞ്ഞിരുന്നതാണ്. കലചക്രമുരുളുന്തോറും ഓര്‍മ്മയുടെ അടരുകള്‍ നിറയുകയും അറിവുകളെ വേര്‍തിരിച്ചു വച്ചിരിക്കുന്ന മുറികളുടെ അടപ്പുകളില്‍ വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ, അറിവുകളും ദൈവങ്ങളും രൂപങ്ങളും നിറങ്ങളുമെല്ലാം കൂടിക്കുഴയുകയും ചെയ്തുപോയി എന്നതാണു വാസ്തവം. ഏതായാലും തിരുവാതിരനിലാവിന്റെകുളിര്‍ ആവും വിധം കാട്ടുന്ന ഒരു ചിത്രം തേടിച്ചെന്നത് ഭുഗോളത്തിന്റെ അങ്ങേച്ചെരുവില്‍ നിന്നും എനിക്കു പ്രിയങ്കരമായ ചിലവാക്കുകളെ നാമമാക്കിയ ദേവതകളെക്കുറിച്ചും യോസയുടെയും മാര്‍ക്കേസിന്റെയും നെരൂദയുടെയും ബൊളാനോയുടെയും വാക്കുകളിലൂടെ പ്രിയതരമാ ഒരു ഭൂഭാഗത്തിന്റെ ആത്മാവു തുളിക്കുന്നന്ന ചില ചിത്രങ്ങളിലുമായിരുന്നു. എന്തുംമാത്രം മനോഹരമായ ആചാരങ്ങളും ദൈവങ്ങളുമൊക്കെയാ മനുഷ്യന്‍ ഇക്കാലത്തിനിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. എത്രയോ എണ്ണം ഓര്‍മ്മയില്‍/ ചരിത്രത്തില്‍ ഒരു നേര്‍ത്തപാടുപോലുമവശേഷിപ്പിക്കാതെ മാഞ്ഞുപോയിരിക്കുന്നു. അന്യം നിന്നുപോയ ആചാരങ്ങളുടെയും ആരുമോര്‍ക്കാത്ത ദൈവങ്ങളുടെയും ആരും വെളിപ്പെടുത്താന്‍ ശ്രമിക്കാത്ത/ ധൈര്യപ്പെടാത്ത ആശയങ്ങളുടെയും സ്വപ്നങ്ങളുഎടും സങ്കല്പങ്ങളുടെയുമൊക്കെ മ്യൂസിയമായി മാറാന്‍ ഇന്റര്‍നെറ്റ് എന്ന നവയുഗ പരമശിവനു കഴിയുന്നുണ്ടെന്നതും ഓര്‍ക്കണം. ഏതായാലും ഗൂഗിളിന്റെ പലാഴി കടഞ്ഞുകിട്ടിയ ദൈവങ്ങളെയെല്ലാം ഞാനിവിടങ്ങു പ്രതിഷ്ഠിക്കുകയാണ്...... ഇത്രയൊക്കെ ചെയ്തെങ്കിലും ' മെല്ലെയടിവയ്ക്കുന്നൂ മഞ്ഞുംതണുപ്പുമായി ചെല്ലമാം ധനുമാസ മൂകരാത്രി' എന്നും 'അമ്പിളിച്ചെറുകൂമ്പു മെല്ലെച്ചിരിച്ചുണര്‍ന്നു പൂമ്പൊടി വിതറിയെന്നോര്‍മ്മകളില്‍...' എന്നുമൊക്കെ മഞ്ഞും നിലാവം ചേര്‍ന്നുപരന്ന നീലിമയിലേക്ക് തൊണ്ടകൊണ്ട് ആവോളം എയ്തു നിറയാന്‍ ആവില്ലെന്നതിന്റെ സങ്കടം മാറുന്നില്ല..... ചിത്രസൂചിക: ഒന്നാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ തെക്കനമേരിക്കന്‍ ഇങ്കാസങ്കല്പത്തിലുള്ള ചാന്ദ്രദേവതയാണ്- മാമാ കില്ലാ. മൂന്നാമത്തേതു ഇന്ത്യന്‍പാരമ്പര്യത്തിലുള്ള ചന്ദ്ര സങ്കല്പം, ഒരു ടിബെറ്റന്‍ തങ്കാ പെയിന്റിംഗ്. നാലാമത്തെ ചിത്രം ഈജിപ്ഷ്യന്‍ ചാന്ദ്ര ദേവതയായ തോത്ത്. അഞ്ചാമത്തേത് ഇങ്കാകളുടെ പച്ചമാമ.....

Friday, November 29, 2013

മുങ്ങിനിവര്‍ന്നോ പൊലിഞ്ഞോ??

ആകാശത്തു കണ്‍തറപ്പിച്ചിരിക്കുന്ന അനേകം പര്യവേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നോ ഐസോണ്‍ വാല്‍നക്ഷത്രത്തിന്റെ സൂര്യസ്നാനം? പറയാറായിട്ടില്ല! ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കുതിച്ചുചാട്ടത്തിനൊടുവില്‍ സൂര്യകുണ്ഡത്തിലേക്കു പതിച്ച ഐസോണ്‍ പൊലിഞ്ഞോ ഉരിരോടെയിരിക്കുന്നോ എന്നതില്‍ ഇപ്പോഴും രണ്ടഭിപ്രായം നിലനില്കുന്നു. സൂര്യനിലേക്കു മുങ്ങിയ വാല്‍നക്ഷത്രം അഗ്നിസാഗരത്തിലാവോളം മുങ്ങിക്കുളിച്ച് മറ്റൊരുതലയ്ക്കല്‍ക്കൂടി നിവര്‍ന്നോ എന്നാണിപ്പോള്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിലചിത്രങ്ങളില്‍ ഐസോണിന്റെ നേര്‍ത്ത അവശിഷ്ടം സൂര്യസ്നാനത്തെ അതിജീവിച്ചതിന്റെ സൂചനകള്‍ കാണാനുണ്ടത്രേ! അഥവാ അങ്ങനെയൊരതിജീവനമുണ്ടായാലും നാം കാത്തിരുന്നത്ര ഗംഭീരമായ ഒരു ക്രിസ്മസ്ക്കാല ആകാശക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നു തോന്നുന്നു. കാരണം സൂര്യനിലേക്കു പതിച്ചപ്പോഴോ സൂര്യനെ സമീച്ചപ്പോള്‍ത്തന്നെയോ ഐസോണിന്റെ നല്ലോരു പങ്കും കത്തിയമര്‍ന്നാവിയായിപ്പോയി എന്നാണു ശാസ്ത്രമതം. 2012 സെപ്തംബര്‍ മാസത്തില്‍ വിതാലി നെവ്സ്കി, ആര്‍ട്യോം നോവ്കോനോക് എന്നീ റഷ്യാക്കാരാണ് അന്താരാഷ്ട്ര ശാസ്ത്ര ഒപ്ടിക്കല്‍ ശൃംഖല( ISON) മുഖേന പുതിയൊരു വാല്‍ നക്ഷത്രത്തെ വ്യാഴത്തിനരികിലായി കണ്ടെത്തിയത്. കോമറ്റ് സി/2012 എന്നു ശാസ്ത്രീയമായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആ വാല്‍നക്ഷത്രം 2013 നവംബര്‍ ഇരുപത്തിയെട്ടോടെ സൂര്യനു സമീപത്തെത്തുമെന്നും സൂര്യനെ വലംവച്ച് മടക്കയാത്രചെയ്യുമ്പോള്‍ 2013 ഡിസംബര്‍ പകുതിയോടെ ഭൂമിക്കരികില്‍ എത്തി വിസ്മയകരമായ ഒരാകാശക്കാഴ്ചയൊരുക്കുമെന്നുമായിരുന്നു സങ്കല്പം. പഞ്ചാംഗപ്രവചനമനുസരിച്ച് സൂര്യനെ സമീപിച്ച ഐസോണിന്റെ ഭാവിയെന്താണെന്നതാണ് ഇപ്പോളത്തെ സംശയം. ഡിസംബര്‍ പകുതിക്ക് തിരുവാതിരരാവിലെ ചന്ദ്രനെ വെല്ലുവിളിച്ച് അതിലും വലിപ്പത്തില്‍ ആകാശത്തെ പൊലിക്കാന്‍ വരുമെന്നു പ്രതീക്ഷിക്കപ്പെട്ടവന്റെ ഭാവി! ഇതൊക്കെ ആകശം കാണാന്‍ ആഗ്രഹിക്കുന്നവരുടെ കൗതുകങ്ങള്‍ മാത്രം. സോളാറും പ്ലീനവും തരുണ്‍ തേജ്പാലും ചക്കിട്ടപ്പാറയുമൊക്കെ കൊഴുക്കുന്ന നമ്മുടെ മാധ്യമ/ചാനല്‍ ലോകത്തിന് ഇതൊന്നുമൊരിക്കലും വാര്‍ത്തയാവില്ല. മാംസം തുറിച്ചുനില്കുന്ന വാര്‍ത്തകള്‍ക്കു പരതുന്ന നമ്മുടെ മൃഗീയഭൂരിപക്ഷത്തിനും എന്തു വാല്‍നക്ഷത്രം, ഏതു സൂര്യന്‍ എന്നാണു മനഃസ്ഥിതി. പ്രപഞ്ചത്തിന്റെ പൂര്‍ണ്ണതയും സൗന്ദര്യവും അറിയാന്‍ വാല്‍നക്ഷത്രങ്ങളുടെ വരവോ ഗാലക്സിക സംഭവങ്ങളോ കത്തിരിക്കേണ്ടതില്ല. ഒരു നിശ്വാസത്തെ അതിജീവിച്ച് സ്വന്തം ശ്വാസാന്തരങ്ങളിലേക്ക് പ്രാണന്‍ അയത്നലളിതായി ഇഴുകിയിറങ്ങുന്നതു മനസ്സിലാക്കിയാല്‍ മതി. ഒരു പൂവിരിയുന്നതു സാക്ഷ്യം വഹിച്ചാല്‍ മതി. നിലാവൂറുന്ന ഒരു രാത്രിയെ മനസ്സിലാവാഹിച്ചാല്‍ മതി. എഎങ്കിലും ചില കൗതുകങ്ങളുണ്ടല്ലോ! ഹെയ്ല്‍ ബോപ്പ് എന്ന വാല്‍ നക്ഷത്രത്തെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കണ്ടിരിക്കാന്‍ മാത്രമായി ഞാനും എന്റെ പെണ്ണും കൂടി കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ദിവസവും ദീപാരാധനയ്കു പോവുകയും പടിഞ്ഞാറേ കണ്ണാടിത്തിണ്ണയില്‍ അമ്പലമടയ്ക്കുവോളം അവനെക്കണ്ടിരുന്നതും ഓര്‍മ്മയിലെ ഒരു മധുരമാണ്. എയ്ത്തു നക്ഷത്രത്തിന്റെ പാച്ചില്‍കണ്ട് വിസ്മയപ്പെട്ടിരുന്ന ഞാലീക്കണ്ടത്തിലെ പഴയ സായന്തനങ്ങളും. കാത്തിരിക്കുകയായിരുന്നു, ഇക്കല്ലവും. തിരുവാതിരനിലാവിനൊപ്പം കൊട്ടിക്കയറുന്ന ഉത്സവരാവുകള്‍ക്കൊപ്പം പള്ളിവേട്ടനാളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിനു ചാമരം വീശി ഒക്കെ ആകാശത്തില്‍ ചന്ദ്രനെക്കാള്‍ തെളിഞ്ഞു നില്ക്കുന്ന ഭീമന്‍ വാല്‍നക്ഷത്രത്തെ.......

Tuesday, November 26, 2013

തിരുവിലാല.......................

പത്തുപതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവില്വാമലയിലെത്തിയപ്പോള്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലമായിപ്പോയി മുന്‍പില്‍ വെളിപ്പെട്ടത്. പാമ്പാടിപ്പാലത്തിനു കീഴെ തടയണയുടെ വരുതിയില്‍ തളഞ്ഞുപോയ ഭാരതപ്പുഴ മുതല്‍ പാടേ മാറിപ്പോയ ഒരു ഭൂപടം മുന്‍പില്‍ നിവര്‍ന്നു.പാമ്പാടിപ്പാലത്തിനു കീഴെ ഉണ്ണിയുടെ ക്യാമറയ്ക്കിരയായി ചാരിനിന്ന തൂണിന്റെ പകുതിയോളം വെള്ളത്തിനടിയിലായിരിക്കുന്നു. അണയ്ക്കു താഴെ പുല്ലു വളര്‍ന്നു കിളര്‍ന്ന പരപ്പിനിടയിലൂടെ ഒന്നു രണ്ടു നീര്‍ച്ചാലുകള്‍ മെലിഞ്ഞാണെങ്കിലും പ്രസരിപ്പോടെ താഴേക്കു കുതിക്കുന്നുണ്ട്. ചിലരൊക്കെ അതില്‍ കുളിക്കുന്നുണ്ട്. പുല്‍പ്പരപ്പിനിടയില്‍ ചെറിയ ഇടങ്ങള്‍ തെളിച്ചിടത്ത് കുട്ടികള്‍ കളിക്കുന്നു. പുല്പ്പരപ്പിലങ്ങിങ്ങായി മറപറ്റിയിരുന്ന് ചീട്ടുകളിക്കുന്ന കൂട്ടങ്ങള്‍....പുഴയെന്നു പേരുള്ള പുല്ലുനിറഞ്ഞ ഒരു വിസ്മയലോകം. ചെക്ക് ഡാമിന്റെ അരികിലായി കഴുത്തറ്റം വെള്ളത്തില്‍ സമൃദ്ധിയായി നീന്തിത്തുടിച്ചു കുളിച്ചു. വെള്ളത്തിനു മാത്രം മാറ്റമില്ല. കാതങ്ങളോടിത്തളര്‍ന്ന ശരീരത്തെ അത് കുളിരുകൊണ്ടും നിറവുകൊണ്ടും പുതുപുത്തനാക്കി. ഉറക്കമിളപ്പും ലഹരിയും പാടകെട്ടിയ മനസ്സിനെ നവോന്മേഷഭരിതമാക്കി. ക്ഷേത്ര പരിസരവും പുനര്‍ജ്ജനിയെ വഹിക്കുന്ന വില്വാദ്രിയുമൊക്കെ പുതുമയുടെ പുളപ്പുകള്‍ കൊണ്ട് മാറിയിരുന്നു. ചുങ്കം കവല മുഖമാകെ മിനുക്കി നിന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപോലും പഴയപരിചയത്തിന്റെ ചിരിയല്ല കാണിച്ചത്. നൂറുതവണ തലചായ്ക്കാനിടം തന്ന ശ്രീരാമവിലാസം ലോഡ്ജിന്റെ ബോര്‍ഡുമാത്രം ബാക്കിയുണ്ട്. പടിഞ്ഞാറേ നടവഴിയില്‍ ആലിന്റെ ചുവട്ടിലായീട്ടുണ്ടായിരുന്ന ഞങ്ങളുടെ ആ പഴയ ചായക്കട അങ്ങനെയൊന്നവിടെയുണ്ടായിരുന്നു എന്ന ഒരു സ്മരണപോലും ശേഷിപ്പിച്ചിട്ടില്ല. ഭക്തജനങ്ങളെ വഹിച്ചുവരുന്ന വണ്ടികള്‍ പടിഞ്ഞാറേ നടയ്ക്കല്‍ നിറഞ്ഞുണ്ട്. അമ്പലത്തിനകത്തും പണ്ടുകണ്ടതിലേറെയാളുണ്ട്. വില്വാദിരിനാഥനുമാത്രം കാര്യമായ മാറ്റം തോന്നിയില്ല. നോട്ടക്കാരനും മാറിപ്പോയെന്നതല്ലേ സത്യം! അതേ, കാലം മാറിപ്പോയി എന്നു പരിതപിക്കുമ്പോള്‍ നാം ആദ്യം മറക്കുന്നത് കാലാനുസൃതമായി നമുക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. ശീഖ്റമാറ്റങ്ങള്‍ക്കു വിധേയമാകുന്ന കേരളത്തില്‍ ജീവിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങള്‍ ഞെട്ടിക്കുകതന്നെ ചെയ്യും. പ്രത്യേകിച്ചും മലയാളി മാറാനായി തുനിഞ്ഞിറങ്ങിയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍! മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള സങ്കല്പങ്ങളിലും ചര്‍ച്ചകളിലും ആവട്ടെ ഇതേ മലയാളി കടുത്ത യാഥാസ്ഥിതികത്വം കാത്തു സൂക്ഷിക്കുകയും ചെയ്യും. പരിസ്ഥിതിസംബന്ധവിഷയങ്ങളില്‍ നമ്മുടെ പൊതു മനഃസ്ഥിതിയും അതിലെ ആത്മാര്‍ഥതയും പലപ്പോഴും തലതിരിഞ്ഞതാവുന്നതും അതുകൊണ്ടുതന്നെയാണ്. സാഹസികമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഭൂഗോളത്തിന്റെ മറ്റേതുപ്രദേശത്തെയുമപേക്ഷിച്ച് കുറവായതിനാല്‍ത്തന്നെ അഭിപ്രയത്തിലും അവതാരത്തിലുമൊക്കെ നാം സാഹസികതക്കുറവു പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ജീവിതത്തിനോടും കാഴ്ചകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുതപ്പെടാനുള്ള ഒരു പ്രേരണയ്ക്കൊപ്പം അറിയാനുള്ള തേടലിന്റെ അഭാവം കൂടി നമ്മുടെ സമൂഹത്തിന്റെ പൊതുമുതലാണ്. അതുകൊണ്ടു തന്നെ സ്വന്തം വ്യക്തിത്വത്തിലും ചുറ്റുപാടുകളിലും സ്വാഭാവികമായി വരുന്ന മാറ്റങ്ങളും സ്വന്തം സൗകര്യങ്ങള്‍ക്കായി നാമീ രണ്ടുമേഖലയിലും ഉണ്ടാക്കിയ മാറ്റങ്ങളും പരിഗണനാ വിഷയം പോലുമാക്കാതെ അന്യന്റെ ചെയ്തികളെയും അവയുണര്‍ത്തുന്ന മാറ്റങ്ങളെയും അതിന്റെ ഭവിഷയ്ത്തുക്കളെയും കുറിച്ച് ആശങ്കപ്പെടാനും പ്രതികരിക്കുവാനും തുനിഞ്ഞിറങ്ങിയവരുടെ സംഘം കൂടിയായിത്തീരുന്നു കേരളക്കരയിലെ മനുഷ്യര്‍. തിരുവില്വാമലയില്‍ നിന്നും സന്ധ്യമങ്ങുമ്പോള്‍ തുടങ്ങിയ മടക്കയാത്രയ്ക്കിടയില്‍ ഒരു മുറുക്കാന്‍ ചവയ്ക്കാന്‍ തോന്നിയത് പണ്ടു പലവട്ടം ചെയ്ത ഒരു പ്രവൃത്തി ആവര്‍ത്തിക്കുന്നതിന്റെ കൗതുകമോര്‍ത്താണ്. പഴയൊരോര്‍മവച്ച് ചുങ്കം കവലയില്‍ മാടക്കടകള്‍ ഉണ്ടായിരുന്ന പഴയന്നൂരേക്കുള്ള വഴിയോരത്ത് വണ്ടി നിര്‍ത്തി തിരഞ്ഞു. ചുണ്ണാമ്പുതേച്ച പാടുള്ള ഒരൊറ്റക്കടപോലും തിരുവില്വാമല ചുങ്കം കവലയില്‍ കണ്ടെത്താനായില്ല.

Friday, November 15, 2013

പ്രതിഭാസങ്ങള്‍ സൃഷ്ടിക്കപ്പെടുകയല്ല

സച്ചിന്‍തെണ്ടുല്‍ക്കറുടെ കളിജീവിതത്തിന്റെ വിരാമച്ചടങ്ങുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നുകയാണ്..... ഒരു ജനതയുടെ അണമുറിഞ്ഞ ആരാധനയുടെ കേന്ദ്രമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം. വികാരഭരിതരയ ആരാധകര്‍ നിറഞ്ഞ ഗാലറി. വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്ന സച്ചിന്റെ ഭാര്യയും കുട്ടികളും. ക്ഷണികമായ മനുഷ്യജന്മത്തില്‍ ഇതില്‍പ്പരമായ അവസ്ഥകള്‍ ഉണ്ടാവാനുണ്ടോ? ദൈവം റിട്ടയേറ്ഡ് എന്ന് മാതൃഭൂമിച്ചാനല്‍! ഞാനാലോചിച്ചത് ദൈവമായിത്തീര്‍ന്ന ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കണ്ണില്‍ ഈ നിമിഷങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ്. അതിന്റെ മാന്ത്രികത, ദിവ്യത്വം അവര്‍ക്കുപോലും പിന്നീടേ മനസ്സിലാവൂ. കളിക്കളങ്ങളും ആരാധകരും ഒഴിഞ്ഞ സ്വകാര്യജീവിതത്തിന്റെ നിമിഷങ്ങളില്‍ ഈ മുഹൂര്‍ത്തങ്ങള്‍ എത്രമാത്രം ഗമ്ഭീരമായിരിക്കും? അതേ , സച്ചിന്‍ ഒരു കളിയുടെ ദൈവമായിരുന്നു. ഒരു ജനതയുഠെ വികാരമായിരുന്നു. പെലെയെപ്പോലെ, മാറഡോണയെപ്പോലെ ........ കലകളില്‍, സമൂഹ്യമണ്ഡലത്തില്‍, രാഷ്ട്രീയത്തില്‍ ഒക്കെ ഇമ്മാതിരി അവതാരങ്ങള്‍ കാലാകാലങ്ങളിലുണ്ടാവും. അതൊക്കെ ഉണ്ടാവലാണ്. ഇതിഹാസങ്ങലെ സൃഷ്ടിക്കാനാവും. പക്ഷേ പ്രതിഭാസങ്ങള്‍ സ്വയംഭൂവാണ്. സച്ചിന്‍............